ADVERTISEMENT

ഒടിടി ബിനു ആൻഡ് കമ്പനി (കഥ)

കോവിഡ് മഹാമാരി വന്നു ലോകം നിശ്ചലമായപ്പോൾ അതിൽ സന്തോഷിച്ച അപൂർവം വ്യക്തികളിൽ ഒരാളായിരുന്നു ബിനു. വീട്ടിലിരുന്നു ജോലി ചെയ്യാം എന്നതായിരുന്നു ഒരു സന്തോഷം. തനിക്ക് ജോലിയും ശമ്പളവും ഉള്ളപ്പോൾ മമ്മുട്ടിയും മോഹൻലാലും പണിയില്ലാതെ വെറുതെ വീട്ടിലിരിക്കുന്നു എന്നതായിരുന്നു ബിനുവിന്റെ അതിലും വലിയ സന്തോഷം.

 

ലോക്ക്ഡൗൺ ദിനങ്ങൾ ഏറുംതോറും ബിനുവിന്റെ സന്തോഷവും കൂടി വന്നു. ബിനുവിന്റെ വീട്ടിൽ ഒരു നെറ്റ്‌വർക്കിനും വേണ്ടത്ര കവറേജ്‌ ഇല്ലാത്തതിനാൽ ഓഫിസിലെ ജോലി പതിയെ ബിനുവിന്റെ സൗകര്യത്തിനുമായി. സോഷ്യൽ മീഡിയയിലെ പുതിയ മലക്കം മറിച്ചിലുകളിൽ, പൗഡർ ഇടാതെ ആദ്യമായി ഒരു ഫോട്ടോയെടുത്ത് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യാൻ വരെ ബിനു ധൈര്യപ്പെട്ടു. അതിനെ വിമർശിച്ച് കമന്റ് ഇട്ടവരെ ഘോരഘോരം നേരിട്ട, താനിന്നു വരെ നേരിട്ട് കണ്ടിട്ടില്ലാത്ത സൈബർ പോരാളികളെ കണ്ടു ബിനുവിന് മനുഷ്യത്വത്തിൽ വീണ്ടും വിശ്വാസം തോന്നി.

 

അങ്ങിനെ സന്തോഷങ്ങൾ തിരമാല പോലെ ആഞ്ഞടിക്കുമ്പോഴാണ് സിനിമയിലെ ഉഗ്രപ്രതാപിയായ പ്രൊഡക്ഷൻ കൺട്രോളർ ജയകാന്തൻ പടിഞ്ഞാറേകോട്ട ബിനുവിനെ  വിളിക്കുന്നത്. പടിഞ്ഞാറേകോട്ടയുടെ പഴയ പ്രതാപം ഇപ്പോൾ നന്നേ കുറഞ്ഞിരിക്കുന്നു. ജയകാന്തന്റെ ശബ്ദത്തിൽ പോലും ഒരു എളിമ ആദ്യമായി ബിനുവിന് ഫീൽ ചെയ്തു. ദാരിദ്ര്യത്തിൽനിന്ന് കര കേറാൻ ഒരു ഒടിടി സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പടിഞ്ഞാറേകോട്ട. സിനിമയിലെ നായകതുല്യമായ 22 കഥാപാത്രങ്ങളിൽ ഒന്ന് ബിനുവിനു വേണമെങ്കിൽ മുടക്കേണ്ടത് വെറും പത്തു ലക്ഷം രൂപ.

 

മലയാള സിനിമ മുഴുവൻ നിശ്ചലമായിരിക്കുമ്പോൾ താൻ ഒരു സിനിമയിൽ നായകനായി അഭിനയിക്കുന്നു എന്നതാണ് ബിനുവിനെ ആ ഓഫറിൽ ആവേശം കൊള്ളിച്ചത്. കൃത്യമായ ബിസിനസ് പ്ലാനും പടിഞ്ഞാറേകോട്ട വിശദീകരിച്ചു. ഒന്നര കോടിക്ക് സിനിമ തീർത്തു കോവിഡിൽ മുളച്ചു പൊന്തിയ 18 ഒടിടി പ്ലാറ്റുഫോമുകൾക്കും പത്തു ലക്ഷം വീതം അഡ്വാൻസ് വാങ്ങി വിൽക്കും. പത്തു ലക്ഷത്തിൽ കൂടുതൽ വരുന്ന വരുമാനം ഒടിടികളുമായി പകുത്തെടുക്കും. വരണ്ടുണങ്ങിയിരിക്കുന്ന മലയാളി പ്രേക്ഷകരിലേക്ക് ഒരു പുതിയ സിനിമ. ഏതു നിലക്കും ലാഭ കച്ചവടം.

 

അങ്ങനെ ഓഫീസിൽ ഒരാളോട് പോലും പറയാതെ ബിനു വീണ്ടും സിനിമാഭിനയം ആരംഭിച്ചു. ആരോടും പറയാതിരുന്നതിനു പ്രധാനമായും രണ്ടു കാരണങ്ങളായിരുന്നു .ശമ്പളം മുടങ്ങരുത്. പിന്നെ തന്നെ കളിയാക്കുന്ന സഹപ്രവർത്തകർക്ക് ഇതൊരു ഇടിവെട്ടു സർപ്രൈസ് ആയിരിക്കണം.. നാല് തവണ പോസ് ചെയ്തിട്ടും ബിനു അഭിനയിച്ച സിനിമയിൽ അവനെ കണ്ടില്ലെന്നു പറഞ്ഞ തെണ്ടികൾക്കൊക്കെ ഇതൊരു പാഠമായിരിക്കണം.

 

അങ്ങനെ ഷൂട്ടിങ്ങ്തുടങ്ങി. ഷൂട്ടിങ്ങും ഇത്ര ലളിതമാണല്ലോ എന്ന് ബിനുവിന് ആദ്യമായി തോന്നി. കൂടെ അഭിനയിക്കുന്ന മറ്റ് 21 നായകന്മാരും ബിനുവിനെ പോലെ തന്നെ കട്ട പ്രഫഷനൽസ്. അതായിരുന്നു വലിയ ആശ്വാസം. നാല് ദിവസം സ്വന്തം ചെലവിൽ കാത്തു നിന്ന് ഒരു ഷോട്ടിൽ അഭിനയിച്ചിരുന്ന ബിനു ആദ്യത്തെ ദിവസം തന്നെ നാല് പ്രധാന സീനുകളിൽ അഭിനയിച്ചു. ആ സന്തോഷത്തിൽ ബാക്കി കൊടുക്കാനുള്ള അഞ്ചു ലക്ഷവും അന്ന് തന്നെ പടിഞ്ഞാറേകോട്ടയ്ക്കു ബിനു ട്രാൻസ്ഫർ ചെയ്തു.

 

പതിനെട്ടു ദിവസം ബിനുവും കൂട്ടുകാരും മത്സരിച്ചഭിനയിച്ചു ഷൂട്ട് ചെയ്തു സിനിമ തീർത്തു. ആ പതിനെട്ടു ദിവസവും ബിനുവിന്റെ നെറ്റ്‌വർക്ക് കവറേജ്‌ വളരെ വളരെ മോശമായിരുന്നു. ആ മാസവും കൃത്യമായി ശമ്പളം വന്നത് ബിനുവിന് വലിയ ആശ്വാസമായി. അക്കൗണ്ട് ഏതാണ്ട് കാലിയായിരുന്നു .എന്നാൽ അത്ഭുതമെന്ന് പറയട്ടെ, ഷൂട്ടിങ്ങിനു ശേഷം ബിനുവിനു കുറേകൂടി ആത്മവിശ്വാസത്തോടെ ജോലി ചെയ്യാൻ സാധിച്ചു.

