ADVERTISEMENT

എട്ട് എയുടെ വരാന്തയിലൂടെ നെല്ലിക്കയും തിന്ന് സുശീല കുളിമുറിയിലേക്കോടി. തലയിലൂടെ വെള്ളം കോരിയൊഴിക്കുമ്പോൾ അവൾ സ്‌കൂൾ അസംബ്ലിയിലായിരുന്നു. ചന്ദനക്കുറി തൊട്ട്, വെളുത്ത കൈത്തറി സാരി ചുറ്റി ജഗദമ്മ ടീച്ചർ വരാന്തയിലുണ്ടായിരുന്നു. അസംബ്ലിയിലെ പൊരിവെയിലിൽ കുഴഞ്ഞുവീണ അവളെ ആദ്യം താങ്ങിയ കൈകൾ ജഗദമ്മ ടീച്ചറുടേതായിരുന്നു. സ്റ്റാഫ് റൂമിലെ ചോക്കുപൊടിയുടെ മണമുള്ള ബഞ്ചിൽ കിടന്നു കണ്ണുതുറക്കുമ്പോൾ ആദ്യം കണ്ടത് നീർതുളുമ്പുന്ന ടീച്ചറുടെ കണ്ണുകളായിരുന്നു. 

‘രാവിലെ കഴിച്ചിട്ടല്ല വീട്ടിൽനിന്നു വരുന്നതെങ്കിൽ ഒന്നു പറഞ്ഞുകൂടേ മോളേ? ദാ, ഇതു കഴിക്ക്.’

ടീച്ചർ സ്വന്തം ചോറ്റുപാത്രം തുറന്ന് വായിലേക്കു നീട്ടിയ ചപ്പാത്തിയിൽ അവൾ അതുവരെയറിയാത്ത വാൽസല്യം നുണഞ്ഞു.

 

പിന്നീടങ്ങോട്ട് പെൻഷൻപറ്റി പോകുംവരെ സുശീലയ്ക്കുള്ള ചപ്പാത്തിയും കൂട്ടാനും കൂടി ടീച്ചർ ബാഗിലെടുത്തു. സുശീല മാത്രമല്ല സ്‌കൂളിലെ കുട്ടികളെല്ലാം ടീച്ചറുടെ  വാൽസല്യം പല രൂപത്തിൽ അറിഞ്ഞിട്ടുണ്ട്. പുരാണകഥകളും സാരോപദേശ കഥകളും പറഞ്ഞുകൊടുത്തും തെറ്റുചെയ്തവരെ കനിവോടെ ഗുണദോഷിച്ചും ടീച്ചർ കുട്ടികളെ വളർത്തി. സ്വന്തം മക്കളെപ്പോലെ.

 

daivamarathile-ila

ടീച്ചറുടെ വാൽസല്യം ആവോളമനുഭവിച്ചറിഞ്ഞ സുശീലയുടെ മനസ്സിൽ  അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും കുലീനതയുടെയും പര്യായപദമായും ഭൂമിയിലെ മാതൃകാസ്ത്രീയായും ടീച്ചറങ്ങനെ ദൈവമരമായി വളർന്നു നിന്നതു കൊണ്ടാകാം വർഷങ്ങൾക്കു ശേഷം വീട്ടുജോലികൾക്കു പോയിത്തുടങ്ങിയപ്പോൾ ടീച്ചറോടു സംസാരിച്ചിരിക്കാൻ ആളെ ആവശ്യമുണ്ടെന്ന് അവരുടെ മകളുടേതായി പത്രത്തിൽ വന്ന പരസ്യം കണ്ട് ജോലിക്കപേക്ഷിച്ചത്. സുശീലയുടെ അമ്മയ്ക്ക് മകളുടെ ശമ്പളം മാത്രം മതിയായിരുന്നു. അതുകൊണ്ട് അവർ കൂടുതലൊന്നും വിശദീകരിക്കാതെ മകളെ ആ വീട്ടിൽ ജോലിക്കു കൊണ്ടാക്കി അഡ്വാൻസ് തുകയും വാങ്ങി തിരിച്ചുപോയി.

 

അടുക്കളജോലിക്കു നിൽക്കുന്ന സ്ത്രീ ഒരു ആമുഖവിവരണം നൽകിയപ്പോൾ സുശീലയ്ക്കു വിശ്വാസമായില്ല. ഒരിക്കലും എന്റെ ടീച്ചർ അത്തരക്കാരിയായിരുന്നിട്ടില്ല. ഇനിയുമൊട്ട് ആവുകയുമില്ല. അവൾ മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു. മകളുടെ നിർദേശപ്രകാരം അടുക്കളജോലിക്കാരി ആഹാരത്തിൽ പൊടിച്ചിട്ടുകൊടുക്കാറുള്ള ഉറക്കഗുളിക കഴിച്ച് മിക്കസമയത്തും ഉറങ്ങിക്കിടക്കുന്ന ടീച്ചർ  ഇടയ്‌ക്കൊന്ന് ഉണർന്നപ്പോൾ സുശീല അടുത്തേക്കു ചെന്നു, എന്നിട്ട് ആ കാലിൽ തൊട്ടു ശിരസ്സിൽ വച്ചു. അപ്പോൾ ടീച്ചർ പറഞ്ഞു: ഇങ്ങുവാ അടുത്തു വന്നിരി. അവൾ മടിച്ചു മടിച്ച് അടുത്തേക്കു ചെന്നു. അവളെ കട്ടിലിൽ പിടിച്ചിരുത്തി ജര വീണു തുടങ്ങിയ തന്റെ മെലിഞ്ഞ വിരലുകൾ കൊണ്ട് ടീച്ചർ അവളുടെ ബ്ലൗസ് മെല്ലെ അഴിച്ചു. അവൾക്കു നാണത്തേക്കാളുപരി ഈർഷ്യയാണു വന്നത്. എന്നിട്ടും വിശ്വസിക്കാനായില്ല, ടീച്ചറുടെ ആ മാറ്റം. 

 

പ്രായവും കാലവും ടീച്ചറിൽ ഏൽപിച്ച ക്ഷതം എന്തായിരിക്കാം? ചെറുപ്പകാലത്ത് നന്നായി പെരുമാറുന്നവർ വയസ്സാവുമ്പോൾ മോശമായി പെരുമാറുന്നതെന്തു കൊണ്ടായിരിക്കാം. ഇത്തരം അസ്വസ്ഥതയുണ്ടാക്കുന്ന വിചാരങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന കഥയാണ് രാജീവ് ശിവശങ്കറിന്റെ ദൈവമരത്തിലെ ഇല. 

പത്രപ്രവർത്തകൻ കൂടിയായ രാജീവും എന്നെപ്പോലെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഫിക്‌ഷൻ എഴുത്തിലേക്കു തിരികെ വന്നത്. തമോവേദം, പ്രാണസഞ്ചാരം, കൽപ്രമാണം, മറപൊരുൾ, കലിപാകം, പുത്രസൂക്തം, കാറൽമാർക്‌സ് കൈലാസം വീട്, കുഞ്ഞാലിത്തിര തുടങ്ങി ശ്രദ്ധേയമായ ഒട്ടേറെ നോവലുകളിലൂടെ മലയാളസാഹിത്യത്തിൽ മായ്ക്കാനാവാത്ത അടയാളങ്ങൾ രചിച്ചു കഴിഞ്ഞ രാജീവിന്റെ പ്രതിഭാസ്പർശമേറ്റ കഥകൾ വിവിധ ആനുകാലികങ്ങളിൽ അച്ചടിക്കപ്പെട്ടിട്ടുണ്ട്.  

 

ഈ കഥ എഴുതാനുണ്ടായ പശ്ചാത്തലത്തെക്കുറിച്ച് രാജീവ് പറയുന്നതു കൂടി കേൾക്കാം.

 

rajeev-sivshankar-writer
രാജീവ് ശിവശങ്കർ

32 വർഷത്തെ ഇടവേളയ്ക്കുശേഷം കഥയിലേക്കു തിരിച്ചുവന്നപ്പോൾ ഞാൻ ആദ്യം എഴുതിയ കഥയാണ് ‘ദൈവമരത്തിലെ ഇല’. രണ്ടാമത് സമാധാനത്തിന്റെ വഴികൾ. മൂന്നാമത് ദൈവവിചാരം. മൂന്നു കഥകളും 2013 ൽ പുറത്തുവന്നു.

 

‘ദൈവമരത്തിലെ ഇല’ സമകാലിക മലയാളത്തിലാണ് അച്ചടിച്ചുവന്നത്. അന്ന് അതു വായിച്ച പലരും ഇതുപോലൊക്കെ സംഭവിക്കുമോ എന്ന് നെറ്റിചുളിച്ചു. ചിലർ മുഷിയുക പോലും ചെയ്തു. പക്ഷേ, അവരെല്ലാം. സ്വന്തം വീട്ടിൽ സമാനമായ  അനുഭവം ഉണ്ടായപ്പോൾ എന്നെ വിളിച്ചു.

 

നാട്ടിലെ ബാല്യകാല സുഹൃത്തിന്റെ വീട്ടിൽ ഒരിക്കൽ പോയപ്പോൾ അമ്മൂമ്മ കിടപ്പിലാണെന്നു പറഞ്ഞു. പണ്ട് ഒരുപാട് ചാമ്പയ്ക്കയും പേരയ്ക്കയും തന്നിട്ടുള്ള അമ്മൂമ്മയാണ്. എപ്പോഴും പൂമുഖത്ത് പുരാണകഥകളും വായിച്ചിരിക്കും. മക്കളേ, കുഞ്ഞേ എന്നൊക്കയെല്ലാതെ വിളിക്കില്ല. വിജയദശമിക്ക് അമ്മൂമ്മയെക്കൊണ്ടാണ് നാട്ടിലെ പലരും കുട്ടികളെ എഴുത്തിനിരുത്തിയിരുന്നത്. ഞാൻ കണ്ടിട്ട് ഒരുപാടു വർഷമായി. ചങ്ങാതി പറഞ്ഞു, നീ കാണണ്ട.

 

എന്താ കാര്യമെന്നു ചോദിച്ചപ്പോൾ, അതങ്ങനാ എന്നു പറഞ്ഞ് അവൻ വാക്കുകളുടെ വാതിലടച്ചു. എത്ര ശ്രദ്ധിച്ചാലും കിടപ്പുരോഗികളായ പ്രായമായവരുടെ മുറിയിൽ ചിലപ്പോൾ മൂത്രത്തിന്റെയും മലത്തിന്റെയും നാറ്റം കാണും. ഡെറ്റോളിൽ മുക്കിയെടുത്താലും കുമുകുമാ മണം പൂമുഖത്തെത്തും. പുറംലോകത്തിനുമുന്നിൽ കാണിക്കാൻ കൊള്ളാത്ത എന്തോ അവസ്ഥയാണെന്ന് ഞാൻ ഉറപ്പിച്ചു.

 

പിന്നീട് ചങ്ങാതി ചോദിച്ചു, കാണണ്ട എന്നു പറഞ്ഞത് നിനക്കു വിഷമമായോ എന്ന്. ഉവ്വെന്നു പറഞ്ഞപ്പോൾ അവന്റെ കണ്ണു നിറഞ്ഞു. അമ്മൂമ്മയെപ്പറ്റി നിന്റെ മനസ്സിലുള്ള നന്മകൾ മായാതിരിക്കാനാണ് കാണണ്ടാ എന്നു പറഞ്ഞതെന്ന് അവൻ വിശദീകരിച്ചപ്പോൾ ആശയക്കുഴപ്പമേറി. പുരാണകഥകൾ ചൊരിഞ്ഞ ആ നാവിൽ ഇപ്പോൾ ചീത്തവാക്കുകൾ മാത്രമേ ഉറപൊട്ടുവത്രേ. ആരെക്കണ്ടാലും ചീത്തവിളി. കാതടപ്പിക്കുന്ന മുട്ടൻ തെറികൾ.

 

മനുഷ്യർക്ക് ഇങ്ങനെ മാറാനൊക്കുമോ എന്ന് എനിക്ക് അദ്ഭുതം തോന്നി. ഞാൻ ഏഴാം ക്ലാസ് വരെ എന്റെ അമ്മൂമ്മയോടൊപ്പമാണ് ഉറങ്ങിയിരുന്നത്. ഓർമകൾ നഷ്ടപ്പെട്ടുതുടങ്ങിയ കാലത്തുപോലും അധ്യാപികയുടെ അന്തസ്സിനു ചേരാത്ത ഒരു വാക്കുപോലും പറഞ്ഞുകേട്ടിട്ടില്ല. പിന്നീട് ഞാൻ പ്രായമായ കിടപ്പുരോഗികളുള്ള പലരുടെയും വീടുകളിലെ അവസ്ഥ തിരക്കി. കേട്ട കഥകൾ പലതും വേദനിപ്പിക്കുന്നതായിരുന്നു. വസ്ത്രം പറിച്ചെറിഞ്ഞുകളയാൻ ഇഷ്ടപ്പെടുന്ന ഒരമ്മ, ഭക്ഷണവുമായി വരുന്ന മരുമകളോട് അശ്ലീലച്ചുവയോടെ സംസാരിക്കുന്ന വൃദ്ധൻ, അറിയാത്ത പെണ്ണുങ്ങളെ ഫോണിൽ വിളിച്ച് തെറിപറയുന്ന മറ്റൊരു വൃദ്ധൻ, ജീവിതകാലം മുഴുവൻ നാമം ജപിച്ചു നടന്നിട്ടും ഒരു തവണപോലും ദൈവത്തെ വിളിക്കാനിഷ്ടപ്പെടാത്ത ഒരു അമ്മൂമ്മ... അങ്ങനെ എത്രയെത്രപേർ...

 

എന്തുകൊണ്ടാണിതെന്ന് ആലോചിക്കുമ്പോഴെല്ലാം ഓഷോ പറഞ്ഞ പെൻഡുലത്തിന്റെ ഉപമ ഞാനോർക്കും. മനസ്സ് ഒരു പെൻഡുലമാണ്. ഇടത്തേക്ക് എത്ര പോകുന്നോ അത്രയും വലത്തേക്കും പോകും. ഒരു മദ്യപന് മദ്യവിരോധിയാകാനും മറിച്ചും സാധ്യതയുണ്ടെന്നു ചുരുക്കം. സസ്യഭുക്കിനു മാംസഭുക്കാകാനും തിരിച്ചും ഇതേ സാധ്യത നിലനിൽക്കുന്നു.

 

ഇതെല്ലാം മനസ്സിൽ വച്ചാണ് ദൈവമരത്തിലെ ഇല എഴുതിയത്. എല്ലാവരും അംഗീകരിച്ചിരുന്ന, സ്‌നേഹിച്ചിരുന്ന, അധ്യാപികയായിരുന്നു അവർ. കുട്ടികളെ ഗുണപാഠകഥകൾ കൊണ്ടു പ്രചോദിപ്പിച്ചവർ. പക്ഷേ, അവസാനകാലത്ത് അവർ പെൻഡുലത്തിന്റെ അങ്ങേയറ്റത്തേക്കുപോയി. 

ഈ കഥയുൾപ്പെടുത്തി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ദൈവമരത്തിലെ ഇല എന്ന കഥാ സമാഹാരത്തിന് ആ വർഷത്തെ മനോരാജ് കഥാ പുരസ്‌കാരം ലഭിച്ചു.

 

Content Summary: Kadhayude Vazhi column by Ravivarma Thampuran on writer Rajeev Sivshankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com