അടുത്ത നൂറ്റാണ്ടിൽ വായിക്കാനുള്ള പുസ്തകങ്ങള്‍ തയാര്‍; അച്ചടിക്കാന്‍ കാടും മരങ്ങളും വളര്‍ത്തി കലാകാരനും

Tsitsi Dangarembga
ട്സിറ്റ്സി ഡാംഗരെമ്പ (ചിത്രത്തിന് കടപ്പാട് – ട്വിറ്റർ)
SHARE

100 വർഷത്തിനു ശേഷം വായിക്കാൻ വേണ്ടി പുതിയ നോവൽ എഴുതി പൂർത്തിയാക്കിയതിന്റെ അപൂർവ സന്തോഷത്തിലാണ് സിംബാംബ്​വെയിൽ നിന്നുള്ള യുവ എഴുത്തുകാരി ട്സിറ്റ്സി ഡാംഗരെമ്പ. ആദ്യ പുസ്തകങ്ങളുടെ വിജയത്തിനു ശേഷമെഴുതിയ നോവൽ ബുക്കർ സമ്മാനത്തിന്റെ അവസാന റൗണ്ടിൽ എത്തിയതിന്റെ ആഹ്ലാദം മാറും മുൻപെയാണ് മറ്റൊരംഗീകാരം തേടിയെത്തിയിരിക്കുന്നത്. ഫ്യൂച്ചർ ലൈബ്രറി എന്ന പദ്ധതിയുടെ ഭാഗമായതോടെയാണ് ഇതു സാധ്യമായത്. പദ്ധതിക്കു പിന്നിൽ സ്കോട് ലൻഡിൽ നിന്നുള്ള കലാകാരനാണ്– കാറ്റി പാറ്റേഴ്സൺ. 2014 ൽ തുടങ്ങിയ ഫ്യൂച്ചർ ലൈബ്രറി സാംസ്കാരിക 

ലോകത്തെ ഏറ്റവും നൂതനമായ പദ്ധതികളിലൊന്നും പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടു പുസ്തകം അച്ചടിക്കാന്‍ കഴിയുമെന്നുള്ള ആശയവുമാണ്. 

ഓരോ വർഷവും പ്രമുഖരുടെ പുതിയ പുസ്തകങ്ങൾ പാറ്റേഴ്സൺ ചോദിച്ചുവാങ്ങുന്നു. മാർഗരറ്റ് അറ്റ്‍വുഡ്, ബുക്കർ സമ്മാന ജേതാവ് ഹാങ് കാങ്, 41 പ്രണയ നിയമങ്ങളുടെ രചയിതാവ് എലിഫ് ഷഫാക്ക് തുടങ്ങി ഏഴ് എഴുത്തുകാരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ ഇതിനോടകം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ടാമത്തെയാളാണ് ഡാംഗരെമ്പ. ഇവര്‍ തങ്ങളുടെ പുതിയ പുസ്തകങ്ങള്‍ പൂര്‍ത്തിയാക്കി പാറ്റേഴ്സനു കൈമാറിക്കഴിഞ്ഞു. ഇനി ആ പുസ്തകങ്ങള്‍ വായിക്കപ്പെടുക 100 വര്‍ഷത്തിനുശേഷം മാത്രമായിരിക്കും. അതുവരെ പാറ്റേഴ്സണ്‍ സംരക്ഷിച്ചു വളര്‍ത്തുന്ന കാടിന്റെ നടുവിലെ അക്ഷരപ്പുരയില്‍ അവ സുരക്ഷിതമായിരിക്കും. 100 വര്‍ഷം കഴിയുമ്പോഴേക്ക് കാട്ടിലെ മരങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്തി മുറിക്കാന്‍ പാകത്തിലായിട്ടുണ്ടാകും. അവ മുറിച്ച്, സംരക്ഷിച്ചു വച്ചിരിക്കുന്ന പുസ്തകങ്ങള്‍ അച്ചടിക്കാന്‍ വേണ്ടി ഉപയോഗിക്കും. ഭാവിക്കു സ്വന്തമായിക്കഴിഞ്ഞ പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഇപ്പോഴിതാ ഡാംഗരെമ്പയുടെ നോവലും ഉള്‍പ്പെട്ടിരിക്കുന്നു. 

തനിക്കു പൂര്‍ണമായി ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കാന്‍ കൊടുക്കാറുള്ളൂ എന്നാണു ഡാംഗരെമ്പ പറയുന്നത്. 

ഫ്യൂച്ചര്‍ ലൈബ്രറിക്കു കൊടുത്തിരിക്കുന്നതും ഇഷ്ടപ്പെട്ട പുസ്തകം തന്നെ. ഇപ്പോഴത്തെ വായനക്കാര്‍ക്ക് അതു വായിക്കാന്‍ ആവുന്നില്ലെന്ന സങ്കടം തോന്നാം. എന്നാല്‍, അതിലുമധികമാണ് 100 വര്‍ഷത്തിനു ശേഷവും വായിക്കപ്പെടുന്നു എന്ന സംതൃപ്തി. അതിലൂടെ, ഒരു നൂറ്റാണ്ടിനു ശേഷവും അക്ഷരങ്ങളുടെ നിലനില്‍പ് ഉറപ്പാക്കിയിരിക്കുകയാണല്ലോ. 

ഓസ്‍ലോ നഗരത്തിനു വെളിയിലാണു പാറ്റേഴ്സണ്‍ മരങ്ങള്‍ നട്ടുവളര്‍ത്തുന്നത്. വന്‍മരങ്ങളാകാന്‍. കാടാകാന്‍. കൊടുംകാടായി 

പ്രകൃതിയെ സംരക്ഷിക്കാന്‍. 100 വര്‍ഷം അവയ്ക്ക് ആയുസ്സ് ഉറപ്പ് നല്‍കിയിരിക്കുകയാണ് അദ്ദേഹം. അതുവരെ ആരും ആ മരങ്ങളില്‍ കൈ വയ്ക്കുന്നില്ല എന്ന് ഉറപ്പാക്കുന്നുമുണ്ട്. മരങ്ങള്‍ മുറിച്ച് അച്ചടിക്കാനുള്ള  പുസ്തകങ്ങളും അദ്ദേഹം ഇപ്പോഴേ തയാറാക്കിവച്ചിരിക്കുന്നു. പുസ്തകങ്ങൾ നിലനിൽക്കണമെങ്കിൽ കാടും നിലനിൽക്കണം എന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരം. നാളേക്കു വേണ്ടി. നാളെയുടെ ഭാവനയ്ക്കു വേണ്ടി. നാളെയും അക്ഷരങ്ങൾ അതിജീവിക്കുമെന്ന് ഉറപ്പാക്കാൻ വേണ്ടി. 

സിബാംബ്‍വെയില്‍ പുതിയ കാലത്തെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ദിസ് മോണബിള്‍ ബോഡി എന്ന ഡാംഗരെമ്പയുടെ നോവലാണ് ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇംഗ്ലിഷില്‍ നോവല്‍ പ്രസിദ്ധീകരിക്കുന്ന സിംബാബ്‍വെയില്‍ നിന്നുള്ള ആദ്യത്തെ കറുത്ത വര്‍ഗക്കാരി കൂടിയാണ് ചലച്ചിത്രകാരി കൂടിയായ ഡാംഗരെമ്പ. 

പ്രകൃതിയോടുള്ള സ്നേഹവും പരിസ്ഥിതിയോടുള്ള കരുതലുമാണ് ഫ്യൂച്ചര്‍ ലൈബ്രറിയുടെ ഭാഗമാകാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു പറയുന്നു ഡാംഗരെമ്പ. എന്റേതു മാത്രമല്ല, മറ്റെല്ലാം ജീവജാലങ്ങളുടേതുമാണ് ഭൂമി എന്ന സന്ദേശമാണു കൈമാറാന്‍ ശ്രമിക്കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. 

1988 ലാണ് അവരുടെ ആദ്യത്തെ നോവല്‍ പുറത്തുവരുന്നത്. ലോകത്തെ മികച്ച 100 പുസ്തകങ്ങളില്‍ ഉള്‍പ്പെട്ട നെര്‍വസ് കണ്ടീഷന്‍സ്. ഇപ്പോള്‍ രാജ്യതലസ്ഥാനമായ ഹരാരെയില്‍ താമസിക്കുന്ന ഡാംഗരെമ്പ വിചാരണ കാത്തു കഴിയുകയുമാണ്. കഴിഞ്ഞ വര്‍ഷം നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു എന്നതാണവരില്‍ ചാര്‍ത്തപ്പെട്ട കുറ്റം. വിചാരണയ്ക്കു ശേഷമായിരിക്കും വിധി പ്രഖ്യാപിക്കുക. എന്നാല്‍, അതിനെക്കുറിച്ചൊന്നും ആലോചിച്ചു വിഷമിക്കാ‍ന്‍ അവര്‍ തയാറല്ല. 

കുറ്റബോധവുമില്ല. എതിര്‍ക്കാന്‍ ഭയപ്പെട്ടിട്ടില്ലാത്ത, തുറന്നെഴുതാന്‍ മടിയില്ലാത്ത ഡാംഗരെമ്പ അനീതിക്കെതിരെ ഇനിയും ശബ്ദിക്കും എന്നാവര്‍ത്തിക്കുണ്ട്. തന്റെ വാക്കുകള്‍ ലോകത്ത് ഇനിയും ഉയരുമെന്ന ആത്മവിശ്വാസവും പങ്കുവയ്ക്കുന്നു. ഇന്നും നാളെയും മാത്രമല്ല, ഒരു നൂറ്റാണ്ടിനു ശേഷവും.  

Content Summary: Future Library, Tsitsi Dangarembga's next work won't be read by anyone until 2114

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA