ഉടലിനുനേരെ ഒരു കണ്ണാടി പിടിക്കുന്നതു പോലെ

HIGHLIGHTS
  • രഹസ്യങ്ങളെ പകർത്തുകയല്ല, രഹസ്യങ്ങളെ കഥകളിൽ നിക്ഷേപിക്കുകയാണു ചെയ്യുന്നത്
  • ഒരൊറ്റ കഥയല്ല, പലകഥകളുടെ ഒരു സഞ്ചയമാണ് ഓൾഗയുടെ നോവലുകൾ
ezhuthumesha-olga-tokarczuk
Olga Tokarczuk. Photo Credit : Lukasz Giza via Reuters
SHARE

ഒരു മനുഷ്യന്റെ രഹസ്യജീവിതമാണ് അയാളുടെ കലയായോ സാഹിത്യമായോ ഞാൻ വായിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, പരസ്യജീവിതമോ സ്വകാര്യജീവിതമോ എഴുതുന്നവരെ എനിക്ക് ഇഷ്ടമല്ല. എനിക്ക് മതിപ്പുള്ള എല്ലാ എഴുത്തുകാരും രഹസ്യങ്ങൾ ശേഖരിക്കുന്നവരാണ്. സ്വന്തം രഹസ്യങ്ങൾക്കൊപ്പം മറ്റുള്ളവരുടെയും രഹസ്യങ്ങളാണ് അവരുടെ ഭാവനയുടെ മുഖ്യ സ്രോതസ്സ്. ചിലപ്പോൾ ചിലർ വ്യക്തികളുടെ മാത്രമല്ല ദേശത്തിന്റെയും സംസ്കാരത്തിന്റെയും ഭാഷകളുടെയും രഹസ്യങ്ങൾ ശേഖരിക്കുന്നു. അതിൽനിന്നാണ് അവർ ഓരോ കഥയും എടുക്കുന്നത്.

പക്ഷേ ഏതു രഹസ്യവും അതേപടി പുറത്തായാൽ അതിന്റെ പ്രഭ ചോർന്നു പോകും. അതിലെ കഥ നഷ്ടമായി പ്പോകും. ഓടക്കുഴലിലൂടെ സഞ്ചരിക്കുന്ന വായു സംഗീതമായി പരിവർത്തനം ചെയ്യുന്നതുപോലെ, നല്ല രചനകളിൽ ഈ രഹസ്യങ്ങൾക്ക് ഒരു രൂപാന്തരം സംഭവിക്കുന്നു. അവ ഹൃദ്യമാകുന്നു. ജിജ്ഞാസയുണർത്തുന്നു. കോടതിക്കോ പൊലീസിനോ നൽകുന്ന മൊഴികൾ പോലെയല്ല അത്, രഹസ്യങ്ങളെ പകർത്തുകയല്ല, രഹസ്യങ്ങളെ കഥകളിൽ നിക്ഷേപിക്കുകയാണു ചെയ്യുന്നത്. 

സ്വാഭാവികമായും ഓരോ നല്ല പുസ്തകത്തിനകത്തും സൂക്ഷ്മമായി ഒളിപ്പിക്കപ്പെട്ട രഹസ്യമുണ്ട്. ‘ആയിരത്തൊന്നു രാവുകളിൽ’ നിദ്രാസഞ്ചാരം നടത്തുന്ന ഒരു യുവാവുണ്ട്. അയാൾ വീട്ടിലുറങ്ങുന്നു. ഉറക്കത്തിൽ കാണുന്ന സ്വപ്നത്തിലൂടെ സഞ്ചരിച്ച് അയാൾ മറ്റൊരു വിചിത്രദേശത്ത് എത്തിച്ചേരുന്നു. ഒരു സുന്ദരിക്കൊപ്പം രമിച്ചശേഷം ഉറങ്ങുന്നു. പുലരുമ്പോൾ അയാൾ വീട്ടിലല്ല, കുറച്ചകലെയുള്ള മരുഭൂമിയിൽ വെറും മണലിലാണ് ഉണരുന്നത്. ഇത് അയാളെ കുഴക്കുന്നു. പല രാത്രികളിലും ഇത് ആവർത്തിക്കുന്നു. രാത്രികളിൽ താൻ രമിക്കുന്ന യുവതി ആരാണ് യഥാർഥത്തിലുള്ളതാണോ അല്ലയോ.. അത്  കണ്ടുപിടിക്കാൻ അയാൾ യുവതിക്കൊപ്പം കിടക്കുമ്പോൾ അവരുടെ ഉടുപ്പുകൾ തമ്മിൽ കൂട്ടിക്കെട്ടുന്നു. പിറ്റേന്നും ഉണരുമ്പോൾ അയാൾ തനിച്ചു മരുഭൂമിയിലാണുള്ളത്. പക്ഷേ, വസ്ത്രത്തിലെ കെട്ട് അവിടെ അങ്ങനെതന്നെയുണ്ട്. ആ രഹസ്യത്തിന്റെ അടയാളമായ കെട്ടിനു മുന്നിൽ വായനക്കാർ നിൽക്കുന്നു. 

ezhuthumesha-karunakaran-book-chandralekha

വായനക്കാർക്ക് രഹസ്യം അതേപടി വെളിപ്പെടാറില്ല. പകരം അതിന്റെ മണമോ രുചിയോ വെട്ടമോ കിട്ടുന്നു. ഇത് യഥാർഥത്തിൽ എന്താണെന്നറിയാൻ വെമ്പലോടെ അവർ യാത്ര തുടരുകയും ചെയ്യുന്നു. ഒരാൾ തന്റെ മനസ്സിനെയും താൻ സ്നേഹിക്കുന്ന ആളിന്റെ മനസ്സിനെയും മാറിമാറി തൊട്ടുനോക്കുന്നതുപോലെ, ഓരോ സ്പർശത്തിനുശേഷവും വിശ്വാസം വരാതെ വീണ്ടും തൊട്ടറിയാൻ ശ്രമിക്കുന്നതു പോലെ ഒരു പ്രവൃത്തി പുസ്തകങ്ങളും വായനക്കാരും തമ്മിലുണ്ട്. 

കരുണാകരന്റെ ‘ചന്ദ്രലേഖ’ എന്ന കഥ, തപാൽ ഓഫിസിനു മുന്നിലിരുന്നു നിരക്ഷരർക്കായി കത്തെഴുത്തു ജോലിയെടുത്തിരുന്ന ഒരാൾ തന്റെ വാർധക്യത്തിലും രഹസ്യങ്ങളോടുള്ള തന്റെ പ്രതിജ്ഞാബദ്ധത ആവർത്തിക്കുന്നു. എത്രയോപേരുടെ കത്തുകളിലെ രഹസ്യം സ്വന്തം ഉള്ളിൽ കൊണ്ടു നടക്കുന്നതിന്റെ ഗർവമുള്ള ആ മനുഷ്യൻ സ്വന്തം യൗവനത്തിലെ ഒരു വലിയ രഹസ്യം വാർധക്യത്തിന്റെ ഉറപ്പിൽ ഭാര്യയോടു വെളിപ്പെടുത്തുന്നിടത്താണ് കഥ അവസാനിക്കുന്നത്. എന്നാൽ ശ്രദ്ധിക്കൂ, അയാൾ യഥാർഥത്തിൽ സ്വന്തം ഭാര്യയോടല്ല വായനക്കാരോടാണ് ആ രഹസ്യം സംസാരിക്കുന്നത്. അയാൾ വായനക്കാർക്കു യഥാർഥ ആനന്ദം രഹസ്യസ്മരണകളിൽ വസിക്കുന്നു എന്നു പറഞ്ഞുകൊടുക്കുന്നതാണത്. കാരണം ആ രഹസ്യം ഭാര്യക്കല്ല, വായനക്കാർക്കാണു ആനന്ദം പകരുക. മനുഷ്യർ തമ്മിലുള്ള വിനിമയങ്ങളിൽ അദ്ഭുതകരമായ ചില നിമിഷങ്ങളിൽ സംഭവിക്കുന്ന ചില സ്പർശങ്ങളാണു അവരുടെ ജീവിതത്തെ പ്രഭയുള്ളതാക്കി മാറ്റുന്നത്. ആ നിമിഷങ്ങളെ ഒരു നിധിയെന്ന പോലെ മനുഷ്യർ മറ്റാരെയും കാണിക്കാതെ കൊണ്ടുനടക്കുകയും ചെയ്യുന്നു.  

ezhuthumesha-karunakaran
കരുണാകരൻ

ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായ സരസ്വതി എന്ന പൗരാണിക നദി തന്റെ പിൻകഴുത്തിൽ പച്ച കുത്തണമെന്ന് ആഗ്രഹവുമായി നടക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥ കരുണാകരൻ എഴുതിയിട്ടുണ്ട്. ഭൂപടത്തിൽ ആ നദിയുടെ സഞ്ചാര പാത “ഉണങ്ങിയ ഇലയിലെ ഞരമ്പുകൾ പോലെ അല്ലെങ്കിൽ വലിയ മത്സ്യത്തിന്റെ മുള്ളുകൾ പോലെ അതുമല്ലെങ്കിൽ കുറെ തെരുവുകൾ പോലെ” എന്നാണു പച്ചകുത്തുകാരൻ താൻ പച്ച കുത്താൻ പോകുന്ന നദിയെ സങ്കൽപിക്കുന്നത്. ഇണചേരുമ്പോൾ ചുംബിക്കുന്ന കഴുത്തിനു പിന്നിലെ ഇടത്തിലാണ് ആ നദി പച്ചയായി തെളിയാൻ പോകുന്നത്. അവിടെ തൊടുമ്പോൾ അവിടെ ഒരു ഈർപ്പം ഉള്ളതായിപോലും ആ പൊലീസ് ഉദ്യോഗസ്ഥനു തോന്നുന്നുണ്ട്. കുഞ്ഞുണ്ടാകാൻ വേണ്ടിയുള്ള ഇണകളുടെ മോഹമാണ്  ഭൂമുഖത്തുനിന്നു തിരോധാനം ചെയ്ത നദിയെ തിരിച്ചുകൊണ്ടുവരുന്നത്. പക്ഷേ, ഈ പൊലീസ് ഉദ്യോഗസ്ഥൻ പച്ച കുത്താനായി വരുമ്പോൾ അവിടെ കുറെ ചെറുപ്പക്കാർ ഇരുന്നു പച്ച കുത്തുന്നു. അവരാകട്ടെ സരസ്വതിയെ ഭൂഗർഭത്തിൽനിന്നു കണ്ടെടുക്കാനായി ഖനനം ചെയ്യുന്ന സംഘത്തിലുള്ളവരാണത്രേ. അവർ കയ്യിൽ പച്ച കുത്തുന്നതു പശുവിനെയാണ്.. ഈ കഥയിലെ രഹസ്യം അങ്ങനെ രണ്ടു ഇമേജുകളിൽ -പശുവും സരസ്വതിയും- അന്തർലീനമാകുന്നതു നാം അറിയുന്നു. 

വാക്കുകളാകാൻ വെമ്പുന്നതും എന്നാൽ വാചികമാകാത്തതുമായ അനുഭൂതികളിലേക്കു പടർന്നു ചെല്ലുന്ന ജലതരംഗങ്ങൾ പോലെയാണു കരുണാകരന്റെ കഥകളിൽ മനുഷ്യരുടെ പ്രവൃത്തികൾ. ആ തരംഗസ്പർശത്താൽ എന്റെ തന്നെ വാക്കുകളെ അതിന്റെ മറവുകളിൽനിന്ന് വീണ്ടെടുക്കാമെന്നു ഞാനും സങ്കൽപിക്കുന്നു. തന്റെ തുന്നൽകടയുടെ സമീപം വന്നു നിൽക്കുന്ന വൈക്കം മുഹമ്മദ് ബഷീറിനെ സങ്കൽപിക്കുന്ന സാറയുടെ കഥയിലെ ഒരു രംഗം നാം വായിക്കുന്നു- ‘നീ കഥകൾ എഴുതണം’, സാറ പറഞ്ഞു. എന്റെ ചെവിയിൽ സ്വകാര്യം പോലെ. പിന്നെ എന്നെ അവളുടെ ഉടലിനു നേരെ പിടിച്ചു. ഒരു കണ്ണാടി പിടിക്കുന്നതു പോലെ.’

