നാടിന്റെ ചൂരും ചൂടുമുള്ള കഥകളാണ് സുഭാഷ് ഒട്ടുംപുറത്തിന്റേത്. ഒട്ടുംപുറം എന്ന നാടിന്റെ മണ്ണിൽ കാലുറപ്പിച്ചു നിൽക്കുമ്പോൾത്തന്നെ സുഭാഷിന്റെ കഥകൾ മനുഷ്യരുടെയും പ്രകൃതിയുടെയും വിവിധ ഭാവങ്ങൾ സ്വാംശീകരിക്കുന്നുമുണ്ട്. ഇറ്റെലികളും കാവോതികളും പോലുള്ള നാടൻ പ്രയോഗങ്ങളും മിത്തുകളും വായനക്കാരെ മറ്റൊരു ലോകത്തേക്ക് ഉയർത്തുന്നു. കാവോതി കടൽ ദേവതയാണ്. സുഭാഷിന് തന്റെ വാക്കുകളെല്ലാം കാവോതികളാണ്. നാട്ടിൻപുറത്തെ മൺമറഞ്ഞുപോയേക്കാവുന്ന നാടൻപ്രയോഗങ്ങളെല്ലാം ഉപ്പിട്ടുണക്കി ഭാവിയിലേക്ക് സൂക്ഷിച്ചുവയ്ക്കാൻ ആഗ്രഹിക്കുന്നൊരാളാണ് ഈ എഴുത്തുകാരൻ. പെട്രോൾ, ഡീസൽ വില മാനംമുട്ടെ ഉയരുന്ന കാലത്തു ജീവിക്കുമ്പോൾ എച്ച്2ഒ പോലുള്ള കഥകളിലൂടെ സുഭാഷ് നൽകിയ മുന്നറിയിപ്പുകൾ പത്തോ ഇരുപതോ വർഷങ്ങൾക്കപ്പുറമല്ല, നാളെയോ മറ്റന്നാളോ തന്നെ നമ്മുടെ ജീവിതത്തെ തകിടം മറിച്ചേക്കാമെന്ന ഉൾഭയം വായനക്കാരെ വേട്ടയാടും. ആ അർഥത്തിൽ വളരെ കൃത്യമായ ദൂരക്കാഴ്ചയുള്ളവയാണു സുഭാഷിന്റെ കഥകളൊക്കെ. പറയാനുള്ള രാഷ്ട്രീയം കൃത്യമായും മനോഹരമായും ആ കഥകളിൽ ഇഴുകിച്ചേർന്നിട്ടുണ്ടാകും. കൊയ്ത്തുകാരികളെപ്പോലെ തോന്നിപ്പിക്കുന്ന മീനുണക്കുന്ന പെണ്ണുങ്ങൾ എന്നെഴുതുമ്പോൾ അതു കടൽപ്പുറ ജീവിതത്തിന്റെ സ്ഥിരം കാഴ്ചകളെ അട്ടിമറിക്കുന്ന ഭാഷയായി മാറുന്നുണ്ട്. ‘ഒരേ കടലിലെ കപ്പലുകൾ’ ആണ് സുഭാഷ് ഒട്ടുംപുറത്തിന്റെ പ്രസിദ്ധീകരിച്ചിട്ടുള്ള കഥാസമാഹാരം. സുഭാഷ് കഥാജീവിതം പറയുന്നു.
HIGHLIGHTS
- മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി