ADVERTISEMENT

അതിപ്രശസ്തനായ ഭൂഗർഭ ഗവേഷകനായിരുന്നു അദ്ദേഹം. ഒട്ടേറെ കണ്ടെത്തലുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. അഞ്ചുലക്ഷം വർഷം പഴക്കമുള്ള ശിലകൾ കണ്ടെത്തി  അവതരിപ്പിച്ചതായിരുന്നു ഏറ്റവും പ്രധാന നേട്ടം. അതോടെ പ്രശസ്തി വാനോളമുയർന്നു. അംഗീകാരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നെത്തി. പക്ഷേ, പിന്നീടു വന്ന ഗവേഷകർ സത്യം പുറത്തുകൊണ്ടുവന്നു. അദ്ദേഹം ലോകത്തെ തെറ്റിദ്ധരിപ്പിച്ചു. അദ്ദേഹംതന്നെ കുഴിച്ചിട്ട ശിലകളാണ്  ഗവേഷണഫലമായി അദ്ദേഹം അവതരിപ്പിച്ചത്. അന്നുമുതൽ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല.

രണ്ടുതരം വഴികളുണ്ട്; യഥാർഥവഴിയും എളുപ്പവഴിയും. യഥാർഥവഴികൾക്കു പ്രചോദനസാധ്യതയും എളുപ്പവഴികൾക്കു പ്രലോഭന സാധ്യതയുമുണ്ട്. എളുപ്പമാർഗങ്ങൾ തിരഞ്ഞെടുക്കുന്നതു തെറ്റല്ല. അവ തുടർന്നും നൽകാൻ സാധ്യതയുള്ള കുതന്ത്രവഴികളുടെ ശ്രേണിയാണ് അപകടകരം. എളുപ്പവഴികൾക്കു ചില പ്രത്യേകതകളുണ്ട്. അവ ലക്ഷ്യസ്ഥാനത്തു നേരത്തെ എത്തിക്കും. പക്ഷേ, യാത്രികർക്കു മുഴുവൻസമയ യാത്രയുടെ അറിവുകളോ അനുഭവങ്ങളോ ലഭിക്കില്ല. എവിടെയെത്തി, എപ്പോഴെത്തി എന്നതുപോലെ തന്നെ പ്രധാനമാണ് എങ്ങനെയെത്തി എന്നതും. എടുക്കേണ്ട സമയവും പ്രയത്നവും എടുത്തുവേണം എല്ലാ യാത്രകളും പൂർത്തിയാക്കാൻ. എളുപ്പവഴികൾ കർമങ്ങൾ ലഘൂകരിക്കാനാകണം; കള്ളത്തരങ്ങൾക്കും കൃത്രിമങ്ങൾക്കും വേണ്ടിയാകരുത്. വിലകൊടുത്തു നേടുന്നവയും സൗജന്യമായി നേടുന്നവയും തമ്മിൽ ഗുണനിലവാരത്തിലും ഉപയോഗക്ഷമതയിലും വ്യത്യാസമുണ്ട്. സ്ഥിരപരിചയത്തിലൂടെയും തുടർപരിശീലനത്തിലൂടെയും കരസ്ഥമാക്കിയ എന്തിനെയും കൃത്യതയോടെ കൈകാര്യം ചെയ്യാനും കാത്തുസൂക്ഷിക്കാനുമാകും. 

സഞ്ചരിക്കുന്ന വഴികളെക്കുറിച്ചുള്ള തിരിച്ചറിവും നടന്നടുക്കുന്ന ലക്ഷ്യത്തെക്കുറിച്ചുള്ള ഉറപ്പുമാണു ചുവടുകളുടെ കാര്യക്ഷമത തീരുമാനിക്കുന്നത്. എല്ലാ യാത്രകളും സുരക്ഷിതമാകുമെന്നു മുൻകൂട്ടി തീരുമാനിക്കാനാകില്ല. പക്ഷേ അരുതാത്തത് എന്നുറപ്പുള്ളവയിലേക്ക് എടുത്തുചാടുന്നതാണ് അപകടകരം. അഭിമാനകരമായ വഴികളിലൂടെ നടന്നല്ല ആദരം പിടിച്ചുപറ്റിയതെങ്കിൽ ആ വഴികൾ  അനാദരത്തിനു കാരണമാകും. അർഹതയുണ്ടാകണമെങ്കിൽ അതികഠിനമായ അധ്വാനം വേണം. അടവുകളിലും തന്ത്രങ്ങളിലും നടത്തുന്ന ഗവേഷണങ്ങൾ അധ്വാനത്തിൽ നടത്തിയിരുന്നെങ്കിൽ എത്രമാത്രം സത്യസന്ധവും ഫലസമൃദ്ധവുമാകുമായിരുന്നു ഓരോ പര്യവേക്ഷണവും. രണ്ടുതരം ആളുകളുണ്ട്, തനിക്കു നേട്ടമുണ്ടാക്കണമെന്നു വിചാരിക്കുന്നവരും നാടിനു ഗുണമുണ്ടാകണമെന്നു കരുതുന്നവരും. ആദ്യകൂട്ടർ സ്വന്തം കുറുക്കുവഴികൾ നിർമിക്കും. രണ്ടാമത്തെ കൂട്ടർ നാടിനു പൊതുവഴികളും.

Content Summary : Subhadinam - Does hard work and sincerity always lead to success?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com