ഇൗ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ? എങ്കിൽ വിജയം സുനിശ്ചിതം!

HIGHLIGHTS
  • മറ്റാരുമറിയാത്ത സ്വകാര്യജീവിതത്തിന്റെ വീഴ്ചകളാണു പല വൻവീഴ്ചകളുടെയും പിന്നാമ്പുറ കാരണം
subhadinam-the-secret-of-success
Representative Imae. Photo Credit : 9nong / Shutterstock.com
SHARE

മുറ്റത്തു കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരന്റെ കരച്ചിൽ കേട്ടാണ് അമ്മ അടുക്കളയിൽനിന്ന് ഓടിവന്നത്. കുട്ടിയുടെ കൈ ചെമ്പുകുടത്തിനകത്തായി. അവനതു പുറത്തേക്കെടുക്കാൻ സാധിക്കുന്നില്ല. പുറത്തേക്കു വലിക്കുമ്പോൾ വേദനയെടുക്കുന്നതുകൊണ്ടാണ് അവൻ കരയുന്നത്. സൂക്ഷ്മനിരീക്ഷണം നടത്തിയശേഷം അമ്മ പറഞ്ഞു: കൈ നിവർത്തി ഒതുക്കിപ്പിടിച്ചു പുറത്തേക്കു വലിച്ചെടുക്കാൻ നോക്കൂ. അവൻ ഉടൻ പറഞ്ഞു: കൈ നിവർത്താൻ പറ്റില്ല, എന്റെ കയ്യിൽ ചോക്ലേറ്റ് ഉണ്ട്. അതു കുടത്തിൽ വീണുപോകും. 

ചെറിയ കാര്യങ്ങളോടുള്ള ആസക്തി വലിയ നേട്ടങ്ങൾക്കുവേണ്ടിയുള്ള പ്രയത്നങ്ങൾപോലും അസാധുവാക്കും. ചോക്ലേറ്റിനു രൂപവ്യത്യാസം വന്ന ദുശ്ശീലങ്ങളും പിടിവാശികളുമാണു പലരുടെയും വിജയയാത്രകൾക്കു വിഘാതം സൃഷ്ടിക്കുന്നത്. പരാജിതരുടെ സുവിശേഷങ്ങളിലൂടെ സഞ്ചരിച്ചാൽ ഒരു കാര്യം മനസ്സിലാകും. അവരാരും തട്ടിവീണതു വലിയ പാറക്കെട്ടുകളില്ല. തീർത്തും അവഗണിച്ച ഉരുളൻ കല്ലുകളിലാണ്. മറ്റാരുമറിയാത്ത സ്വകാര്യജീവിതത്തിന്റെ വീഴ്ചകളാണു പല വൻവീഴ്ചകളുടെയും പിന്നാമ്പുറ കാരണം. ഓരോ ഉദ്യമത്തിനു മുൻപും ചോദിക്കേണ്ട രണ്ടു ചോദ്യങ്ങളുണ്ട്. തുടങ്ങേണ്ടതെന്തൊക്കെ, തിരുത്തേണ്ടതെന്തൊക്കെ. തുടക്കം എങ്ങനെയായിരിക്കണമെന്ന് അതേ മേഖലയിലെ മുൻജേതാക്കളോടും വിദഗ്ധരോടും ചോദിച്ചാൽ പറഞ്ഞുതരും. തിരുത്തേണ്ടവ എന്തൊക്കെയെന്നതു സ്വയം ചോദിക്കണം. വേണ്ടാത്ത കാര്യങ്ങൾ ഉപേക്ഷിച്ചാൽത്തന്നെ സ്വാഭാവികമായി വന്നുചേരുന്ന പുതിയ കാര്യങ്ങളുണ്ട്. ആന്തരിക ബലഹീനതകളുടെ അനന്തരഫലമാണ് ഓരോ വീഴ്ചയും. 

കുരുക്കിലകപ്പെടുന്നവർക്കു രണ്ടു സാധ്യതകളാണുള്ളത്. ഒന്നുകിൽ ആ കുരുക്കിൽ അവസാനിക്കുക, അല്ലെങ്കിൽ എന്തു വിലകൊടുത്തും കുരുക്കിൽ നിന്നു രക്ഷപ്പെടുക. എല്ലാ രക്ഷപ്പെടലുകളും ചില മുറിപ്പാടുകൾ അവശേഷിപ്പിക്കും. ഒഴിവാക്കാനാകാത്ത അത്തരം മുറിവുകളെ അംഗീകരിച്ചേ മതിയാകൂ. 

ഒന്നിലും അകപ്പെടാതിരിക്കാൻ മാത്രം വിവേകമോ വിശുദ്ധിയോ ആർക്കുമുണ്ടാകില്ല. അപരിചിതമായ കർമങ്ങളിലേർപ്പെടുന്നവരെല്ലാം അത്തരം പരുക്കുകൾ പ്രതീക്ഷിക്കുകയും വേണം.  വളരെ സുരക്ഷിതമായി അകത്തെത്തി കഴിയുമ്പോഴായിരിക്കും കുരുക്കിന്റെ ആഴവും അപകടവും മനസ്സിലാകുക. രക്ഷപ്പെടുമ്പോൾ സംഭവിക്കാൻ സാധ്യതയുള്ള ചെറിയ പോറലുകളെ പേടിച്ച് അവിടെത്തന്നെ തുടരാൻ തീരുമാനിച്ചാൽ ആത്മനാശമായിരിക്കും ഫലം. ദുശ്ശീലങ്ങളെ ഉപേക്ഷിക്കാനൊരിടവും കാരണവും ആവശ്യമാണ്. ആ കുരുക്കും കാരണവും പിന്നീടുള്ള വളർച്ചയ്ക്കു വെളിച്ചമേകും.

Content Summary - Subhadinam - How to be successful in life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA