ADVERTISEMENT

വിശന്നുവലഞ്ഞു നടക്കുമ്പോഴാണു പുലി പൂച്ചയെ കണ്ടത്. അപകടം മണത്ത പൂച്ച ഓടി. പക്ഷേ, പൊട്ടക്കിണറ്റിൽ വീഴാനായിരുന്നു വിധി. തൊട്ടുപിറകെ ഓടിയെത്തിയ പുലിയും അതേ കിണറ്റിൽ വീണു. പൂച്ച ഒരുവിധത്തിൽ കിണറ്റിനുള്ളിലെ മൺതിട്ടയിൽ കയറിപ്പറ്റി. മറ്റുമാർഗമില്ലാതെ പുലിയും അതേ തിട്ടയിൽ കയറിനിന്നു. കൈകൂപ്പി പൂച്ച പുലിയോടു പറഞ്ഞു: എന്നെ ഉപദ്രവിക്കരുത്. കുറച്ചുനേരം അനങ്ങാതിരുന്നശേഷം പുലി ചോദിച്ചു: ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള മാർഗം നിനക്കറിയുമോ? ഒരേ കെണിയിൽപെട്ടാൽ ഇരയും വേട്ടക്കാരനും ഒരുപോലെയാകും. പിന്നെ ബലഹീനനെ പിന്തുടർന്നു കീഴ്പ്പെടുത്തുന്നതിന്റെ വൈകൃതസുഖം വേട്ടക്കാരനില്ല. ഒരേ നിസ്സഹായതയിൽ അകപ്പെട്ടതിലുള്ള ആശ്വാസം ഇരയ്ക്കു ലഭിക്കുകയും ചെയ്യും. പ്രകൃതിനിയമത്തിന്റെ പേരിൽ വേട്ടയാടൽപ്രക്രിയയെ ന്യായീകരിക്കുന്നവർപോലും പ്രകൃതിദുരന്തം വന്നാൽ പരസ്പരാശ്രയത്തിന്റെ പച്ചത്തുരുത്തുകളെക്കുറിച്ചു പ്രസംഗിക്കാൻ തുടങ്ങും. 



ഒരാൾക്കുതന്നെ രക്ഷപ്പെടാനാകില്ല എന്നു മനസ്സിലാകുമ്പോഴാണ് എല്ലാവരും ഒന്നാണെന്നുള്ള തിരിച്ചറിവുണ്ടാകുക. താൻ  ഇരയാകുന്നതുവരെ വേട്ടക്കാരന് ഇരയുടെ വേദന മനസ്സിലാകില്ല. ഒരേ പ്രതിസന്ധിയിൽ അകപ്പെടുന്നതു വരെ ദുർബലൻ ശക്തരുടെ ഇര യാണ്. അകപ്പെട്ടു കഴിഞ്ഞാൽ സമാനരും സഹോദരരും. സുഖവാസകാലത്തു തമ്മിലടിക്കാനും ചേരിതിരിയാനും ഒട്ടേറെ കാരണങ്ങളുണ്ടാകും. അത്യാഹിതങ്ങളിലകപ്പെട്ടാൽ  എല്ലാ വേലിക്കെട്ടുകളും പൊളിച്ചുകളഞ്ഞ് ആയുസ്സ് സംരക്ഷിക്കാൻ മാത്രമാകും ശ്രമം.  വിശപ്പിനെക്കാൾ വലുതാണു ജീവനെന്നറിഞ്ഞാൽ വില്ലാളിവീരന്മാരെല്ലാം വിനീതരാകും. ജീവൻ അപകടത്തിലാകുമ്പോൾ മാത്രം സംയമനം പാലിക്കുകയും അപകടസാധ്യത അതിജീവിച്ചു കഴിയുമ്പോൾ വീണ്ടും വേർതിരിവിന്റെ പ്രത്യയശാസ്ത്രങ്ങളുമായി ഇറങ്ങുകയും ചെയ്യുന്നവരുമുണ്ട്.



ഒഴുക്കിൽപ്പെടുമ്പോൾ ഒരുമിച്ചുനിൽക്കാൻ കാണിച്ച വ്യഗ്രത കരയ്ക്കെത്തുമ്പോൾ വേർപിരിയാനും കാണിക്കും. വഴിപിരിഞ്ഞു വഴിമുടക്കാൻ കാണിക്കുന്ന ക്രിയാത്മകതയും ഉത്സാഹവും കൈപിടിച്ച് കർമനിരതരാകാൻ കാണിച്ചിരുന്നെങ്കിൽ എത്ര കരുത്തുള്ളതാകുമായിരുന്നു ഓരോ സമൂഹവും. തോൽക്കുന്നവനും ജയിക്കുന്നവനും ഉള്ളിടത്ത് എന്നും അപകർഷതയുടെയും അഹംഭാവത്തിന്റെയും അന്തർധാരയുണ്ടാകും. എല്ലാവരും അവരവരുടെ ശരികൾ മുറുകെപ്പിടിച്ചുനിൽക്കുമ്പോൾ  ചില സ്വാഭാവിക പ്രതിസന്ധികൾ ഉടലെടുക്കും. അവിടെ  ഇനിയെന്ത് എന്ന ചോദ്യം പ്രധാനമാകും. അത്തരം പാഠങ്ങൾ ആദ്യാനുഭവത്തിൽ നിന്നുതന്നെ പഠിക്കുന്നവൻ മനുഷ്യൻ; അനേകാനുഭവങ്ങളുണ്ടായിട്ടും പഠിക്കാത്തവൻ മണ്ടൻ.

Content Summary : Subhadinam - Why is learning from mistakes important?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com