ADVERTISEMENT

നൊബേൽ സമ്മാനം നേടിയ ഏകാന്തതയുടെ നൂറു വർഷങ്ങൾക്കു ശേഷമാണ് ഗബ്രിയേൽ ഗാർസിയ മാർക്കേസ് ‘കോളറക്കാലത്തെ പ്രണയം’ എഴുതുന്നത്. പുസ്തകം പുറത്തിറങ്ങിയ ശീതകാല പ്രഭാതത്തിൽ കൊടും തണുപ്പ് വക വയ്ക്കാതെ നൂറു കണക്കിനു പേരാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ പുസ്തകശാലകൾക്കു മുന്നിൽ വരി നിന്നത്. ചൂടപ്പം പോലെ കോപ്പികൾ വിറ്റുപോയതോടെ, വൈകി എത്തിയവർക്ക് അന്നു നിരാശരായി മടങ്ങേണ്ടിവന്നു. പ്രിയപ്പെട്ടവൾക്കു വേണ്ടി കാമുകന്റെ ദശകങ്ങൾ നീണ്ട കാത്തിരിപ്പിന്റെ കഥ തരംഗമായതോടെ പുതിയ പതിപ്പുകൾ എത്തി. ഇപ്പോഴും ബെസ്റ്റ് സെല്ലറാണ് പ്രണയമെന്ന പകർച്ചവ്യാധിയുടെ നിശ്വാസങ്ങൾ ഉയർത്തിയ നോവൽ. കോളറയും പിന്നിട്ടു കുതിക്കുന്ന പ്രണയപ്പനി പിടിച്ചവരുടെ അതിജീവനയാത്രയും. 

 

 

പ്രിയപ്പെട്ട എഴുത്തുകാരുടെ പുതിയ പുസ്തകത്തിനുവേണ്ടിയുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പും ആദ്യ ദിവസങ്ങളിലെ തിക്കും തിരക്കും ഹാരി പോട്ടർ പരമ്പരയിലെ ഓരോ പുതിയ പുസ്തകമെത്തിയപ്പോഴും ലോകം കണ്ടതാണ്. ചരിത്രമെഴുതിയ അത്തരം എത്രയോ പുസ്തകങ്ങളുടെ കഥ കൂടിയാണ് സാഹിത്യ ചരിത്രം. എന്നാൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേ സമയം ലക്ഷക്കണക്കിനു പേർക്ക് തിക്കും തിരക്കുമുണ്ടാക്കാതെ പുസ്തകം ഇറങ്ങുന്ന അതേ ദിവസം തന്നെ വായിക്കാനാകുന്നുണ്ട് പുതിയ കാലത്ത്. അവർ ഒരു പൂവിനെപ്പോലെ മൃദുലമായി പുതിയ പുസ്തകത്തിന്റെ താളുകൾ മറിക്കുന്നില്ല. പുതിയ പേപ്പറിന്റെയും അച്ചടിയുടെയും മണം മതിയാവോളം നുകരുന്നില്ല. ആവേശത്തോടെയാണെങ്കിലും ഓൺലൈനിലാണു വായന. ഈ പ്രവണത പുതിയ പുസ്തകങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കുമോ എന്ന പേടി പങ്കുവയ്ക്കുന്നവരിൽ മുതിർന്ന എഴുത്തുകാരുമുണ്ട്. എന്നാൽ, അവരും ഓൺലൈനിൽ‌ പുതിയ പുസ്തകം പ്രസിദ്ധീകരിക്കുന്നു. കാലത്തിന്റെ പുതിയ നിയമങ്ങൾക്കു മുന്നിൽ തലകുനിക്കുന്നു. 

 

പുസ്തകങ്ങൾക്കു മരണമില്ലെന്നു വിശ്വസിക്കുന്നവർക്കൊപ്പമാണ് ഇന്ത്യയിൽ ജനിച്ച ലോകപ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിയും. ‘മിഡ്നൈറ്റ്സ് ചിൽഡ്രൻ’ ഉൾപ്പെടെ ഇതുവരെ പ്രസിദ്ധീകരിച്ച 20 പുസ്തകങ്ങളും കാലത്തെ അതിജീവിക്കുമെന്നും അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. എന്നാൽ, പുതിയ നോവൽ തൽക്കാലത്തേക്കെങ്കിലും അദ്ദേഹം പുസ്തകമാക്കുന്നില്ല. പകരം ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിക്കാൻ കരാറൊപ്പിട്ടു കഴിഞ്ഞു. ആഴ്ച ഒരു അധ്യായം എന്ന രീതിയിൽ ഒരു വർഷം കൊണ്ടായിരിക്കും ‘ദ് സെവൻത് വേവ്’ പുറത്തുവരിക. ഓരോ അധ്യായത്തോടും വായനക്കാർ എങ്ങനെയാകും പ്രതികരിക്കുക എന്ന ആകാംക്ഷയും അദ്ദേഹം മറച്ചുവയ്ക്കുന്നില്ല.

 

പുസ്തകങ്ങൾക്ക് ഇനിയും ശോഭനമായ ഭാവി ഉണ്ടെന്നാണ് റുഷ്ദി പറയുന്നത്. എന്നാൽ, ഇതുവരെയുള്ളതിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിൽ നിന്നാണ് ഓൺലൈൻ പ്ലാറ്റ്ഫോമിലേക്കു മാറുന്നതെന്ന് അദ്ദേഹം പറയുന്നു. ഒന്നര വർഷമായി ഇതേക്കുറിച്ചുള്ള അലോചനയിലായിരുന്നു. അവസാനം ഭാഗ്യ പരീക്ഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതാദ്യമായി റുഷ്ദിയുടെ നോവലിന്റെ ഓരോ അധ്യായവും വായിച്ച് അഭിപ്രായം പറയാനുള്ള അവസരവും വായനക്കാർക്കു ലഭിക്കുന്നു. അഭിപ്രായങ്ങളെ താൻ സ്വാഗതം ചെയ്യുമെന്നാണ് എഴുത്തുകാരൻ പറയുന്നത്. കഥാ പുരോഗതിയെക്കുറിച്ച് മികച്ച നിർദേശങ്ങളുണ്ടെങ്കിൽ പരിഗണിക്കുമെന്നും മാറ്റങ്ങൾ വരുത്താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കഥയായാലും നോവലായാലും പൂർത്തിയാകുന്നതിനു മുൻപ് ആരെയങ്കിലും കാണിക്കുകയോ അഭിപ്രായം തേടുകയോ ചെയ്യുന്ന പതിവ് റുഷ്ദിക്കില്ല. എന്നാൽ, ഇതാദ്യമായി ആ പതിവും തെറ്റുകയാണ്. 

 

കോവിഡ് അടച്ചിടലിനെത്തുടർന്നുള്ള കാലത്ത് സിനിമ കാണാനാണ് കൂടുതൽ സമയം റുഷ്ദി ചെലവഴിച്ചത്. അറുപതുകളിലെയും എഴുപതുകളിലെയും നവതരംഗ സിനിമകളാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടം. മറ്റു ഭാഷകളിലെ മികച്ച ചിത്രങ്ങളും കാണുന്നുണ്ട്. ‘ദ് സെവൻത് വേവ്’ എന്ന നോവലിന്റെ പ്രമേയവും സിനിമയുമായി ബന്ധപ്പെട്ടതാണ് ഒരു സംവിധായകനും നടനുമാണ് പ്രധാന കഥാപാത്രങ്ങൾ. തിരക്കഥയുടെ ഘടനയാണു നോവലിന്. സിനിമയിലേതുപോലെ രംഗങ്ങൾ കട്ട് ചെയ്ത് മറ്റു രംഗങ്ങളിലേക്കു പോകുന്നതും മറ്റും പരീക്ഷിക്കുന്നുമുണ്ട്. 

 

പ്രമേയത്തിലും രൂപത്തിലും ശൈലിയിലും വ്യത്യസ്തമായ നോവൽ പുതിയ കാലത്തെ വായനക്കാരെ മുന്നിൽ കണ്ടാണ് എഴുതിയത്. ഓൺലൈൻ വായനക്കാർക്കു കൂടി ഇഷ്ടപ്പെടുന്ന രീതിയിൽ. 60,000 വാക്കുകളുണ്ടായിരുന്ന നോവൽ എഡിറ്റ് ചെയ്ത് 35,000 വാക്കുകളിൽ ഒതുക്കിയെന്നും റുഷ്ദി പറയുന്നു. 

 

