പെണ്ണുചത്തവന്റെ തിരിച്ചറിവുകൾ

HIGHLIGHTS
  • കഥയുടെ വഴി - കഥകളുടെ പിറവിരഹസ്യം തേടിയുള്ള അന്വേഷണം
  • രവിവർമ തമ്പുരാൻ എഴുതുന്ന പംക്തി.
KS Ratheesh
കെ.എസ്. രതീഷ്
SHARE

ഭാര്യ മരിച്ചയാളുടെ ജീവിതം എന്തായിരിക്കും? എങ്ങനെയായിരിക്കും?

പറമ്പിന്റെ തെക്കേമൂലയിൽ പെണ്ണിന്റെ ചിതയൊരുക്കിയ ഭാഗത്തേക്ക് എന്തോ ഉറപ്പിച്ച് അയാൾ മെല്ലെ നടന്നു ചെല്ലും.  എന്നിട്ട് ചിതയുടെ വലതുവശത്തെ മുളങ്കൂട്ടത്തിന്റെ അരികിൽ ഇരിക്കും.

ഒന്നും ശരിയാവുന്നില്ല ദേവീ, നമ്മുടെ മക്കൾക്കു വേണ്ടി ഞാനൊരു പെണ്ണുകെട്ടിയാലോന്ന്.....

വാക്കുകൾ പിശുക്കി അയാൾ പെണ്ണിനോടു ചോദിക്കും. മരിച്ച് പതിനേഴാമത്തെ ദിവസം ഭർത്താവു വന്ന് ഇങ്ങനെ ചോദിക്കുമ്പോൾ, ഭ്രാന്തു പിടിച്ച ഒരു കാറ്റ് പടർന്ന് പെണ്ണിന്റെ പല്ലിറുമ്മൽ പോലെയൊരു ശബ്ദമുണ്ടാക്കും. അല്ലാതെ കാറ്റിന് വേറെന്തിനാണ് കഴിയുക? പെണ്ണിനും.

ഭാര്യ മരിച്ചാൽ ഓരോരുത്തരുടെയും കാര്യത്തിൽ ഓരോന്നായിരിക്കും സംഭവിക്കുക. പക്ഷേ, കെ.എസ്. രതീഷിന്റെ പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം എന്ന ചെറുകഥയിലെ നായകന്റെ ജീവിതത്തിൽ മേൽപറഞ്ഞ പ്രകാരമാണ് സംഭവിച്ചത്. ഭാര്യ മഞ്ഞുകട്ടപോലെ തണുത്തു മരവിച്ചു കിടന്നത് പതിനേഴുദിവസം മുമ്പാണ്. ഈ പതിനേഴു ദിവസത്തിനിടയിൽ  മറ്റൊരു പെണ്ണിനെ കൂടെ കൂട്ടിയേ കഴിയൂ എന്ന് അയാൾക്കു തോന്നിയത് എന്തുകൊണ്ടാവാം? അതിനുള്ള ഉത്തരമാണ് 2020 ജനുവരിയിലെ ഭാഷാപോഷിണിയിൽ അച്ചടിച്ചു വന്ന ഈ കഥ.

ആ പെണ്ണ് ചാകുംവരെ വീടിനു ജീവനുണ്ടായിരുന്നു. ഹൃദയം പൊട്ടി മരിച്ച പെണ്ണിന്റെ കഥ പറയാൻ കൂടിയവർ പിരിഞ്ഞുപോയതോടെ അയാളും മക്കളും മാത്രമായി വീട്ടിൽ. ആ ഏകാന്തതയിൽ ഏതുനേരവും അയാൾ പെണ്ണിനെ ഓർത്തു. അത് സ്‌നേഹം കൊണ്ടൊന്നുമല്ല. പെണ്ണ് വീടെങ്ങനെ ഓടിച്ചുകൊണ്ടുപോയെന്ന് ഓരോനിമിഷവും മനസ്സിലായിക്കൊണ്ടിരുന്നതുകൊണ്ടാണ്. ആ ഓർമിക്കലുകളിലൂടെ അയാൾ ഒന്നറിഞ്ഞു, തനിക്കതുപോലൊന്നും വീടു നടത്തിക്കൊണ്ടു പോകാൻ കഴിയില്ല.

വീട്ടിൽ പെണ്ണിനെപ്പോലെ ചിലയ്ക്കുന്ന ഒരു കോഴിപ്പടയുണ്ട്. അസമയത്ത് കോഴി എഴുന്നേൽക്കടാന്ന് അയാളെ നോക്കി കൂവിയതിന്റെ പേരിലും അയാൾ പെണ്ണിനോടു ദേഷ്യപ്പെട്ടിട്ടുണ്ട്. അയാൾ ഓഫിസിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ പെണ്ണും കോഴികളും തമ്മിലാകെ കലപിലയാകും. അപ്പോൾ വീടിന്റെ ചിരി കാണണം. മുട്ടയിടാത്ത കോഴിയെ പെണ്ണ് തുറിച്ചുനോക്കും. പെണ്ണിന്റെ പിന്നാലെ പായുന്ന പൂവനെ കളിയാക്കും. മുട്ടയിട്ടവർ വന്നെടുക്കെടീ പെണ്ണേന്നും പറഞ്ഞ് ചിരിച്ചോണ്ടോടും.

pennuchathathinte-pathinezham-divasam

അടുക്കളയിൽ നിന്നു കരിഞ്ഞ മണം വന്ന് അയാളുടെ നെറ്റിയിൽ ചുളിവു വീഴ്ത്തി. കുടിക്കാൻ വെള്ളം തിളപ്പിക്കാൻ വച്ചതു മറന്നു പോയി. പാത്രത്തിന്റെ ഉള്ളുവരെ പൊള്ളിയടർന്നു. പെണ്ണ് കുറെ വർഷമായി ഉപയോഗിക്കുന്ന പാത്രമാണത്. വൈകിട്ട് അതുപോലൊന്നു വാങ്ങിക്കണം. അയാൾ ഒരു ചെറിയ പേപ്പറിൽ എഴുതിവച്ചു. ഇനിയെന്തൊക്കെ വാങ്ങാനുണ്ടാകുമെന്നറിയാൻ അയാൾ അവിടെയെല്ലാം പരതി. ചെറിയ പേപ്പറിന്റെ അതിരുകടന്ന പട്ടിക. എന്തൊക്കെ വിട്ടുപോയിട്ടുണ്ടാകും?

ഉള്ളി മുളച്ച് ചോദ്യം പോലെ വളഞ്ഞുനിന്നു.

അടുക്കളയും മുറ്റവും പരിസരവും കുട്ടികളും അവരുടെ സ്‌കൂളും സ്വന്തം ഓഫിസും, എല്ലാമെല്ലാം ചോദ്യങ്ങളായി വളഞ്ഞു നിന്നപ്പോഴാണ് ജോലിക്കാരനെന്ന ഗമയല്ലാതെ കുടുംബത്തിലെ പ്രായോഗിക ജീവിതത്തിനു വേണ്ട ഒരു തരത്തിലുള്ള തന്മയത്വവും പ്രാവീണ്യവും തനിക്കില്ലെന്ന് അയാൾ തിരിച്ചറിയുന്നത്. സ്വയം ചോദ്യചിഹ്നമായി വളഞ്ഞും മറ്റുള്ളവരുടെ കണ്ണിൽ അതിശയചിഹ്നമായി നിലത്തുറയ്ക്കാതെയും കൊട്ടേഷനായി പുച്ഛിക്കപ്പെട്ടും മാറിയപ്പോഴാണ് അയാൾ പതിനേഴാം ദിവസം പെണ്ണിന്റെ ചിതയൊരുക്കിയ ഭാഗത്തു പോയി കുത്തിയിരുന്നതും വേണ്ടാത്തതു ചോദിച്ച് പെണ്ണിന്റെ പല്ലിറുമ്മൽ കാറ്റിലൂടെയറിഞ്ഞതും.

പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം അതേപേരിൽ മറ്റു 11 കഥകളോടൊപ്പം പുസ്തകരൂപത്തിൽ പുറത്തിറങ്ങിക്കഴിഞ്ഞു. ചിന്ത പബ്‌ളിഷേഴ്‌സ് ആണ് പ്രസാധകർ. പാറ്റേൺ ലോക്ക്, കേരളോൽപത്തി, ബർശല്, ഞാവൽ ത്വലാഖ്, കബ്രാളും കാശിനെട്ടും തുടങ്ങി വേറെയും കഥാസമാഹാരങ്ങൾ. എഴുപതോളം കഥകൾ.

നെയ്യാർ ഡാം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ മലയാളം അധ്യാപകന് കഥാരചന അതിജീവനമായിരുന്നു. നാലര വയസ്സിൽ കൊല്ലത്തെ അനാഥാലയത്തിൽ എത്തിപ്പെട്ട കുട്ടിക്ക് അവിടെയൊരു പേരില്ലായിരുന്നു. കെഎൻഎച്ച് 0326 എന്നൊരു നമ്പരിൽ അവൻ അറിയപ്പെട്ടു.  മുന്നൂറ്റിയിരുപത്താറേ എന്നാണ് അനാഥാലയം ജീവനക്കാർ വിളിച്ചിരുന്നത്. എഴുപതോളം അനാഥർക്കിടയിൽ നിന്നു വളർന്നാണ് ആ കൊച്ചുകുട്ടി സ്‌കൂൾ അധ്യാപകനും ഭർത്താവും കുട്ടികളുടെ അച്ഛനും ഗൃഹനാഥനുമൊക്കെയായത്. സ്വന്തം ജീവിതത്തിലെ അനുഭവങ്ങളെഴുതി വളർന്ന് കഥാകൃത്തുമായി. കഥയിലൂടെ നാടറിഞ്ഞ അവനിന്ന് പഴയ 326 അല്ല. മലയാളത്തിലെ കഥാ വായനക്കാർ ഏറെ ഇഷ്ടപ്പെടുന്നൊരു പേരാണ്, കെ.എസ്. രതീഷ്.

പെണ്ണു ചത്തവന്റെ പതിനേഴാംദിവസം എഴുതാനുണ്ടായ പശ്ചാത്തലത്തെക്കുറിച്ച് രതീഷ്-

അന്ന് വളരെ വൈകിയാണ് അവൾ കിടക്കാൻ വന്നത്, അടുക്കളയിൽ എന്തൊക്കെയോ തട്ടുമുട്ടുകൾ കേട്ടിരുന്നു. വന്നിട്ടും കുറച്ചു നേരം കട്ടിലിൽ കിടന്ന് ഒരു നോവൽ വായിച്ചു.ഒടുവിൽ എന്നോട് ഒരു ചോദ്യം.

മാഷേ ഞാൻ മരിച്ചു പോയാൽ നിങ്ങൾ വേറെ കെട്ടുമോ..? വളരെ വേഗത്തിൽ എന്റെ മറുപടിയുമുണ്ടായി..

അല്പം കൂടെ മെലിഞ്ഞ കുറച്ചുകൂടെ മുടിയുള്ള ഒരാളെ കെട്ടി ശിഷ്ടകാലം ഇതിലും സന്തോഷമായി ജീവിക്കും. അവൾ എന്റെ നേർക്ക് തിരിഞ്ഞുകിടന്നു. ഒരുമ്മ തന്നു. വേഗത്തിൽ ഉറക്കമായി.

ks-ratheesh
കെ.എസ്. രതീഷ്

അതോടെ എന്റെ ഉറക്കം നഷ്ടമായി. ഒന്നോർത്താൽ അവൾ ഇല്ലാതെ ആയാൽ ഞാൻ വെറും പൂജ്യമാണ്. കെ എസ് രതീഷ് എന്ന കഥാകൃത്ത്, അധ്യാപകൻ, രണ്ട് മക്കളുടെ അച്ഛൻ, അനാഥനായ കുട്ടി എല്ലാവർക്കും താളം തെറ്റും. ഉറക്കവും കാത്ത് ഏറെ നേരം കിടന്നു. രണ്ടോ മൂന്നോ മണി ആയപ്പോൾ എഴുന്നേറ്റ് വായന മുറിയിൽ വന്നിരുന്നു. പാതി വായിച്ച നോവലിൽ കയറിനോക്കി ഒറ്റ വരിപോലും കടന്നുപോകാൻ സാധിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ ചുറ്റിത്തിരിഞ്ഞു. ആകെ ഉണർന്നിരിക്കുന്നത്  ഞാൻ മാത്രമാണെന്ന് തോന്നി. വീടിനുള്ളിൽ വെറുതെ നടന്നു. കിടപ്പുമുറിയിൽ ചെന്നുനോക്കി മക്കളെ കെട്ടിപ്പിടിച്ചു കിടന്നു സുഖമായി ഉറങ്ങുന്ന അവൾ.

കടുപ്പത്തിൽ ഒരു ചായയുണ്ടാക്കി കുടിച്ചു. പിന്നെയും വന്നിരുന്നു. കഥയുടെ കുറിപ്പുകൾ കൂട്ടിയിടുന്ന പുസ്തകത്തിൽ വെറുതെ എഴുതിനോക്കി. എന്റെ പെണ്ണു ചത്തുപോയൽ ഞാൻ എന്താകും...? അതായിരുന്നു ലക്ഷ്യം പക്ഷേ, ഒരു മുഹൂർത്തത്തിൽ അതൊരു കഥയിലേക്ക് വഴുതി വീഴുകയായിരുന്നു. വളരെ വേഗം ടാബിൽ ടൈപ്പ് ചെയ്യാൻ തുടങ്ങി. രാവിലെ എട്ടുമണിക്ക് എഴുതിത്തീർന്നു. വൈകിട്ട് ഭാഷാപോഷിണിയിലേക്ക് മെയിൽ ചെയ്തു. പിറ്റേന്ന് മറുപടിയായി. ഇങ്ങനെയായിരുന്നു ആ കഥ വന്ന വഴി.

എത്രയോ കാലം ഉള്ളിലുണ്ടായിരുന്ന ഒരു ഭയം അവളുടെ ചോദ്യത്തിൽ പൊട്ടിയൊലിച്ചു എന്നതാണ് സത്യം. വീട്, അടുക്കള, വീട്ടുമുറ്റത്തെ കോഴികൾ, അയൽക്കാരി, അപ്പുറത്തെ മതില്, ടാപ്പിങ്ങുകാരൻ, ഭാര്യ, മക്കൾ, പിന്നെ ഞാൻ.. ഇവരാണ് അതിലെ കഥാപാത്രങ്ങളുടെ വേഷങ്ങൾ കെട്ടി വന്നത്. ആക്രി പെറുക്കാൻ ചെന്ന കുട്ടിക്ക് ജീവിതത്തിൽ ഏറ്റവും വിലയുള്ള എന്തോ കിട്ടിയ സന്തോഷമായിരുന്നു ആ കഥ അച്ചടിച്ച് വന്നപ്പോഴും പിന്നീട് അതേ പേരിൽ  കഥാസമാഹാരം ഉണ്ടായപ്പോഴും. ഈ കഥയുടെ ശരിയായ അവകാശി ആ ചോദ്യവും അവളുമാണ്.

പെണ്ണു ചത്തവൻ എന്ന പേരിൽ കവിത ഉണ്ടാക്കാനുള്ള ഒരു താല്പര്യവും ഉള്ളിൽ കിടന്നതു കൊണ്ട് കഥയുടെ ഭാഷയും അല്പം കവിതയോട് ചേർന്നു പോയി. വായനക്കാരിൽ ചിലരത് പറയുകയുമുണ്ടായി. വളരെ ചുരുങ്ങിയ സമയം കൊണ്ട് എഴുതിയതു കാരണം എഡിറ്റിങ്ങിന്റെ അഭാവവും പലയിടത്തും എനിക്ക് പിന്നീട് വായിക്കാൻ കഴിഞ്ഞു. എന്തോ അതിൽ എനിക്ക് തിരുത്തലുകൾ വരുത്താൻ തോന്നിയില്ല. ഇനിയത് തിരുത്തുമെന്നും തോന്നുന്നില്ല. തലയിൽ ചിലന്തി വലയും ചൂടി നിൽക്കുന്ന ആ സീൻ ഞാൻ എത്ര തവണ കണ്ടതാണ്. വീടിനുള്ളിൽ തുണിവിരിക്കാൻ കെട്ടിയ അയക്കയർ എത്ര തവണ ഞാൻ പൊട്ടിച്ചതാണ്..

എന്റെ ജീവിതത്തിൽ തൊട്ടു നിൽക്കുന്നതല്ലാതെ ഒന്നും എഴുതാൻ ശ്രമിക്കാറില്ല, അങ്ങനെ ശ്രമിച്ചതെല്ലാം പാഴായി പോയിട്ടുണ്ട്. കഥയിലെ പെണ്ണു ചത്തവൻ ഞാനാണെന്നും, എനിക്ക് സ്വയം ചികിത്സിക്കാനുള്ള വഴിയാണ് ഈ കഥയെഴുത്തെന്നുമാണ് എന്റെ ചിന്ത.പലപ്പോഴും ഞാൻ കഥയുണ്ടാക്കുമ്പോൾ വായനക്കാരുടെ ചിന്തകളെക്കുറിച്ചാണ് ആകുലപ്പെട്ടിരുന്നത് പക്ഷേ, ഈ കഥയിൽ എന്റെ മറുപടി മാത്രമാണ് ലക്ഷ്യം. അതുകൊണ്ട് ഈ കഥ ഏറ്റവും രുചിക്കുന്നത് എനിക്കുതന്നെയാണ്, അല്ലെങ്കിൽ വായനക്കാരിലെ പെണ്ണുചത്തവർക്ക്.

ആദ്യ വായനക്ക് കഥ കൊടുത്തപ്പോൾ അവളുടെ മുഖത്ത് ചിരി. ഒന്ന് പോ മാഷേ, നിങ്ങൾ ഉള്ളി അരിയും, ചായ ഇടും, മക്കളുടെ തുണി അലക്കും. എന്നിട്ടും എനിക്ക് തൃപ്തി വന്നില്ല എന്നതാണ് സത്യം. എന്നിൽ ഇനിയും പരിഹരിക്കാൻ കഴിയാത്ത ഒരു ഭീകര പുരുഷകോയ്മക്കാരൻ പതുങ്ങിയിരിക്കുന്നുണ്ടെന്ന് തോന്നി. ഇനിയും ഇനിയും എഴുതി അത് പരിഹരിക്കാൻ കഴിയുമെന്ന വിശ്വാസവുമുണ്ട്.

കഥ കാലത്തോട് മാത്രമല്ല അവനവനോടും കലഹിക്കലാണ് എന്ന തിരിച്ചറിവാണ് എനിക്ക് തന്നത്. അതു മാത്രമല്ല തൊട്ടടുത്ത് ഇത്രയും വലിയ കഥ കിടക്കുമ്പോൾ പ്രാപ്യമല്ലാത്ത ഇടങ്ങൾ തിരഞ്ഞു പോകുന്നതിന്റെ അയുക്തിയും ഞാൻ പഠിച്ചെടുക്കുകയായിരുന്നു. അന്നുമുതൽ എന്നെ വന്നു തൊടാത്തത് ഒന്നും എഴുതില്ലെന്ന് തീരുമാനിച്ചു. ഉള്ളിയും മാങ്ങയും ബീൻസും അരിയുന്നതിന് പുറമെ, പാത്രങ്ങൾ കഴുകാനും ശ്രമിച്ചു. അവളുണ്ടാക്കുന്ന ഭക്ഷണത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ പറഞ്ഞു.

ഫെയ്‌സ്ബുക്കിൽ അവളുടെ ബോട്ടിൽ ആർട്ടുകൾ പ്രദർശിപ്പിച്ചു. കുപ്പികൾ പെറുക്കി അവൾക്കെത്തിച്ചു. ഇന്നും  പെണ്ണുചത്തവൻ ആകാൻ ശ്രമിക്കുന്ന അവസരങ്ങളിൽ ആ കഥയെ മരുന്നുപോലെ ഓർക്കുന്നു.

ഒരു ചുംബനത്തോടെ ആ പുസ്തകം അവൾക്കാണ് സമർപ്പിച്ചത്. അതു മാത്രമല്ല പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം പ്രകാശനം ചെയ്തതും എന്റെ പെണ്ണ് തന്നെയാണ് അതും ഞങ്ങളുടെ ഏറ്റവും രുചിയുള്ള അടുക്കളയിൽ വച്ച്.

Content Summary: Kadhayude Vazhi column by Ravivarma Thampuran on writer KS Ratheesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA
;