ഗുജറാത്തിലും യുപിയിലും ലൈബ്രറികൾ ഹൈടെക്; കേരളത്തെ കടത്തിവെട്ടി

HIGHLIGHTS
  • കേരളത്തിലെ ആറു പബ്ലിക് ലൈബ്രറികൾ മാത്രമാണ് അപേക്ഷ നൽകിയത്.
  • രാജാറാം മോഹൻ റോയ് ഫൗണ്ടേഷനാണ് ലൈബ്രറികൾ നവീകരിക്കാൻ ഫണ്ട് നൽകുന്നത്.
Library
ലൈബ്രറി
SHARE

തിരുവനന്തപുരം ∙ വായന വളർന്നാലും തളർന്നാലും ലൈബ്രറികൾ ‘ഹൈടെക്’ ആക്കുന്നതിനു കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ സാക്ഷര കേരളത്തെ കടത്തിവെട്ടി ഗുജറാത്തും ഉത്തർപ്രദേശും. അയൽ‌സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകയും കേരളത്തെക്കാൾ ഏറെ മുന്നിലാണ്. ലൈബ്രറികൾ നവീകരിക്കാൻ വിവിധ തരത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയം നൽകുന്ന ഫണ്ട് കയ്യും നീട്ടി വാങ്ങുകയാണു വിവിധ സംസ്ഥാനങ്ങൾ. കേരളം വളരെ പിന്നിലാണെന്നു മാത്രം. 

കേരളത്തിലെ പതിനായിരത്തോളം ലൈബ്രറികളിൽ കഴിഞ്ഞ എട്ടു വർഷത്തിനിടെ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സഹായം തേടിയത് അറുനൂറോളം എണ്ണം മാത്രം. 2014-15 മുതൽ 2021-22 (ഓഗസ്റ്റ് 23 വരെയുള്ള കണക്ക് അനുസരിച്ചു) സംസ്ഥാനത്തെ പബ്ലിക് ലൈബ്രറികൾക്ക് കേന്ദ്ര സഹായമായി 5.94 കോടി രൂപ ലഭിച്ചു. ഈ കാലയളവിൽ തമിഴ്നാട്ടിലെ 19,913 ലൈബ്രറികളും കർണാടകയിലെ 2647 ഗ്രന്ഥശാലകളുമാണു കേന്ദ്ര സഹായം വാങ്ങിയത്. കർണാടക 18.62 കോടി രൂപ കേന്ദ്ര സഹായം നേടിയെടുത്തപ്പോൾ തമിഴ്നാട്ടിന് കിട്ടിയത് 22.98 കോടി രൂപയാണ്. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിനു ലഭിച്ച ധനസഹായം 17.14 കോടി രൂപയാണ്. പക്ഷേ, ഹൈടെക് ആയത് 30,880 ഗ്രന്ഥശാലകൾ. ഉത്തർപ്രദേശിലെ 7594 ലൈബ്രറികൾ ഹൈടെക് ആക്കാൻ ചെലവഴിച്ച കേന്ദ്രസഹായം 14 കോടി രൂപയാണ്. അസമും മോശമാക്കിയില്ല. അവിടെ 2173  ഗ്രന്ഥശാലകൾ മികച്ചതാക്കാൻ 16.25 കോടി രൂപ ചെലവിട്ടു. 

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിൽ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജാറാം മോഹൻ റോയ് ഫൗണ്ടേഷനാണ് ലൈബ്രറികൾ നവീകരിക്കാൻ ഫണ്ട് നൽകുന്നത്. ലൈബ്രറികൾ നൽകുന്ന അപേക്ഷ പരിശോധിച്ച് അനുമതി നൽകുകയും പദ്ധതി പൂർത്തീകരിക്കുന്നതിന്റെ മുറയ്ക്ക് ഫണ്ട് അനുവദിക്കുകയുമാണു ചെയ്യുക. പൂർത്തീകരണ സർട്ടിഫിക്കറ്റ് ലൈബ്രറികൾ രേഖകൾ സഹിതം സമർപ്പിക്കേണ്ടതുണ്ട്. കൊച്ചി സ്വദേശി കെ. ഗോവിന്ദൻ നമ്പൂതിരിക്കു വിവരാവകാശ നിയമപ്രകാരം ഫൗണ്ടേഷൻനൽകിയ മറുപടിയിലാണു സഹായം ലഭിച്ച ലൈബ്രറികളുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുള്ളത്. 

അതേസമയം, കെട്ടിടം നവീകരിക്കുന്നതിന് 2013-14 മുതൽ 2021-22 വരെ കേരളത്തിലെ ആറു പബ്ലിക് ലൈബ്രറികൾ മാത്രമാണ് അപേക്ഷ നൽകിയത്. നാഷനൽ മിഷൻ ഓൺ ലൈബ്രറി (എൻഎംഎൽ) മാതൃക ലൈബ്രറി പദ്ധതിയിൽ സംസ്ഥാനത്തെ ഒരു ലൈബ്രറിക്ക് 74.91 ലക്ഷം രൂപ കേന്ദ്ര–സംസ്ഥാന സഹായമായും ലഭിച്ചു. ലൈബ്രറി സേവനങ്ങളുടെ ആധുനികവൽക്കരണവും വായനക്കാർക്ക് ഗുണനിലവാരമുള്ള സേവനങ്ങളും ലഭ്യമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.

English Summary : Raja Ram Mohan Roy Library Foundation provide fund for library renovation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA