പൊന്തിവരുന്ന വിത്തിൻ മസ്തക ഗന്ധങ്ങൾ

VM Girija
വി.എം. ഗിരിജ
SHARE

ഒരു ഇഷ്ടകവിയെ പതിവായി വായിക്കുമ്പോഴാണു തീരെ പ്രതീക്ഷിക്കാത്ത ചില സ്ഥലങ്ങളിൽ എത്തിയതായി ഒരിക്കൽ നാം അറിയുന്നത്. അതുവരെ ശ്രദ്ധിക്കാതെ കിടന്ന ഒരു വരി പൊടുന്നനെ പഴയൊരു ഓർമയെ എടുത്തുകൊണ്ടുവന്നു മുന്നിൽ നിർത്തുന്നു. ‘പ്രിയ പുസ്തകത്തിൽ നിലാവു പോലെ’ എന്നാണു റിൽക്കെ എഴുതിയത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് രാത്രി പത്തുമണിക്കുശേഷം ഉണർന്നിരുന്നാൽ അച്ഛൻ ഇടയ്ക്കിടെ വന്നു വാതിലിൽ തട്ടും. എന്താണ് ഉറങ്ങാത്തത് എന്നു തിരക്കും. അതിനാൽ അച്ഛൻ കിടന്നാലുടൻ താനും വിളക്ക് അണച്ചു കിടക്കാറുണ്ടായിരുന്നുവെന്ന് കൂട്ടുകാരി ഒരിക്കൽ പറഞ്ഞു. തനിക്ക് രാത്രി വൈകുവോളം ഉറങ്ങാതെ ഇരിക്കാനായിരുന്നു ഇഷ്ടം. എങ്കിലും അച്ഛന്റെ നീരസം ഭയന്ന് പതിവുപോലെ പത്തുമണിയോടെ കിടന്നിട്ടും ഒരു രാത്രി ഉറക്കം തീരെ വന്നില്ല. അരണ്ട നിലാവ് അകത്തേക്കു വീഴുന്നുണ്ടായിരുന്നു. അതു മേശമേൽ പാതിവായിച്ചു വച്ച പുസ്തകത്തിനു മീതെ വീണു പരന്നു. അപ്പോഴാണു പുറത്തെ തെരുവിലെ തെരുവു വിളക്കിൽനിന്നുള്ള പ്രകാശം നല്ല തെളിച്ചത്തോടെ ജനാലയുടെ താഴെ ഒരു വൃത്തം വരയ്ക്കുന്നതു ശ്രദ്ധയിൽപെട്ടത്. ഇത്രയും കാലം ഇതു താൻ എന്തേ ശ്രദ്ധിച്ചില്ല എന്നോർത്തു. മെല്ലെയെണീറ്റ് ആ പുസ്തകവുമായി അതിനു കീഴിൽ പോയിരുന്നു വായിക്കാൻ തുടങ്ങി. അത്രയും ഗൂഢമായ ആനന്ദം, സ്വകാര്യത, ഉത്സാഹം മുൻപൊരിക്കൽ അനുഭവിച്ചിട്ടില്ല. they have survived their childhood and what comes now will be changed എന്നു കൂടി മറ്റൊരു കവിതയിൽ റിൽക്കെ എഴുതുന്നുണ്ട്.

1991 ൽ സമകാലീന കവിതയുടെ രണ്ടാം ലക്കത്തിലാണു വി.എം.ഗിരിജയുടെ ‘ചിത്ര’ പ്രസിദ്ധീകരിച്ചത്. ചിത്രയും അർജുനനും തമ്മിലുള്ള സംഭാഷണമായിട്ടാണ് അത് എഴുതപ്പെട്ടത്. ഒരു തിളങ്ങുന്ന വെള്ളാരക്കല്ലുപോലെ എന്റെ ഉടൽ ഞാൻ കഴുകിയെടുത്തു എന്നാണു ചിത്ര പറയുന്നത്. കരിങ്കൽപ്രതിമ പോലെ മിന്നുന്ന, കക്ഷത്തിനു കറുകയുടെ ഗന്ധമുള്ള, ആസക്തിയോടെ ഇഴയുന്ന നാവുള്ള ആ ഉടൽ അർജുനൻ കണ്ടു. പുരുഷൻ ഇടയ്ക്കു പിരിയുന്ന ആകസ്മിക പ്രണയത്തിൽ തനിച്ചുനിൽക്കുന്ന ചിത്രയുടെ ആത്മഗതമായി ആ കവിത അവസാനിക്കുന്നു. പ്രണയം മാത്രമല്ല പുരുഷനുമായുള്ള സംഭാഷണങ്ങളും അപൂർണമായി തീരുന്നതിന്റെ വ്യഥയും അതിലുണ്ടായിരുന്നു. മാദകത്വം നിലാവും തീയുമായി പടരുന്ന കവിതയായിരുന്നു അത്.    

30 വർഷത്തിനുശേഷം ഗിരിജ എഴുതിയ മറ്റൊരു ചിത്ര അന്യോന്യം ത്രൈമാസികയുടെ മൂന്നാം ലക്കത്തിലുണ്ട്. ചിത്ര 2021 എന്ന പേരിൽ. ഇവിടെ ചിത്ര മറ്റൊരാളാണ്. ചിത്ര കാണുന്ന ലോകവും മറ്റൊന്നാണ്. തന്റെ സ്വത്വം സംബന്ധിച്ച ചിത്രയുടെ ഉൾതെളിച്ചമാണു നാം വായിക്കുന്നത്. ഉടലും പുരുഷനും തമ്മിലല്ല, ഉടലും ഭൂമിയും തമ്മിലുള്ള ആത്മബന്ധമാണ് അസ്തിത്വത്തിന്റെ ചേതന. താൻ പെണ്ണോ പുരുഷനോ അല്ല. പിന്നെയോ ?

‘‘നൂറ്റാണ്ടു കൊണ്ടേ തിടംവയ്ക്കുമേതോ വനമരം

ഏതോ തവിട്ടുഭരണിയിലായിരത്താണ്ടുമുറങ്ങിയ വിത്ത്,

വീശുന്ന കാറ്റുകൾ തൻ ഗതി പാട്ടാക്കിയൂതും മുളംകൂട്ടം

കൊയ്തും മെതിച്ചും വിതച്ചും കഴിയുവോൾ

എന്റെ നിറം കറുപ്പോ തവിട്ടോ തനി മഞ്ഞയോ

തീരില്ല എങ്കിലും എൻ ചിരി വാടാത്തൊരമ്പിളിയെന്നവർ.’’

മഹാഭാരതത്തിൽനിന്ന് ടഗോർ മുതൽ ഋതുപർണഘോഷ് വരെ ആവിഷ്കരിച്ച ചിത്രമാരെ നാം അറിഞ്ഞു. ഗിരിജയുടെ കവിതയിൽ എത്തുമ്പോൾ, ഉടയാത്ത കരിങ്കല്ലിലെ അഗ്നിയും വെള്ളവുമായി ഉയർന്നുനിന്ന പെണ്ണിനെയാണ് ആദ്യം കണ്ടത്. ഇപ്പോൾ അവൾ വിത്താണ്, വിതയാണ്, വിശപ്പാണ് എന്നെല്ലാം എനിക്കു തോന്നുന്നു. എല്ലാ ചെടികളുടെയും എല്ലാ പിറവികളുടെയും ഗന്ധം പിടിക്കാൻ മണ്ണിൽ മുകർന്നു കണ്ണുകൾ പാതിയടച്ചിരിക്കുന്ന കാട്ടുകൃഷിക്കാരിയുടെ ജീവിതപ്രേമമാണത്. 

2

ഓർമയിൽ എന്നുമുളള ഒരു പുസ്തകം അമേരിക്കക്കാരനായ വിൽ ഡുറാന്റിന്റെ സ്റ്റോറി ഓഫ് ഫിലോസഫിയാണ്. നിങ്ങളിൽ പലരും ആ പുസ്തകം വായിച്ചിട്ടുണ്ടാകും. വിദ്യാർഥിയായിരുന്ന കാലത്ത് ആ പുസ്തകം എനിക്കു സമ്മാനം കിട്ടിയിട്ടുണ്ട്. തത്വചിന്തയുടെ കഥ സാധാരണ വായനക്കാർക്കുവേണ്ടി പറഞ്ഞ ആ പുസ്തകം ഇറങ്ങിയത് 1921 ലാണ്. ഡുറാന്റിന്റെ ആദ്യപുസ്തകം. മുപ്പത്തിയാറാം വയസ്സിൽ. 

ഡുറന്റ് ചരിത്രകാരനും പുലിറ്റ്സർ സമ്മാനജേതാവായ എഴുത്തുകാരനുമായിരുന്നു. എക്കാലവും മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊണ്ട ഡുറാന്റ് 96 ാം വയസ്സിലാണു മരിച്ചത്. ഭാര്യയുമായി ചേർന്നെഴുതിയ സ്റ്റോറി ഓഫ് സിവിലൈസേഷൻ 11 വോള്യം ഉണ്ട്. ജീവിതമത്രയും നീണ്ട രചനയായിരുന്നു അത്. നാലു ദശകത്തിലേറെയെടുത്താണ് അതിലെ ഓരോ വോള്യവും എഴുതി അച്ചടിച്ചത്. 

തൊണ്ണൂറിലെത്തിയപ്പോൾ എവിടെ പ്രസംഗിക്കാൻ പോയാലും ക്ലാസെടുക്കാൻ പോയാലും ഡുറാന്റിനോട് എല്ലാവരും ജീവിതത്തെപ്പറ്റി പൊതുവായി ചില ചോദ്യങ്ങൾ ഉന്നയിക്കും. പ്രേമം, യുദ്ധം, ജീവിതം, മരണം, പിന്നെ ദൈവം എന്നിങ്ങനെ ദാർശനികമായ ചോദ്യങ്ങൾ. അങ്ങനെയാണ്, വിൽ ഡുറാന്റ് ആദ്യമായി സ്വന്തം വീക്ഷണങ്ങൾ വ്യക്തമാക്കുന്ന ഒരു പുസ്തകമെഴുതാൻ തുടങ്ങിയത്. അദ്ദേഹം താൻ എഴുതിക്കൊണ്ടിരിക്കുന്ന ഈ വിശേഷപ്പെട്ട കൃതിയെ രണ്ടുവട്ടം അഭിമുഖങ്ങളിൽ പരാമർശിക്കുകയും ചെയ്തു. പക്ഷേ 96-ാം വയസ്സിൽ ഡുറാന്റ് മരിക്കുമ്പോൾ ആത്മകഥാപരമായ ഈ കൃതി ഇറങ്ങിയിരുന്നില്ല. അദ്ദേഹത്തിന്റെ മുറിയിലെ മേശവലിപ്പുകളിലോ എഴുത്തുകടലാസുകളുടെ കൂട്ടത്തിലോ അതു കണ്ടെത്താനായില്ല. 32 വർഷങ്ങൾക്കുശേഷം ഡുറാന്റിന്റെ പേരമകളാണ് അമ്മയുടെ ട്രങ്ക് പെട്ടിക്കകം ആ കടലാസുകൾ കണ്ടെത്തിയത്. പ്രസാധകനു കൊടുക്കാൻ സജ്ജമായ നിലയിൽ അത് ഒരുക്കി വച്ചാണ് ഡുറാന്റ് ലോകം വിട്ടുപോയത്. നഷ്ടപ്പെട്ടുവെന്നു കരുതിയ ആ പുസ്തകം 2013 ൽ ഇറങ്ങി.  Fallen Leaves എന്ന തലക്കെട്ടിൽ, Last words on Life, Love, War and God  എന്ന ഉപശീർഷകത്തോടെ 177 പേജുളള പുസ്തകം.

fallen-leaves

ഓർമയിൽ എന്നും നിൽക്കാൻ അർഹമായ ഈ പുസ്തകത്തിൽ 22 ചെറുകുറിപ്പുകളാണുളളത്.

ഡുറാന്റ് ശക്തമായ കത്തോലിക്കാ മതപശ്ചാത്തലത്തിൽ വളർന്നയാളാണ്. വീടുകാർ പറഞ്ഞിട്ടു സെമിനാരിയിൽ പോയെങ്കിലും തിരിച്ചുപോന്നു. പതിനാലാം വയസ്സിൽ മതവിശ്വാസം കളഞ്ഞു സോഷ്യലിസ്റ്റായി. അവിശ്വാസിയായി മരണം വരെ ജീവിച്ച ഡുറാന്റ് 90 ാം വയസിൽ ദൈവത്തെപ്പറ്റി പറഞ്ഞത്, സ്നേഹനിധിയായ ഒരു വ്യക്തിദൈവത്തിലുളള വിശ്വാസം മനസ്സില്ലാമനസ്സോടെയാണ് ഉപേക്ഷിച്ചതെങ്കിലും തന്റെ ജീവിതത്തിൽനിന്നും കർമമണ്ഡലത്തിൽനിന്നും ദൈവം എന്ന പദം എടുത്തുമാറ്റാൻ താൻ ഇഷ്ടപ്പെടുന്നില്ല എന്നാണ്. കാരണം ആരാധിക്കാൻ എന്തെങ്കിലും ഉളളത് എത്ര നല്ലതാണ്. 

പ്രേമത്തെയും ലൈംഗികതയെയും സംബന്ധിച്ച കുറിപ്പുകളിൽ, തൊണ്ണൂറാം വയസ്സിലും തനിക്കു കാമം തോന്നാറുണ്ടെന്നും അദ്ദേഹം എഴുതുന്നു. സ്ത്രീയെ സംബന്ധിച്ച ഡുറന്റിന്റെ ചില നിരീക്ഷണങ്ങൾ സ്ത്രീവിരുദ്ധതയോളം വരുമെങ്കിലും സ്ത്രീയെക്കുറിച്ചു എത്രയും മനോഹരമായ വാക്യങ്ങളും അതിനൊപ്പം ഈ കൃതിയിൽ എഴുതിവച്ചിരിക്കുന്നു. 

പ്രപഞ്ചത്തിന്റെ അനന്തമായ പ്രയാണത്തിൽ ഒരു വര മാത്രമായി മനുഷ്യൻ മാറി എന്ന് ഡുറാന്റ് കരുതുന്നു: മണ്ണിലേക്കു വേരുകളാഴ്ത്തുന്ന മരം ഒരു പ്രാർഥനയിലെന്ന പോലെ പ്രകാശത്തിലേക്കു മുഖമുയർത്തുന്നു. ശിഖരങ്ങൾ വിരിച്ച് നൂറുകണക്കിന് ഇലകൾ നിവർത്തി അത് അന്തരീക്ഷ വായു ശ്വസിക്കുന്നു. സൂര്യപ്രകാശം ആഗിരണം ചെയ്യുന്നു. വെളിച്ചത്തിനും വളർച്ചയ്ക്കുമായുളള ഒരു മരത്തിന്റെ അതേ ദാഹമാണ് ഞാൻ എന്നിൽ അനുഭവിക്കുന്നതെന്ന് ഡുറാന്റ് പറയുന്നു.

രണ്ടു ലോകയുദ്ധങ്ങളും ആറ്റം ബോംബും കണ്ട ഡുറാന്റ് കടുത്ത യുദ്ധവിരുദ്ധനായിരുന്നു. മനുഷ്യാവകാശം മുഖ്യ ആദർശമാക്കിയ അദ്ദേഹം കോളനിവാഴ്ചകളുടെ കെടുതികളെ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സ്വാതന്ത്ര്യസമര വികാരങ്ങളെ പിന്തുണച്ചു.

ഇനി ഒരു ജന്മം ലഭിച്ചാൽ തത്വചിന്തയുടെയും മനുഷ്യസംസ്കാരങ്ങളുടെ കഥ എഴുതാൻ താൻ ജീവിതം മാറ്റിവയ്ക്കില്ലെന്നും ഡുറാന്റ് പ്രഖ്യാപിക്കുന്നു. പകരം യുവതീയുവാക്കളുടെ സ്വതന്ത്ര കൂട്ടായ്മ ഉണ്ടാക്കാൻ പണിയെടുക്കും. സഹിഷ്ണുതയുളള ഒരു ദൈവതത്വമോ തത്വമില്ലായ്മയോ സൃഷ്ടിക്കാനാണത്.  ഡുറാന്റിന്റെ പ്രസരിപ്പാർന്ന, തെളിച്ചമുളള ഗദ്യം വായിക്കാനാണു സത്യത്തിൽ ഞാൻ ഈ പുസ്തകം ഇടയ്ക്കിടെ തുറന്നുവായിക്കുന്നത്. മനുഷ്യസമൂഹത്തെയും ലോകക്രമത്തെയും സംബന്ധിച്ച ഡുറാന്റിന്റെ പല നിലപാടുകളും കാലഹരണപ്പെട്ടതായി കാണുമ്പോഴും, എഴുത്തിലെ സരളത വാടാതെ നിൽക്കുന്നുണ്ട്. ചരിത്രപരമായ ഉൾക്കാഴ്ച എന്ന കുറിപ്പിൽ ഡുറാന്റ് പറയുന്നു, ‘ഭൂതകാലം മരിച്ചതായി കരുതരുത്. ഭൂതത്തിന്റെ അനുമതിയോടല്ലാതെ ഇപ്പോൾ ഒന്നും സംഭവിക്കില്ല. വർത്തമാനമെന്നത് ഭൂതം ഈ ഒറ്റ നിമിഷത്തിലേക്കു സന്നിവേശിക്കുന്നതാണ്...’ 

Content Summary: Ezhuthumesha column on reading works of VM Girija and Will Durant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA
;