ADVERTISEMENT

‘‘1986 ഏപ്രിൽ 17ന് രാത്രി ഒൻപത് മണി. വിജനമായ എരുമേലി ടൗൺ. ശാസ്താ ടെക്സ്റ്റൈൽസിൽ നിന്ന് ഒരു കവറും പിടിച്ച് പുറത്തേക്കിറങ്ങിയ അയാളെ ഓടുന്ന പൊലീസ് ജീപ്പിലിരുന്ന എസ്ഐ വിൻസന്റ് കണ്ടു’’. സലിൻ മാങ്കുഴി എഴുതിയ ‘ഭ്രാന്തിമാൻ’ എന്ന കഥ ആരംഭിക്കുന്നതിങ്ങനെയാണ്. ഭ്രാന്തുപിടിച്ച ഒരോട്ടം ഒരു കുറ്റവാളിയുടെ പുറകേ കേരള പൊലീസ് തുടങ്ങിക്കഴിഞ്ഞ സമയമാണു കഥാരംഭത്തിലെ കാലഘട്ടം. കാണുന്നവരെയെല്ലാം സംശയത്തിന്റെ കണ്ണുകളിലൂടെ മാത്രം നോക്കിക്കാണാൻ പൊലീസിനെ പ്രേരിപ്പിച്ച ആ കൊലയാളിയുടെ പേര് സുകുമാരക്കുറുപ്പ് എന്നായിരുന്നു. സുകുമാരക്കുറുപ്പിന്റെ തിരോധാനവും കേരള പൊലീസിന്റെ അന്വേഷണവും കുറ്റവാളിയുമായി രൂപസാദൃശ്യമുള്ള അനേകർ അനുഭവിച്ച വിഷമതകളും മനോഹരമായൊരു കഥയിൽ ഒതുക്കിപ്പറഞ്ഞിരിക്കുകയാണു സലിൻ മാങ്കുഴി ഭ്രാന്തിമാനിൽ. ഒപ്പം ആരും പ്രതീക്ഷിക്കാത്തൊരു കിടിലൻ ട്വിസ്റ്റും കഥാന്ത്യത്തിൽ വായനക്കാരെ കാത്തിരിക്കുന്നു. ദുൽഖർ സൽമാന്റെ ‘കുറുപ്പ്’ സിനിമ പ്രേഷകശ്രദ്ധ നേടുമ്പോൾ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവന്ന ‘ഭ്രാന്തിമാൻ’ എന്ന കഥയിലെ വേറിട്ട വഴിയിലൂടെ കുറുപ്പിന്റെ തിരോധാനം അന്വേഷിച്ചു പോയ കഥാകൃത്ത് സലിൻ മാങ്കുഴിയും വീണ്ടും വായനയുടെ വെള്ളിവെളിച്ചത്തിലേക്കെത്തുന്നു.

 

salin-mankuzhi
സലിൻ മാങ്കുഴി

അന്നു സുകുമാരക്കുറുപ്പാണെന്നു കരുതി എസ്ഐ വിൻസന്റ് പിടികൂടിയ കിളിമാനൂരുകാരൻ രവീന്ദ്രനെ വിട്ടയയ്ക്കുന്നതിൽ നിന്നു നേരെ 34 വർഷം കഴിഞ്ഞുള്ള രവീന്ദ്രന്റെ മരണവാർത്തയിലേക്കാണു പൊലീസ് സേനയിൽ നിന്നു വിരമിച്ച് ഒറ്റയാൾ ജീവിതം നയിക്കുന്ന വിൻസന്റിനൊപ്പം വായനക്കാരും പിന്നീട് എത്തിച്ചേരുന്നത്. 2020 ജനുവരി 25നു പുലർച്ചെ 5.20നു രവീന്ദ്രന്റെ മകൻ സാബുവാണു വിൻസന്റിനെ ഫോണിൽ വിളിച്ച് രവീന്ദ്രന്റെ മരണവിവരം അറിയിക്കുന്നത്. അമ്മയുടെ ഉദരത്തിൽ സാബുവിന് എട്ടുമാസം പ്രായമുള്ളപ്പോൾ അവന്റെ അപ്പന്റെ മാനസികനില തെറ്റിച്ചയാളെ ആ വിവരം അറിയിക്കുന്നതിലൂടെയാണു കഥയുടെ ഉദ്വേഗജനകമായ സെക്കൻഡ് ഹാഫിലേക്ക് വായനക്കാരൻ പ്രവേശിക്കുന്നത്. പിന്നീടു രവീന്ദ്രൻ കൂടി അംഗമായിരുന്ന, കുറുപ്പിനോടു രൂപസാദൃശ്യമുള്ളവർ ചേർന്നു രൂപീകരിച്ച ‘ഭ്രാന്തിമാൻ’ എന്ന വാട്സാപ് ഗ്രൂപ്പിന്റെയും അതിലെ അവശേഷിക്കുന്ന ആറംഗങ്ങളുടെയും വിശേഷങ്ങളിലൂടെ വിൻസന്റ് തന്റെ കേസ് ഫയൽ മൂന്നു പതിറ്റാണ്ടിനു ശേഷം ഒന്നുകൂടി പൊടിതപ്പിയെടുക്കുകയാണ്. തീർത്തും അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളാണു തുടർന്നു വിൻസന്റിനെയും വായനക്കാരെയും കാത്തിരിക്കുന്നത്. കഥാകൃത്ത് തികഞ്ഞ കയ്യടക്കത്തോടെ നടത്തിയിരിക്കുന്ന കഥാപരിസര നിർമിതി വായനക്കാരെ യാഥാർഥ്യമെന്നു തോന്നിക്കുന്ന അനുഭവങ്ങളിലേക്കാണു കൊണ്ടുപോകുന്നത്. കഥാഗതിയുടെ അതീവ സൂക്ഷ്മതയാർന്ന വിവരണങ്ങളിലൂടെ ആദ്യവരി മുതൽ അവസാനവരി വരെ വായനക്കാരെ ഒപ്പംകൂട്ടുന്നുമുണ്ട് സലിൻ മാങ്കുഴി. അതീവലോലമായ ചില മാനസികവ്യാപാരങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ ജീവിതത്തിൽ അധികാരവും കുറ്റകൃത്യങ്ങളും ഉൾച്ചേർക്കുന്ന സംഘർഷങ്ങൾ അവരെ എങ്ങനെയൊക്കെ മാറ്റിമറിക്കുന്നുവെന്ന മനഃശാസ്ത്രപരമായ വിശകലനം കൂടി കഥയുടെ ആഴത്തിലുള്ള വായനയിൽ തെളിയുന്നുണ്ട്. ഒരു സിനിമയേക്കാൾ ആവേശത്തിൽ വായിച്ചു രസിക്കാവുന്ന കുറ്റാന്വേഷണ ഴോണറിലുള്ള ഒരു കഥയാകുമ്പോൾ തന്നെയും കുറ്റവും ശിക്ഷയേക്കുറിച്ചുള്ള ഭയവും മാറ്റിമറിക്കുന്ന ജീവിതങ്ങളുടെ വളരെ സമീപസ്ഥ അനുഭവം പകരാൻ കൂടി കഥാകൃത്തിനു കഴിയുന്നു എന്നതാണു ക്രാഫ്റ്റിന് മേലുള്ള സലിനിന്റെ കയ്യടക്കത്തിനു തെളിവ്. ഭ്രാന്തിമാനെക്കുറിച്ചും ആ കഥ എഴുതാനിടയായ സാഹചര്യത്തെക്കുറിച്ചും സലിൻ മനസ്സു തുറക്കുന്നു.