സാറയുടെ കടയിലെ ജനാലയിലൂടെ താഴേക്കു നോക്കുമ്പോൾ തെരുവോരത്ത് ഒരു കുതിരവണ്ടിയിൽ ഇംഗ്ലിഷ് സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്ന ബഷീറിനെയാണു കാണുന്നത്. ഈ കാഴ്ചയുടെ ഓർമ വിവരിക്കുന്നത്,  “ഒരാൾ കലയെപ്പറ്റിയോ പ്രണയത്തെപ്പറ്റിയോ കൗമാരത്തെപ്പറ്റിയോ ഓർക്കുന്നതു പോലെ എന്തോ ഒന്ന് ആണ്’’ എന്ന് കരുണാകരൻ എഴുതുന്നു. മനുഷ്യർക്കിടയിൽ കഥ ഉണ്ടായിവരുന്നതിന്റെ വിചിത്രമായ ഒരു സങ്കലനം ഞാൻ കണ്ടത് ഇങ്ങനെ വായിച്ചു-  “ ഒരു വേള ഞാൻ വിചാരിച്ചു ഞാൻ അവളോടു പറയാൻ ആഗ്രഹിച്ചതെല്ലാം അവൾ എന്നോടു പറയുകയാണെന്ന്. ഒരുവേള, ഞാൻ വിചാരിച്ചു ഞാൻ അവളോടു പറയാൻ ആഗ്രഹിച്ചതെല്ലാം മറ്റാരോ അവളോടു പറഞ്ഞുകഴിഞ്ഞുവെന്ന്.”

കുറേ മാസങ്ങൾ ശ്രമിച്ചതിനുശേഷമാണു സണ്ണിയെ ഫോണിൽ കിട്ടിയത്. സണ്ണി എപ്പോഴും മൊബൈൽ ഫോൺ ഓഫ് ചെയ്തുവയ്ക്കുന്നു. അയാൾക്കു വിളിക്കണമെന്നു തോന്നുമ്പോൾ മാത്രം ഫോൺ ഓൺ ചെയ്യുന്നു. അതിനാൽ ഒരിക്കലും നിങ്ങൾക്ക് അയാളെ ഫോണിൽ കിട്ടാൻ പോകുന്നില്ല. എന്നിട്ടും ഒരു ദിവസം രാവിലെ, ഇരുണ്ടു കനത്ത ആകാശം ബാൽക്കണിയിൽനിന്നു കാണുമ്പോൾ, കരുണാകരന്റെ ‘ചന്ദ്രലേഖ’ എന്ന പുസ്തകം കയ്യിൽ വച്ച് ഞാൻ അയാളുടെ നമ്പർ ഡയൽ ചെയ്യുന്നു. മണിയടിക്കുന്നു. സണ്ണി ഉടൻ ഫോണെടുക്കുന്നു. “ സണ്ണിച്ചേട്ടാ, നിങ്ങളെ ഫോണിൽ അങ്ങോട്ടു വിളിച്ചിട്ടു കിട്ടിയ ആദ്യത്തെ മനുഷ്യൻ ഞാനാണ്. “ എന്ന് ഞാൻ പ്രഖ്യാപിക്കുന്നു. മകനും ഭാര്യക്കും കോവിഡ് ആയതിനാൽ അവരുടെ രണ്ടു മക്കൾ തന്റെയൊപ്പമാണെന്നു സണ്ണി പറയുന്നു. രാവിലെ മകനെ വിളിക്കാൻ ഓൺ ചെയ്ത ഫോൺ ഉടൻ ഓഫ് ചെയ്യാൻ അയാൾ മറന്നുപോയിരുന്നു. ആ മറവിയുടെ ഇടവേളയിലാണ് എന്റെ വിളി. വീടിനു മുന്നിലെ തിട്ടയ്ക്കു മുകളിൽ കയറിനിന്നാണു സംസാരിക്കുന്നത്, വീടിനുള്ളിൽ റേഞ്ച് കുറവാണ് എന്നു സണ്ണി പറഞ്ഞു. ഒരു തിട്ടയുടെ മുകളിൽ നിന്ന് ഇടതു കയ്യിലെ ഫോൺ ചെവിയോടു ചേർത്ത് വലതു കൈ അന്തരീഷത്തിൽ തുഴഞ്ഞ് അയാൾ സംസാരിക്കുന്നതു ഞാൻ കാണുന്നു. “തിട്ടയുടെ മുകളിൽനിന്ന് എന്താണ് ഞാൻ സംസാരിക്കുന്നതെന്ന് കൊച്ചുമക്കൾ മുറ്റത്തുനിന്ന് ആകാംഷയോടെ നോക്കുന്നുണ്ട്. അപ്പാച്ചൻ ഇത്ര ഉച്ചത്തിൽ, പൊട്ടിച്ചിരികളോടെ ആരോടാണു സംസാരിക്കുന്നതെന്ന് അവർ ശ്രദ്ധിക്കുന്നു”- അയാൾ പറഞ്ഞു. 

കരുണാകരന്റെ കഥകളെപ്പറ്റി ഞാൻ സംസാരിക്കുന്നു. ചില ഭാഗങ്ങൾ വായിച്ചുകേൾക്കണമെന്ന് അയാൾ പറയുന്നു. ഞാൻ അതു ചെയ്യുന്നു. തുറന്നുവച്ച പുസ്തകത്തിനു സമാന്തരമായി ബാൽക്കണിയുടെ അതിരിൽ കനത്ത ശബ്ദത്തിൽ മഴ വീഴാൻ തുടങ്ങുന്നു. അപ്പോൾ നാട്ടിൽ സമീപകാലത്തു മരിച്ചുപോയ, എനിക്ക് അറിയാവുന്നവരായ, ചിലരെപ്പറ്റി സണ്ണി പറയുന്നു. “നമുക്ക് അറിയാവുന്ന മനുഷ്യർ ഓരോരുത്തരായി കുറഞ്ഞുകുറഞ്ഞുവരുന്നു.” ,അയാൾ പറഞ്ഞു.  

മരിച്ചു കുറയുന്നവരിൽ ഒരു പട്ടിപിടുത്തക്കാരൻ ഉണ്ടായിരുന്നു. അയൽപക്കമില്ലാത്ത ഒരു കുന്നിൻചെരുവിലാണ് അയാളും ഭാര്യയും താമസിച്ചിരുന്നത്. ഒരു ദിവസം രാത്രി  ഇരുട്ടിലൂടെ തപ്പിത്തടഞ്ഞ് ഞങ്ങൾ അയാളുടെ വീട്ടിൽ ചെല്ലുമ്പോൾ തിണ്ണയിൽ കത്തിച്ചുവച്ച വിളക്കിനു മുന്നിലിരുന്ന് ഇരുവരും ഭക്ഷണം കഴിക്കുകയായിരുന്നു. ആ നിശബ്ദതയെ വെട്ടിക്കീറി ഇരുട്ടിൽ നിന്ന് പെട്ടെന്നു കുരകൾ ഉയർന്നു. ഒന്നല്ല നാലു നായ്ക്കൾ ഞങ്ങളുടെ വഴി തടഞ്ഞുനിന്നു. “ സണ്ണിച്ചേട്ടാ, ആ രംഗം ഓർക്കുന്നുണ്ടോ”,ഞാൻ ചോദിച്ചു. “ പിന്നല്ലാതെ. പേടിച്ചു രക്തം ഉറഞ്ഞുകട്ടിയായ നിമിഷം. അതാണു ഞാൻ അയാൾ മരിച്ചെന്ന വിവരം നിന്നെ ഇപ്പോൾ അറിയിക്കുന്നത്”. 

ഒരു ദിവസം രാവിലെ പറമ്പിലേക്ക് ഇറങ്ങിയ പട്ടിപിടുത്തക്കാരൻ തിരിച്ചുവന്നില്ല. ഭാര്യ തിരഞ്ഞുചെല്ലുമ്പോൾ ആ മനുഷ്യൻ പറമ്പിൽ ഒരു കുരുമുളകു ചെടിയുടെ ചോട്ടിൽ, മുരിക്കിന്മേൽ ചാരി തണുത്തിരിക്കുന്നു.

പോളിഷ് സാഹിത്യകാരിയായ ഓൾഗ തൊകാർചുക്കിന് 2018 ലെ സാഹിത്യ നൊബേൽ സമ്മാനിച്ചുകൊണ്ടു സ്വീഡിഷ് അക്കാദമി പ്രധാനമായും പരാമർശിച്ചത് അവരുടെ ‘Book of Jacob’ എന്ന നോവലാണ്. ആ സമയം ഈ നോവൽ ഇംഗ്ലിഷിലേക്കു വന്നിരുന്നില്ല. വരുന്ന വർഷമാദ്യം ‘Book of Jacob’ ഇംഗ്ലിഷിലേക്കു വരികയാണ്. ഒരൊറ്റ കഥയല്ല, പലകഥകളുടെ ഒരു സഞ്ചയമാണ് ഓൾഗയുടെ നോവലുകൾ. ‘House of Day, House of Night’  എന്ന നോവലിൽ വെപ്പുമുടി തയാറാക്കി വിൽക്കുന്ന ഒരു പോളിഷ് ഗ്രാമത്തിലെ സ്ത്രീയാണ് പ്രധാന കഥാപാത്രം. ആ നോവലിൽ ആ ഗ്രാമത്തിലേക്കു പുതിയ താമസക്കാരിയായി എത്തുന്ന യുവതിയാണു നരേറ്ററെങ്കിലും ആ നോവലിൽ അവൾക്ക് സ്വന്തമായി ഒരു കഥയുമില്ല. പകരം അവർക്കു കഥകൾ കൊണ്ടുവന്നുകൊടുക്കുന്നത് വെപ്പുമുടി ഉണ്ടാക്കുന്ന ആ വയോധികയാണ്. 

ezhuthumesha-olga-tokarczuk-the-books-of-jacob-cover-image

അവർക്കറിയാത്തെ രഹസ്യങ്ങളില്ല, അവർ ഉണർന്നിരിക്കാത്ത രാത്രികളുമില്ല. എല്ലാ മരണങ്ങളും അവർ ഓർക്കുന്നു. എല്ലാ ഭ്രാന്തും അവർ വഹിക്കുന്നു. ഏതാണ്ട് ഇതേ സ്വഭാവമുള്ള ഒരു സ്ത്രീയാണു ‘ബുക് ഓഫ് ജേക്കബി’ലെ ഒരു പ്രധാന കഥാപാത്രം എന്നു ഓൾഗ ന്യൂയോർക്കറിനു നൽകിയ അഭിമുഖത്തിൽ സൂചന തരുന്നു.  പതിനെട്ടാം നൂറ്റാണ്ടിൽ കിഴക്കൻ യൂറോപ്പിൽ ജീവിച്ചിരുന്ന ഒരു ജൂത ദിവ്യൻ ഓട്ടോമൻ സാമ്രാജ്യത്തിലെ നാടുകളിലൂടെ ഒട്ടേറെ അനുയായികളെയും എതിരാളികളെയും സൃഷ്ടിച്ചു നടത്തുന്ന യാത്രയാണു നോവൽ പ്രമേയം. ഈ കഥയുടെ ആഖ്യാനം വഴിമുട്ടിയപ്പോൾ ആ സ്ത്രീ കഥാപാത്രം വന്നാണു കഥയുടെ അന്ത്യത്തിലേക്കുള്ള വഴി തുറന്നതെന്ന് നോവലിസ്റ്റ് പറയുന്നു. ‘യെന്റേ’ (Yente ) എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നോവൽ ഭാഗം ഈയാഴ്ച ന്യൂയോർക്കർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാക്കി വിശേഷങ്ങൾ നോവൽ എത്തിയിട്ടാകാം.

Content Summary : Ezhuthumesha - What secret message is hidden in your writing?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA