ദൈവമാകുന്ന മനുഷ്യർക്ക് സംഭവിക്കുന്നത്; മിത്തും ചരിത്രവും ഇഴചേർത്തു സ‍ൃഷ്ടിക്കുന്ന കഥകൾ

HIGHLIGHTS
  • മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
writer-b-ravikumar
ബി. രവികുമാർ
SHARE

പുറമേക്കു നിശബ്ദരെങ്കിലും ഉള്ളു വെന്തു ജീവിക്കുന്ന കുറച്ചു മനുഷ്യരാണ് ബി. രവികുമാറിന്റെ കഥകളിലുള്ളത്. നമ്മുടെ ചുറ്റിലുമുള്ളവരാണവർ. പത്തനംതിട്ട ജില്ലയിലെ പടയണി ഗ്രാമങ്ങളിലൊന്നായ കുന്നന്താനത്തിന്റെ ജീവിതതാളമാണ് ആ കഥകളിൽ മുഴങ്ങുന്നത്. പടയണിക്കോലങ്ങളുടെ മുഖമുറയ്ക്കു പിന്നിലെ ജീവിതം രവികുമാർ എഴുതുമ്പോൾ കഥ ചില തീക്ഷ്ണ യാഥാർഥ്യങ്ങളിൽ ചെന്നു തൊടുന്നു. പഴയകാലത്തെ തെറ്റുകൾ പുതിയകാലത്തെ ശരികളിൽ വീണൊടുങ്ങുന്നു. പുലിക്കോലത്തിലെ പഞ്ചായത്ത് പ്രസിഡന്റ് ജയദേവനും സ്വാതന്ത്ര്യസമരസേനാനി ശങ്കരപ്പിള്ളസാറും ദൈവം രാഘവനിലെ രാഘവനും ലീലയും സുമാംഗിയും കോനാടനും ജമുനാപ്യാരിയിലെ ബാങ്ക് മാനേജരുമെല്ലാം നിമിഷനേരം കൊണ്ട് അടുത്തുപരിചയമുള്ളവരാരോ ആയി മാറുന്നു. അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും നമ്മുടേതു കൂടിയായി മാറുന്നു. അവരുടെ ജീവിതത്തിന്റെ ഒരു തുണ്ടു തന്നെയാണല്ലോ നമ്മളും ജീവിക്കുന്നതെന്നോർത്തു വിസ്മയിക്കുന്നു. ലോകത്തെ ഒരു കുഞ്ഞു ഗ്രാമത്തിലേക്കു ചുരുക്കുന്ന, അല്ലെങ്കിൽ ഒരു കുഞ്ഞുഗ്രാമത്തെ ലോകത്തോളം വിശാലമാക്കുന്ന കഥയുടെ ഇന്ദ്രജാലം രവികുമാറിന്റെ എഴുത്തിലുണ്ട്. വളരെക്കുറച്ചു കാലത്തിനുള്ളിൽ ശ്രദ്ധേയമായ കഥകളെഴുതി വായനക്കാരുടെ മനസ്സു കവർന്ന ബി. രവികുമാറുമായി ഒരു കഥാസംവാദം.

‘വേനലറുതിയിൽ മഴ കാത്ത് ഭൂമി പൊള്ളി. ഉറക്കം നഷ്ടപ്പെട്ട രാത്രി നിലാവത്തു ചത്തു മലച്ചു കിടന്നു. മണ്ണു നനഞ്ഞു കുതിരണം ഈ ശമനമില്ലാത്ത ഉഷ്ഷകാലം ഒഴിയാൻ. വറചട്ടിയിൽ വാടിയ പ്രാണനെല്ലാം ഭ്രാന്ത് പെരുത്ത് കടൽക്കരയിലേക്ക് പായുംമുൻപ് മഞ്ഞുപൊതിഞ്ഞ് തളംവച്ച് തലനീരിറക്കണം. അന്ത്യയാമത്തിലെ പാതിമയക്കത്തിൽ വേർത്തുകുളിച്ച് ഒന്നാംകര. കാവലാളെപ്പോലെ ഉറക്കംവിട്ട രാഘവൻ പാളിയില്ലാത്ത ജനാലവഴി പുറത്തെ ഇരുട്ടിലേക്കു കണ്ണുനട്ടു. മണിമലക്കാവിലെ വരത്തുപോക്കിന്റെ ആകാശത്താരയിൽ ഒരു ചൂട്ടെരിഞ്ഞു വരുന്നു. അലറിപ്പോയ രാഘവനു തൊണ്ടപൊട്ടി. ‘‘ഉലകം നിറഞ്ഞ തള്ളേ..എല്ലാം കരിഞ്ഞു ചാമ്പലാകണോ നീയൊന്നു കനിയാൻ..വേണോന്ന്?’’. ആ ശബ്ദത്തിൽ ഞടുങ്ങി അടർന്നുവീണ മേഘപ്പാളി ഓലച്ചൂട്ടിനെ മൂടിക്കളഞ്ഞു’. ‘ദൈവം രാഘവൻ’ എന്ന കഥ തുടങ്ങുന്നതിങ്ങനെയാണ്. പിന്നെയങ്ങോട്ടു രാഘവന്റെ പൂണ്ടുവിളയാട്ടമാണ്. ദൈവമായും മനുഷ്യനായും കാമുകനായും ഭർത്താവായും അച്ഛനായും വിശ്വാസിയായും തൊഴിലാളിയായുമുള്ള രാഘവന്റെ വേഷപ്പകർച്ചകൾ ഒരു ദേശത്തിന്റെ ചരിത്രവും മനുഷ്യന്റെ വിവിധ ആകുലതകളുടെയും വിശ്വാസങ്ങളുടെയും ആകെത്തുകയായും മാറുന്നു. എങ്ങനെയായിരുന്നു രാഘവന്റെ പിറവി? അതൊരു കഥാരൂപത്തിലേക്കു മാറാൻ എത്ര കാലമെടുത്തു? ആ കഥാവേദന പങ്കുവയ്ക്കാമോ?

എന്റെ അയൽവാസിയായിരുന്നു രാഘവൻ. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ രാഘവനെ അറിയാമായിരുന്നു. പാരമ്പര്യമായി കിട്ടിയ കല്ലുകൊത്തായിരുന്നു രാഘവന്. നല്ല പാട്ടുകാരനുമായിരുന്നു. എന്റെ ഓർമയിൽ മൂന്നാലു തവണ രാഘവൻ വീടിനു തീയിട്ടിട്ടുണ്ട്. 25 കൊല്ലം മുമ്പു രാഘവൻ മരിച്ചു. മരിക്കുന്ന സമയത്ത് ചാക്കോ എന്നായിരുന്നു പേര്. വളരെ സാധുവായ ഈ മനുഷ്യൻ വീടിനു തീയിടുന്നതിനു കാരണം എന്തായിരിക്കാമെന്നുള്ള ഒരന്വേഷണമാണു കഥയിലേക്കു പരിണമിച്ചത്. എനിക്കറിയാവുന്ന മറ്റു ചിലരുടെ മാനസികസംഘർഷങ്ങൾ രാഘവനോടു ചേർത്തുവച്ചപ്പോൾ ദൈവം രാഘവനായി മാറി.

b-ravikumar
ബി. രവികുമാർ

കുന്നന്താനം എന്ന ദേശം എഴുത്തിൽ ചെലുത്തിയിട്ടുള്ള സ്വാധീനമെന്താണ്? കഥകളിലെ കുന്നന്താനം പെരുമയെപ്പറ്റി പറയാമോ?

കുന്നന്താനത്തെ ഓരോ മനുഷ്യനിലും കഥകളുണ്ട്. ഓരോ സ്ഥലങ്ങളിലും കഥകളുറങ്ങുന്നു. പ്രകൃതിയും അങ്ങനെ തന്നെ. ഉമിക്കുന്നും ഒട്ടിയ കുഴിയും പൂച്ചവാലും അഴകന്താനവുമടക്കം ഏതു സ്ഥലവും കഥകളാൽ ആദരിക്കപ്പെടുന്നു. പാണ്ഡവവനവാസകാലവും നാട്ടിലെ ഗുസ്തിയുടെ കാലവും ചട്ടമ്പിമാരുടെ പ്രഭാവവും പടയണിയും കഥകളുടെ ഉറവകളാണ്‌. എഴുതിയ കഥകളിലെ ദേശവും കാലവും കഥയും കഥാപാത്രങ്ങളും ആ നാട്ടിലുള്ളതാണ്. നാരുണ്ട ചുറ്റിയും ചാട്ട പിരിച്ചും ജീവിച്ചിരുന്നവരുടെ ഇന്നത്തെ തലമുറ നല്ല നിലയിലാണ്. പല നായർ തറവാടുകളിലും കുടികിടപ്പുകാരുണ്ടായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് എന്താണു കുടികിടപ്പെന്ന് അറിയുക തന്നെയില്ല. മുട്ടനാടിനെ വളർത്തിയിരുന്നത് വളരെ അടുപ്പമുള്ള ഒരു വീട്ടിലെ കുടികിടപ്പുകാരായിരുന്നു. ആ നായർ കുടുംബം നശിച്ചു വിറ്റുപോയി. ആടിനെ വളർത്തിയിരുന്നവർ വലിയ നിലയിൽ രക്ഷപ്പെട്ടു. അവർ ദേശത്തെ ഉന്നതശ്രേണിയിൽ സ്ഥാനം നേടുകയും ചെയ്തു. ആട്ടുംമുട്ടൻ എന്നു പറയുമ്പോൾ അവരുടെ ഇന്നത്തെ തലമുറ അനുഭവിക്കുന്ന അപകർഷതയ്ക്കെതിരെ പൊരുതി നേടിയ ഒരു വിജയിയുടെ ഭാവം എന്റെ തലമുറ കണ്ടിട്ടുണ്ട്.

ജമുനാപ്യാരിയിലെ പഴയകാല സാമൂഹികജീവിത ചിത്രങ്ങൾ ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ യാഥാർഥ്യമോയെന്നു സംശയം തോന്നുന്ന ഒന്നായേക്കാം. ദൈവം രാഘവനിലും പുലിക്കോലത്തിലുമെല്ലാം ഫ്യൂഡലിസവും ജന്മിത്വവും അടിച്ചമർത്തപ്പെട്ടവരുടെ വേദനയുമെല്ലാം വിവിധ കഥാപാത്രങ്ങളിലൂടെ കടന്നു വരുന്നുണ്ട്. മധ്യതിരുവിതാംകൂറിന്റെ പഴയകാലസാമൂഹിക ജീവിതവും പുതിയകാല സമൂഹവും എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു? കഥയിലേക്ക് അവ കടന്നുവരുന്നതെങ്ങനെ?

ഫ്യൂഡൽ കാലഘട്ടത്തിന്റെ പ്രതാപങ്ങളൊന്നും ഇന്നു പുതിയ തലമുറ നാട്ടിൽ കാര്യമായി അംഗീകരിക്കുന്നില്ല. കുടുംബമഹിമയുടെ മേനി പറച്ചിലിൽ മാത്രം അതവശേഷിക്കുന്നു.

jamunapyari

മാസ്കുകളുടെ ഈ കൊറോണക്കാലത്ത് മുഖമറകൾ മനുഷ്യനെ ദൈവവും പിശാചും യക്ഷിയുമൊക്കെയായി വളരെയെളുപ്പത്തിൽ പരിവർത്തനം ചെയ്യിക്കുന്ന പടയണിയുടെ നാടാണല്ലോ സ്വദേശം. പടയണിയും അതിന്റെ താളവും വേഷവും ദൃശ്യവുമൊക്കെ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചു? കഥകളിൽ അതെങ്ങനെയാണു പ്രയോഗിച്ചത്?

കുന്നന്താനം പടയണി നശിച്ചുപോയ ഒരു കാലമാണ് എന്റെ യൗവനകാലം വരെ കണ്ടത്. അതു തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിൽ ജീവിതം പടയണിയുടെ ഭാഗം തന്നെയായി മാറി. വ്യക്തി ജീവിതത്തിൽ വളരെ സംഘർഷങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന കാലമായിരുന്നു നാൽപതു വയസ്സു മുതൽ വിരമിക്കൽ കാലം വരെ. അക്കാലം പിടിച്ചു നിന്നതു പടയണിയെ ഏറ്റെടുത്തതു കൊണ്ടു മാത്രമാണ്. കഥകളുടെ ഒഴുക്കും താളവും പടയണിയിൽ നിന്നു കിട്ടിയതു തന്നെയാവാം. കഥകളിലെ സംഘർഷങ്ങളിലെല്ലാം പടയണിയിലെ ചില രംഗങ്ങൾ ചേർത്തുവച്ചിട്ടുമുണ്ട്.

ഓർമയിലെ പച്ച..ചോപ്പ്.. എന്ന പുസ്തകത്തെക്കുറിച്ചു പറയാമോ? അതിലെ ഓർമകൾ അടുക്കിയെടുത്തത് എങ്ങനെയാണ്? ആ പുസ്തകത്തിലെ ഏറ്റവുമധികം മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു ഓർമ?

ഓർമയിലെ പച്ച... ചോപ്പ് കുന്നന്താനത്തും പരിസരത്തും കണ്ടുമുട്ടിയ ചില അനുഭവങ്ങളാണ്. പല കാലങ്ങളിലായി എഫ്ബിയിൽ കുറിച്ചിട്ട നോട്ടുകൾ പുസ്തകമായതാണ്. നേരിട്ടു കണ്ട ജീവിതങ്ങൾ, സംഭവങ്ങൾ, തമാശകൾ, കൗതുകങ്ങൾ തുടങ്ങിയവ വെറുതെ എഫ്ബിയിൽ അപ്പപ്പോൾ എഴുതിയിട്ടു. അല്ലിയമ്മയുടെ ജീവിതം, ഗിരീഷിന്റെ ഇഞ്ചിക്കറി തുടങ്ങിയ ഓർമകൾ കൂടെയുണ്ട്. അതിലെ ഓർമകൾ എല്ലാം നല്ല കഥകളായി എഴുതാമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. സൂര്യവംശത്തിലെ കൃഷ്ണപിള്ള നഷ്ടപ്പെടുത്തിയ ഒരു കഥയാണ്.

ormayile-pacha-choppu

മിത്തും ചരിത്രവും ഐതിഹ്യവും വാമൊഴിയും വർത്തമാനകാല രാഷ്ട്രീയവുമെല്ലാം നിറഞ്ഞ കഥയാണു പുലിക്കോലം. ആ കഥയെഴുതിയ അനുഭവം വിശദമാക്കാമോ?

പുലിക്കോലത്തിലെ പുലി ഒഴികെ എല്ലാം കുന്നന്താനത്തുള്ളതാണ്. കടുവ പിടിച്ച വല്യച്ഛൻ പടയണി നടത്തുന്ന മഠത്തിൽക്കാവിൽ ഇളംകൂറ്റിൽ വല്യച്ഛൻ എന്ന പേരിലുണ്ട്. വല്യച്ഛനെ പ്രതിഷ്ഠിച്ച താഴമൺ മഠത്തിലെ തന്ത്രിയെ ഇളംകൂറ്റിലെ കുടുംബക്ഷേത്രത്തിൽ ബ്രഹ്മരക്ഷസ്സായി കാണാം. ജയദേവൻ എന്ന പഞ്ചായത്ത് പ്രസിഡന്റ് എന്റെ ശിഷ്യനും കൂടിയായിരുന്നു. സ്പീക്കർ എം.ബി.രാജേഷിനൊപ്പം ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ പഠിച്ചതാണ്. പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എഴുതുമ്പോൾ ജയദേവൻ മനസ്സിൽ വന്നിരുന്നില്ല. കഥ വന്നു കഴിഞ്ഞപ്പോൾ അങ്ങനെയും ഒരു വായന വന്നു. പത്തനംതിട്ട ജില്ലയിലെ ചിറ്റാർ, സീതത്തോട് തുടങ്ങിയ ഭാഗങ്ങളിൽ പുലിയിറങ്ങി ഭീതിപരത്താറുണ്ട്. അത്തരം വാർത്തകളാണ് അങ്ങനെ ഒരു വിഷയത്തിലേക്കു കൊണ്ടു പോയത്. ഗുസ്തി ഒരു കാലത്ത് ഈ നാട്ടിലെ പ്രധാന വിനോദവുമായിരുന്നു. അവസാന ഫയൽവാനായിരുന്ന കാദറും അടുത്തയിടെ മരിച്ചു. കാദർ കഥയിലുണ്ട്.

pulikkolam

‘മണിമലക്കാവിൽ നിന്നു തപ്പുമേളം ഉയർന്ന രാത്രികളിൽ രാഘവനെ പെരുത്തുവിറച്ചു. ഒരു ദിവസം കൈവിട്ടു പോയി.’ കഥയിലേക്ക് വൈകിയാണെങ്കിലും കൈവിട്ടോടിക്കയറിയത് ദൈവം രാഘവനെപ്പോലെ എഴുത്താവേശിച്ച് ഇരിപ്പുറക്കാതെ വന്നപ്പോഴായിരുന്നോ? എഴുത്ത് മനസ്സിൽ കയറിക്കൂടിയതെപ്പോഴാണ്?

ഓർമയിലെ പച്ച പുസ്തകം 2020 ഫെബ്രുവരിയിൽ ഇറങ്ങി. മാർച്ചിൽ ലോക്ഡൗണും വന്നു. പുസ്തകം ഓൺലൈനിൽ നന്നായിപ്പോയി. നല്ല റിവ്യു വന്നു. മനോജ് കുറൂരും എസ്.ഹരീഷും എഴുതിയ റിവ്യു പുസ്തകത്തെ കൂടുതൽ ആൾക്കാരിലെത്തിച്ചു. അതു വായിച്ചവർ പലരും കഥ എഴുതാൻ നിർബന്ധിച്ചു. അപ്പോൾ വയസ്സ് 58 കഴിഞ്ഞിരുന്നു. അന്നുവരെ ഒരു കഥയും എഴുതിയിരുന്നില്ല. ലോക്ഡൗണിൽ വീട്ടിൽ കുടുങ്ങിപ്പോയ സമയമായിരുന്നു. ഇഷ്ടം പോലെ സമയം. ലാപ്ടോപ്പിൽ കുറേശ്ശ ടെപ്പ് ചെയ്തു തുടങ്ങി. പയ്യപ്പയ്യെ പുലിയിറങ്ങി. പരിഭ്രാന്തി പരത്തി. പുലിയെ എങ്ങനെ കുടുക്കുമെന്ന ആലോചനയിലാണ് കടുവാ പിടിച്ച വല്യച്ഛനെ കഥയിലേക്കു കൊണ്ടുവന്നത്. എങ്ങനെയോ കഥ വലിയ കുഴപ്പമില്ലാതെ അവസാനിപ്പിച്ചു. മലയാളം വാരിക ആഘോഷപൂർവം 2020ലെ വായനാദിനമായ ജൂൺ 19ന് കഥ പ്രസിദ്ധീകരിച്ചു. രാഘവനെപ്പോലെ ഇരിപ്പുറയ്ക്കാതെ കഥയിലേക്ക് ഓടിക്കയറിയതല്ല. സുഹൃത്തുക്കളും ശിഷ്യരും കൂടി എഴുത്തിന്റെ പ്രളയത്തിലേക്ക് തള്ളിയിട്ടതാണ്. നീന്തലറിയാത്തവന്റെ ജലപ്പേടി എനിക്കിപ്പോഴുമുണ്ട്. കഥ എഴുതാനുള്ള ഒരാഗ്രഹവും ഉണ്ടായിരുന്നതല്ല. വെള്ളത്തിൽ വീണുപോയതുകൊണ്ട് രക്ഷപ്പെടാനായി നീന്തുകയാണ്.

ഉറക്കം നഷ്ടപ്പെട്ട രാത്രി നിലാവത്തു ചത്തുമലച്ചു കിടന്നു (ദൈവം രാഘവൻ) എന്നും വാഹനത്തിലെ പേടിച്ചു മങ്ങിയ വെളിച്ചം എന്നും (പുലിക്കോലം) എഴുതുമ്പോൾ ഭാഷ ഒരു നേർത്ത നിലാവെളിച്ചം പോലെ മനസ്സിലേക്കു നൂണ്ടുകയറി പ്രകാശം പരത്തുകയാണ്. കഥ നൽകുന്ന സംതൃപ്തിയിൽ അതിലെ ഭാഷ എത്രമാത്രം പ്രധാനപ്പെട്ടതാണ്? വായനക്കാരെ മുന്നിൽ കണ്ടുകൊണ്ടാണോ കഥയുടെ ഭാഷ രൂപപ്പെടുത്തുന്നത്?

ഒന്നര വർഷം കൊണ്ടു നാലു കഥയാണ് എഴുതിയത്. മനസ്സിൽ വരുന്നത് ആവിഷ്കരിക്കാൻ ഭാഷ വലിയ പ്രശ്നമായി തോന്നിയിട്ടില്ല. ലാപ്ടോപ്പിൽ ടെപ്പ് ചെയ്യുകയാണു രീതി. അതുകൊണ്ടു മനസ്സിനൊരു സമാധാനം വരുന്ന വരെ വായിച്ചു തിരുത്താൻ പറ്റും. ക്ലാസെടുക്കുമ്പോഴും കഥ പറയുന്ന ഒരു രീതിയാണ് എന്നും തുടർന്നു വന്നിരുന്നത്. കഥ എഴുതേണ്ടി വന്നപ്പോഴും കുട്ടികൾ മുമ്പിലുണ്ടെന്ന ചിന്തയിലാണ് എഴുതുന്നത്. എല്ലാ കഥകളിലും വായനക്കാരെ മുന്നിൽ കണ്ട് ഭാഷ സൃഷ്ടിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.

b-ravikumar-puthuvakku

കഥാവായന എങ്ങനെയാണ്? 

കഥ എഴുതുന്നതിനു മുന്നേ തന്നെ കഥ ധാരാളം വായിച്ചിരുന്നു. ഇപ്പോൾ ഒരു കഥയും വിട്ടുപോകാതെ വായിക്കാൻ ശ്രമിക്കുന്നുണ്ട്. സുദീപ് ടി. ജോർജിന്റെ ‘ആര്യാനാം വെയ്ജ’. വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയമുയർത്തുന്ന ഭീകരത ആഖ്യാനമികവുകൊണ്ട് ശ്രദ്ധേയമാക്കി.

അംബികാസുതൻ മാങ്ങാടിന്റെ ‘കാരക്കുളിയൻ’. സ്വയം പീഡനമേറ്റുവാങ്ങി കോലം കെട്ടുന്നതിന്റെ പിന്നിലെ പശ്ചാത്താപകഥ ഒരു ദൃശ്യാനുഭവം പോലെ അവതരിപ്പിക്കുന്നു. ജ്യോതിശങ്കറിന്റെ ‘യവനിക’. യവനിക എന്ന സിനിമയിലെ ഒരു ഗാനരംഗത്തിലൂടെ അൽസ്ഹൈമേഴ്സ് ബാധിതനായ ഒരു മുതിർന്ന മനുഷ്യന്റെ മാനസികവ്യാപാരങ്ങളെ ഗൃഹാതുരതയോടെ അവതരിപ്പിക്കുന്നു. ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ എന്ന നീണ്ടകഥ ചിരിയും ചിന്തയും ഒരുപോലെ ഉണർത്തുന്ന ഒരു സോഷ്യൽ സറ്റയറാണ്. അവസാനം വായിച്ച കഥ ബോണി തോമസിന്റെ ‘ഹേ’ അമ്പരപ്പിക്കുന്ന രാഷ്ട്രീയകഥയാണ്. ദേഹമാസകലം ദൈവനാമങ്ങൾ പച്ചകുത്തി സവർണ പീഡനത്തെ ചെറുക്കുന്ന രാഷ്ട്രീയ കഥ. പേരുകൾക്കിടയിൽ ഒളിച്ചെഴുതിയ ഹേ എന്ന വാക്കിലേക്ക് നിറയൊഴിക്കപ്പെടുമ്പോൾ ഹേ റാം എന്നൊരു വിലാപം മനസ്സിൽ മരിച്ചു വീഴും. റാമിനല്ല. ഹേയിലാണ് വെടിയേറ്റത്.

പുതിയ കഥകളിൽ ഉറപ്പായും വായിച്ചിരിക്കേണ്ടവ?

ജേക്കബ് ഏബ്രഹാമിന്റെ പീറ്റർ കെയുടെ നോവൽ, ഷിനിലാലിന്റെ സ്പർശം, വിനു ഏബ്രഹാമിന്റെ ചെങ്കിസ് ഖാന്റെ കുതിരകൾ, പി.എഫ്. മാത്യൂസിന്റെ മുഴക്കം, നിധീഷ് ജിയുടെ എലഫന്റ് ഇൻ ദ് റൂം, കെ.വി. മണികണ്ഠന്റെ നീലിമാദത്ത, ഉണ്ണികൃഷ്ണൻ കളീക്കലിന്റെ മരച്ചക്ക്, എൻ. ഹരിയുടെ അപസർപ്പകൻ, കെ.എസ്. രതീഷിന്റെ വരിക്കച്ചക്കേടെ കടം കിടക്കണ്, മനോജ് വെള്ളനാടിന്റെ പദപ്രശ്നം, മഹേന്ദറിന്റെ റിയൽ എസ്റ്റേറ്റ്, മജീദ് സെയ്ദിന്റെ കുനാർ നദിക്കരയിലേക്കൊരു രാത്രിയാത്ര, ഫർസാന അലിയുടെ ചെന്താരകം, എം. പ്രശാന്തിന്റെ ആനകളി, മനോജ് വെങ്ങോലയുടെ അഫ്രിക്കൻ ഒച്ചുകളുടെ വീട്, പ്രിൻസ് അയ്മനത്തിന്റെ ചാരുമാനം, പ്രമോദ് കൂവേരിയുടെ വെള്ളച്ചിയുടെ മാനിഫെസ്റ്റോ, ശ്രീകണ്ഠൻ കരിക്കകത്തിന്റെ മെറ്റമോർഫസിസ് അങ്ങനെ ഒട്ടേറെ കഥകൾ ഓർമ വരുന്നു.

Content Summary: Puthuvakku Series - Talk with writer B. Ravikumar 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA
;