പ്രസവം നിർത്തലിന്റെ അതിവേദന

HIGHLIGHTS
  • കഥയുടെ വഴി - കഥകളുടെ പിറവിരഹസ്യം തേടിയുള്ള അന്വേഷണം
  • രവിവർമ തമ്പുരാൻ എഴുതുന്ന പംക്തി
ajijesh-pachat
അജിജേഷ് പച്ചാട്ട്
SHARE

അജിജേഷ് പച്ചാട്ടിന്റെ പാരലാക്‌സ് എന്ന കഥ 2020 ജൂണിൽ മാധ്യമം ആഴ്ചപതിപ്പിലാണ് അച്ചടിച്ചു വന്നത്. അജിജേഷിന് ഏറ്റവും ഇഷ്ടപ്പെട്ട സ്വന്തം കഥകളിലൊന്നാണിത്. യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് അജിജേഷ്. 

മലപ്പുറം ജില്ലയിലെ പള്ളിക്കൽ അമ്പലവളവ് സ്വദേശിയായ അദ്ദേഹം മൂന്നു വർഷമായി എഴുത്തു മാത്രമായി കഴിയുന്നു. 2012 ൽ അര മണിക്കൂർ ദൈർഘ്യമുള്ള ചോദ്യ പേപ്പർ എന്ന കഥ മാധ്യമം ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വന്നു. ഇ.പി. സുഷമ എൻഡോവ്‌മെന്റ്, കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ്, ചെമ്പിൽ ജോൺ കഥാ പുരസ്‌കാരം, എഴുത്തോല കെ.വി. കാർത്തികേയൻ മാസ്റ്റർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കിസേബി, ദൈവക്കളി എന്നീ കഥാ സമാഹാരങ്ങളും അതിരഴിസൂത്രം, ഏഴാം പതിപ്പിന്റെ ആദ്യ പ്രതി എന്നീ നോവലുകളും ഒരാൺകുട്ടി വാങ്ങിയ ആർത്തവപ്പൂമെത്ത എന്ന ഓർമ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐ ടി ഐ റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക് കോഴ്‌സ് പാസായ ശേഷം ആറു വർഷത്തോളം ചേളാരിയിൽ ഒരു കമ്പനിയിൽ ജോലി ചെയ്തു. പിന്നീടാണ് മുഴുവൻസമയ എഴുത്തുകാരനായത്. 

ജീവിതം നടത്തിക്കൊണ്ടുപോകാൻ സഹായിക്കുന്നൊരു ജോലി രാജിവച്ച് എഴുത്തിനുവേണ്ടി സ്വയം സമർപ്പിക്കുന്ന ചെറുപ്പക്കാരെ സൂക്ഷിക്കണം. കാരണം, ചിലപ്പോൾ അവർ കൈവിട്ട എഴുത്തെഴുതിക്കളയും. പിന്നെയിരുന്നു ഞെട്ടുന്ന സാഹചര്യം ഒഴിവാക്കാൻ ഒന്നേ ചെയ്യാനുള്ളൂ. ഏതു നിമിഷവും ഞെട്ടാൻ തയാറായിരിക്കുക. അപ്പോൾ പെട്ടെന്നു ഞെട്ടിയാലുണ്ടാകുന്ന കേടുപാടുകൾ ഒഴിവാക്കാം. പാരലാക്‌സ് വായിച്ചു ഞെട്ടി എന്നല്ല പറഞ്ഞുവരുന്നത്. ഈ നിലയിൽ ഈ ചെറുപ്പക്കാരൻ മുന്നോട്ടു പോയാൽ നാളെകളിലൊരു ദിവസം നമുക്കു ഞെട്ടൽ നൽകാൻ ഇയാൾക്കു കഴിയും എന്ന തോന്നൽ വെളിപ്പെടുത്തി എന്നു മാത്രം. തോന്നലവിടെ നിൽക്കട്ടെ. അനുഭവിച്ചതിനെക്കുറിച്ചു പറയാം.

ആഴ്ചപ്പതിപ്പിലെ 12 പേജുള്ള സാമാന്യം വലിയൊരു കഥയായതിനാൽ മടിച്ചുമടിച്ചാണ് വായിച്ചത്. ചെറിയ കഥകളോടാണ് എനിക്കു താൽപര്യം. പേജെണ്ണം കൂടുതലുള്ള കഥകൾ ഒന്നുകിൽ പിന്നെ വായിക്കാൻ മാറ്റിവയ്ക്കും. അല്ലെങ്കിൽ രണ്ടോ മൂന്നോ പേജ് വായിച്ചശേഷം തുടർവായന ഉപേക്ഷിക്കും. പക്ഷേ, ഈ കഥ  എന്നെ പിടിച്ചുവലിച്ച് മുന്നോട്ടു കൊണ്ടുപോയി. 

വീട്ടുകാരുടെ എതിർപ്പുവകവയ്ക്കാതെ, പ്രണയിച്ച ചെറുപ്പക്കാരന്റെ ഒപ്പം ഇറങ്ങിപ്പോയ ജനിയുടെ കഥയാണിത്. ഇഷ്ടപ്പെട്ടവളെ വിളിച്ചിറക്കിക്കൊണ്ടുപോന്നതിന് അവളുടെ മൂന്ന് ആങ്ങളമാർ ഒന്നുചേർന്നു നടത്തിയ  വടിവാളാക്രമണത്തിനിരയായി മരണതുല്യനായിപ്പോയ അജയന്റെ കഥയാണിത്. അവരുടെ പ്രണയത്തിൽ പൊട്ടിമുളയ്ക്കുകയും ഒളിച്ചു താമസിക്കാൻ അവർ കണ്ടെത്തിയ ഫ്‌ളാറ്റിൽവച്ച് അമ്മയുടെ വയറ്റിൽ നിന്ന് അനായാസം പുറത്തുവരുകയും ചെയ്ത പാറു എന്ന പെൺകുഞ്ഞിന്റെ കഥയാണിത്. പാറുവിന് ദിവസങ്ങളുടെ വളർച്ച മാത്രമെത്തിയപ്പോഴേക്കും അച്ഛനുമമ്മയും കൂടി ഒരു തീരുമാനമെടുത്തു. അവൾക്ക് ഇളയത്തുങ്ങൾ വേണ്ട. നാട്ടിൽ നിൽക്കാൻ കഴിയാത്തതിനാൽ, അഭയം തേടി പോകുന്ന സിംഗപ്പൂരിൽ ജീവിക്കാൻ, കൂടുതൽ ബാധ്യതകൾ ഒഴിവാക്കിയേക്കാം എന്ന വിചാരം കൊണ്ടുകൂടിയാണ് അവർ ആ തീരുമാനം എടുത്തത്. ഇരുവരും വളരെ യോജിപ്പോടെയാണ് അക്കാര്യം തീരുമാനിച്ചതെങ്കിലും പ്രസവം നിർത്താനുള്ള സർജറിക്കു വേണ്ടി ആശുപത്രിയിലേക്കു പോകാനുള്ള ദിവസമെത്തിയതോടെ ജനിയാകെ ഭയപ്പാടിലായി. അക്കാര്യം സൂചിപ്പിക്കുമ്പോൾ അജയൻ പറയുന്നത്, ഒട്ടും വേദനിപ്പിക്കാതെ പൂ പറിക്കുന്നതുപോലെ അവരാ ശസ്ത്രക്രിയ ചെയ്തുകൊള്ളും എന്നാണ്. എന്നാൽ, ശസ്ത്രക്രിയയുടെ വേദനയല്ല തന്നെ വിഷമിപ്പിക്കുന്നതെന്ന് ജനി പറയുന്നു. അജയനെന്തുകൊണ്ട് വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്തു കൂടാ എന്നു ജനി ചോദിക്കുന്നതോടെ ശാന്തമായ അവരുടെ കുടുംബജീവിതം സംഘർഷഭരിതവും കലാപസമാനവുമാകുന്നു. ഫ്‌ളാറ്റ് അപ്രതീക്ഷിതമായി ഉഗ്രമായൊരു ദ്വന്ദ്വയുദ്ധത്തിനു വേദിയാവുന്നതാണ് പിന്നീടു കാണുന്നത്. ആ പോരാട്ടത്തിനിടെ, ഭൂമിയിലെ വായുവും അമ്മയുടെ മുലപ്പാലും രുചിച്ചു കൊതി തീർന്നിട്ടില്ലാത്ത പാറുവിന് ഇവ രണ്ടും എന്നേക്കുമായി നഷ്ടപ്പെടുന്നു. കഥ കൂടുതൽ ഉദ്വേഗത്തിലേക്കു നീങ്ങുന്നു. അതൊരു സസ്‌പെൻസ് ആയി നിൽക്കട്ടെ. പാരലാക്‌സ് വൈകാതെ പുസ്തകമാകും. അപ്പോൾ കഥ വീണ്ടും വായിക്കാം.

