ADVERTISEMENT

ജനിച്ച നാടിനോടുള്ള കടപ്പാട് സാക്ഷാത്കരിക്കാൻ വോൾ സോയിങ്ക എന്ന നൈജീരിയൻ എഴുത്തുകാരന് കാത്തിരിക്കേണ്ടിവന്നത് 87–ാം വയസ്സു വരെ. എട്ടര പതിറ്റാണ്ടു കാലത്ത് അദ്ദേഹം കടന്നുപോയ ക്രൂരതകൾക്കു കണക്കില്ല. അധികാരികളുടെ ഭീഷണിയുടെ വാൾ എന്നും തലയ്ക്കു മുകളിൽ തൂങ്ങിക്കിടന്നു. ജയിൽവാസം, പീഡനങ്ങൾ, വധഭീഷണി... എന്നാൽ സോയിങ്ക തളർന്നില്ല. വിദേശ രാജ്യങ്ങളിൽ അഭയം പ്രാപിക്കാമായിരുന്നു. നൊബേൽ ജേതാവായ എഴുത്തുകാരനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ വൻ രാഷ്ട്രങ്ങൾ തയാറായിരുന്നു. എന്നാൽ സന്ദർശിച്ച രാജ്യങ്ങളൊക്കെ അദ്ദേഹത്തിൽ നിറച്ചത് വിരഹ വേദന. ഓരോ തവണയും യാത്രയ്ക്കു ശേഷം ആശ്വാസത്തോടെ ജനിച്ചുവളർന്ന മണ്ണിൽ തിരിച്ചെത്തി. ക്രൂരമായ അനുഭവങ്ങൾക്കിടിയിലും എഴുത്തിന്റെ മുനയും മൂർച്ചയും കൂട്ടി. ഒടുവിൽ 87–ാം വയസ്സിൽ 4 പതിറ്റാണ്ടിനുശേഷമെഴുതിയ നോവലിലൂടെ സ്വന്തം രാജ്യത്തെ വീണ്ടും മുൾമുനയിൽ നിർത്തിയിരിക്കുന്നു. ക്രോണിക്കിൾസ് ഫ്രം ദ് ലാൻഡ് ഓഫ് ദ് ഹാപ്പിയസ്റ്റ് പീപ്പിൾ ഓൺ എർത്ത് എന്ന ആക്ഷേപഹാസ്യ കൃതിയിലൂടെ. 

 

നൈജീരിയയിൽ ജനിച്ചുവളർന്ന, രാജ്യത്തിന്റെ സാഹചര്യം നന്നായി അറിയാവുന്ന ഒരാൾ സ്വന്തം രാജ്യത്തെക്കുറിച്ച് എഴുതിയ കൃതി തന്നെയാണിത്. എന്നിട്ടും ഏറ്റവും സന്തോഷമുള്ള ജനത എന്നാണ് സ്വന്തം ജനതയെ സോയിങ്ക വിശേഷിപ്പിക്കുന്നത്. സന്തോഷമില്ലെങ്കിൽ എങ്ങനെയാണവർ രാജ്യത്ത് ജീവിക്കുന്നതെന്നു ചോദിക്കുന്നു അദ്ദേഹം. സ്വേഛാധിപത്യവും ക്രൂരതകളും അഴിമതിയും പീഡനങ്ങളും ഒക്കെ ഉണ്ടാകാം. അതുകൊണ്ടുമാത്രം രാജ്യം വിട്ടുപോകാനാവില്ലല്ലോ. ക്രൂരതകൾ തുറന്നുകാട്ടാതിരിക്കാനും ആവില്ല. ഇതാണെന്റെ ജീവിതം, ഇതാണെന്റെ നാട് എന്നു സോയിങ്ക പറയുകയാണ് ഏറ്റവും പുതിയ നോവലിലൂടെ. 

 

87 വയസ്സുണ്ടെങ്കിലും നൊബേൽ ജേതാവാണെങ്കിലും സോയിങ്ക എന്നും അധ്വാനിച്ചാണു ജീവിക്കുന്നത്. പ്രഭാഷണങ്ങൾ നടത്താറുണ്ട്. ക്ലാസ്സ് എടുക്കാൻ പോകാറുണ്ട്. ഒരു നിമിഷം പോലും വെറുതെയിരിക്കുന്നില്ല. പോരാട്ടത്തിലൂടെ കടന്നുവന്ന അദ്ദേഹം ഇന്നും വിശ്രമമില്ലാതെ സമരം ചെയ്യുന്നു. നീതിക്കും സമത്വത്തിനും മനുഷ്യത്വത്തിനും വേണ്ടി. ഏക അഭയമായ അക്ഷരങ്ങൾക്ക് ജീവശ്വാസം നൽകി ഉണർത്തിയും രേഖപ്പെടുത്തിയും. 

chronicles-from-the-land-of-the-happiest-people

 

നൈജീരിയയുടെ ദേശീയ എഴുത്തുകാരൻ എന്ന് സോയിങ്കയെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ കവിതകൾ ഉൾപ്പെടെയുള്ള കൃതികൾ പാഠപുസ്തകങ്ങളാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന വ്യക്തിയാണ്. വിദേശികൾക്ക് നൈജീരിയ എന്നാൽ വോൾ സോയിങ്കയാണ്. അദ്ദേഹം സൃഷ്ടിച്ച അനശ്വരമായ കൃതികളും. 

സുദീർഘമായ ജീവിതത്തിൽ അദ്ദേഹത്തിന്റെ കൃതികൾ ഒട്ടേറെത്തവണ അധികാരികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. 1960 കാലത്തെ ആഭ്യന്തര യുദ്ധത്തിനിടെ 22 മാസം ജയിലിലായിരുന്നു. ജനറൽ സനി അബച്ചയുടെ സൈനിക ഭരണകാലത്ത് രാജ്യം വിട്ട് ഓടിപ്പോകേണ്ടിവന്നു. അക്കാലത്താണ് കെൻ സാരോ വിവയെ സൈനിക ഭരണകൂടം തൂക്കിലേറ്റുന്നത്. അന്നു രാജ്യത്തു തന്നെ തുടർന്നിരുന്നെങ്കിൽ ഇന്ന് സോയിങ്ക ഉണ്ടാകുമായിരുന്നില്ല. ആഫ്രിക്ക നൊബേലിൽ നിന്ന് പിന്നെയും അകലുമായിരുന്നു. 

 

1986 ലാണ് സോയിങ്കയ്ക്ക് നൊബേൽ സമ്മാനം ലഭിക്കുന്നത്. ലോക പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ ആഫ്രിക്കക്കാരൻ. ഒട്ടേറെ തലമുറകളെ നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു അദ്ദേഹത്തിന്റെ രചനകൾ. ചിത്രകാരൻമാർ സോയിങ്കയുടെ ചിത്രം വരച്ചു പ്രദർശിപ്പിക്കുന്നു. തങ്ങളുടെ ദേശീയ നായകനെ ആദരിക്കാൻ. സോയിങ്കാസ് ആഫ്രോ എന്ന പേരിൽ പ്രശസ്തമായ പാട്ടുപോലും പാടി നടക്കുന്നു അവർ. 

 

1934 ലാണ് ജനനം. തന്റെ ജൻമദേശത്തിനു സമീപത്താണ് ഭാര്യയ്ക്കൊപ്പം ഇന്നും ജീവിക്കുന്നത്. കുട്ടിക്കാലം മുതലുള്ള ഓർമകൾ രേഖപ്പെടുത്തി പുസ്തകം പ്രശസ്തമാണ്; അകെ എന്ന പേരിലിറങ്ങിയ ഓർമക്കുറിപ്പ്. 

ഏറ്റവും പുതിയ നോവലിൽ മതനേതാവുണ്ട്. രാഷ്ട്രീയക്കാരനുണ്ട്. മാധ്യമ മുതലാളിയുണ്ട്. യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സുഹൃത്തുക്കളും. ഇവർ, രാജ്യത്തിലൂടെ നടത്തുന്ന യാത്രയാണ് പ്രമേയം. ഇവരുടെ സംഭാഷണങ്ങളിലൂടെ, കഥകളിലൂടെ, ജീവിതത്തിലൂടെ ഇന്നത്തെ നൈജീരിയയുടെ ജീവിതം ചുരുൾ നിവരുന്നു. ‘ഏറ്റവും സന്തോഷമുള്ള രാജ്യത്തുനിന്നുള്ള കുറിപ്പുകൾ, ആ രാജ്യത്തെ ജനങ്ങൾ സന്തോഷത്തിൽ നിന്ന് എത്രമാത്രം അകലെയാണെന്ന് ഉദാഹരിക്കുന്നു. 

 

രാജ്യത്തിന്റെ ചരിത്രം നോവലിലുണ്ട്. വർത്തമാനവും. ഒട്ടേറെ സൂക്ഷ്മമായ വിവരങ്ങൾ. ഇവയെല്ലാം കംപൂട്ടറിൽ സൂക്ഷിച്ചു നോവലിനു വേണ്ടി പുറത്തെടുക്കുകയായിരുന്നില്ല സോയിങ്ക. ഓർമ മാതമായിരുന്നു ആശ്രയം. ഓർമയിൽ ശേഖരിച്ച് ഉപയോഗിക്കുന്ന വിവരങ്ങൾക്കേ നിലനിൽപുണ്ടാകൂ എന്നാണദ്ദേഹത്തിന്റെ ഉറച്ച നിലപാട്. എല്ലാ വിവരങ്ങളുമുള്ള കംപ്യൂട്ടറുമായി ഇരുന്നാൽ നോവൽ എഴുതി പൂർത്തിയാക്കാം എന്നു വിചാരിക്കുന്നതു തെറ്റാണെന്നും അദ്ദേഹം പറയുന്നു. കംപ്യൂട്ടർ ശത്രുവുമാകാം; എഴുത്തുകാർക്കെങ്കിലും. ഓർമയെ ആശ്രയിക്കൂ എന്ന് പുതുതലമുറയെ ഉപദേശിക്കുന്നുമുണ്ട്. 

 

രാജ്യത്തിന്റെ വളർച്ചയിൽ മതത്തിന്റെ പ്രസക്തി വിശകലനം ചെയ്യുന്നുമുണ്ട് സോയിങ്ക. കുട്ടിക്കാലത്ത് താനും ഒരു വിശ്വാസിയായിരുന്നെന്ന് സമ്മതിക്കുന്നു. തന്നിൽ വിശ്വാസം അടിച്ചേൽപിക്കുകയായിരുന്നു എന്നാണദ്ദേഹത്തിന്റെ നിലപാട്. എന്നാൽ, മുതിർന്നതോടെ സംശയത്തിന്റെ കണ്ണിലൂടെ മതത്തെ നോക്കി. കൂടുതൽ ക്രൂരമായിക്കൊണ്ടിരിക്കുന്ന, മനസാക്ഷിയില്ലാത്ത ലോകത്ത് മതം അധാർമിക പ്രവർത്തനങ്ങൾക്കു മറയാക്കുന്നുണ്ടെന്ന് സോയിങ്ക വിശ്വസിക്കുന്നു. അതിന്റെ പ്രതിഫലനം നോവലിലും കാണാം. 

 

നൈജീരിയയുടെ സ്വാതന്ത്ര്യത്തിന്റെ 60–ാം വർഷികത്തിനു തൊട്ടുമുമ്പാണ് നോവൽ പ്രസിദ്ധീകരിച്ചത്. അതദ്ദേഹത്തിന്റെ ആഗ്രഹം കൂടിയായിരുന്നു. എല്ലാം കഥാപാത്രങ്ങളും രാജ്യത്തുള്ളവരാണ്. അവരെ ചിത്രീകരിച്ചപ്പോൾ ഭാവന കൂടി കലർത്തിയിട്ടുണ്ടെന്നു മാത്രം. യഥാർഥ സംഭവങ്ങൾ തന്നെയാണു നോവലിലേത്. രാഷ്ട്രീയവും മതവും വിവാദങ്ങളും നിറഞ്ഞ ചരിത്രവും വർത്തമാനവും. രാജ്യ സ്വാതന്ത്ര്യത്തിന്റെ 60 വർഷങ്ങൾക്കും അദ്ദേഹം സാക്ഷിയാണ്. യുവാവായിരുന്നപ്പോഴാണു സ്വാതന്ത്ര്യം ലഭിക്കുന്നത്. അക്കാലത്തെ പ്രതീക്ഷകൾ. പിന്നീടുണ്ടായ തിരിച്ചടികൾ. വീണ്ടും തിരിച്ചുവരവ്. രാജ്യത്തിനൊപ്പം വളർന്ന സോയിങ്ക തന്റെ ആത്മാവിനെ പകർത്തുകയാണ്. തന്റെ ആത്മാവിൽ പ്രതിഫലിച്ച രാജ്യത്തെ. അതിൽ ചോരയും വിയർപ്പുമുണ്ട്. കണ്ണീരിന്റെ നനവും സന്തോഷത്തിന്റെ കിനാവുമുണ്ട്. നിരാശകളുടെ കാഠിന്യമുണ്ട്. വിഷാദത്തിന്റെ ഇരുണ്ടകാലമുണ്ട്. ഓർക്കാനിഷ്ടപ്പെടാത്ത കാലത്തെ പിന്നിലാക്കി ഉദിച്ചുയർന്ന സൂര്യനും സ്വാതന്ത്ര്യത്തിന്റെ ശോഭയുമുണ്ട്. 

 

ഒളിപ്പോർ യാത്രകൾക്കിടെ ഒരിക്കൽമാത്രം കണ്ട പെൺകുട്ടിയുടെ ഓർമയിൽ ചെഗുവേര കവിത എഴുതിയിട്ടുണ്ട്: 

ഏറ്റുവാങ്ങുക, ഒരു ഹൃദയമാണിത്. 

പ്രഭാതത്തിൽ കൈ തുറക്കുക.

സൂര്യരശ്മികൾ അതിനെ ഊഷ്മളമാക്കട്ടെ. 

 

വോൾ സോയിങ്ക രാജ്യത്തോട് പറയുന്നു:

ഏറ്റുവാങ്ങുക. 

ഇതു നമ്മുടെ ജീവിതമാണ്. 

ഇതെന്റെ രക്തവും  മാംസവുമാണ്. 

ഇതേറ്റെടുക്കുക ! 

 

Content Summary: Chronicles from the Land of the Happiest People on Earth, book by Wole Soyinka

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com