ADVERTISEMENT

15–ാം വയസ്സിൽ ചിറ്റമ്മയുടെ സ്വർണമാല കട്ടെടുത്ത് കൂട്ടുകാരനുമൊന്നിച്ച് നാടുവിട്ട ആളാണ് കേശവദേവ്. കുറേ ദിവസങ്ങൾ അലഞ്ഞു നടന്നു ജീവിക്കാൻ ഗതിയില്ലാതെ വന്നപ്പോൾ വീട്ടിലേക്കു തന്നെ തിരിച്ചുവന്നു. പിന്നീടൊരു നാൾ അമ്മയുടെ അനുവാദത്തോടെ തന്നെ നാടുവിട്ടു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മ മകന്റെ കയ്യിൽ അഞ്ചു വെള്ളിരൂപ കൊടുത്തിട്ടു പറഞ്ഞു. ‘എവിടെ വേണമെങ്കിലും പൊക്കോ. എന്തുജോലിം ചെയ്തോ. പക്ഷേ, തെണ്ടരുത്. ജോലിയൊന്നും കിട്ടീലെങ്കി മോനിങ്ങു പോരണം’.അത്തവണ ചൊറിയൊരു ജോലി സമ്പാദിച്ചാണ് കേശവൻ തിരിച്ചെത്തിയത്. പിന്നെയൊരിക്കൽ പലസ്ഥലങ്ങളിലെ അലച്ചിലിനിടെ 14 ദിവസത്തോളം  പട്ടിണി കിടക്കേണ്ടി വന്നു അദ്ദേഹത്തിന്.  അവശനായ കേശവദേവിന്റെ കയ്യിൽ ഒരു ദിവസം അഞ്ചൽശിപായി അഞ്ചു രൂപയുടെ മണിയോർ‌ഡർ വച്ചുകൊടുത്തു. മകന്റെ തെറ്റുകുറ്റങ്ങളെല്ലാം പൊറുക്കുന്ന സ്നേഹനിധിയായ അമ്മ കഠിനമായ ദാരിദ്ര്യത്തിനിടയിൽ അയച്ചുകൊടുത്ത പണം! 

വാർധക്യത്തിലും വിശ്രമമില്ലാതെ ജോലിചെയ്യുന്ന അമ്മയെ നോക്കി നിൽക്കുമ്പോൾ കേശവന്റെ  കണ്ണുകൾ നിറയും. ഒരു ദിവസമെങ്കിലും അമ്മയെ ഒന്നു വിശ്രമിപ്പിക്കുക,അമ്മയെ നല്ല  മുണ്ടുടുപ്പിക്കുക, ഹൃദയം കുളിർക്കെ  ഒന്നു പൊട്ടിച്ചിരിപ്പിക്കുക– അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും  വലിയ  അഭിലാഷം. പട്ടിണി, കഷ്ടപ്പാടുകൾ, മനുഷ്യനെ അവഹേളിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന അനീതികൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ.. എല്ലാം ചേർന്നു ശ്വാസം മുട്ടിച്ച ജീവിതമാണ് കേശവദേവിന്റെ ‘എതിർപ്പ്’ എന്ന ആത്മകഥയിൽ തെളിയുന്നത്. 

എഴുത്തു പഠിക്കുന്നതു കൊണ്ടു പ്രയോജമൊന്നുമില്ലെന്നായിരുന്നു ചെറുപ്പത്തിൽ കേശവദേവിന്റെ നിലപാട്. വയറുനിറച്ചു തിന്നുക. കശുമാവിന്റെ കൊമ്പിൽ തൂങ്ങിക്കിടക്കുക– അതിലായിരുന്നു ആനന്ദം കണ്ടെത്തിയിരുന്നത്. എന്നിട്ടും എഴുത്തുപള്ളിയിൽ പോകാൻ കേശവൻ നിർബന്ധിതനായി. രാത്രിയിൽ അച്ഛന്റെ രാമായണവായനയും കഥപറച്ചിലും കൊച്ചു കേശവന്റെ കഥാവാസനകളെ  ഉണർത്തി. തേഡ് ഫോറത്തിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് ഇറങ്ങിപ്പോന്നു. ചിട്ടിപ്പണം പിരിക്കലും കുട്ടികൾക്ക് ട്യൂഷൻ എടുക്കലുമായി പിന്നത്തെ പണി. ജോലി നഷ്ടപ്പെടുത്തിയ വായനശീലം പക്ഷേ,എഴുത്തിന്റെ ലോകത്തേക്കുള്ള വഴി തുറന്നുകൊടുത്തു.  

ആര്യസമാജത്തിൽ ചേർന്നപ്പോഴാണ് പേര്  കേശവദേവ് എന്നാക്കിയത്. യുക്തിവാദി പ്രസ്ഥാനത്തിന്റെ വക്താവായി രാഷ്ട്രീയത്തിൽ പ്രവേശിച്ച് തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി.സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം, മഹാത്മ എന്നിവയുടെ പത്രാധിപരായിരുന്നു. കേരള സാഹിത്യഅക്കാദമിയുടെയും സാഹിത്യ പ്രവർത്തക  സഹകരണസംഘത്തിന്റെയും പ്രസിഡന്റായിരുന്ന അദ്ദേഹം കുറച്ചുകാലം ആകാശവാണിയിൽ പ്രൊഡ്യൂസറായി ജോലി നോക്കി.  

ethirppu-athmakathayanam-column-by-dr-mk-santhosh-kumar-on-p-kesavadev

നോവലിസ്റ്റ് ,ചെറുകഥാകൃത്ത്,നാടകകൃത്ത്, തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതാവ് എന്നീ നിലകളിൽ പ്രശസ്തനായ പി.കേശവദേവിന്റെ ലക്ഷ്യം സ്നേഹത്തിലും  സമത്വത്തിലും അധിഷ്ഠിതമായ ഒരു രാഷ്ട്രീയ–സാമൂഹിക–സാമ്പത്തിക–സാസ്കാരിക വ്യവസ്ഥ ഉണ്ടാകണമെന്നായിരുന്നു. ആ ലക്ഷ്യത്തിലെത്താൻ ജീവിതം മറന്ന് പ്രവർത്തിച്ചു. സഹോദരനിലും ഉണ്ണിനമ്പൂതിരിയിലും സ്ഥിരമായി വിപ്ലവ ലേഖനങ്ങൾ എഴുതി.  സമൂഹത്തിലെ താഴെക്കിടയിലുള്ളവരെ കഥാപാത്രമാക്കി കഥകളും നോവലുകളും നാടകങ്ങളും  രചിച്ചു. അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുകയും അധികാരി വർഗത്തെ കഠിനമായി എതിർക്കുകയും ചെയ്തു.

പി.കേശവദേവ്

യഥാർഥ പേര്: കേശവപിള്ള

ജനനം: 1904 ജൂലൈ 21ന് പറവൂരിൽ

മരണം: 1983 ജൂലൈ 1   

പ്രധാന കൃതികൾ: 

ഓടയിൽ നിന്ന്, ഭ്രാന്താലയം, അയൽക്കാർ,‍ഞൊണ്ടിയുടെ കഥ,  റൗഡി, കണ്ണാടി, ആദ്യത്തെ കഥ, സ്വപ്നം, എങ്ങോട്ട്, എനിക്കും ജീവിക്കണം, മുന്നോട്ട്, ഞാനിപ്പോ കമ്മ്യൂണിസ്റ്റാകും, ചെകുത്താനും കടലിനും ഇടയിൽ, മഴയങ്ങും കുടയിങ്ങും, മരച്ചീനി.

പുരസ്കാരങ്ങൾ:

അയൽക്കാർ എന്ന നോവലിന് 1964ലെ കേന്ദ്രസാഹിത്യഅക്കാദമി അവാർഡും  1970–ലെ സോവിയറ്റ് ലാൻഡ് നെഹ്റു അവാർ‌ഡും ലഭിച്ചു. കേരളസാഹിത്യ അക്കാദമി  ഫെല്ലോഷിപ് ലഭിച്ചു.

Content Summary : Athmakathayanam Column by Dr. M. K. Santhosh Kumar on P. Kesavadev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com