സ്നേഹത്തിന്റെ ചൂട്ടുകറ്റ വെളിച്ചം; ദുഃഖങ്ങളകറ്റുന്ന കരുതൽ സ്പർശം

HIGHLIGHTS
  • മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
Harsha Mohan
ഹർഷ മോഹൻ
SHARE

വളരെ ദൂരെയായിരിക്കുമ്പോഴും മനസ്സിന്റെ ചില്ലുജാലകത്തിൽ മഞ്ഞു പടർത്തുന്ന ചില ഓർമകളുണ്ട്. കോടമഞ്ഞിറങ്ങുന്ന മലനിരകളിലെ തണുപ്പ്, ഇരുൾ വീണ കുണ്ടനിടവഴികളിലൂടെയുള്ള നടത്തം, തെളിനീരൊഴുകുന്ന പുഴകളിലെ മുങ്ങിക്കുളി, മഞ്ഞപ്പുതപ്പണിഞ്ഞ നെൽവയലുകളുടെ അനന്ത ധ്യാനം. ഇവയെക്കുറിച്ചൊക്കെ ചിന്തിച്ചു തരളിതരാകാൻ കഴിയുന്നവർ മറ്റുള്ളവരോട് അപകടകരമാംവിധം സത്യസന്ധത കാത്തുസൂക്ഷിക്കുന്നവർ കൂടിയായിരിക്കും. കാട്ടുചോലയിലെ കണ്ണാടിവെള്ളം പോലെയായിരിക്കും അവരുടെ സ്നേഹം. അത്തരം കഥാപാത്രങ്ങളാണു ഹർഷ മോഹന്റെ കഥകളിലുള്ളത്. ‘‘നേരേ പോയതു പൊലീസ് സ്റ്റേഷനിലേക്കാണ്. മെലിഞ്ഞു മധ്യവയസ്കനായ ഒരു പൊലീസുകാരനോടു ഞാൻ പറഞ്ഞു. ‘എന്നെ ശിക്ഷിച്ചാലും. ഇന്നലെ രാത്രി ഒരു വലിയ കളവു ഞാൻ നടത്തി. എന്റെ ജീവിതത്തിലെ ഏറ്റവും സാഹസികവും ആകർഷണീയവും മധുരതരവുമായ ഒരു കളവ്’. അയാൾ ചോദിച്ചു. ‘എന്നിട്ടു തൊണ്ടിമുതലെവിടെ’? എന്റെ കണ്ണുകൾ നിറഞ്ഞു. ‘തൊണ്ടിയോ.. അതൊരു പെണ്ണിന്റെ വിശ്വാസമായിരുന്നു. അതു പ്രണയത്തിൽ പൊതിഞ്ഞ് എന്റെ കയ്യിൽ ഭദ്രമായുണ്ട്’’. ഈ വാചകങ്ങളിലൂടെ ഒരു മ‍ഞ്ഞുകാല കവർച്ച എന്ന കഥയിലെ കള്ളൻ കവർന്നെടുക്കുന്നതു വായനക്കാരുടെ മനസ്സുകൂടിയാണ്. ബോൺസായിയിലെ സ്റ്റെല്ല, ആഗ്‌നസ് ദിമിത്രിയിലെ ആഗ്‌നസ്, ദംശത്തിലെ ഫുൽക്കി, ചുംബനസമരത്തിലെ നടാഷ, റൂത്തിന്റെ കഥായാമങ്ങളിലെ റൂത്ത്, കൊലപാതകിയിലെ ത്രേസ്യാമ്മ, പതിമൂന്നാമനിലെ സ്ത്രീ തുടങ്ങിയ ഹർഷയുടെ സ്ത്രീകഥാപാത്രങ്ങൾ പുസ്തകത്തിൽ നിന്നിറങ്ങി നമ്മുടെ കൂടെ നടക്കുന്നവരാണ്. പതിഞ്ഞ ശബ്ദത്തിൽ അവരുടെ അസാധാരണ ജീവിതകഥകൾ പറഞ്ഞുകൊണ്ടു നമ്മുടെ യാമങ്ങളെ പ്രകാശമാനമാക്കുന്നവർ. 

ദുഃഖത്തിന്റെ കടൽ ഉള്ളിൽ തിരയടിക്കുമ്പോഴും സ്നേഹം ജ്വലിക്കുന്ന ചൂട്ടുകറ്റ വീശി നടക്കുന്നവരാണ് ഹർഷയുടെ കഥാപാത്രങ്ങൾ. അവർ പ്രസരിപ്പിക്കുന്ന സ്നേഹം ചുറ്റുമുള്ളവരിലേക്കും പടരുന്നു. ഒരു മ‍ഞ്ഞുകാല കവർച്ചയിലെ കള്ളനായാലും റൂത്തിന്റെ കഥായാമങ്ങളിലെ റൂത്ത് ആയാലും അവർ അപകടകരമാംവിധം സത്യസന്ധമായി ജീവിക്കുന്നവരാണ്. ഈ കഥാപാത്രങ്ങൾ രൂപപ്പെട്ടതെങ്ങനെയാണ്?

സത്യസന്ധത, സ്നേഹം, അപ്പോൾ കണ്ടുമുട്ടുന്ന ഒരു അപരിചിതനോടു പോലും പുലർത്തുന്ന തികഞ്ഞ ആത്മാർഥത. ഇതൊരു മികച്ച കോംബിനേഷനാണ്. ഒരാളുടെ ജോലിയോ അല്ലെങ്കിൽ അവർ ഉൾപ്പെടുന്ന സമൂഹമോ അയാളിലെ അന്തർലീനമായ മാനുഷികമൂല്യങ്ങളെ അത്രയൊന്നും മാറ്റരുത് എന്നൊരു നിർബന്ധബുദ്ധി കാരണമായിരിക്കാം കള്ളനും റൂത്തും ‘person of word’ എന്ന് ഉറപ്പിച്ചു പറയാവുന്ന തരത്തിൽ രൂപപ്പെട്ടത്. എംപതി ഒരളവിൽ കൂടുതൽ ഇന്നത്തെ കാലത്തു മനുഷ്യന് ആവശ്യമുണ്ടോ എന്നൊരു തോന്നൽ ഒരുപക്ഷേ, പലർക്കും ഉണ്ടായേക്കാം. അതു കൊണ്ടാണല്ലോ പലപ്പോഴും വണ്ടി ഇടിച്ചും മറ്റ് അപകടങ്ങളിൽ പെട്ടും നിസ്സഹായരായ ചിലർ തക്ക സമയത്തു സഹായം ലഭിക്കാതെ ജീവൻ നഷ്ടപ്പെട്ട വാർത്തയൊക്കെ നമ്മൾ പലപ്പോഴും വായിക്കേണ്ടി വരുന്നത്. എന്നാൽ സഹജീവിസ്നേഹം മുതലെടുക്കുന്ന മനുഷ്യർ ഇല്ലേ? അതും ഉണ്ട്. പറഞ്ഞു വന്നത് ഇങ്ങനെയുള്ള കാലത്തും ഒരു സംഭവത്തെയോ വ്യക്തിയെയോ അത്യധികം സ്നേഹത്തോടെയും അനുതാപത്തോടെയും കാണുന്ന വ്യക്തികൾ ഇന്നും സമൂഹത്തിലുണ്ട് എന്നാണ്. കള്ളനും റൂത്തും അവരുടെ പ്രതിനിധികളാണ്. നന്മയുള്ള കള്ളനെ എനിക്കു ലഭിച്ചത് ഒരു യാത്രയിൽ സിഗ്നൽ കാത്തു കിടക്കുമ്പോൾ പാതയോരത്ത് ഒരു സമ്മാനപ്പെട്ടിയുടെ കൂറ്റൻ ശിൽപത്തിൽ നിന്നാണ്. അതിനു സമീപം എവിടെയോ അയാളെ സങ്കൽപ്പിച്ചു. ഒരു റോബിൻഹുഡൊന്നും അല്ലായിരുന്നു അയാൾ. ആ യാത്ര അവസാനിക്കും മുൻപ് അയാൾ കൊള്ളയടിക്കേണ്ടത് എന്താണെന്നു കള്ളനും ഞാനും തീർച്ചപ്പെടുത്തിയിരുന്നു. ഒരു കഥ വായിക്കുകയോ കേൾക്കുകയോ ചെയ്യുമ്പോൾ മനുഷ്യൻ ചിന്തിച്ചു തുടങ്ങുമോ? കഥകൾക്ക് മനുഷ്യരെ സ്വാധീനിക്കാൻ കഴിയുമോ എന്നൊരു ചോദ്യം പലപ്പോഴും കേട്ടിട്ടുണ്ട്. കഥകളിലൂടെ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമോ? ഒരുപക്ഷേ, റൂത്തിനെപ്പോലൊരു കഥപറച്ചിലുകാരിക്കു സാധിക്കുമായിരിക്കും. ഒരു ഔദ്യോഗിക യാത്രക്കിടയിൽ എന്റെ നഗരത്തിൽ ഒരൽപ നേരം ചെലവഴിച്ചു യാത്രകളെക്കുറിച്ചും കാഴ്ചകളെക്കുറിച്ചും സംസാരിച്ച പ്രിയ സുഹൃത്തും സഹപാഠിയുമാണു റൂത്തിനെ എനിക്കു സമ്മാനിച്ചത്. ഒരു ചായയും സാൻവിച്ചും കഴിച്ച് എന്നോടു യാത്ര പറഞ്ഞു മറ്റൊരു രാജ്യത്തേക്കു വിമാനം കയറുവാൻ പോയ സുഹൃത്തിന്റെ സംസാരത്തിൽനിന്ന്, ഒരിക്കൽ പോലും കടന്നുവന്നിട്ടോ ജീവിതത്തിൽ കണ്ടുമുട്ടിയിട്ടോ ഇല്ലാത്ത ഒരു കഥാപാത്രം അന്നവിടെ രൂപപ്പെട്ടു. അതാണു റൂത്ത്. കണ്ടില്ലേ, ചിലപ്പോൾ അയാൾ പോലും അറിയാതെ ചില കഥകൾ മെനഞ്ഞു നമ്മൾ ഒരാളെ ഒരു കഥാപാത്രമാക്കിക്കളയും. 

harsha-mohan-puthuvakku

മധുരയിലെ ഇഡലിക്കടയിൽനിന്നു ബ്രഹ്മപുത്ര നദിക്കരയിലെ ഗ്രാമത്തിലേക്കും അവിടെനിന്ന് ഇറ്റലിയിലെ ഫ്ലോറൻസിലേക്കും കലിഫോർണിയയിലെ സാൻ ലോറൻസോ നദിയരികിലെ സ്റ്റെല്ലയുടെ വീട്ടിലേക്കും കഥാപരിസരം വായനക്കാരെ അനായാസമായി കൂട്ടിക്കൊണ്ടുപോകുന്നു. അത്യന്തം വ്യത്യസ്തതയാർന്ന ഇത്തരം ഭൂമികകൾ കഥപറച്ചിലിനായി തിരഞ്ഞെടുക്കാനുള്ള പ്രചോദനമെന്താണ്?

ഒരുപാടു യാത്രകൾ പോകണമെന്ന് ആഗ്രഹമുള്ള വ്യക്തിയായതു കൊണ്ടാവാം പല ഭൂമികകളിലെ കഥകൾ ഇങ്ങനെ എഴുതിപ്പോകുന്നത്. ജോലിയുടെ ഭാഗമായി ഒരുപാടു രാജ്യങ്ങളിൽ വസിക്കുന്ന മനുഷ്യരോട് ഇടപെടാൻ സാധിച്ചിട്ടുണ്ട്. നാട്ടിലേക്ക് പ്രവാസം മതിയാക്കി തിരിച്ചു പോവുകയാണ് എന്നു പറഞ്ഞൊരു വിദേശ സുഹൃത്തുണ്ടായിരുന്നു. അയാൾ സംസാരിച്ചതു മുഴുവൻ മഞ്ഞു മൂടിക്കിടക്കുന്ന നാട്ടിലെ മലകൾ തന്നെ തിരിച്ചു വിളിക്കുന്നതിനെക്കുറിച്ചായിരുന്നു. അവിടങ്ങളിൽ ലഭിക്കുന്ന പ്രത്യേക ഫലങ്ങളെക്കുറിച്ചായിരുന്നു. ഞാൻ എപ്പോഴെങ്കിലും അവിടെ പോകുമോ എന്നു നിശ്ചയമില്ല. എങ്കിലും പരിചയപ്പെടുന്ന വ്യക്തികളുടെ നാട് പലപ്പോഴും ശ്രദ്ധിക്കാറുണ്ട്, ഗൂഗിളിൽ വിശദാംശങ്ങൾ തിരയാറുണ്ട്. ‌മറ്റൊരു കാര്യമുണ്ട്. ചില കഥകൾ പറയുവാനായി അവർ ആവശ്യപ്പെടുന്ന ഭൂമികകൾ ഉണ്ട്. ഉദാഹരണമായി ‘ബോൺസായ്’ ഒരിക്കലും ഒരിന്ത്യൻ പശ്ചാത്തലത്തിൽ എഴുതിയാൽ അതിന്റെ വിഷയ തീവ്രത ലഭിക്കുമോ എന്നൊരു സംശയമുണ്ട്. ‘ദംശം’സബ്രഹ്മപുത്രയുടെ തീരത്തു നടക്കേണ്ട ഒന്നാണ്. മനുഷ്യന്റെ കഥകളും അവന്റെ അവസ്ഥകളും ലോകത്ത് എല്ലായിടത്തും– ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും – പലപ്പോഴും ഒരേപോലെ തന്നെയാണെന്ന് എവിടെയോ കേട്ടിട്ടുണ്ട്. പക്ഷേ, ആ കഥകൾ അവ ആവശ്യപ്പെടുന്ന സ്ഥലത്ത് ഒട്ടും മടുപ്പില്ലാതെ രൂപപ്പെടുത്താൻ സാധിച്ചാൽ ഒരൽപം വ്യത്യസ്തമായ വായനാനുഭവം ലഭിക്കില്ലേ എന്നൊരു തോന്നലും പല കഥകളുടെയും എഴുത്തുകൾക്കു പിന്നിലുണ്ട്.  

