ADVERTISEMENT

പന്ത്രണ്ടു വയസ്സുകാരൻ പ്രത്യുഷ് വിഷ്ണുവിന്റെ ഇംഗ്ലിഷ് മാന്ത്രിക നോവലാണ് ഇപ്പോൾ കാനഡയിലെ മലയാളി സമൂഹത്തിലെ ചർച്ചാവിഷയം. കുട്ടിഭൂതങ്ങളും കുട്ടിച്ചാത്തൻമാരും ഭീകരമന്ത്രവാദികളും രാക്ഷസൻമാരും ഭീകരസത്വങ്ങളുമൊക്കെ നിറഞ്ഞുനിൽക്കുന്ന നോവലിന്റെ പേര് ‘ദ് ഡ്വാർവ്സ് ആൻഡ് ദ് ഡാർക് ടവർ’. പ്രത്യുഷിന്റെ ഭാഷയിൽ പറഞ്ഞാൽ ‘ഒരു ഭയങ്കര ഹൊറർ സ്റ്റോറി’. ആമസോൺ ഓൺലൈനിൽ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രിന്റ് എഡിഷൻ അമേരിക്കയിലും കാനഡയിലും ലഭ്യമാണ്. ഇന്ത്യയിൽ നിലവിൽ കിൻഡിൽ എഡിഷനേ ലഭിക്കൂ.

 

The Dwarves And The Dark Tower
The Dwarves And The Dark Tower

ടൊറന്റോ റോയൽ ബാങ്ക് ഓഫ് കാനഡയിൽ ജോലിചെയ്യുന്ന തിരുവല്ല സ്വദേശി വിഷ്ണു നമ്പൂതിരിയുടെയും, ടുകൗസ് ടെക്കിൽ ക്വാളിറ്റി കൺട്രോളറും മഞ്ചേരി സ്വദേശി പ്രശസ്ത കഥാകൃത്ത് പി.എൻ.വിജയന്റെ മകളുമായ വിനിതയുടെയും മകനാണ് പ്രത്യുഷ്. മിൽട്ടൺ എസ്കാർപ്മെന്റ് വ്യൂ പബ്ലിക് സ്കൂളിലെ ഏഴാം ഗ്രേഡ് വിദ്യാർഥിയായ പ്രത്യുഷിന്റെ ആദ്യത്തെ നോവലാണിത്. കഴിഞ്ഞ വേനലവധിക്കാലത്ത് നാട്ടിലായിരുന്നപ്പോളാണ് നോവൽ പൂർത്തിയാക്കിയതെങ്കിലും നോവലിലെ കഥാപാത്രങ്ങളായ ഭീകരരൂപികളെല്ലാം ‘വിദേശി’കളാണ്. പാശ്ചാത്യ നാടോടിക്കഥകളിലെ വിഭ്രമാത്മകമായ കഥാപാത്രങ്ങളുടെ മാതൃകയിലുള്ളതാണ് നോവലിലെ കുട്ടിച്ചാത്തൻമാരും ദുർമന്ത്രവാദികളുമൊക്കെ.

 

യക്ഷിക്കഥകളിലെ കുള്ളനായ ജിയോ ആണ് നായകകഥാപാത്രം. അവനെ ദുഷ്ടനായ മാന്ത്രികൻ കടത്തിക്കൊ ണ്ടുപോകുന്നു. അയാൾക്ക് ജിയോയെക്കൊണ്ട് ചില കാര്യസാധ്യങ്ങളുണ്ട്. എന്നാൽ ജിയോ പല സാഹസിക വേലകളിലൂടെ വേറെയും ചില കുള്ളൻമാരെ സംഘടിപ്പിച്ച് തന്നെ കീഴ്പ്പെടുത്തിയ മാന്ത്രികവലയത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു. ചെറിയ മാന്ത്രികശക്തിയുള്ള കുള്ളൻമാർ ദുഷ്ടനായ വലിയ മന്ത്രവാദിയെ ബുദ്ധിയുപയോഗിച്ച് കീഴടക്കി രക്ഷപ്പെടുന്നതാണ് നോവലിന്റെ പ്രമേയം.65 പേജുള്ള പുസ്തകത്തിലേത് കഥയുടെ ഒന്നാം ഭാഗം മാത്രമാണെന്നാണ് പ്രത്യുഷ് പറയുന്നത്. തുടർന്നുള്ള സംഭവങ്ങൾ ഒരു രസികൻ സാഹസിക കഥയായി ഒരുങ്ങുന്നുണ്ടെന്നും അതു രണ്ടാം ഭാഗത്തിൽ വായിക്കാമെന്നും പറയുന്നു, ഈ പന്ത്രണ്ടു വയസ്സുകാരൻ.

 

English Summary : The Dwarves And The Dark Tower 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com