ADVERTISEMENT

ഒന്നും രണ്ടുമല്ല, 13 വർഷം സഹിച്ചു. മതിയായി. ഇനിയെങ്കിലും എനിക്കു ജീവിതം വേണം. ഇതു പറഞ്ഞത് ലോകത്ത് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന വ്യക്തിയാണ്. ഏറ്റവും പ്രശസ്തയായ വനിത. പ്രതിഭാശാലി. ക്യാമറക്കണ്ണുകൾ വിടാതെ പിന്തുടരുന്നവൾ. എന്നിട്ടും ജീവിതം തിരിച്ചുപിടിക്കാൻ കോടതി കയറേണ്ടിവന്നു താരത്തിന്. തന്നെ മരുന്നുകൾ തന്നു മയക്കിയെന്നു കരഞ്ഞുകൊണ്ടു പറഞ്ഞു. കൂടുതൽ കുട്ടികൾ ഉണ്ടാകാതിരിക്കാൻ ഗുളികകൾ തന്നെന്നു പറഞ്ഞു. അനുസരിച്ചില്ലെങ്കിൽ മനോരോഗ ചികിത്സാലയത്തിൽ അടയ്ക്കുമെന്ന ഭീഷണിയിൽ വിറച്ചു. അതും സ്വന്തം പിതാവിൽ നിന്ന്. 

 

സഹിച്ചുമടുത്തപ്പോൾ മാത്രം അവർ സത്യം പുറത്തുപറഞ്ഞു. വേദനിപ്പിക്കുന്ന യാഥാർഥ്യങ്ങൾ. ബ്രിട്ട്‌നി സ്പിയേഴ്‌സ് എന്ന ലോകപ്രശസ്ത താരത്തിന്റെ പിതാവിന് എതിരെയുള്ള സാക്ഷ്യപ്പെടുത്തൽ ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതിനെതിരെ പിതാവ് ജാമി സ്പിയേഴ്‌സിന് പറയാനുണ്ടായിരുന്നത് ദുർബലമായ ന്യായങ്ങൾ. എനിക്കെന്റെ മകളിൽ ഒരു ഉത്തരവാദിത്തവും ഇല്ല. വർഷങ്ങളായി ഞാൻ ഒന്നിലും ഇടപെടാറില്ല. 2012 ൽ മകൾ വിവാഹിതയായപ്പോൾ പങ്കാളിയുമായി ഉത്തരവാദിത്തം പങ്കുവച്ചു എന്നും അദ്ദേഹം വിശദീകരിച്ചു. 

 

ഒടുവിൽ, പിതാവിന്റെ നിയന്ത്രണത്തിന്റെ ചാട്ടവാറിനടിയിൽ നിന്ന് ബ്രിട്ട്‌നിയെ രക്ഷിച്ചത് കോടതിയാണ്. ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുകയാണ് താരം. അവർ നടത്തിയ പോരാട്ടം അത്ര വേഗം മറക്കേണ്ടതല്ല. നിയമപരവും വ്യക്തിപരവുമായ എല്ലാ വിശദാംശങ്ങളോടും കൂടി ഗായികയുടെ പോരാട്ടത്തിന്റെ കഥ ഇനി പുസ്തകമായി വായിക്കാം. ബീയിങ് ബ്രിട്ട്‌നി, പീസസ് ഓഫ് എ മോഡേൺ ഐക്കൺ എന്ന പുസ്തകത്തിലൂടെ. ജെന്നിഫർ ഒട്ടർ ബിക്കർ ഡെയ്ക് എഴുതിയ പുതു ചരിതം 

 

2008 നു ശേഷം മാത്രം താരത്തെക്കുറിച്ച് ഒട്ടേറെ ഡോക്യുമെന്ററികളാണു പുറത്തുവന്നത്. ഫ്രേമിങ് ബ്രിട്ട്‌നി സ്പിയേഴ്‌സ്, കൺട്രോളിങ് ബ്രിട്ട്‌നി സ്പിയേഴ്‌സ്, ദ് ബാറ്റിൽ ഫോർ ബ്രിട്ട്‌നി, ബ്രിട്ട്‌നി വേഴ്‌സസ് സ്പിയേഴ്‌സ് എന്നിങ്ങനെ. എന്നാൽ എല്ലാ കഥകളും പറഞ്ഞു തീർന്നിട്ടില്ലെന്നാണ് ബോണിയർ പറയുന്നത്. പുതിയ വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ട്. ബ്രിട്ട്‌നി എന്ന അനുഭവത്തെ വിശദീകരിച്ചും വ്യാഖ്യാനിച്ചും ആധുനിക ലോകത്തിന്റെ ഇതിഹാസമായ താരത്തെ ഇഴപിരിച്ചെടുക്കുകയാണ് പുതിയ കൃതി. 

