10 –ാം വയസ്സിൽ വിധവ, തളരാതെ പഠിച്ച്  ഡോക്ടറായി; അറിയണം ഈ പെൺചെറുത്തുനിൽപിന്റെ കഥകൾ - വിഡിയോ

SHARE

1883 ഫെബ്രുവരി 24 ന് പുരുഷൻമാർ തിങ്ങി നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്യുമ്പോൾ ആനന്ദിബായ് ജോഷി പതറിയില്ല. വാക്കുകൾക്കു വേണ്ടി കഷ്ടപ്പെട്ടില്ല. തലയുയർത്തിപ്പിടിച്ച്, ജീവിതലക്ഷ്യം വെളിപ്പെടുത്തി. ബംഗാളിലെ സെറാംപുർ എന്ന സ്ഥലത്തായിരുന്നു സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത്. സ്ത്രീകളുടെ വിമോചനത്തിന്റെ കാഹളം. അതുവരെ അകറ്റിനിർത്തിയിരുന്ന ഒരു മേഖലയിലേക്ക് സ്ത്രീകൾ കടക്കുന്നതിന്റെ തുടക്കം കൂടിയായിരുന്നു അത്. മതത്തിന്റെ, ജാതിയുടെ, സമൂഹം ഏർപ്പെടുത്തിയ എണ്ണമറ്റ വിലക്കുകൾ ലംഘിച്ച് ഒരു സ്ത്രീ വൈദ്യശാസ്ത്രം പഠിക്കാൻ തീരുമാനിക്കുന്നു. മികച്ച പഠനത്തിനുവേണ്ടി കടൽ കടന്ന് അമേരിക്കയിലേക്കു പോകുന്നു. അതും തനിച്ച്.

‘ഞാൻ എന്തിന് അമേരിക്കയിലേക്കു പോകുന്നു എന്നാണ് ചോദ്യം. വൈദ്യശാസ്ത്രം പഠിക്കാൻ. ഇന്ത്യയിൽ ഡോക്ടർമാരുടെ അഭാവം ഇനിയുണ്ടാകരുത്. മറ്റു സ്ത്രീകളാരും ചെയ്യാത്ത ഒരു പ്രവൃത്തി ഞാൻ എന്തിന് ചെയ്യുന്നു എന്നാണ് മറ്റൊരു ചോദ്യം. വ്യക്തികൾ എന്ന നിലയിൽ നമുക്ക് ഓരോരുത്തർക്കും സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. എല്ലാ മനുഷ്യർക്കും വേണ്ടിയാണ് ഈ യാത്ര. വ്യക്തി എന്ന നിലയിൽ എന്റെ കടമയാണ് ഞാൻ നിറവേറ്റുന്നത്.’

ചോദ്യങ്ങൾക്കൊപ്പം ഉത്തരവും വ്യക്തമാക്കി ആനന്ദിബായ് നടത്തിയ പ്രസംഗത്തിനൊടുവിൽ പുരുഷൻമാർക്ക് പ്രത്യേകിച്ചൊന്നും പറയാനില്ലായിരുന്നു. അങ്ങനെ, ഇന്ത്യയിൽനിന്ന് ഒരു യുവതി വൈദ്യശാസ്ത്രം പഠിക്കാൻ അമേരിക്കയിലേക്കു പോയി. വിജയകരമായി പഠനം പൂർത്തിയാക്കി. ഇന്ത്യയിലെ ആദ്യത്തെ ലേഡി ഡോക്ടർ എന്ന പദവിക്ക്  അർഹയായി. എന്നാൽ, ഇന്നും ആനന്ദി ബായ് ജോഷിയെക്കുറിച്ച് അധികമൊന്നും ഇന്ത്യക്കാർക്കു പോലും അറിയില്ല. അവരുടെ പേരിൽ സ്കൂളുകളോ കോളജുകളോ ഇല്ല. റോഡ് പോലും ഇല്ല. ചരിത്രത്തിന്റെ ക്രൂരമായ വിസ്മൃതി. എന്നാൽ, അത് ആ ഡോക്ടറുടെ  പ്രസക്തി ഇല്ലാതാക്കുന്നില്ല. 

വീടിനു പുറത്തിറങ്ങാൻ പോലും സ്ത്രീകൾക്ക് അനുവാദമില്ലാതിരുന്ന കാലത്താണ് എല്ലാ വിലക്കുകളും മറികടന്ന് ചിലർ പഠിച്ചതും ബിരുദങ്ങൾ നേടിയതും ഡോക്ടർമാരായതും. അവരിലെ തുടക്കക്കാരിയാണ് ആനന്ദിബായ് ജോഷി. വൈദ്യശാസ്ത്രം പഠിച്ചതിന്റെ പേരിൽ ചീത്ത സ്ത്രീ എന്നു വിളിപ്പേര് കേട്ടിട്ടുണ്ട് കദംബിനി ഗാംഗുലി. എട്ടു മക്കളെ പ്രസവിച്ച് വളർത്തി വലുതാക്കുന്നതിനിടയിലാണ് അവർ രാജ്യത്തെ ആദ്യത്തെ പ്രാക്ടീസിങ് ഡോക്ടർ എന്ന ബഹുമതി നേടുന്നത്. കുട്ടിക്കാലത്ത് അടിച്ചേൽപിക്കപ്പെട്ട ശൈശവ വിവാഹത്തിൽനിന്ന് രക്ഷപ്പെട്ട് വിവാഹ മോചനം നേടിയാണ് രുക്മാബായ് റാവുത്ത് ഡോക്ടറായത്. വിവാഹ മോചനം എന്നത് കേട്ടുകേൾവി പോലുമില്ലാതിരുന്ന കാലത്തായിരുന്നു രുക്മാ ബായിയുടെ വിവാഹവും വിവാഹമോചനവും. ഇവരുടെ കാലടികൾ പിന്തുടരാൻ കൂടുതൽ കരുത്തുള്ള സ്ത്രീകൾ എത്തിക്കൊണ്ടിരുന്നു. 10-ാം വയസ്സിൽ വിധവയായിട്ടും തളരാതെ പഠിച്ച്  ഡോക്ടറായി  ഹൈമാബതി സെൻ. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച ചെന്നൈയിലെ മുത്തുലക്ഷ്മി റെഡ്ഡി. ഇന്ത്യയുടെ ആദ്യത്തെ സർജൻ ജനറൽ എന്ന പദവി നേടിയ തിരുവിതാംകൂറിലെ മേരി പുന്നൻ ലൂക്കോസ്... രാജ്യത്തെ ആദ്യത്തെ വനിതാ ഡോക്ടർമാർ. ചരിത്രം പൂർണമായി രേഖപ്പെടുത്താത്ത 6 ലേഡി ഡോക്ടർമാരുടെ കഥ പറയുകയാണ് കവിത റാവു എന്ന മാധ്യമപ്രവർത്തക. 

ഇന്ത്യയിൽ വൈദ്യശാസ്ത്ര പഠനത്തിന് അവസരമില്ലാതിരുന്ന കാലത്ത് വിദേശത്തു പോയി പഠിക്കേണ്ടിവന്നു സ്ത്രീകൾക്ക്. പുരുഷൻമാർ പോലും വിദേശത്തു പോകുന്നത് അപൂർവമായ കാലത്താണ് പഠിക്കാൻവേണ്ടി സ്ത്രീകൾ കടൽ കടന്നത് എന്നത് ഇന്നും വിസ്മയം ജനിപ്പിക്കുന്നതാണ്. കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും നേരിടേണ്ടിവന്ന പീഡനങ്ങൾ ഒട്ടേറെ. പരിഹാസങ്ങൾ. എന്നാൽ, ഒരു പ്രതിബന്ധത്തിനും അവരുടെ യാത്ര മുടക്കാനായില്ല. ജീവിത ലക്ഷ്യം നിറവേറ്റുന്നതിൽ നിന്ന് തടയാനുമായില്ല. അവരുടെ ത്യാഗത്തിന്റെ ഫലം ഇന്നും നാം അനുഭവിക്കുന്നു. 

കവിത റാവു പ്രതിപാദിക്കുന്ന ആറ് ലേഡി ഡോക്ടർമാരുടെയും ജീവിതം അവയുടെ പൂർണതയിൽ പഠിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്. അവർ കെട്ടിയുയർത്തിയ ത്യാഗത്തിന്റെ ഉറപ്പിലാണ് പിന്നീട് ആരോഗ്യ രംഗത്തെ നേട്ടങ്ങൾ ഒന്നൊന്നായി സൃഷ്ടിക്കപ്പെട്ടത്. ലോകരാജ്യങ്ങളുടെ കൂട്ടത്തിൽ അഭിമാനാർഹമായ പദവിയിൽ ഇന്ത്യ എത്തിയതും. 

19-ാം നൂറ്റാണ്ടിന്റെ അവസാനവും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി നടന്ന ഈ സ്ത്രീവിപ്ലവങ്ങളെക്കുറിച്ച് വളരെക്കുറച്ച് ആധികാരികമായ രേഖകൾ മാത്രമേയുള്ളൂ. വർഷങ്ങളെടുത്ത് പഠനവും ഗവേഷണവും നടത്തിയാണ് കവിത റാവു ലേഡി ഡോക്ടർമാരുടെ ചരിത്രം രേഖപ്പെടുത്തുന്നത്. ലളിതവും ശക്തവുമായ ഭാഷയിലാണ് ഓരോ ജീവിതവും അനാവരണം ചെയ്യുന്നത്. ആവേശകരമായ ഈ ജീവചരിത്രം ഈയടുത്ത് എഴുതപ്പെട്ട ഏറ്റവും വിസ്മയകരമായ കൃതികളിൽ ഒന്നുകൂടിയാണ്. 

ലേഡി ഡോക്ടേഴ്സ് 

കവിത റാവു 

വെസ്റ്റ് ലാൻഡ് പബ്ലിക്കേഷൻസ് 

Content Summary: Lady Doctors: The Untold Stories of India's first Women in Medicine, book written by Kavitha Rao

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA
;