മീത്തലെ പുരയിൽ സജീവന്റെ ഭാര്യയും നെടുമ്പ്രയിൽ ബാലന്റെ മകളുമായ രാധികയുടെ ഓട്ടോ യാത്ര തുടങ്ങാൻ പോകുകയാണ്. ഓട്ടോയാത്ര പോകാതെ, ഓട്ടോയിൽ കിടന്നുറങ്ങാൻ ഇഷ്ടപ്പെടുന്ന സജീവൻ... കടമില്ലാത്ത ലോകത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്ന രാധിക.. അവരെ ചുറ്റിപ്പറ്റിയുള്ള കുറച്ചുപേർ.. ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയുടെ വർത്തമാനം... കേരള രാഷ്ട്രീയം.. ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യെന്ന, സിനിമയുടെ ചിത്രീകരണം മയ്യഴിയിൽ തുടങ്ങാൻ പോകുകയാണ്.
ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് കഥാകൃത്ത് എം. മുകുന്ദൻ ആണ്. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ ആൻ അഗസ്റ്റിൻ ആണ് നായികയാകുന്നത്. ചിത്രത്തെക്കുറിച്ച് എം. മുകുന്ദൻ സംസാരിക്കുന്നു.

ആദ്യതിരക്കഥയല്ല ഇത്
ഞാൻ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമല്ല ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. ആദ്യമായി മുഴുവൻ തിരക്കഥയെഴുതുന്ന ചിത്രം എന്നു പറയാം. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘ദൈവത്തിന്റെ വികൃതികൾ’ എന്ന ചിത്രത്തിന്റെ തിരക്കഥാരചനയിൽ പകുതിയോളം ഭാഗത്ത് ഞാനുണ്ടായിരുന്നു. അന്ന് ഞാൻ ഡൽഹിയിൽ ഫ്രഞ്ച് എംബസിയിൽ ജോലി ചെയ്യുന്ന സമയമാണ്. തിരക്കഥ പകുതിയായപ്പോഴേക്കും എനിക്കു തിരിച്ചുപോകാൻ സമയമായി.

ഇപ്പോൾ ഞാൻ നാട്ടിൽ സ്വസ്ഥമായി. പുതിയ വീടിന്റെ ജോലി കഴിഞ്ഞു ഗൃഹപ്രവേശം കഴിഞ്ഞു. ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുടെ തിരക്കഥ പൂർണമായും എഴുതി പൂർത്തിയാക്കി. ഹരികുമാറുമായി പലതവണ ചർച്ച ചെയ്ത ശേഷമാണ് എഴുതാനിരുന്നത്. കഥയിലുള്ള കഥാപാത്രങ്ങൾക്കു പുറമേ ചിലരെക്കൂടി ചേർത്തിട്ടുണ്ട്. ചെറിയൊരു കഥാ തന്തുവിൽ നിന്ന് വലിയൊരു സ്ക്രീനിലേക്കുള്ള മാറ്റമല്ലേ. അപ്പോൾ പുതിയ ആളുകളും സംഭവങ്ങളുമൊക്കെ വേണ്ടിവരുമല്ലോ. അതെല്ലാം ഉണ്ട്.
സുരാജിനെ ഇഷ്ടമാണ്
മീത്തലെ പുരയിൽ സജീവൻ എന്ന കഥാപാത്രത്തെ സുരാജ് വെഞ്ഞാറമൂട് ആണ് ചെയ്യുന്നതെന്നു കേട്ടപ്പോൾ സന്തോഷം തോന്നി. സുരാജിനെ എനിക്കിഷ്ടമാണ്. അതേപോലെ ആൻ അഗസ്റ്റിന്റെ തിരിച്ചുവരവ് ഈ ചിത്രത്തിലൂടെയാണെന്നതും സന്തോഷം തരുന്നതാണ്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരമൊക്കെ ലഭിച്ച നടിയല്ലേ. രാധികയെ അവർക്ക് നന്നായി അവതരിപ്പിക്കാൻ കഴിയും.

എല്ലാം മയ്യഴി തന്നെ
ഇവിടെ തന്നെ ചിത്രീകരിക്കാമെന്നാണു സംവിധായകൻ പറഞ്ഞിരിക്കുന്നത്. അടുത്ത ദിവസം ലൊക്കേഷൻ കാണാൻ പോകും. എന്നിട്ടാകും ഷൂട്ടിങ് തുടങ്ങുന്ന തീയതി നിശ്ചയിക്കുക. ഹരികുമാറിനൊപ്പമുള്ള സിനിമ എഴുത്ത് എനിക്കു നന്നായി ഇഷ്ടപ്പെട്ടു.

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ സിനിമയാക്കാൻ പലരും എന്നോടു ചോദിച്ചിരുന്നു. സിനിമയായി കാണാൻ എനിക്കും ആഗ്രഹമുണ്ട്. തിരക്കഥ ഞാൻ തന്നെ എഴുതണമെന്നാണ് വിചാരിക്കുന്നത്. ഒന്നും നിശ്ചയിട്ടില്ല. എല്ലാം ഇപ്പോഴത്തെ സിനിമയ്ക്കു ശേഷം.
Content Summary: M Mukundan opens up on adapting Autorickshakkarante Bharya to cinema