കഥയിൽ നിന്നൊരു തുണ്ട്.

ജനി എഴുന്നേറ്റു. തൊട്ടുമുമ്പത്തെ ആഴ്ച വാങ്ങിയ പൂമ്പാറ്റക്കൈയുള്ള വെളുത്ത കുപ്പായം അലമാരയിൽ നിന്നു തിരഞ്ഞെടുത്തു. ഉടുപ്പ് ഇട്ടില്ലേൽ അപ്പോൾ തുടങ്ങും പെണ്ണ് കരച്ചിൽ. ചെറിയ തണുപ്പു മതി, തനി വയസ്സത്തിപ്പാറുവാണ്. ജനി കുഞ്ഞിന് ഉടുപ്പിടുവിച്ചു കഴിഞ്ഞപ്പോൾ കയ്യിലെടുത്ത മൊബൈൽ അതേപോലെ മേശപ്പുറത്തു വച്ച് അജയൻ ആദ്യം അടുക്കളയിലേക്കു നടന്നു. ജനി എത്തിയപ്പോഴേക്കും അവൻ എല്ലാം വിളമ്പിക്കഴിഞ്ഞിരുന്നു. അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. പാത്രം കഴുകലും പല്ലുതേപ്പും വാതിലടയ്ക്കലുമെല്ലാം കഴിഞ്ഞ് ഇരുവരും തിരിച്ച് മുറിയിലെത്തിയപ്പോഴേക്കും സമയം പത്തുമണിയായി. മലർന്ന് കിടന്ന് ഉറങ്ങിയ കുഞ്ഞ് അപ്പോഴേക്കും തള്ളവിരൽ വായിലേക്കു തിരുകി ഇടതുവശത്തേക്കു ചരിഞ്ഞുകഴിഞ്ഞിരുന്നു.

ഈ സമാധാനാന്തരീക്ഷമാണ് അതിവേഗം വഷളായി വലിയ അനർഥങ്ങളുണ്ടായത്.  

ഇനി കഥാകൃത്തിനെ കേൾക്കാം. 

ajijesh-pachat-writer

ഞാൻ സ്‌കൂളിലൊക്കെ പഠിക്കുന്ന സമയത്ത് ചിലപ്പോഴെല്ലാം മുതിർന്നവർക്കിടയിൽ നിന്നും കേൾക്കാറുള്ള ഒരു സംഭവമായിരുന്നു പ്രസവം നിർത്തൽ എന്നുള്ള പറച്ചിൽ. ഇടയ്ക്കും തലയ്ക്കും എവിടുന്നൊക്കെയോ കേൾക്കും എന്നതല്ലാതെ അതിനെ കുറിച്ച് വലിയ ധാരണയൊന്നും അന്ന് ഉണ്ടായിരുന്നില്ല. അത് ചോദിച്ചു മനസ്സിലാക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ സംശയം വളരെ സ്വാഭാവികമായി ഉള്ളിലങ്ങനെ കിടന്നുനുരഞ്ഞുകൊണ്ടേയിരുന്നു. അതിലുള്ള മറ്റൊരു കാര്യം, എവിടെയാണെങ്കിലും, അങ്ങനെ പറഞ്ഞുകേൾക്കുന്നതിൽ മുഴുവനിലും കേന്ദ്രസ്ഥാനത്ത് പെണ്ണുങ്ങളായിരുന്നു എന്നതാണ്. അതോടെ സ്വാഭാവികമായും സംശയങ്ങളുടെ എണ്ണം പിന്നെയും കൂടി, ആണുങ്ങളെന്താണ് അത്തരമൊരു പരിപാടിക്ക് മുതിരാത്തത്? ആരോടും ചോദിക്കാൻ വയ്യല്ലോ.., മനസ്സിലിട്ട് നടന്നു. കുറച്ചു കൂടി മുതിർന്നപ്പോൾ കൂട്ടത്തിലുള്ളവരോട് ചോദിച്ചു മനസ്സിലാക്കാനായി ശ്രമം. അവർക്ക് പക്ഷേ അതിന്റെ സാങ്കേതിക വശങ്ങളൊന്നും അറിയില്ല, എങ്കിലും ഒരു കാര്യം പച്ചവെള്ളം പോലെ അറിയാം. ആവശ്യത്തിന് കുട്ടികളായിക്കഴിഞ്ഞാൽ പിന്നെ പ്രസവം നിർത്തേണ്ടത് പെണ്ണുങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. അത് കേട്ടപ്പോൾ ഒരു ശരികേട് അനുഭവപ്പെട്ടു. അതെന്താ അങ്ങനെ? പെട്ടെന്ന് ഒരുത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. ഇനിയിപ്പോ ആണുങ്ങൾക്ക് അത്തരമൊരു പരിപാടി ചെയ്യാൻ പറ്റാത്തതുകൊണ്ടാണോ? 

