ADVERTISEMENT

‘മനുഷ്യാണാം മനുഷ്യത്വം’ 

നരജാതിയില്‍നിന്ന് പിറക്കുന്ന സന്തതികള്‍ക്ക് ഒരു ജാതിയേയുള്ളൂ- മനുഷ്യജാതി. മനുഷ്യന് ഒരു മതമേയുള്ളൂ- മനുഷ്യത്വം. മതങ്ങള്‍ക്കപ്പുറമുള്ള മനുഷ്യത്വമാണ് ശ്രീനാരായണ ഗുരുവിന്‍റെ മതം. മനുഷ്യമനസ്സിലേക്ക് അറിവിന്‍റെ മഹാവെളിച്ചം പകര്‍ന്നുനല്‍കിയ ഗുരുവിന്‍റെ മറ്റൊരു സമാധിദിനം കൂടി കടന്നുപോകുന്നു. 

 

നൂറ്റാണ്ടുകളായി മനുഷ്യ സമൂഹത്തെ വേട്ടയാടുന്ന മത-ജാതി ചിന്തകള്‍ക്കെതിരെ പരമജ്ഞാനത്തിന്‍റെ മഹാവെളിച്ചമാണ് ഗുരു പകര്‍ന്നുനല്‍കിയത്. തനിക്കു ചുറ്റുമുള്ളവരോട് സൗമ്യമായി അദ്ദേഹം പറഞ്ഞു: “മതം മനസ്സിന്‍റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്. എന്‍റെ മതം സത്യം മറ്റുള്ളതെല്ലാം അസത്യം എന്നാരും പറയരുത്. ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്ക് യാതൊരു പ്രത്യേക ബന്ധവും ഇല്ല. നാമായിട്ട് ഒരു പ്രത്യേക മതം സ്ഥാപിച്ചിട്ടുമില്ല. നാം ജാതിമതങ്ങള്‍ വിട്ടിരിക്കുന്നു. ഏതെങ്കിലും ഒരു മതത്തോട് പ്രത്യേക മമതയില്ലെന്ന് അർഥം”. 

 

ക്രിസ്തുമതം പഠിപ്പിക്കാമെന്നു പറഞ്ഞെത്തിയവരോട് താനതിനു തയാറാണെന്ന് ഗുരു സമ്മതിച്ചു. ഇസ്‌ലാമിനോടും ഇതേ മനോഭാവം വച്ചുപുലര്‍ത്തിയ ഗുരു മതങ്ങള്‍ക്കപ്പുറമുള്ള മനുഷ്യനെയാണ് അന്വേഷിച്ചത്. നരനും നരനും തമ്മിലുള്ള സൗഹൃദത്തിനിടയില്‍ വന്നുപെടുന്ന എല്ലാ വിഘ്നങ്ങളും ഇല്ലാതാകാനാണ് ഗുരു പരിശ്രമിച്ചത്. മതമേതായാലും മനുഷ്യൻ നന്നായാല്‍മതി എന്ന മാനവികവീക്ഷണം പകര്‍ന്നുനല്‍കിയ ഗുരുവിന്‍റെ മതേതരബോധം കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നു. 

 

മതവും ജാതിയും മനുഷ്യനിര്‍മിതമാണ്. എങ്കിലും മനുഷ്യനെ നിയന്ത്രിക്കുന്ന തീവ്രശാഠ്യമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അതു വളര്‍ന്നിരിക്കുന്നു. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍റെ അധിനിവേശം. ഇരുപതാം നൂറ്റാണ്ടില്‌‍ ശ്രീനാരായണ ഗുരുവും സമകാലികരും ഉയര്‍ത്തിക്കൊണ്ടുവന്ന  സാമൂഹിക-സാംസ്കാരിക വിപ്ലവത്തില്‍നിന്ന് സമൂഹം പിന്നോട്ടുപോകുന്ന ദുരവസ്ഥ. അജ്ഞതയില്‍നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനമാണ് വിദ്യാഭ്യാസം. ‘വിദ്യകൊണ്ട് സ്വതന്ത്രരാകുക’ എന്ന ഗുരുവിന്‍റെ ഉപദേശം ലോകത്തിനു ലഭിച്ച പ്രകാശമാണ്. ആ വെളിച്ചത്തെപ്പോലും കെടുത്താന്‍കഴിയും വിധം പ്രതിലോമ ശക്തികൾ കരുത്താര്‍ജ്ജിക്കുന്നു. നവോത്ഥാന കാലത്തിന്‍റെ ഈടുവയ്പുകള്‍ വിസ്മരിക്കുന്ന തരത്തില്‍ അനാവശ്യമായ മതകോലാഹലങ്ങളിലേക്ക് സമകാലസമൂഹം കൂപ്പുകുത്തുമ്പോള്‍ ഗുരുവിന്‍റെ ഓര്‍മ നമ്മെ വീണ്ടുവിചാരത്തിലേക്കു നയിക്കണം. നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള അജ്ഞതയുടെ അന്ധകാരത്തിലേക്കാണ് പ്രതിലോമ ശക്തികള്‍ സമൂഹത്തെ നയിക്കുന്നത്. അതിനെ പ്രതിരോധിക്കാന്‍ ഗുരുവിന്‍റെ ആശയപ്രപഞ്ചത്തിന് കരുത്തുണ്ട്.

 

ഇരുപതാം നൂറ്റാണ്ടിൽ ഗുരു കൊളുത്തിയ അറിവിന്‍റെ പ്രകാശവീഥിയില്‍നിന്ന് നാം അകലുകയാണോ, അജ്ഞതയുടെ ഇരുള്‍പ്പടര്‍പ്പുകൾ നമ്മെ പൊതിയുകയാണോ? മത-ജാതി ചിന്തകളിൽ അസഹിഷ്ണുതയുടെ കാര്‍മേഘങ്ങൾ പടര്‍ന്നുകയറുകയാണെന്ന് സമകാലസംഭവങ്ങൾ തെളിയിക്കുന്നു. അതിൽ എണ്ണപകര്‍ന്ന് രാഷ്ട്രീയലാഭം കൊയ്യാനുള്ള ശ്രമങ്ങളും നടക്കുന്നു. പുരോഗമനത്തെ പിന്നോട്ടു നടത്താൻ ശ്രമിക്കുന്നവർ ഗുരുവിന്‍റെ വിജ്ഞാനപ്രപഞ്ചത്തെ കണ്ടില്ലെന്നു നടിക്കുന്നു.

 

‘വാദങ്ങൾ ചെവിക്കൊണ്ടും മതപ്പോരുകള്‍കണ്ടും മോദസ്ഥിതനായി മല പോലെ വസിക്കുന്ന’ ഗുരുവിനെ മഹാകവി കുമാരനാശാൻ അവതരിപ്പിക്കുന്നുണ്ട്. പരമജ്ഞാനത്തിന്‍റെ  ഈ തൂമന്ദഹാസം കണ്ടറിയാത്തതാണ് സമകാലത്തിന്‍റെ ദുരന്തം.

 

English Summary : In Memories Of Sree Narayana Guru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com