ADVERTISEMENT

കോവിഡ് ഡെയ്സ് (കഥ) 

ഹലോ, ജില്ലാ മാനസികരോഗ്യ കേന്ദ്രത്തിൽ നിന്നാണ്. ‘നിങ്ങൾ കോവിഡ് പോസിറ്റീവ് അല്ലേ’.

‘അതേ ഞാൻ ഭവ്യതയോടെ പറഞ്ഞു’.

‘നിങ്ങൾക്ക് ഉറക്കം ഇല്ലായ്മ, ടെൻഷൻ, പേടി അങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ’.

രാവിലെ തന്നെ, സ്നേഹം ചാലിച്ചു അവരുടെ ചോദ്യം കേട്ടപ്പോൾ ഉള്ളിൽ ഉള്ള പേടിയും ടെൻഷനും ഉറക്കക്കുറവും ഞാൻ മറന്നു.

 

‘ഇല്ല.കുഴപ്പമില്ല’

 

ഞാൻ അവരോടും അതേ സ്നേഹം കാണിച്ചു.

 

‘അത് അറിയാൻ വിളിച്ചതാണ്.ശരി.ഓക്കേ’

 

അവർ ഫോൺ വെച്ചു. രണ്ടു മിസ്സ്ഡ് കാൾ ഇതിനോടകം ഉണ്ട്. ആരായാലും വേണേൽ പിന്നെ വിളിക്കട്ടെ. രാവിലെ കഴിക്കാൻ എടുത്തു വെച്ച നേന്ത്രപഴം പുഴുങ്ങിയത് കഴിക്കാം. ഞാൻ മനസ്സിൽ ഓർത്തു.

 

ദേ അപ്പോഴേയ്ക്കും. ‘ഒന്നുവിളിച്ചാൽ ഓടിയെന്റെ അരികിലെത്തും. മൊബൈൽ നീട്ടി പാടുന്നു.

 

ഞാൻ ഫോൺ എടുത്തു നോക്കി. ആന്റി ആണ്. കുറച്ചു അകലെ ആണെങ്കിലും എന്നും രാവിലെ ക്ഷേമം അന്വേഷിക്കും.

 

‘മോളെ... നീ ഭക്ഷണം കഴിച്ചോ.നിനക്ക് ക്ഷീണം ഉണ്ടോ. ഇപ്പോൾ എങ്ങനെ ഉണ്ട്. സൂക്ഷിക്കണേ’.

 

എല്ലാം കൂടെ ഒറ്റ ശ്വാസം. ആ നേർച്ചയിൽ എനിക്ക് തൃപ്തി ആയി.

 

‘എനിക്ക് കുഴപ്പമില്ല ആന്റി. എല്ലാം കുറഞ്ഞു’

 

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അടുത്ത ഫോൺ. പഞ്ചായത്തിന്റെ കോവിഡ് സെല്ലിൽ നിന്നാണ് വിളിക്കുന്നത്.

 

‘നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ’

 

‘ഇല്ല സർ’

 

‘ഭക്ഷണം ഒക്കെ ഉണ്ടല്ലോ അല്ലേ’

 

‘ഉണ്ട് സർ. കുഴപ്പമില്ല’

 

ഭക്ഷണം ഇല്ലെന്നു പറഞ്ഞാൽ എന്തെങ്കിലും എത്തിക്കുമായിരിക്കും. എന്തയാലും തത്കാലം ഇനി മിച്ചം ഉള്ളത് കുറച്ചു അഭിമാനം ആണ്. അത് കളയണ്ട.

 

കോവിഡ് എന്നത് ഒരു ജലദോഷം പോലെ ഉള്ളൂ എന്നൊക്കെ ആയിരുന്നു എന്റെ തോന്നൽ. അത് അത്രയും നിസാരം അല്ലെന്ന് ഇപ്പോഴാ മനസിലായെ..

 

ഡോളോ കഴിച്ചാലും മാറാത്ത തലവേദന. നേരിയ ശ്വാസം മുട്ടൽ.. ഗ്യാസ് ട്രബിൾ കാരണം നിക്കാനും ഇരിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥ. ശരീരം മുഴുവൻ തളരുന്ന പോലെ ക്ഷീണം.

 

നിസാരമെന്നു തോന്നിയ കോവിഡ്, ശരീരത്തെ മാത്രം അല്ല, മനസിനെയും തളർത്തുന്നപോലെ തോന്നി. ആരോടും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. ചിലതൊക്കെ അനുഭവിച്ചു തീർക്കേണ്ടവ.

 

വീണ്ടും മൊബൈൽ പാടി..

 

ഒന്നുവിളിച്ചാൽ ഓടിയെന്റെ അരികിലെത്തും.. ഒന്ന് കരഞ്ഞാൽ...

 

ഞാൻ ഫോൺ എടുത്തു.

 

കൂട്ടുകാരി ആണ്.

 

‘നിനക്ക് കുറവുണ്ടോ’

 

കുറവുണ്ട്.. ഗ്യാസ് ന്റെ പ്രശ്നം.. പിന്നെ ചുമ അതൊക്കെ ഉണ്ട്. പതിയെ മാറും.

 

‘നീ ഭക്ഷണം നന്നായി കഴിക്കുന്നുണ്ടോ’

 

‘ഉം ഉണ്ട്’

 

‘ഭക്ഷണം നന്നായി കഴിക്കണം. വിറ്റാമിൻ സി കൂടുതൽ ഉള്ള ഭക്ഷണം കഴിക്കണം. മുട്ട ദിവസം രണ്ടോ മൂന്നോ കഴിച്ചാലും കുഴപ്പമില്ല’.

 

പിന്നെ കഴിക്കേണ്ട ഭക്ഷണത്തിന്റെ ഒരു ലിസ്റ്റ് തന്നെ അവൾ തന്ന് ഫോൺ വെച്ചു..

 

ഒരു ദിവസം കുറഞ്ഞത്ഇരുപത് ഇരുപത്തഞ്ചു പേരെങ്കിലും വിളിക്കും.

 

എല്ലാർക്കും ഇത്രയും സ്നേഹം ഉണ്ടായിരുന്നോ എന്നോട്. ഞാൻ അതിശയിച്ചു പോയി. എന്റെ ആരോഗ്യത്തിൽ ഇത്രയും ആശങ്കയോ.

 

പക്ഷേ ഞാൻ പ്രതീക്ഷിച്ച ചിലർ ഔപചാരികതയ്ക്ക് വേണ്ടി  മാത്രം ഒന്ന് വിളിച്ചത് എന്റെ മനസ്സിൽ ഒരു വേദന ആയിരുന്നു.

 

അധികം സംസാരിച്ചാൽ എന്തെങ്കിലും സഹായം ആവശ്യപെടുമോ എന്ന് പേടി ഉള്ളിൽ വെച്ചുകൊണ്ട് സംസാരിക്കുന്നത് കേട്ടപ്പോൾ ഇത്തിരി വിഷമം തോന്നി.

 

എല്ലാർക്കും പറയാൻ ഉള്ളത്. നന്നായി ഭക്ഷണം കഴിക്കണം എന്നാണ്. സ്നേഹം കൊണ്ടാണ് എന്ന് ആദ്യത്തെ കുറച്ചു ദിവസം എനിക്കും തോന്നിയിരുന്നു. ഇപ്പോൾ എന്തോ അത് കേൾക്കുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ട്.

 

അതേയ്. നീ ഇനി നോയമ്പും ഡയറ്റും ഒന്നും നോക്കണ്ട. ചിക്കൻ അധികം എണ്ണ ചേർക്കാതെ കറി വെച്ചു കഴിക്കണം. ഫ്രൂട്ട്സ് കഴിക്കണം കേട്ടോ.

 

ഉം.. കഴിക്കാം. അവരുടെ സ്നേഹം കണ്ടില്ലെന്നു നടിക്കാൻ ആവാതെ ഞാൻ എല്ലാം സമ്മതിച്ചു.

 

എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയണം കേട്ടോ എന്ന് ചുരുക്കം ചിലർ.

 

ആം.. എന്തെങ്കിലും ഉണ്ടെങ്കിൽ പറയാം എന്ന് പറയുമ്പോൾ എനിക്ക് തോന്നിയിരുന്നു. കുറച്ചു ഏത്തപഴം വാങ്ങി തരാവോ, എന്നൊന്ന് ചോദിക്കാൻ. വീട്ടിൽ എല്ലാവരും ക്വാറന്റൈൻ ആയത് കൊണ്ട് പുറത്തിറങ്ങാനോ എന്തെങ്കിലും വാങ്ങാനോ പോകാൻ വയ്യാത്ത അവസ്ഥ. ടൗണിൽ പോകുമ്പോൾ കുറച്ചു ഫ്രൂട്ട്സ് വാങ്ങി കൊണ്ടു വരാവോ എന്നൊന്ന് ചോദിക്കാൻ പലപ്പോഴും തോന്നി 

 

തനിയെ ജോലിയൊക്കെ ചെയ്യുന്നത് കൊണ്ട്, ഉള്ളത് കൂടി ഉണ്ടാക്കി കഴിക്കാൻ വയ്യാത്ത അവസ്ഥ. ആരുടെയും വിളിയിൽ ഇതൊന്നും മനസിലാക്കാൻ ഉള്ള വ്യഗ്രത ഞാൻ കണ്ടില്ല.

 

വീണ്ടും ഫോൺ..

 

സ്നേഹം ചാലിച്ചു അപ്പാപ്പനും ആന്റിയും ആണ്.. ഇതൊക്കെ കഴിഞ്ഞു നിനക്ക് ജോലിക്ക് പോകണ്ടതാണ് എന്നോർമ്മ വേണം.

 

അറിയാം ആന്റി..

 

‘നന്നായി ഭക്ഷണം കഴിക്കണം. ഏറെ വെള്ളം കുടിക്കണം. നാരങ്ങ വെള്ളം ഇടയ്ക്കിടെ കുടിക്കണം. കപ്പളത്തിന്റെ ഇല ഇട്ടു വെള്ളം തിളപ്പിച്ച്‌ ആവി പിടിയ്ക്കണം’.

 

ഉം.. എല്ലാം മനസിലായ ഞാൻ മൂളി..

 

‘മുട്ടയും ഏത്തയ്ക്കയും ചിക്കനും കഴിക്കണം. ഓറഞ്ച് ആപ്പിൾ ഒക്കെ നല്ലതാണ് എന്നാ പറയുന്നേ’..

 

ആം.. ആന്റി..

 

പുറത്തിറങ്ങാൻ പറ്റാത്ത എന്നോട് ഇത്രയും നീണ്ട ലിസ്റ്റ് പറഞ്ഞപ്പോൾ.. രണ്ടു കപ്പളത്തിന്റെ ഇല അടർത്തി മതിലിന്റെ അകത്തു കൊണ്ടെ ഇട്ടിട്ട് ആവി പിടിക്കാൻ പറഞ്ഞിരുന്നു എങ്കിൽ എന്ന് ഞാൻ മനസ്സിൽ ഓർത്തു..

 

ദിവസം പത്തു പേരെങ്കിലും വിളിക്കും.. ഭക്ഷണത്തിന്റെ നീണ്ട ലിസ്റ്റ് തരാൻ.. ഒരാളെങ്കിലും ഒരു നേരത്തെ ഭക്ഷണം 

എത്തിച്ചു തന്നിട്ട്, ഈ വിളി വിളിച്ചിരുന്നു എങ്കിൽ എന്ന് ഓർത്തു.

 

നിനക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയണം കേട്ടോ. എങ്കിൽ പിന്നെ വിളിക്കാം.ആന്റിയും അപ്പാപ്പനും ഫോൺ വെച്ചു..

 

ഞാൻ അടുത്തിരുന്ന ATM കാർഡിലേയ്ക്ക് നോക്കി. അവസാന പൈസയും പിൻവലിച്ചു കഴിഞ്ഞിരിക്കുന്നു. ചിക്കനും മട്ടനും ഒന്നും കഴിച്ചില്ലേലും മൂന്നു നേരം സാദാ ഭക്ഷണം എങ്കിലും കഴിക്കാൻ പറ്റിയാൽ മതിയാരുന്നു.

 

അപ്പോഴാണ് ഞാൻ ഓർത്തത്.. കോവിഡ് ബാധിച്ചു വീട്ടിൽ ഇരുന്ന ചില സുഹൃത്തുക്കളോട് ഞാനും ഇങ്ങനെ പറയുമായിരുന്നു. ഒരിക്കൽ എന്റെ ഒരു സുഹൃത്ത് പറഞ്ഞു.. ഒരാളോടും എന്തെങ്കിലും സഹായം വേണോന്നു ചോദിക്കരുത്. അത് ചോദിക്കാതെ പറ്റുന്നത് ചെയ്യുക, എന്ന്.

 

ശരിയാണ്.. അന്ന് അദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി എനിക്ക് ഇപ്പോൾ മനസിലായി.

 

വീണ്ടും.. ഒന്നുവിളിച്ചാൽ ഓടിയെന്റെ അരികിൽ എത്തും.. ഒന്ന് കരഞ്ഞാൽ അവനെന്റെ കരം പിടിക്കും.

മൊബൈൽ അവിടെ കിടന്നു പാടി തുടങ്ങി.

 

പാട്ട് അവസാനിച്ചതും, ഞാൻ ഫോൺ എടുത്തു.. അത് ഓഫ്‌ ചെയ്തു.. ഓ കുറച്ചു നേരം ഒന്ന് മയങ്ങാൻ ഇനി ആരെയും പേടിക്കണ്ട..

 

 ഗ്യാസ് കെട്ടി എരിഞ്ഞു പൊട്ടുന്ന വയറും.. ചുമച്ചു ചുമച്ചു ചങ്ക് വേദനിക്കുന്ന അവസ്ഥയും, തളർന്നു പോകുന്ന ക്ഷീണവുമെല്ലാം ഉള്ളിൽ ആശങ്ക ആയിരുന്നു..

 

 

ഫോൺ ഓഫ്‌ ചെയ്തിട്ടും..

 

ഒന്ന് വിളിച്ചാൽ ഓടിയെന്റെ അരികിൽ എത്തും എന്ന് ആരോ മൂളുന്നു.. ഒരുപക്ഷെ കഴിഞ്ഞ ദിവസങ്ങൾ ഏറ്റവും കേട്ട പാട്ട് ആയത് കൊണ്ടാവും..പക്ഷേ എത്ര വിളിച്ചാലും ആരും അരികിൽ എത്തില്ലാത്ത അവസ്ഥ.

 

ശുദ്ധ വായു ശ്വസിക്കാൻ ജനൽ പാളികൾ ഒന്ന് തുറന്നാൽ പേടിയോടെ തുറിച്ചു നോക്കുന്ന അയൽവക്കക്കാർ.. തൽക്കാലം ലീവ് എടുത്തോ, ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ഞങ്ങൾ ഭംഗിയായി നോക്കിക്കോളാം എന്ന് പറയുന്ന സഹപ്രവർത്തകർ.

 

ദൈവമേ.. ഈ മഹാമാരി ഭൂമിയിൽ നിന്നും തുടച്ചു മാറ്റണേ..

 

 

ഞാൻ കണ്ണുകൾ അടച്ചു.. എല്ലാം ശാന്തമായി പുറത്തിറങ്ങുന്ന ദിവസവും സ്വപ്നം കണ്ട്..

 

English Summary : Covid Days Shortstory By Jessy Philip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com