 

ബ്രിട്ട്‌നി ഒരു വ്യക്തിയായിരിക്കാം. എന്നാൽ വലിയൊരു വ്യവസായം ആ വ്യക്തിയെ ചുറ്റിപ്പറ്റി രൂപം കൊണ്ടിട്ടുണ്ട്. അവരുടെ വാക്കും നോക്കും പ്രവൃത്തിയുമെല്ലാം ഒട്ടേറെപ്പേരെ ബാധിക്കുന്നു. ലോകം ആകാംക്ഷയോടെ അവരുടെ ചലനങ്ങൾ നോക്കിയിരിക്കുന്നു. 1998 ൽ 16-ാം വയസ്സിലാണ് അവർ ആദ്യമായി അരങ്ങിൽ എത്തുന്നത്. അന്നുമുതൽ ഇതുവരെ വിറ്റുപോയ ആൽബങ്ങളുടെ കണക്ക് ലക്ഷങ്ങൾക്കും മുകളിലാണ്. എത്രയെത്ര സ്റ്റേജ് ഷോകൾ. ചൂടപ്പം പോലെ വിറ്റ ടിക്കറ്റുകൾ. ഉൽപന്നങ്ങൾക്ക് ബ്രിട്ട്‌നി എന്ന പേര് അനുവാദത്തോടെയും അല്ലാതെയും ഉപയോഗിച്ചു. സോഫ്റ്റ് ഡ്രിങ്ക്‌ മുതൽ പെർഫ്യൂം വരെ ...  അച്ചടിച്ച കഥകൾക്കും എണ്ണമില്ല. കഥകൾ കൊണ്ടു മാത്രം ഇന്നും കാലക്ഷേപം കഴിക്കുന്ന മാഗസിനുകൾ പോലുമുണ്ട്. എന്നാൽ, യഥാർഥത്തിൽ താരം ആരാണ് ? എന്താണ്? ആ ചോദ്യത്തിനു മാത്രം ഉത്തരമില്ല. ജെന്നിഫർ ശ്രമിക്കുന്നതു ബ്രിട്ട്‌നിയെ കണ്ടെത്താനാണ്. 

being-britney-book

 

സെക്ക്യാട്രിക് വാർഡിൽ ബോധത്തിനും അബോധത്തിനുമിടെ താരം കിടന്നപ്പോൾ ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നിരുന്നു. പിന്നീട്, കോടികൾ വിലമതിക്കുന്ന എസ്‌റ്റേറ്റ് പിതാവ് ഏറ്റെടുത്തപ്പോൾ. മകളുടെ സമ്പത്തിന്റെ ഏക അവകാശിയായി പിതാവിനെ വാഴിച്ചപ്പോൾ. ചോദ്യങ്ങൾ ഉയർന്നെങ്കിലും ഉത്തരം മാത്രം എത്തിയില്ല. 

 

ബ്രിട്ട്‌നി എന്ന ഗായികയെക്കുറിച്ച് ഒരിക്കൽ ഒരു പത്രം പ്രസിദ്ധീകരിച്ച കാർട്ടൂൺ അവരുടെ ജീവിതത്തെ ആഴത്തിൽ സ്പർശിക്കുന്നതായിരുന്നു, ക്രൂരമായിരുന്നെങ്കിലും. ചിതയിൽ എരിയുന്ന ഗായിക. പുക പങ്കുവയ്ക്കുന്ന മാധ്യമലോകവും ജനങ്ങളും. കാർട്ടൂൺ വിവാദമായി. ക്രൂരത ഒഴിവാക്കി, ആഴത്തിൽ നോക്കുമ്പോൾ സത്യമില്ലാതില്ല കാർട്ടൂണിൽ എന്നു പലരും പറഞ്ഞിട്ടുമുണ്ട്. 

 

ഫ്രീ ബ്രിട്ട്‌നി (ബ്രിട്ട്നിയെ സ്വതന്ത്രമാക്കുക) എന്ന ഹാഷ്ടാഗിൽ ഒരിക്കൽ വ്യാപകമായ പ്രചാരണം നടന്നിരുന്നു. താരത്തെ പിതാവിന്റെ പിടിയിൽ നിന്നു മോചിപ്പിക്കാൻ വേണ്ടി. 

ജെന്നിഫർ രചിച്ചിരിക്കുന്നത് ഡിജിറ്റൽ ലോകത്തിനുവേണ്ട ജീവചരിത്രമാണെന്ന പ്രത്യേകതയുമുണ്ട്. കഥകളുണ്ട്. ആരാധകർ പടച്ചുവിട്ട ഗോസിപ്പുകളുണ്ട്. ഡോക്യുമെന്ററിയിൽ നിന്നുള്ള വിവരങ്ങളുണ്ട്. വിദഗ്ധരുടെ അഭിപ്രായങ്ങളുണ്ട്. ഇവയെല്ലാം കൂടി ചേർന്ന ചിന്നിച്ചിതറിയ ജീവചരിത്രം. കെട്ടുകഥകളിൽ നിന്നു വേർതിരിച്ചെടുക്കുന്ന സത്യ ജീവിതം. 

 

ബേബി വൺ മോർ ടൈം പ്രശസ്തമായ കാലം മുതൽ ഒരിക്കൽ വസ്ത്രധാരണത്തിന്റെ പ്രത്യേകത മൂലം താരത്തിന്റെ മാറിടത്തിൽ ശസ്ത്രക്രിയ നടന്നോ എന്ന ചർച്ച വരെ നീണ്ട ഗോസിപ്പുകളുടെ കാലം. ക്രിസ്റ്റീന അഗിലേറയുമായുള്ള ശത്രുത. 2008 ലെ പ്രശ്‌ന ഭരിതമായ കാലത്തെ പീഡനങ്ങൾ. അന്നു മുതൽ സഹിക്കേണ്ട വന്ന വ്യക്തിജീവിതത്തിലെ ക്രൂരതകൾ. 

 

ബിസിനസ് ജീനിയസാണ് ബ്രിട്ട്‌നി. പോപ് പ്രതിഭയാണ്. ഇരയാണ്. അതിജീവിച്ചവളാണ്. ഇതിഹാസവുമാണ്. പ്രേതബാധയുള്ള വീട്ടിൽ നിന്ന് ഒരിക്കൽ ഓടിപ്പോയിട്ടുണ്ട് ഗായിക. പിന്നീട് ആ വീട് അവർ നടി മർഫിക്കും ഭർത്താവിനും വിറ്റു. അവരിരുവരും പിന്നീട് കൊല്ലപ്പെട്ടു. അവർ കൊല്ലപ്പെടുന്നതിനു മുമ്പാണ് ഗായിക പ്രേതങ്ങളിൽ നിന്ന് ഓടിരക്ഷപ്പെട്ടത്. പിൽക്കാല പ്രേതങ്ങളെ താരം നേരത്തേതന്നെ കാണുകയായിരുന്നോ എന്നും ചർച്ചകൾ നീളുന്നു. 

 

ഒട്ടേറെത്തവണ പൊട്ടിപ്പോയിട്ടും ചിന്നിച്ചിതറിയിട്ടും കൂട്ടിച്ചേർത്തുവച്ച ആ രൂപം 39–ാം വയസ്സിലും പ്രഭ വിതറുന്നു എന്നാണ് ജെന്നിഫർ പറയുന്നത്. സാഹചര്യം എത്ര ക്രൂരവുമായിക്കോട്ടെ. അതിജീവിക്കാൻ, നിലനിൽക്കാൻ, വിജയിക്കാൻ ഒരവസരം എല്ലാ ജീവിതങ്ങളിലുമുണ്ട്. പ്രതികൂല കാലാവസ്ഥയിലും തെളിയുന്ന മഴവില്ല് പോലെ. ബ്രിട്ട്‌നി ഒരു പേരാണ്. വ്യക്തിയാണ്. എന്നാൽ ഒരു പേരും വ്യക്തിയും മാത്രമല്ല. ജീവിതം എന്ന മഹാ നാടകത്തിലെ ജീവിച്ചിരിക്കുന്ന കഥാപാത്രമാണ്. വേദനയിൽ കരഞ്ഞും സന്തോഷത്തിൽ ചിരിച്ചും അപൂർവ വിജയത്തിൽ ആഹ്ലാദിച്ചും ജീവിക്കുന്ന എല്ലാ മനുഷ്യരുടെയും പ്രതിരൂപം. അല്ലെങ്കിൽ ആരുടെയൊക്കെ ഉള്ളിലാണ് ബ്രിട്ട്‌നി ഇല്ലാത്തത്. 

 

Content Summary: Being Britney: Pieces of a Modern Icon Book by Jennifer Otter Bickerdike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com