സംശയം പിന്നെ ആ വഴിക്കായി. പക്ഷേ കൂടുതൽ അന്വേഷിച്ചപ്പോൾ, കുട്ടികളുണ്ടാകാതിരിക്കാനുള്ള സർജറി മെഡിക്കൽ സയൻസിൽ അവർക്കും ലഭ്യമാണ് എന്നറിയാൻ കഴിഞ്ഞു. പിന്നെന്തുകൊണ്ട് പെണ്ണുങ്ങൾ മാത്രം? ആണുങ്ങളുടേത് വളരെ സിംപിളായ സർജറി ആയിട്ടുകൂടി എന്തുകൊണ്ട് അവർ അതിന് മുതിരുന്നില്ല? അതിന്റെ ഗുട്ടൻസ് പിടി കിട്ടാത്തതുകൊണ്ട് തൽക്കാലം അന്ന് അതങ്ങ് വിട്ടു.

പിന്നീട് കുറേ വർഷങ്ങൾക്കു ശേഷം പനിയായിട്ട് ആശുപത്രിയിൽ ചെന്നതാണ്. എന്റെ തൊട്ടപ്പുറത്തിരിക്കുന്ന സ്ത്രീകൾ വലിയ വർത്തമാനങ്ങളിലാണ്. ഉച്ചത്തിലാണ് സംസാരം. തൊട്ടപ്പുറത്തും ഇപ്പുറത്തുമൊക്കെയായി ആളുകൾ ഇരിക്കുന്നുണ്ട് എന്ന ചിന്തയൊന്നും അവർക്കില്ല. കല്യാണത്തിനെ കുറിച്ചും വീടിനെ കുറിച്ചും ഭർത്താക്കന്മാരെ കുറിച്ചുമൊക്കെ പറഞ്ഞ് അവരങ്ങനെ കത്തിക്കയറുകയാണ്. ഒടുവിൽ മക്കളിലേക്കെത്തി.

എത്ര മക്കളാ?

രണ്ടുപേര്.

നിർത്ത്യോ?

ഇല്ല.

അതെന്തേ?

ഞാൻ നിർത്തുന്നില്ല.

ആ ഉത്തരം കേട്ടപ്പോൾ മറ്റെയാളൊന്ന് ഞെട്ടിയെന്ന് തോന്നി.

അതെന്തേ?

ഞാൻ നിർത്തിയിട്ട് ഇനി ഭാവീല് അഥവാ വേറെ കല്യാണം കഴിക്കേണ്ടി വന്നാൽ ആ ഭർത്താവിനും എനിക്കും കുട്ടികള് വേണമെങ്കിൽ പ്രസവിക്കണ്ടേ?

നൂറ്റാണ്ടിലെ തന്നെ അതിഗംഭീരമായ ചോദ്യം!

ആദ്യമായി ഞാൻ അവരെ സൂക്ഷിച്ചു നോക്കി, ഏറിപ്പോയാൽ പത്തുമുപ്പത്തിയഞ്ച് വയസ്സേ പ്രായമുണ്ടാകൂ. എന്തൊരു പവർഫുൾ ആയിട്ടുള്ള സ്ത്രീ! വല്ലാത്ത ബഹുമാനം തോന്നി എനിക്ക്. എന്ത് ധീരമായ തീരുമാനമാണ് അവരുടേത്! അവർക്കൊരു ഷേക്ക്ഹാൻഡ് കൊടുക്കാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിച്ചുപോയി പെട്ടെന്ന്. അത് പറഞ്ഞതിന്റെ അഹങ്കാരമോ ഭാവമാറ്റമോ മറ്റുള്ളവർ കേട്ടു എന്നതിന്റെ പ്രശ്‌നമോ ഒന്നുമില്ല അവർക്ക്. 