ലോകസാഹിത്യത്തിലെ പല മികച്ച പുസ്തകങ്ങളും ഓരോ അധ്യായങ്ങളായി പ്രസിദ്ധീകരിക്കുന്ന പതിവ് നേരത്തേയും ഉണ്ടായിരുന്നു. ചാൾസ് ഡിക്കൻസിന്റെ പ്രശസ്ത നോവൽ ‘പിക് വിക് പേപ്പേഴ്സ്’ തന്നെ മികച്ച ഉദാഹരണം. മാഡം ബോവറി. ഹാർട്ട് ഓഫ് ഡാർക്നെസ്സ്. ലിയോ ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാന’വും എന്ന ഇതിഹാസ നോവൽ പോലും വായനക്കാർ ക്ഷമയോടെ ഓരോ ആഴ്ചയും കാത്തിരുന്നാണു വായിച്ചത്. മലയാളത്തിൽ മലയാറ്റൂർ രാമകൃഷ്ണന്റെ ‘വേരുകളും’ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരക ശിലകളും’ ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’വും ഉൾപ്പെടെയുള്ള നോവലുകളും കാത്തിരുന്നു വായിച്ചു എഴുപതുകളിലെയും എൺപതുകളിലെയും വായനക്കാർ. പല വാരികകളെയും ആഴ്ചപ്പതിപ്പുകളെയും നിലനിർത്തിയതുപോലും പ്രശസ്ത നോവലുകളായിരുന്നു. ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളും അതേ വഴി പിന്തുടരുകയാണ്. പ്രതിവാര കോളങ്ങളും അവർ തുടങ്ങിയിട്ടുണ്ട്. സമകാലിക സംഭവങ്ങളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും മറ്റും കോളങ്ങളിലൂടെ എഴുത്തുകാർ വായനക്കാരുമായി സംവദിക്കുന്നു. ഇതെല്ലാം റുഷ്ദിക്ക് പുതിയ അനുഭവമാണ്. 

 

‘സൽമാൻസ് സീ ഓഫ് സ്റ്റോറീസ്’ എന്ന പേരിലാണ് റുഷ്ദി ഓൺലൈൻ വായനക്കാർക്കുവേണ്ടിയുള്ള ആദ്യത്തെ ലേഖനം പ്രസിദ്ധീകരിച്ചത്. കഥകൾ പിറക്കുന്നതിനെക്കുറിച്ച് അദ്ദേഹം ലേഖനത്തിൽ വിശദമായി പറയുന്നുണ്ട്. തന്റെ രണ്ടു കഥകളുടെ പ്രമേയം വികസിപ്പിച്ചാണ് ‘മിഡ്നൈറ്റ്സ് ചിൽഡ്രൻ’ എന്ന പ്രശസ്ത നോവൽ എഴുതിയതെന്നും ചൂണ്ടിക്കാണിക്കുന്നു. ബുക്കർ പുരസ്കാരം നേടിയ നോവൽ പിന്നീട് ബുക്കർ നേടിയ നോവലുകളിലെ ഏറ്റവും മികച്ച കൃതിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അർധരാത്രിയിൽ സ്വാതന്ത്ര്യം നേടിയ ഇന്ത്യയ്ക്കൊപ്പം ജനിച്ച ഒരു മനുഷ്യന്റെ കഥയാണ് നോവൽ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നിർണായക സംഭവങ്ങൾ ഒരു വ്യക്തിയുടെ ജീവിതവുമായി എങ്ങനെ ഇഴുകിച്ചേരുന്നു എന്ന കൗതുകകരമായ കഥ. ചരിത്രത്തിലെ മാന്ത്രികത കണ്ടെടുക്കുന്ന ശൈലി. 

 

ഇപ്പോൾ ന്യൂയോർക്കിലാണെങ്കിലും ഓൺലൈനിലൂടെ ഇന്ത്യയുമായി നിരന്തര ബന്ധം തനിക്കുന്നുണ്ടെന്ന് റുഷ്ദി പറയുന്നു. അതിർത്തികളെ അപ്രസക്തമാക്കി ഇന്റർനെറ്റ് ലോകത്തെ ഒരു കുടക്കീഴിലാക്കിയതോടെ മാതൃരാജ്യം വിരൽത്തുമ്പിലുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. 

 

പുസ്തകങ്ങൾ ഉടനെയെന്നല്ല ഒരുകാലത്തും മരിക്കില്ല എന്നതുറപ്പാണ്. എന്നാൽ, ഡിജിറ്റൽ ലോകം വായനയുടെ ലോകത്ത് വിപ്ലവങ്ങൾ സൃഷ്ടിക്കുകയാണ്. അതിൽ നിന്നു മാറിനിൽക്കാൻ ആർക്കും കഴിയില്ല- റുഷ്ദി വ്യക്തമാക്കുന്നു.എന്നാൽ, പുസ്തകത്തിന്റെ പുതുമണം മറക്കാൻ പറയല്ലേയെന്ന് അപേക്ഷിക്കുന്ന വായനക്കാരുണ്ട്. അവർ ഇന്നും പുസ്തകങ്ങളുടെ ലോകത്താണു ജീവിക്കുന്നത്. പുസ്തകപ്പുഴുക്കളുടെ ഇനിയും കുറ്റിയറ്റിട്ടില്ലാത്ത വംശം. 

 

English Summary: Salman Rushdie to Serialize New Novella

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com