 

കുറുപ്പ് എന്ന ഈ വിഷയം മനസ്സിലേക്ക് വന്നത് എങ്ങനെയാണ്?

 

bhranthiman

സുകുമാരക്കുറുപ്പ് ഇപ്പോൾ എവിടെയായിരിക്കുമെന്ന ചിന്ത പണ്ടു മുതലേയുണ്ട്. കുറുപ്പിനെക്കുറിച്ച് ഒരു കഥ എഴുതുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ട് ഒന്നര രണ്ടു വർഷമേ ആയുള്ളു. യഥാർത്ഥത്തിൽ രൂപസാദ്യശ്യം എന്ന സംഗതിയിലാണ് എനിക്ക് ആദ്യം പിടികിട്ടിയത്. കുറുപ്പ് അന്വേഷിച്ചതും അതു തന്നെയായിരുന്നു. തന്റെ സാദൃശ്യം ഉള്ള മറ്റൊരാളെ അന്വേഷിച്ചുള്ള അയാളുടെ രാത്രി യാത്രയിൽ നിന്ന് കഥയുണ്ടാക്കിയാലോയെന്ന് ചിന്തിച്ചു. അതിനിയും എനിക്കോ മറ്റുള്ളവർക്കോ എഴുതാവുന്നതാണ്. ആലോചന പല വഴിക്കായപ്പോൾ ആൾമാറാട്ടം എന്നതു കഥയുടെ ഘടന തന്നെയായി. കുറുപ്പിനെ കഥയിൽ നിന്നിറക്കി നിർത്തിയിട്ട് കുറുപ്പിന്റെ രൂപസാദ്യശ്യം ഉള്ള രവീന്ദ്രനെ നായകനാക്കി. അതോടെ കഥ വളരാൻ തുടങ്ങി.

 

എത്രകാലം ഇതിനായി ചെലവഴിച്ചു?

 

കഥ ഒന്നൊന്നര മാസം കൊണ്ടു പൂർത്തിയായി. കഥയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സസ്പെൻസ് പിടികിട്ടാപ്പുള്ളിയായിരിക്കാൻ വളരെ ശ്രദ്ധയോടെയാണ് എഡിറ്റ് ചെയ്തത്.

 

കഥയ്ക്കു വേണ്ടി നടത്തിയ ആലോചനകൾ?

 

കഥയുടെ ആലോചനയുടെ ഭാഗമായി സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ഒട്ടുമിക്ക വാർത്തകളും ഫീച്ചറുകളും വിഡിയോയുമൊക്കെ നോക്കി. റിട്ട. എസ്.പി.ജോർജ് ജോസഫുമായി ഫോണിൽ സംസാരിച്ചു.

 

ഭ്രാന്തിമാൻ എന്ന തലക്കെട്ട്?

 

കുറുപ്പിന്റെ രൂപസാദൃശ്യം ഉള്ളതിനാൽ പലപ്പോഴായി കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ആളുകൾ ചേർന്നുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പിന് ഞാൻ ഭ്രാന്തിമാനെന്ന് പേരിട്ടു. ഒരാളെ കണ്ടിട്ട് മറ്റൊരാളാണോയെന്ന് സംഭ്രാന്തിയുണ്ടാക്കുന്നതാണ് ഭ്രാന്തിമാൻ. അത് എഴുത്തിന്റെ വഴിയിൽ കിട്ടിയതാണ്. ഭ്രാന്ത് കഥയിലെ കേന്ദ്രകഥാപാത്രമായ രവീന്ദ്രനും മറ്റൊരർഥത്തിൽ തുല്യപ്രാധാന്യമുളള വിൻസന്റ് എന്ന കഥാപാത്രത്തിനും ഉണ്ട്.

 

Content Summary: Bhranthiman, Malayalam short story written by Salin Mankuzhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com