വർത്തമാനം പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ ഞാൻ ആ ഒരൊറ്റ ചോദ്യത്തിലങ്ങ് വിറങ്ങലിച്ചു നിന്നു. അതോടെ പണ്ട് അന്വേഷിച്ച് മടക്കിവെച്ചിരുന്ന സംശയം ഒന്ന് നടുനിവർത്തി. ശരിക്ക് പാരലാക്‌സ് എന്ന കഥയിൽ ട്യൂബക്ടമി ചെയ്യാൻ നിർബന്ധിക്കുന്ന അജയനോട് എന്താ നിങ്ങൾക്ക് വാസക്ടമി ചെയ്താൽ എന്ന് ചോദിക്കുന്ന ജനി ഉണ്ടാകുന്നത് അവിടെ നിന്നാണ്. ആ ഹോസ്പിറ്റലിലെ കാലപ്പഴക്കത്തിൽ കറുത്തുപോയ ബെഞ്ചിൽ നിന്നും.... കഥയിലെ ജനി ശരിക്കും ബോൾഡായിട്ടുള്ള സ്ത്രീ തന്നെയാണ്, അതേ സമയം ഒരുമിച്ച് നിന്നില്ലേൽ ജീവിതം നഷ്ടമാകും എന്ന ചിന്തയുള്ള സാദാ മനുഷ്യത്തിയുമാണ്. അതുകൊണ്ടാണ് കുഞ്ഞ് മരിച്ചപ്പോൾ അവൾ പൂർണ്ണസമ്മതത്തോടെയല്ലെങ്കിലും അജയന്റെ എല്ലാ പരിപാടികൾക്കും കൂട്ട് നിന്നത്.

ഇവിടെയുള്ള സിസ്റ്റത്തിന് എന്നും ആണിന്റെ സ്വഭാമാണ്. സത്യത്തിൽ എനിക്ക് പ്രസവം നിർത്തൽ എന്ന വാക്ക് ആദ്യം കേട്ട കാലത്ത് പിടി കിട്ടാതെ പോയതിന്റെ ഗുട്ടൻസ് അതായിരുന്നു. അത് മാറേണ്ടതുണ്ട്. ജീവിതത്തിലെ ഒന്നും നിർബന്ധിച്ച് ചെയ്യിക്കേണ്ടതല്ല, അതല്ലെങ്കിൽ ഇന്ന കാര്യം ഇന്ന ആളുകൾ മാത്രം ചെയ്യേണ്ടതാണ് എന്ന അലിഖിതനിയമത്തിന് വിധേയമാക്കേണ്ടവയല്ല. ചർച്ച ചെയ്തല്ലേ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കേണ്ടത്. 

സ്വന്തം ശരീരത്തിലുള്ള അവകാശം എല്ലാവർക്കും ഒരുപോലെയാണ്. മക്കൾ മതി എന്ന ഘട്ടം വന്നപ്പോൾ എത്ര കുടുംബങ്ങളിൽ സർജറി ആരു ചെയ്യണം എന്ന ചർച്ചകൾ നടന്നിട്ടുണ്ടാകും? നമ്മൾ ചിന്തിക്കേണ്ട കാര്യമാണത്. പാരലാക്‌സിലെ ജനി എന്ന കഥാപാത്രം ചെയ്യുന്നില്ല എന്ന് പറഞ്ഞാൽ ചെയ്യുന്നില്ല എന്നു തന്നെയാണ് അർഥം. ഇഷ്ടമുണ്ടേൽ അജയന് ചെയ്യാം. ഇനി രണ്ടുപേർക്കും അത് ചെയ്യാതെയും ജീവിച്ചുപോകാം. അതിലൊന്നും നിൽക്കാത്തതുകൊണ്ടാണ് പാറു ഇരുവർക്കുമിടയിൽ കിടന്ന് മരിച്ചുപോയത്. വഴക്കുകൾ സാധാരണമാണ്. പക്ഷേ ചില സന്ദർഭങ്ങളിലെങ്കിലും അതുയർത്തി വിടുന്ന പ്രശ്‌നം നമുക്ക് നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിലുള്ളതായിരിക്കും. അത്തരമൊരു ഓർമപ്പെടുത്തലിനും കൂടി ശ്രമിച്ച കഥയാണ് പാരലാക്‌സ്. എത്രത്തോളം വിജയിച്ചിട്ടുണ്ട് എന്നറിയില്ല, കാരണം അത് വായിക്കുന്നവരാണല്ലോ പറയേണ്ടത്..

എന്തായാലും സമൂഹത്തിൽ പാറുമാർ ഉണ്ടാവാതിരിക്കട്ടെ എന്ന് നമുക്ക് ആത്മാർഥമായി ആഗ്രഹിക്കാം.. ലേ?

Content Summary: Kadhayude Vazhi column by Ravivarma Thampuran on writer Ajijesh Pachat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS
;