മത്തുപിടിച്ച ഭാവനയുടെ നിർദയത്വം

HIGHLIGHTS
  • ഇരുപതാം വയസ്സിൽ റെയ്മോ റാഡിഗെ മരിക്കുമ്പോൾ രണ്ടു നോവലുകൾ എഴുതിയിരുന്നു.
  • അപരാഹ്ന വെയിലിൽ മരതകം പോലെ തിളക്കുന്ന ആ പുഴുക്കൾ പൊടുന്നനെ എനിക്ക് വിഷാദം പകർന്നു
ezhuthumesha-book-devil-in-the-flesh-book-cover
ദ് ഡെവിൾ ഇൻ ദ് ഫ്ലഷ്
SHARE

ലോകത്തിലെ വിവിധ ഭാഷകളിലെ പ്രധാന എഴുത്തുകാരുടെ ജീവിതവും രചനയും സംബന്ധിച്ച ചെറു കുറിപ്പുകൾ അടങ്ങിയ ഒരു പുസ്തകം എന്റെ കയ്യിലുണ്ടായിരുന്നു. നർത്തകി എനിക്കു വാങ്ങിത്തന്നതാണ്. ആ പുസ്തകത്തിന് എന്തെങ്കിലും സവിശേഷതയുണ്ടോ എന്നു ഞാൻ പലവട്ടം ശ്രദ്ധിച്ചു. അങ്ങനെയൊന്നും കണ്ടില്ല. അതിൽ ജോസഫ് റോത്തിനെക്കുറിച്ചുള്ള കുറിപ്പു മനോഹരമായിട്ടുണ്ട് എന്ന് നർത്തകി പറഞ്ഞു. ട്രെയിനിലിരുന്ന് അവൾ അതു മാത്രമേ വായിച്ചുള്ളു. വർഷങ്ങൾക്കുശേഷം റോത്തിന്റെ ജേണലിസം രചനകൾ അടങ്ങിയ ദ് വൈറ്റ് സിറ്റീസ് എന്ന പുസ്തകം കിട്ടിയപ്പോൾ, പെട്ടെന്ന് എനിക്ക് സമ്മാനമായി ലഭിച്ച പുസ്തകം ഓർമ വന്നു. അതെവിടെ, അതെവിടെ എന്നു ഞാൻ പലയിടത്തും തിരഞ്ഞു. കിട്ടിയില്ല. ഇടക്കാലത്തു ഞാൻ ചില പുസ്തകങ്ങളെല്ലാം വാരിക്കെട്ടി പലർക്കായി കൊടുത്ത് ഒഴിവാക്കിയിരുന്നു. അക്കൂട്ടത്തിൽ പെട്ടുപോയിരിക്കാം അതും. 

ലോകയുദ്ധത്തിനു മുൻപുള്ള യൂറോപ്യൻ നഗരജീവിതത്തിന്റെയും നാഗരികതയുടെയും സൌന്ദര്യവും നഷ്ടബോധവും പകർത്തുന്നവയാണ് ഈ ലേഖനങ്ങൾ. 1920കളിൽ ഫ്രാൻസിലെത്തിയ ജോസഫ് റോത്ത്, ജർമൻ പത്രമാസികൾക്കു വേണ്ടി പാരിസിൽനിന്ന് റിപ്പോർട്ടുകൾ അയച്ചു. യുഎസ്എസ്ആർ, അൽബേനിയ, പോളണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളെല്ലാം സഞ്ചരിച്ചു. അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന ജേണലിസ്റ്റായിരുന്നു. ജർമനിയിൽ ഹിറ്റ്ലറുടെ വളർച്ച ഏറ്റവും സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും അതേപ്പറ്റി എഴുതുകയും ചെയ്തു. 1926 ൽ സോവിയറ്റ് യൂണിയൻ സന്ദർശനം അദ്ദേഹത്തെ നിരാശപ്പെടുത്തിയെങ്കിലും കമ്യൂണിസത്തോടുള്ള അനുഭാവം ഇല്ലാതായില്ല. 1933ൽ നാത്സികൾ അധികാരം പിടിച്ചതോടെ അദ്ദേഹം ജർമനിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. യൂറോപ്പിന്റെ ഐക്യത്തിനുള്ള ഏക തടസ്സം നാത്സികൾ ആണെന്ന് റോത്ത്, അവർ അധികാരത്തിലെത്തും മുൻപേ എഴുതി.

ezhuthumesha-the-white-cities-book-cover-image-writer-joseph-roth
ദ് വൈറ്റ് സിറ്റീസ്

റോത്തിന്റെ അവസാനവർഷങ്ങൾ പ്രയാസകരമായിരുന്നു. പല ഹോട്ടലുകളിലായാണു റോത്ത് ജീവിച്ചത്. സ്വന്തമായി വീടുണ്ടായിരുന്നില്ല. അമിതമായ മദ്യപാനവും സാമ്പത്തിക പ്രയാസങ്ങളും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും എഴുത്തുകാരനെ അലട്ടി. നാത്സികൾ അധികാരത്തിലേറിയതിനു പിന്നാലെ തോമസ് മാൻ അടക്കമുള്ള ഒട്ടേറെ എഴുത്തുകാരെ യുഎസിലേക്കു കുടിയേറാൻ സഹായിച്ച അമേരിക്കൻ പെൻ ക്ലബിന്റെ ഒരു ക്ഷണക്കത്ത് റോത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ കടലാസുകൾക്കിടയിൽനിന്നു കണ്ടെടുത്തു. ആ ക്ഷണം അദ്ദേഹം നിരസിക്കുകയായിരുന്നു. യൂറോപ്പ് വിട്ട് പുതിയ ലോകത്തിലേക്കുള്ള യാത്ര എഴുത്തുകാരനു സങ്കൽപിക്കാനായില്ല. 1939 ൽ പാരിസിൽ റോത്ത് അന്തരിച്ചു.

റോത്തിന്റെ ജേണലിസത്തിന്റെ ഭാഗമായിരുന്നു അയാളുടെ നോവലുകളും. കഫേമേശപ്പുറത്തും യാത്രയ്ക്കിടയിലുമായി റിപ്പോർട്ടുകൾക്കൊപ്പം നോവലുകളും എഴുതി. ഖണ്ഡശ്ശയായാണ് ആദ്യ നോവൽ ദ് സ്പൈഡേഴ്സ് വെബ് പ്രസിദ്ധീകരിച്ചത്. ഫ്രാൻസിൽനിന്നുള്ള പതിനഞ്ചു വർഷത്തോളം നീണ്ട റിപ്പോർട്ടുകളുടെ സമാഹാരമായ ദ് വൈറ്റ് സിറ്റീസ് പിന്നീട് ഇംഗ്ലിഷിലേക്ക് മൈക്കിൾ ഹോഫ്മാനാണു മൊഴിമാറ്റിയത്. ഹോഫ്മാൻ, റോത്തിന്റെ എട്ടോളം കൃതികൾ ഇംഗ്ലിഷിലാക്കിയിട്ടുണ്ട്.

റെയ്മോ റാഡിഗെ (Raymond Radiguet) എന്ന ഫ്രഞ്ച് നോവലിസ്റ്റിനെ കുറിച്ചു റോത്തിന്റെ ചെറിയ ഒരു കുറിപ്പ് വൈറ്റ് സിറ്റീസിൽ ഉണ്ട്.  ഇരുപതാം വയസ്സിൽ റെയ്മോ റാഡിഗെ മരിക്കുമ്പോൾ രണ്ടു നോവലുകൾ എഴുതിയിരുന്നു. വിവാഹിതയായ സ്ത്രീയുമായുള്ള ഒരു ടീനേജുകാരന്റെ പ്രണയം ചിത്രീകരിക്കുന്ന The Devil in the Flesh   എന്ന നോവലാണു റാഡിഗെയെ സാഹിത്യലോകത്തു  പ്രശസ്തനാക്കിയത്.  here there is only passion,only blood, only life എന്നാണു പതിനേഴാം വയസ്സിൽ റാഡിഗെ  എഴുതിയ ഈ നോവലിനെപ്പറ്റി റോത്ത് പറഞ്ഞത്.  