 

ഡബ് ചെയ്തപ്പോ തന്റെ ശബ്ദത്തെ കുറിച്ചുള്ള കോംപ്ലെക്സും ബിനുവിന് മാറി കിട്ടി. ഇംപെർഫെക്ട് ആയ നടന്മാരാണ് സോഷ്യൽ മീഡിയയിലെ താരങ്ങൾ എന്ന് പടിഞ്ഞാറേകോട്ട  ബിനുവിന് ഊർജം പകർന്നു കൊണ്ടിരുന്നു. അങ്ങനെ ജോലികളെല്ലാം തീർത്തു പടം റിലീസിന് തയ്യാറായി.

 

പതിനെട്ട് ഒടിടി പ്ലാറ്റുഫോമുകളെയും വിളിച്ചു ബിനു ആൻഡ് കമ്പനി ആ പടം കാണിച്ചു. ആമസോൺ, ഡിസ്നി, നെറ്റ്ഫ്ലിക്സ് തുടങ്ങിയ കുത്തക പ്രതിനിധികൾ മാത്രം വന്നില്ല. അത് അവരുടെ മാത്രം നഷ്ടമെന്ന് അന്ന് സിനിമ കണ്ട എല്ലാവരും പറഞ്ഞു. കണ്ടന്റിനു വേണ്ടി  നെട്ടോട്ടമോടിയിരുന്ന 18 ഒടിടിക്കാരും പടം സ്വീകരിച്ചു. ഒരൊറ്റ കുഴപ്പം മാത്രം. നേരത്തേ പറഞ്ഞ പോലെ പത്തു ലക്ഷം അഡ്വാൻസ് ഉണ്ടാവില്ല. പകരം, ലഭിക്കുന്ന വരുമാനം മുഴുവൻ തുല്യമായി വീതിച്ചെടുക്കാം.

 

സിനിമയിൽ പരിപൂർണ്ണ വിശ്വാസം ഉണ്ടായിരുന്ന ബിനുവും കൂട്ടുകാരും അതിനു സമ്മതിച്ചു. പിന്നെയുണ്ടായിരുന്ന ബിനുവിന്റെ മുഴുവൻ സംശയവും സിനിമയിറങ്ങിയാൽ ഉണ്ടാവാൻ പോവുന്ന പൈറസിയെ കുറിച്ചായിരുന്നു. അങ്ങിനെ വരുമാനം നഷ്ടപ്പെട്ട് കൂടാ. പടിഞ്ഞാറേകോട്ട അപ്പോൾ തന്നെ അമീബ ശ്രീകുമാറിനെ ബിനുവിനും കൂട്ടുകാർക്കും പരിചയപ്പെടുത്തി. പൈറസിക്കെതിരെയുള്ള മലയാള സിനിമയുടെ മുന്നണിപ്പോരാളിയായിരുന്ന അമീബയും ഇപ്പോൾ ദാരിദ്ര്യത്തിലാണ്. ടെലിഗ്രാം പൂട്ടിക്കാനുള്ള ആയിരം കുറുക്കുവഴികൾ എന്ന തന്റെ ലഘുലേഖ അമീബ ബിനുവിന് നൽകി. സോഫ്റ്റ്‌വെയർ പ്രഫനണൽ ആയതു കൊണ്ട് അതിലെ പല മാർഗങ്ങളും ബിനുവിന് പെട്ടെന്ന് മനസ്സിലായി.

 

അങ്ങിനെ റിലീസ് തിയതി അടുത്തു. ഒരു വലിയ സർപ്രൈസ് വരുന്നുണ്ടെന്നു പ്രൊജക്റ്റ് ഓൺലൈൻ മീറ്റിങ്ങിൽ ബിനു ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചു .പുതുതായി ബിനുവിൽ ഉണ്ടായ ഈ മാറ്റങ്ങൾ കമ്പനിയിൽ ചില്ലറ മുറുമുറുപ്പുകൾക്കും ഇടയാക്കി തുടങ്ങിയിരുന്നു.

 

22 നായകന്മാരെയും 18 ഒടിടിക്കാരെയും ഒരു പോസ്റ്ററിൽ ഉൾക്കൊള്ളിക്കാൻ ഡിസൈനർ കുറച്ചു കഷ്ട്ടപ്പെട്ടു .സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്ത പോസ്റ്ററിന് അദ്ഭുതകരമായ പ്രതികരണങ്ങൾ ആയിരുന്നു. കൺവെൻഷണൽ നായകന്മാരുടെ സൗകുമാര്യങ്ങളില്ലാതിരുന്ന അവർ 22 പേരെയും സോഷ്യൽ മീഡിയ പോരാളികൾ ആ ദിവസം കൊണ്ടാടി. സന്തോഷം കൊണ്ട് പടിഞ്ഞാറേകോട്ടയ്ക്ക് ബിനു അന്നാദ്യമായി ഒരു മുത്തം കൊടുത്തു.

 

അന്ന് മുതൽ, താൻ ഇനിയുള്ള സിനിമകളിൽ വളരെ സിലക്ടീവാകുമെന്ന് ബിനു ദൃഢനിശ്ചയം എടുത്തു. ഈ മോമന്റം നഷ്ടപ്പെട്ടു കൂടാ. ഫഹദ് ഫാസിലിന് ശേഷം ഈ കാലഘട്ടത്തിലെ പുതിയ അത്ഭുതം ആയി മാറുമ്പോൾ ഉണ്ടായേക്കാവുന്ന അഹങ്കാരവും എടുത്തു ചാട്ടവും തനിക്കു ഉണ്ടാവാതിരിക്കാൻ ബിനു യോഗ പരിശീലനവും തുടങ്ങി.

 

രാത്രി 12 മണിക്കായിരുന്നു 18 ഒടിടികളിലും സിനിമ റിലീസ് ചെയ്തത്. അമീബയും ബിനുവും ചേർന്ന് പൈറസിക്കെതിരെ ഒരു സമ്പൂർണ്ണ നീക്കം തന്നെ ഇതിനകം നടത്തിക്കഴിഞ്ഞിരുന്നു. ബിനുവും കുടുംബവും 140 രൂപ ഒടിടിക്കാർക്ക് കൊടുത്തു തന്നെ സിനിമ കണ്ടു. ബിനുവിന്റെ വീട്ടുകാർക്ക് ആർക്കും സിനിമ മനസ്സിലായില്ല. മോന് ഇപ്പോഴും ജോലിയുള്ളതു കൊണ്ട് ആരും നിരുത്സാഹപ്പെടുത്തിയില്ല. വീട്ടുകാരുടെ പ്രതികരണത്തിൽ ബിനു തളർന്നില്ല. സിനിമയുടെ പൊളിറ്റിക്കൽ കറക്ട്നെസ്സ് മനസ്സിലാക്കുന്ന പ്രേക്ഷകർ അല്ലല്ലോ വീട്ടുകാരാരും തന്നെ.

 

ഒരു പാട് മെസ്സേജുകൾ പ്രതീക്ഷിച്ചെങ്കിലും സിനിമയെ തെറി പറഞ്ഞു കൊണ്ടുള്ള ഒരു മെസ്സേജ് മാത്രമാണ് ബിനുവിന് അന്ന് കിട്ടിയത്. 140 രൂപ അപ്പോൾ തന്നെ അവനു ബിനു ഗൂഗിൾ പേ ചെയ്തു കൊടുത്തു. നാണമില്ലാത്ത അവൻ അതിനു നന്ദിയും പറഞ്ഞു പോയി.

 

പിറ്റേന്ന് രാവിലെ ബിനുവിനെ അത്ഭുതപ്പെടുത്തിയത് ഒരു പൈറസി സൈറ്റിലും സിനിമ ചോർന്നില്ല എന്നതായിരുന്നു. അമീബയുടെ കുറുക്കുവഴികളോട് ബിനുവിന് അതോടെ ബഹുമാനം കൂടി. അന്നത്തെ ഓഫീസിൽ മീറ്റിങ്ങിൽ സിനിമയെ കുറച്ചു ഒരു ചെറിയ ചർച്ചയെങ്കിലും ബിനു പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. മലയാളിയുടെ തനതായ അസൂയ എന്ന് ബിനു അപ്പോഴും സമാധാനിച്ചു.

 

പക്ഷേ റിലീസിന് 24 മണിക്കൂറിനു ശേഷവും ഒരു പ്രമുഖ മാധ്യമം പോലും സിനിമയെ റിവ്യൂ ചെയ്തില്ല. പോസ്റ്റർ കണ്ടു തുള്ളി ചാടിയ സിനിമപോരാളികൾ എന്തുകൊണ്ട് സിനിമ കാണുന്നില്ല എന്ന് ബിനു ഒരു ഫെയ്സ്ബുക് പോസ്റ്റിൽ ചോദിച്ചു. സിനിമ കാണാൻ കാശില്ല എന്നതായിരുന്നു പല പോരാളികളുടെയും മറുപടി.

 

18 ഒടിടികളിൽ നിന്നായി ബിനുവും കൂട്ടുകാരും പ്രതീക്ഷിച്ച മിനിമം വീക്കെൻഡ് കളക്ഷൻ ഒന്നര കോടി രൂപ ആയിരുന്നു. അതിനു ലോകമെമ്പാടുമുള്ള നാലഞ്ചു കോടി മലയാളികളിൽ വെറും ഒരു ലക്ഷം പേര് സിനിമ കണ്ടാൽ മതിയായിരുന്നു. തിങ്കളാഴ്ച ഒടിടിക്കാർ തന്ന കണക്കു കണ്ടു ബിനുവിന് തല കറങ്ങി. മൂന്നു ദിവസം കൊണ്ട് 18 ഒടിടികളിലായി സിനിമ കണ്ടത് വെറും 61 പേര്. അതിൽ ഭൂരിഭാഗവും അവരും കുടുംബക്കാരും തന്നെ. കണക്കിലെ കള്ളക്കളിയെന്നു ബിനു ആൻഡ് കമ്പനി സംശയിച്ചെങ്കിലും അവർ സുതാര്യർ ആണെന്ന് പടിഞ്ഞാറേക്കോട്ട അവരെ പറഞ്ഞു മനസ്സിലാക്കി. പഴയ പടിഞ്ഞാറേകോട്ടയുടെ മുഖം തിരിച്ചു വരുന്നതായി ബിനുവിന് അന്ന് തോന്നി.

 

കാശോ പോയി സിനിമ എങ്ങിനെയെങ്കിലും ലോകം കാണണമെന്ന് ബിനുവിനും കൂട്ടുകാർക്കും വാശിയായി. പൈറസി ഉണ്ടാവാതിരുന്നത് തങ്ങളുടെ സിനിമ ആരും കാണാതിരുന്നത് കൊണ്ടാണെന്നു ബിനുവിന് അപ്പോഴേക്കും തിരിച്ചറിവുണ്ടായിരുന്നു. അമീബക്ക് കൊടുത്ത ക്യാഷ് മുതലാക്കാൻ തന്നെ ബിനു തീരുമാനിച്ചു,

 

അമീബയെ കൊണ്ട് തന്നെ സിനിമയുടെ പൈറേറ്റഡ് കോപ്പി ഉണ്ടാക്കി ബിനു എല്ലാ സൈറ്റിലും അപ്‌ലോഡ് ചെയ്യിച്ചു. തങ്ങളുടെ സിനിമ മോഷ്ടിക്കപ്പെടുന്നവെന്നു പറഞ്ഞു ബിനുവും കൂട്ടുകാരും കരഞ്ഞപ്പോൾ സൈബർ പോരാളികൾ തിരിച്ചു വന്നു. ചെറിയ ഒരനക്കം ഉണ്ടാക്കി.സൈബർ സെല്ലിന് ഓൺലൈൻ പരാതി വരെ പോരാളികൾ അന്ന് സ്വന്തം നിലയ്ക്ക് ചെയ്തു.

എല്ലാ പൈറസി സൈറ്റിലും കൂടി സിനിമ  കണ്ടതും നൂറിൽ താഴെ പേർ. പോരാളികൾ പോലും കണ്ടില്ല. പടിഞ്ഞാറേക്കോട്ട പഴയ പോലെ വിളിച്ചാൽ ഫോൺ എടുക്കാതായി. ബിനു മാനസികമായി തകർന്നു.കറുപ്പും കഷണ്ടിയുമൊക്കെ വീണ്ടും കണ്ണാടിയിൽ ബിനുവിന് മുന്നിൽ തെളിയാൻ തുടങ്ങി.

 

ലോക്ക് ഡൗൺ ആയതു കൊണ്ട് ഫ്രീ ആയതു കൊണ്ടോ എന്തോ സൈബർ സെൽ ദൃതഗതിയിൽ പ്രവർത്തിച്ചു. അമീബയെ അറസ്റ്റ് ചെയ്തു. സിനിമ പൈറസി നടത്താൻ പ്രേരിപ്പിച്ചത് നിർമാതാക്കൾ തന്നെയാണെന്ന് അമീബ പൊലീസിന് മൊഴിയും നൽകി.

 

ബിനു ആൻഡ് കമ്പനിയെ പേരിനൊന്ന് അറസ്റ്റ് ചെയ്തു. പോലീസ് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ ആ വാർത്ത അറിയേണ്ടവരൊക്കെ പെട്ടെന്നറിഞ്ഞു. അതല്ലെങ്കിലും അങ്ങനെയാണല്ലോ. ക്രിമിനൽ കേസുകളിൽ പ്രതിയാവാൻ പാടില്ലെന്ന കാരണം പറഞ്ഞു കമ്പനി ബിനുവിനെ പിറ്റേന്ന് തന്നെ പിരിച്ചു വിട്ടു. ജോലിയും അഭിമാനവും നഷ്ടപ്പെട്ട ബിനു പിന്നീട് സോഷ്യൽ മീഡിയയിൽ പ്രവേശിച്ചത് രണ്ടാഴ്ച കഴിഞ്ഞാണ്. മമ്മൂട്ടിയും മോഹൻലാലും പുതിയ സിനിമകളിൽ അഭിനയിച്ചു തുടങ്ങി എന്ന വാർത്തയാണ് ബിനുവിനെ അവിടെ വരവേറ്റത്. പടിഞ്ഞാറേകോട്ടയും പുതിയ ആറു സിനിമ ഒന്നിച്ചു അനൗൺസ് ചെയ്തിരിക്കുന്നു.

 

ബിനുവിനെന്തോ അന്ന് വല്ലാത്ത സങ്കടം വന്നു. കുറെ നാളുകൾക്കു ശേഷം തലയിണയിൽ മുഖമമർത്തി അന്ന് പകൽ മുഴുവൻ ബിനു നിശബ്ദമായി കരഞ്ഞു. രാത്രി കുളിച്ചൊന്നു ഫ്രഷ് ആയി കണ്ണാടിയിൽ നോക്കി സ്വയം ചിരിച്ചു. തൂങ്ങി ചാവാൻ തയ്യാറാക്കി വെച്ചിരുന്ന കയറുമായി അന്ന് രാത്രി മുഴുവൻ ബിനു തീവ്ര സംവാദത്തിൽ ഏർപ്പെട്ടു 

 

പിറ്റേന്ന് രാവിലെ ഉറക്കച്ചടവ്‌ വക വെക്കാതെ ഒാൺലൈൻ ജോബ് സെറ്റിൽ ബിനു തന്റെ ലേറ്റസ്റ്റ് സിവി അപ്‌ലോഡ് ചെയ്തു.

 

Content Summary : OTT Binu and Company, short story by Ranjith Sankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com