ദ്രൗപദി ദത്ത ‘ബോൺസായ്’ എന്ന കഥയിലും ‘ആഗ്‌നസ് ദിമിത്രിയുടെ തിരുശേഷിപ്പുകളി’ലും ആഖ്യാതാവായി വരുന്നു. എന്താണ് ആ കഥാപാത്രം ആവർത്തിച്ചു വരാനുള്ള കാരണം? ഇനിയൊരു കഥയിലും ദ്രൗപദിയെ കണ്ടുമുട്ടാനാകുമോ?

പഠനകാലത്തു കുത്തിക്കുറിച്ച ഒന്നോ രണ്ടോ കഥകൾ അല്ലാതെ ഒരൽപം ഗൗരവത്തോടെ ആദ്യമായി എഴുതിയ കഥയാണ് ‘ആഗ്നസ് ദിമിത്രിയുടെ തിരുശേഷിപ്പുകൾ’. 2012-13 കാലഘട്ടത്തിലാണ് ആ കഥ എഴുതിയത്. ചില കഥാപാത്രങ്ങൾ നമ്മളെ ഇങ്ങനെ ചുറ്റിക്കൊണ്ടേ ഇരിക്കും. അവരുടെ നിലപാടുകൾ, ആ കഥാപാത്രം രൂപപ്പെട്ട സാഹചര്യം, പലപ്പോഴും കാണപ്പെടുന്ന സമാനതകൾ അങ്ങനെ ഒരുപാടു കാരണങ്ങൾ മൂലം ചില പ്രത്യേക കഥാപാത്രങ്ങളോട് ഇഷ്ടക്കൂടുതൽ തോന്നിയേക്കാം. രണ്ടു കഥകളിലെയും കേന്ദ്ര കഥാപാത്രം എഴുത്തുകാരിയാണ്. 2012 ൽ മെനഞ്ഞ ദ്രൗപതി ദത്ത അങ്ങനെ ഉടനെയൊന്നും എന്നെ വിട്ടുപോകാൻ ഇടയില്ല. അവർ ഇനിയും അടുത്തൊരു കഥയിൽ മറ്റൊരു കഥാപാത്രമായി വന്നേക്കാം. 

മറ്റാർക്കെങ്കിലും വേണ്ടി എഴുതുന്നതിലൂടെ സർഗാത്മകത മുരടിച്ചു പോകുന്ന ഒരു എഴുത്തുകാരിയുടെ ആത്മവേദനയായി ബോൺസായ് എന്ന കഥ അനുഭവപ്പെട്ടു. നിലനിൽപിനായി ഗോസ്റ്റ് റൈറ്റിങ് ഏറ്റെടുക്കേണ്ടി വന്നതിലെ വിഷമം തന്റെ കഥാപാത്രമായ സ്റ്റെല്ലയുമായുള്ള സംഭാഷണത്തിലൂടെ ആഖ്യാതാവായ ദ്രൗപദി ദത്ത വെളിപ്പെടുത്തുന്നുമുണ്ട്. പുസ്തകത്തിലെ ടൈറ്റിൽ കഥയായ ബോൺസായ് എഴുതാനിടയായ സാഹചര്യം വിശദീകരിക്കാമോ?

‘ബോൺസായ്’ യാഥാർഥത്തിൽ രണ്ടു കഥകളായിരുന്നു. ദ്രോയുടെ കഥ, മറ്റൊന്നു സ്റ്റെല്ലയുടെയും. രണ്ടും പലയാവർത്തി മനസ്സിൽ എഴുതിത്തീർത്തവയാണ്. എങ്കിലും എന്തോ ഒരു പോരായ്മ തോന്നി. ഒരു പൂർണതയില്ലായ്മ. അപ്പോഴാണ് 2019 ലെ സംസ്കൃതി സി. വി. ശ്രീരാമൻ പുരസ്കാരത്തിനായി കൃതികൾ ക്ഷണിക്കുന്ന വാർത്ത കാണുവാൻ ഇടയായത്. അന്നേരമാണ് ഇവ രണ്ടും ചേർത്തെഴുതി ‘ബോൺസായ്’ എന്ന രൂപത്തിലേക്ക് എത്തിച്ചാലോ എന്നൊരു തോന്നൽ വന്നത്. ഒരു പരീക്ഷണമായിരുന്നു. ആ പുരസ്കാരം ബോൺസായിക്ക് ലഭിക്കുകയുണ്ടായി. ബോൺസായ് മരങ്ങൾ കാണുന്നതു വേദനയാണ്. ഒരു എക്സിബിഷനിൽ വർഷങ്ങൾ പഴക്കമുള്ള ഒരു ബോൺസായ് വൃക്ഷം കാണുകയുണ്ടായി. ചട്ടി പൊട്ടിച്ച് അതങ്ങു പുറത്തേക്കെടുത്താലോ എന്ന ചിന്ത പോലും മനസ്സിലൂടെ കടന്നു പോയി. അന്നേരമാണു കുള്ളൻ ഫെലിക്സും സ്റ്റെല്ലയുമൊക്കെ വന്നു കഥപറച്ചിൽ തുടങ്ങിയത്. അവർ മരങ്ങളെ മാത്രമല്ല, ബോൺസായ്‌വത്ക്കരിക്കപ്പെട്ട മനുഷ്യരെയും കാണിച്ചു തന്നു. ചില വെബ്സൈറ്റുകളിൽ ‘ഗോസ്റ്റ്റൈറ്റേഴ്സിനെ’ ആവശ്യമുണ്ട് എന്നു കണ്ടിട്ടുണ്ട്. മോശമല്ലാത്ത തുക വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഞാൻ കണ്ടതു കൂടുതലും വിദേശ രാജ്യങ്ങളിൽ നിന്നുള്ള പരസ്യങ്ങളായിരുന്നു. ഗോസ്റ്റ് റൈറ്റിങ് ഒരു പ്രഫഷനായി അംഗീകരിക്കപ്പെടുക എന്നതു കൗതുകം ജനിപ്പിച്ച സംഗതിയായിരുന്നു. അതിനാൽത്തന്നെ ഞാനും ആപ്ലിക്കേഷൻ അയച്ചു കാത്തിരുന്നു. അങ്ങനെയാണ് ‘ബോൺസായി’ലെ ദ്രൗപദി ദത്തയെക്കുറിച്ച് എഴുതിത്തുടങ്ങുന്നത്. 

bonsai-harsha-mohan

‘സാർ’ എന്ന കഥയിലും ‘കൊലപാതകി ഒരു സ്ത്രീയാണ്’ എന്ന കഥയിലും കുടിയേറ്റ മേഖലയുടെ ജീവിതമാണ് കഥാപരിസരമായി വരുന്നത്. മാന്ദാമംഗലം എന്ന തൃശൂരിലെ കുടിയേറ്റ പ്രദേശത്തു നിന്നാണല്ലോ ഹർഷ വരുന്നത്. നാട് എത്രമാത്രം എഴുത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട്?

നാടുകളിൽനിന്നു പലായനം ചെയ്ത മനുഷ്യന്റെ ജീവിതം എത്ര വലിയ കാൻവാസിൽ ഫ്രെയിം ചെയ്താലും തീരില്ല. ഇതേ കുടിയേറ്റ ചരിത്രം ഉറങ്ങുന്ന ഭൂമിയാണ് എന്റെ ഗ്രാമവും. അവിടുത്തെ ഓരോ സംഭവവും കഥയും കേട്ടു വളർന്ന ബാല്യമാണ് എന്റേത്. അത്തരമൊരു കഥ പറയുമ്പോൾ മാന്ദാമംഗലവും പരിസരവും മാത്രമാണു മനസ്സിൽ വരിക. അങ്ങനെയൊരു ഗ്രാമത്തിൽ ഉപയോഗിക്കുന്ന ഭാഷ, തദ്ദേശീയമായ ചില പ്രയോഗങ്ങൾ, ആഹാര രീതികൾ ഇവയെല്ലാം എനിക്കു ചിരപരിചിതമാണ്. നല്ല മഞ്ഞു നിറഞ്ഞ പ്രഭാതങ്ങളുള്ള, ഞായറാഴ്ചകളിലെ പോത്തിറച്ചിയോടു പ്രത്യേക മമത സൂക്ഷിക്കുന്ന, ക്രിസ്മസ് കാലങ്ങളിൽ കുന്നിൻചെരുവുകളിൽനിന്നു പാതിരയ്ക്ക് ഉയർന്നു കേൾക്കുന്ന കാരൾ ഗാനങ്ങളും മുളവടി കൊണ്ട് ഉണ്ടാക്കിയ നക്ഷത്രങ്ങളും നിറയെ കൃഷിയിടങ്ങളും നിറഞ്ഞൊരു ഗ്രാമക്കാഴ്ച മനസ്സിലുണ്ട്. ഒരുപക്ഷേ, ആ ഓർമകളായിരിക്കാം കഥകളായി പരിണമിച്ചത്. ‘ഈ നിൽക്കുന്ന വീടിന്റെ സ്ഥാനത്ത് പണ്ട് ഒരു വലിയ മരമായിരുന്നു. അതു മുറിച്ചപ്പോൾ ഒരു മുട്ടൻ പെരുമ്പാമ്പ് ഇറങ്ങിപ്പോയി’ ഇങ്ങനെയുള്ള വിവരണങ്ങൾ കേട്ടാൽ ഒട്ടും തന്നെ അദ്ഭുതം തോന്നാറില്ല. കാരണം കാടിനോട് അതിരിടുന്ന ഗ്രാമങ്ങളിൽ ഇവ എപ്പോഴോ സംഭവിച്ചിട്ടുണ്ടാവണം എന്നതു സത്യമാണ്. വാടകയ്ക്കു താമസിക്കുക എന്നൊരു ആശയം പോലും കടന്നു വരാത്ത കാലത്ത് അങ്ങനെയൊരു ഗ്രാമത്തിലേക്കു താമസത്തിനായി എത്തിയ ഒരാളാണ് ‘സാർ’. ആ സങ്കൽപിക കഥാപാത്രം വന്നത് എനിക്കു പരിചിതമായൊരു ഭൂമികയിലേക്കാണ്. അതിനാൽ ആ കഥ അധികമൊന്നും ബുദ്ധിമുട്ടില്ലാതെ എഴുതുവാൻ സാധിച്ചു.

പെൺമയുടെ വളരെ സൂക്ഷ്മമായ ചിത്രീകരണം ഹർഷയുടെ സ്ത്രീ കഥാപാത്രങ്ങളെ വേറിട്ടു നിർത്തുന്നു. അവളുടെ പ്രണയവും ലൈംഗികതയും സൗഹൃദങ്ങളുമെല്ലാം ചിത്രീകരിച്ചിരിക്കുന്നതിൽ പുലർത്തിയിരിക്കുന്ന ശ്രദ്ധ ഈ കഥാപാത്രങ്ങളുടെ മിഴിവു വർധിപ്പിക്കുന്ന പ്രധാന ഘടകമാണ്. ഒരു സ്ത്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ കഥാകാരിയുടെ മനസ്സിലെന്താണ്?

അവിടെ കഥാകാരിയില്ല. കഥയെ നയിക്കുന്നതു മുഴുവൻ കഥാപാത്രങ്ങളാണ്. സത്യം പറയട്ടെ, പലപ്പോഴും കഥകളിലെ നിലപാടുകളിലും  തീരുമാനങ്ങളിലും കഥാകാരിക്കു വലിയ റോളൊന്നും ഇല്ല. അന്നേരം പ്രസ്തുത കഥാപാത്രം എത്തരത്തിൽ പ്രതികരിച്ചേക്കാം, നീങ്ങിയേക്കാം എന്നുള്ളതു കഥാപാത്രമായി ചിന്തിക്കുമ്പോൾ സംഭവിച്ചു പോകുന്നതാണ്. ഈ പുസ്തകത്തിലെ 10 സ്ത്രീകളുണ്ടല്ലോ. അവർ സ്വന്തമായി കഥയായി മാറിയതാണ്. നാടോടിക്കഥകളിലെ കൂടുമാറ്റ പ്രക്രിയ പോലെയൊന്ന്. 

 everywhere we go, people keep on asking, who are we for, we are for Harsha Mohan... പഴയൊരു മുദ്രാവാക്യമാണ്. കോളജ് കാലവും അന്നത്തെ പ്രവർത്തനങ്ങളും സൗഹൃദങ്ങളും ഹർഷയെന്ന വ്യക്തിയെയും എഴുത്തുകാരിയെയും രൂപപ്പെടുത്തുന്നതിൽ എത്രമാത്രം പങ്കുവഹിച്ചു?