french-novelist-raymond-radigue
റെയ്മോ റാഡിഗെ

പ്രണയകവിതകളുടെ ആയിരക്കണക്കിനു പുസ്തകങ്ങളെ അപ്രസക്തമാക്കും വിധം ഭ്രാന്തമായ പ്രണയം അതിലുണ്ടായിരുന്നു. ഒന്നാം ലോകയുദ്ധപശ്ചാത്തലത്തിലുള്ള ഈ ചെറുനോവൽ പ്രസിദ്ധീകരിച്ച് ഒറ്റ മാസം കൊണ്ടു 46,000 കോപ്പികളാണു വിറ്റഴിഞ്ഞത്. കൌമാരക്കാരന്റെ ജിജ്ഞാസയും കാമവും ക്രൂരതയും ഈ താളുകളിൽ നാം വായിക്കുന്നു.  സൈനികന്റെ ഭാര്യ ഗർഭിണിയാകുമ്പോൾ അവന് അതിശയവും ഭയവും അഭിമാനവും തോന്നുന്നു. അവളുടെ വീർത്തുവരുന്ന ഉദരം അവനു നഷ്ടബോധം ഉണ്ടാക്കുന്നു. അവളെ നഷ്ടപ്പെടും മുൻപേ പരമാവധി സ്വന്തമാക്കണമെന്ന സ്വാർത്ഥവിചാരത്താൽ അവന് ഉറക്കം നഷ്ടമായി. അതിശൈത്യമുള്ള ഒരു രാത്രിയിൽ പൊടുന്നനെ പെയ്ത മഴ നനഞ്ഞ് വീട്ടിലെത്തുന്ന അവൾക്കു പനി പിടിക്കുന്നു. പ്രസവത്തോടെ ആ യുവതി മരിച്ചുപോകുന്നു. തന്റെ അസൂയ അവളെ കുഴിമാടം വരെ പിന്തുടർന്നുവെന്നാണ് ആ ചെറുപ്പക്കാരൻ അവളുടെ അകാലമരണത്തെപ്പറ്റി പറയുന്നത്. 

ആലീസ് എന്ന അധ്യാപികയുമായുള്ള റാഡിഗെയുടെ ബന്ധമാണു നോവലിൽ ആവിഷ്കരിക്കുന്നത് ആക്ഷേപമുയർന്നിരുന്നു. നോവലിസ്റ്റ് അതു ശക്തിയായി നിഷേധിച്ചുവെങ്കിലും പിന്നീട് ആ കഥ ആത്മകഥാപരമാണെന്നു തെളിഞ്ഞു. (വർഷങ്ങൾക്കുശേഷം ആലീസിന്റെ ഭർത്താവ് പറയുകയുണ്ടായി, ഈ നോവൽ തന്റെ ജീവിതം നശിപ്പിച്ചുവെന്ന്, ആലീസിന്റെ ഡയറി റാഡിഗെ വായിച്ചെന്നും അയാൾ ആരോപിച്ചു) ഡെവിൾ ഇൻ ദ് ഫ്ലഷിന് അക്കാലത്തെ ഫ്രാൻസിലെ പ്രധാന സാഹിത്യപുരസ്കാരം നൽകിയപ്പോൾ ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ സംഘടന നോവലിനെതിരെ പ്രസ്താവനയിറക്കി. മുഴുവൻ സൈനികരെയും അപമാനിക്കുന്ന കൃതി എന്നാണ് അവർ പറഞ്ഞത്. എഴുത്തുകാരനെ ഈ വിമർശനങ്ങൾ ബാധിച്ചതേയില്ല. പാരിസിലെ കലാകാരന്മാരുടെ സംഘത്തിൽ മദ്യവും ലഹരിമരുന്നും പരിധിയില്ലാതെ ഉപയോഗിച്ച് അയാൾ കഴിഞ്ഞു. പിക്കാസോ ആയിരുന്നു പ്രധാന സുഹൃത്ത്. ടൈഫോയിഡ് ബാധിച്ചു ആശുപത്രിക്കിടക്കയിൽ കഴിയവേ, റാഡിഗെ തന്റെ അന്ത്യം പ്രവചിച്ചു 

‘‘ശ്രദ്ധിക്കൂ, ഭയങ്കരമായതു ശ്രദ്ധിക്കൂ. മൂന്നുദിവസത്തിനകം ദൈവത്തിന്റെ പടയാളികൾ എന്നെ വെടിവച്ചുവീഴ്ത്തും...’’

മൂന്നു ദിവസത്തിനു ശേഷം 1923 ഡിസംബർ 12 നു പുലർച്ചെ ഇരുപതാം വയസ്സിൽ റെയ്മോ റാഡിഗെ വിടവാങ്ങി. മരണാനന്തരമാണു റോഡിഗെയുടെ രണ്ടാം നോവൽ Count 0rgel Opens the Bell പുറത്തുവന്നത്. 

austrian-novelist-joseph-roth
ജോസഫ് റോത്ത്

കലാസൃഷ്ടികളിൽ അവയ്ക്കു നിമിത്തമായ വ്യക്തികളോ സാഹചര്യങ്ങളോ കേവല വസ്തുക്കളായി, ഉൾപ്രേരകങ്ങൾ മാത്രമായി പ്രവർത്തിക്കുന്നത് അപൂർവമല്ല. വ്യക്തികൾക്കു മാത്രമല്ല സമുദായങ്ങൾക്കും സംസ്കാരങ്ങൾക്കും വരെ സാഹിത്യഭാവനയിലേക്കു പ്രവേശിക്കുമ്പോൾ അസ്തിത്വരാഹിത്യം സംഭവിക്കാറുണ്ട്. പവിത്രതയോ സദാചാരമോ ആദർശമോ വേഗം ലംഘിക്കപ്പെടുന്നത് കലയിലാണെന്നു കാണാം. ജർമൻ നോവലിസ്റ്റായ ഡബ്യൂ. ജി. സെബാൾഡ് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞ കഥകളും സംഭവങ്ങളും തന്റെ രചനകളിൽ ഒരു  മടിയും കൂടാതെ ഉപയോഗിച്ചിരുന്നു. ഇക്കാരണത്താൽ ചിലർ അദ്ദേഹത്തിന്റെ നിതൃശത്രുക്കളായും മാറി. എഴുത്തുകാർക്ക് ഇങ്ങനെ ജീവിതസന്ദർഭങ്ങൾ, വികാരങ്ങൾ,അനുഭവങ്ങൾ എന്നിവ സ്വന്തം പുരയിലേക്കു കൊണ്ടുപോകുന്നത് അവസാനിപ്പിക്കാനാവില്ല.ഒരു കാക്ക പലയിടത്തുനിന്നുള്ള ചുള്ളികളും നാരുകളും ഉപയോഗിച്ചു കൂടു നിർമിക്കുന്നതുപോലെ ഒരു പ്രവൃത്തി എഴുത്തുകാർ ചെയ്യുന്നുണ്ട്. ഇത് ഏറ്റവും സ്വാഭാവികമാണ്. കല എന്നത് ജാതി പോലെ, വംശം പോലെ ശുദ്ധി നിലനിർത്തേണ്ട ഒരു കാര്യവുമല്ല. ഏറ്റവും കലർപ്പുള്ളതായി ഏറ്റവും മനോഹരമാകുക. ഏറ്റവും ആർത്തിയോടെ ജീവിതത്തിലേക്കു പോകുക. അവിടെ നിന്നു ശേഖരിക്കുക. പി. രാമന്റെ മഴ വരുമ്പോൾ എന്ന കവിത വായിക്കാം.

മഴക്കാലത്തിനു തൊട്ടുമുൻപ്

ഒരുകൂട്ടം പുഴുക്കൾ വന്ന്

തേക്കില തിന്നൊടുക്കും

പുഴുക്കളെത്തിന്ന്

പല പല കിളികൾ

ചുറ്റും വായു

തുളച്ചു പായും

അവയുടെ കൊക്കിൽ 

പെടാത്തൊരു പുഴു

എല്ലാക്കൊല്ലവും

എന്റെ പിൻകഴുത്തിൽ

വീണു ചൊറിയും

പുഴുതിന്ന് അരിപ്പ പോലായ

ഇലകൾ നിവർത്തി

മഴക്കൊള്ളാനൊരുങ്ങി

തേക്കുകൾ നിൽക്കും

ഇതാ മഴയെത്തി.

അരിപ്പക്കുടയുമായ്

അവ നിന്നു നനയുന്നു

പിൻകഴുത്തു ചൊറിഞ്ഞു ഞാൻ

അതു കണ്ടുനിൽക്കുന്നു. 

ezhuthumesha=poet-p-raman
പി. രാമൻ

ഈ കവിതയിലെ ഇല തിന്നുന്ന പുഴുക്കളും അവയെ തിന്നുന്ന കിളികളും അവയെ കവിതയിലേക്കു കൊണ്ടു വരുന്ന കവിയുടെ ജാഗ്രതയും കലയുടെ പൊതു സ്വഭാവത്തെ വിളംബരം ചെയ്യുന്നു. ദയാരഹിതമായ തീറ്റകൾ നിറഞ്ഞ ഉലകം കലയുടെ വിശപ്പിനു മുന്നിലാണുള്ളത്. ഈ ലോകം അവസാനിച്ചുപോകുകയാണെന്ന് ഓർക്കുമ്പോഴെല്ലാം അതിനെ വേഗം തിന്നു തീർക്കാനുള്ള കാമം കലാകാരന്മാർക്കുണ്ടാകുന്നു. അത് അവരെത്തന്നെയും ദഹിപ്പിക്കുന്നുവെന്നതാണു യാഥാർഥ്യം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിലെ വർഷങ്ങളിലൊന്നിൽ, ഗായകൻ മെഹബൂബിന്റെ കൂടെയുണ്ടായിരുന്ന ഒരു തബലിസ്റ്റിനെ അന്വേഷിച്ചു ഞാൻ ഫോർട്ട് കൊച്ചിയിലെ ഉൾവഴികളിലൂടെ നടക്കുകയായിരുന്നു. ഒടുവിൽ ആ വീടിനു മുന്നിലെത്തുമ്പോൾ അതിനു മുന്നിലെ ചെറുമരത്തിൽനിന്ന് പുഴുക്കൾ നൂലുനൂലായി തൂങ്ങി വഴി മുടക്കുന്നതു ഞാൻ കണ്ടു. അപരാഹ്ന വെയിലിൽ മരതകം പോലെ തിളക്കുന്ന ആ പുഴുക്കൾ പൊടുന്നനെ എനിക്ക് വിഷാദം പകർന്നു. വീട്ടുവാതിൽ തുറന്ന തബലിസ്റ്റ് ‘വരൂ, വരൂ...’ എന്ന് ആവർത്തിച്ചു വിളിക്കുന്നതു വരെ ഞാൻ അവിടെ അനക്കമറ്റു നിന്നുപോയി. ലോകത്തെ തിന്നുതിന്നു മത്തരാകുമ്പോൾ, സ്വയം അവസാനിക്കുന്ന ദിവസം  കൂടി പ്രവചിക്കാനാകുമോ?‌

Content Summary : Ezhuthumesha - Why is reading imaginative literature important?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA