ADVERTISEMENT

വിനോദയാത്രാസംഘം കാട്ടിലൂടെ വാഹനത്തിൽ സഞ്ചരിക്കുകയാണ്. ബസിൽ നിറയെ ആളുകളുണ്ട്. പെട്ടെന്നാണു വഴിയുടെ ഒരുവശത്ത് മയിലുകൾ പീലി വിടർത്തിയാടുന്നത് അവർ കണ്ടത്. എല്ലാവരും ആ വശത്തുള്ള ജനാലകളുടെയടുത്തേക്കു വന്നു.  ചിലർക്ക് ആദ്യം കാണണം. ചിലർക്കു ഫോട്ടോ എടുക്കണം. ഉന്തുംതള്ളും ബഹളവുമായി. ബസ് നിർത്താൻ അനുവാദമില്ലാത്തതിനാൽ ഡ്രൈവർ വേഗം കുറച്ചു വാഹനം ഓടിച്ചുകൊണ്ടിരുന്നു. ബഹളത്തിനും തിരക്കിനുമിടയിൽ ഒരാൾക്കുപോലും മയിലുകളെ കാണാൻ കഴിഞ്ഞില്ല. 

എല്ലാവരും എല്ലാം വേണമെന്നു ശഠിച്ചാൽ ആർക്കും ഒന്നും ലഭിക്കില്ല. എല്ലാം എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് ഓരോരുത്തരും കരുതിയാൽ ആവശ്യമുള്ളവ എല്ലാവർക്കും ലഭിക്കും. എല്ലാം ആദ്യം സ്വന്തമാക്കണമെന്നും മുഴുവനും കൈവശപ്പെടുത്തണമെന്നുമുള്ള ചിന്ത അനാവശ്യവും ആപത്കരവുമാണ്. എനിക്കുതന്നെ വേണം എന്ന ചിന്തയെക്കാൾ അപകടകരമാണ് എനിക്കു കിട്ടിയില്ലെങ്കിലും കുഴപ്പമില്ല; അപരനു കിട്ടരുതെന്ന ചിന്ത. ആദ്യവിചാരത്തിൽ സ്വാർഥത മാത്രമേയുള്ളൂ. രണ്ടാമത്തേതിൽ ഹിംസയുമുണ്ട്. ആദ്യം നേടി എന്ന ഖ്യാതി അടുത്തയാൾ നേടുന്നതുവരെ മാത്രമേയുള്ളൂ.  നേടിയവയിൽ പലതും ഉപയോഗരഹിതമായിത്തീരുമ്പോഴാണു മുഴുവനും പിടിച്ചടക്കിയതിന്റെ നിരർഥകത മനസ്സിലാകുക. ആവശ്യമുള്ളവ വേണ്ട അളവിൽ മാത്രം സ്വന്തമാക്കാനാഗ്രഹിച്ചാൽ എല്ലാം അനുയോജ്യമായ തോതിൽ വിതരണം ചെയ്യപ്പെടും. മിച്ചം വരുന്നതുമാത്രമല്ല, ഉപയോഗിക്കാത്തവയും അവശിഷ്ടമാണ്. ഒരാൾക്ക് അനുഗ്രഹമാകുന്ന ഒന്നിനെ എന്തിനാണു മറ്റൊരാൾ അവശിഷ്ടമാക്കുന്നത്. 

വിട്ടുവീഴ്ച ചെയ്താൽ പല വീഴ്ചകളും ഒഴിവാക്കാം. ഏതു പ്രശ്നവും വഷളാകുന്നത് ഉടലെടുക്കുന്ന കലുഷിത സാഹചര്യങ്ങൾ കൊണ്ടല്ല, അപക്വമായ പ്രതികരണങ്ങൾകൊണ്ടാണ്. ഒരു വെല്ലുവിളി ഉയരുമ്പോൾ രണ്ടുതരം മനോഭാവങ്ങൾ സ്വീകരിക്കാം. ഒന്ന്– എന്തുവില കൊടുത്തും താൻ ജയിക്കണം, രണ്ട്– അൽപം താഴ്ന്നുകൊടുത്താലും എല്ലാവരും ജയിക്കണം. എല്ലാവരുടെയും വിജയമാഗ്രഹിക്കുന്നവർ ഏതു പ്രശ്നങ്ങൾക്കും പരിഹാരമാകും. മുഴുവൻ വേണമെന്നു വാശിപിടിച്ച് ഒന്നും ലഭിക്കാതെ വരുന്നതിനെക്കാൾ ക്രിയാത്മകമല്ലേ എല്ലാവർക്കും ലഭിക്കട്ടെ എന്നാഗ്രഹിച്ച് ഉള്ളതിന്റെ പങ്കുപറ്റുന്നത്. 

Content Summary : Subhadinam - How to adjust with people around us

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com