എനിക്കു മനുഷ്യരോടു സംസാരിക്കുവാൻ വലിയ ഇഷ്ടമാണ്. ആ മുദ്രാവാക്യങ്ങൾ എല്ലാം ഒത്തിരി സുഹൃത്തുക്കൾ ചേർത്തു പിടിച്ച ഒരു കാലത്തിന്റെ ശേഷിപ്പുകളാണ്. പഠിക്കുന്ന കാലത്തു നേരത്തേ സൂചിപ്പിച്ച പോലെ ഒന്നോ രണ്ടോ കുത്തിക്കുറിക്കലുകൾ നടത്തിയിരുന്നു എന്നതൊഴിച്ചാൽ എഴുത്തും ഞാനുമായി വിദൂര ബന്ധം പോലും ഉണ്ടായിരുന്നില്ല. മനസ്സിൽ രൂപപ്പെടുന്നതൊന്നും അക്കാലത്ത് എഴുതുവാൻ ശ്രമിച്ചിരുന്നുമില്ല. അന്നും ഇന്നും ആഴത്തിലുള്ള സൗഹൃദങ്ങളുണ്ട്. നന്നായി വായിക്കുന്നവരും ഒട്ടും തന്നെ വായനയുമായി ബന്ധമില്ലാത്ത സുഹൃത്തുക്കളും ഉൾപ്പെടുന്ന ഒരു വലയം. രണ്ടു കൂട്ടരും ഒരേപോലെ ആസ്വദിക്കുന്ന കഥകൾ എഴുതുക എന്നതാണു ശ്രമകരം. നിശിത വിമർശനങ്ങൾ ഒട്ടും ഹാർഡ് ഫീലിങ് ഇല്ലാതെ കൈനീട്ടി സ്വീകരിക്കുവാൻ പ്രാപ്തരാക്കിയത് ഈ സൗഹൃദങ്ങളാണ്. 

വായനയിലെ ഇഷ്ടങ്ങൾ എന്തൊക്കെയാണ്? ഈയടുത്തു വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട കുറച്ചു പുസ്തകങ്ങളെക്കുറിച്ച്, എഴുത്തുകാരെക്കുറിച്ചു പറയാമോ?

ചെറുകഥകൾ വായിക്കുന്നത് ഏറെ ഇഷ്ടം. കെ.ആർ. മീരയുടെ കഥകൾ ഏറെ ഇഷ്ടമാണ്. പ്രത്യേകിച്ച് ‘ആവേ മരിയ’, ‘കൃഷ്ണഗാഥ’, ‘മോഹമഞ്ഞ’ തുടങ്ങിയവ. ഓരോ കഥാപാത്രത്തിന്റെയും സൂക്ഷ്മമായ മനോവ്യാപാരങ്ങൾ വരികൾക്കിടയിൽനിന്നു വായിച്ചെടുക്കാം. ഉണ്ണി ആർ. കഥകൾ പറയുന്ന രീതിക്കുണ്ട് ഒരു പ്രത്യേകത. അതിനാൽത്തന്നെ അവയൊന്നും അത്ര എളുപ്പം മനസ്സിൽനിന്നു മാഞ്ഞു പോകുകയില്ല. ഒരു കപ്പേള കണ്ടാൽ ഓടിപ്പിടിച്ച് കോട്ടയം 17 ലെ പെണ്ണമ്മയും കുഞ്ഞും മനസ്സിലേക്കെത്തും. രണ്ടേ രണ്ടു പേജിൽ ഒരു വലിയ തത്വം പങ്കുവച്ചു ‘സഹയാത്ര’. അതിലളിതമായ എന്നാൽ ശക്തമായ ഭാഷാശൈലി. വിക്ടർ ലീനസിന്റെ കഥകൾ, വ്യഥകൾ നിറഞ്ഞ രാജലക്ഷ്മിയുടെ വരികൾ, സുഭാഷ് ചന്ദ്രന്റെ ‘തൽപം’, പ്രിയ എഎസിന്റെ ‘ജാഗരൂക’, സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകൾ, വിനോയ് തോമസിന്റെ ‘മിക്കാനിയ മൈക്രാന്ത’, കെ. രേഖയുടെ ‘മാനാഞ്ചിറ’. അധികമൊന്നും ലിസ്റ്റിന് നീളമില്ല. എന്നാൽ എല്ലാം എഴുതുക എന്നതും സാധ്യമല്ലതാനും. പലതും വിട്ടുപോയേക്കാം. എന്റെ വായനജീവിതം ഇനിയും വികസിക്കേണ്ടിയിരിക്കുന്നു. തീർത്തും ശൈശവദശയാണ് വായനയിൽ. എന്നിരുന്നാലും മനസ്സിൽ ചെറിയ ആശയക്കുഴപ്പങ്ങൾ ഉണ്ടാകുമ്പോൾ ശിവാജി സാവന്തിന്റെ ‘കർണൻ’ വായിക്കാറുണ്ട്. ഒന്ന് പൊട്ടിച്ചിരിക്കണമെങ്കിൽ ‘മുകേഷ് കഥകൾ -ഭാഗം 1’ സഹായകമാകാറുണ്ട്. പുറംലോക കാഴ്ചകളിൽനിന്നു ഡിറ്റാച്ച്ഡ് ആവണമെന്ന് തോന്നിയാൽ ടി. ഡി. രാമകൃഷ്ണന്റെ ഇട്ടിക്കോരപ്പാപ്പനെ വായിക്കും.

എഴുത്തുകാരിയാകണം എന്നൊരു ചിന്ത ആദ്യമായി ഉള്ളിൽ നാമ്പിടുന്നത് എപ്പോഴാണ്? അതു പിന്നീടു വളർന്നു വലുതായി ബോൺസായ് എന്ന പുസ്തകത്തിലേക്ക് എത്തുന്നതു വരെയുള്ള സംഘർഷങ്ങളും അതിജീവിക്കലുകളും പങ്കുവയ്ക്കാമോ?

മനസ്സിലെ സാങ്കൽപികലോകങ്ങളെയും കഥാപാത്രങ്ങളെയും പകർത്തി വയ്ക്കുന്നു എന്നൊരു കാര്യം മാത്രമാണു ചെയ്യുന്നത്. അത് ആസ്വാദ്യവും വളരെ ലളിതവുമായിരിക്കാൻ ശ്രമം നടത്തും. എഴുത്തുകാരിയാവണം എന്നൊരു തീവ്രമായ ആഗ്രഹം മനസ്സിൽ വന്നിരുന്നോ എന്നു തീർച്ചയില്ല. പക്ഷേ, എഴുതിയവയെല്ലാം കൂട്ടി വച്ചൊരു പുസ്തകം അച്ചടിക്കണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. നമ്മൾ ഇവിടെ ഇങ്ങനെ ജീവിച്ചിരുന്നെന്നും ചെറിയ എഴുത്തു പണികൾ ചെയ്തിരുന്നു എന്നുമൊക്കെയുള്ളതിന് ഒരു കൊച്ചു തെളിവ്. ഒരുപാട് ആഗ്രഹങ്ങളില്ല. അതിനാൽത്തന്നെ സമ്മർദമില്ല. അത്തരത്തിൽ എഴുത്തിനെ അമിത പ്രതീക്ഷകളൊന്നുമില്ലാതെ സമീപിക്കുന്നതിനാൽ ഒരൽപം ഫ്രീ ആയ മനസ്സോടെ എഴുതാൻ സാധിക്കുന്നുണ്ട്. ഓരോ പുതിയ കഥയും വലിയ സന്തോഷങ്ങളാണ്. നല്ലതെങ്കിൽ വായനക്കാർ സ്വീകരിക്കട്ടെ. അവതാരികയോ പഠനമോ ഒഴിവാക്കിയ ഒരു പുസ്തകമാണ് ‘ബോൺസായ്’. വായനക്കാർ നേരിട്ടു കഥയിലേക്ക് പ്രവേശിക്കട്ടെ. ഓരോ വായനയും വ്യത്യസ്തമാണല്ലോ. തീർത്തും അപരിചിതനായ ഒരു വ്യക്തി എന്റെ കഥകൾ  വായിക്കുകയും അതേക്കുറിച്ച് സംസാരിക്കുകയും ചെയ്യുക എന്നൊരു മനോഹര സ്വപ്നം പലപ്പോഴും വന്നുപോകാറുണ്ട്.

ആരൊക്കെയാണ്, എന്തൊക്കെയാണ് എഴുത്തുവഴിയിലെ പ്രധാന പ്രചോദനങ്ങൾ?

അമ്മയാണ് കുഞ്ഞിലേ അമർചിത്രകഥകൾ വായിച്ചു തരാറുള്ളത്. മനസ്സിൽ കഥകൾ മെനയുന്നത് അങ്ങനെയായിരുന്നു; അക്ഷരമറിയാത്ത കുഞ്ഞുങ്ങൾ വരികൾ ആലപിക്കുന്നതു പോലെ. സ്കൂളിലെ ഭാനുമതി ടീച്ചറാണ് മലയാള സാഹിത്യലോകത്തെ പരിചയപ്പെടുത്തിത്തന്നത്. ടീച്ചർ ഇന്നില്ല. ‘ബോൺസായ്’ സമർപ്പിച്ചിരിക്കുന്നത് ഭാനുമതി ടീച്ചർക്കാണ്. ‌പരിചയപ്പെടുന്ന ഓരോ വ്യക്തിയും പ്രചോദനങ്ങളാണ് എന്നു വേണമെങ്കിൽ പറയാം. കാരണം നിനച്ചിരിക്കാതെ അയാളിൽ/അവളിൽ നമ്മൾ ഒരു കഥാപാത്രത്തെ കണ്ടുമുട്ടിയേക്കാം. എഴുത്ത് ഇഷ്ടമാണ്. അതിനാൽ തുടരുന്നു. അതിങ്ങനെ തന്നെ തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു.   

Content Summary: Puthuvakku, Talk with writer Harsha Mohan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA