ഏറ്റവും പ്രിയപ്പെട്ടയാളെ തെരഞ്ഞെടുക്കാൻ എന്താണ് മാനദണ്ഡം?

HIGHLIGHTS
  • ജീവിതം മാറ്റിമറിക്കണമെന്നുമില്ല. ആവശ്യനേരത്ത് കൈത്താങ്ങായാൽ മതി
subhadinam-what-is-your-criteria-for-picking-your-closest-friends
Representative Image. Photo Credit : Obak / Shutterstock.com
SHARE

നാലാം ക്ലാസിൽ കുട്ടികളുടെ ക്രാഫ്റ്റ് പീരിയഡാണ്. ടീച്ചർ എല്ലാവരോടും പടം വരയ്ക്കാൻ ആവശ്യപ്പെട്ടു. ഇഷ്ടപ്പെട്ട ഏറ്റവും നല്ല സമ്മാനത്തിന്റെ പടം വേണം വരയ്ക്കാൻ. ചിലർ വീടിന്റെ ചിത്രം വരച്ചു. കളിപ്പാട്ടം, പൂച്ചക്കുട്ടി അങ്ങനെ പലതരം പടങ്ങൾ പ്രത്യക്ഷപ്പെട്ടു. ഒരു കുട്ടി വരച്ചതു രണ്ടു കൈകളാണ്. ടീച്ചർ അവനോടു ചോദിച്ചു: നിനക്കിഷ്ടം നിന്റെ കൈകളാണോ? അവൻ പറഞ്ഞു: ഇതെന്റെയല്ല, ടീച്ചറിന്റെ കൈകളാണ്. ഇന്നലെ ഞാൻ മൈതാനത്തു വീണപ്പോൾ എഴുന്നേൽപിച്ചത് ടീച്ചറിന്റെ കൈകളാണ്. കഴിഞ്ഞയാഴ്ച ടൂർ പോയപ്പോൾ കടലിൽ ഇറങ്ങാൻ പേടിച്ച എന്നെ പിടിച്ചിറക്കിയതും ടീച്ചറിന്റെ കൈകളാണ്. അതുകൊണ്ട് എന്റെ പ്രിയപ്പെട്ട സമ്മാനം ഇതാണ്.

പ്രിയപ്പെട്ടവർ ആരെന്ന ചോദ്യത്തിന് ഓരോരുത്തരും നൽകുന്ന ഉത്തരം തങ്ങളുടെ പ്രിയങ്ങളെ ചേർത്തുപിടിച്ചവരുടെയും അപ്രിയസംഭവങ്ങളിൽ ആത്മവിശ്വാസം നൽകിയവരുടെയും പേരുകളായിരിക്കും. ജന്മംകൊണ്ടോ കർമംകൊണ്ടോ വർഷങ്ങൾ കൂടെയുണ്ടായാലും ചില പേരുകൾ ആ പട്ടികയിൽ ഉൾപ്പെടില്ല. ഒരിക്കൽ മാത്രം കണ്ടുമുട്ടിയ ചിലർ അവിടെ ചിരപ്രതിഷ്ഠ നേടുകയും ചെയ്യും. പദവികൊണ്ടും പ്രവൃത്തികൾകൊണ്ടും എത്രയധികം ആളുകളുടെ കൂടെ ഓരോ ദിവസവും എല്ലാവരും ചെലവഴിക്കുന്നുണ്ടാകും. അവരിൽ ഒരാളുടെയെങ്കിലും കരം പിടിക്കാൻ കഴിയുന്നുണ്ടോ? സാമൂഹികപരിഷ്കർത്താവാകാനോ ആൾക്കൂട്ടത്തിന്റെ നായകനാകാനോ എല്ലാവർക്കും കഴിയില്ല. പക്ഷേ ചില ജീവിതങ്ങളിലെങ്കിലും വഴിത്തിരിവുണ്ടാക്കാനാകും. ജീവിതം മാറ്റിമറിക്കണമെന്നുമില്ല. ആവശ്യനേരത്ത് കൈത്താങ്ങായാൽ മതി.  

എത്രമാത്രം പ്രയോജനകരമായിരുന്നു ഓരോ ദിവസവും എന്നറിയാൻ ദിനാന്ത്യം ചില ചോദ്യങ്ങൾ സ്വയം ചോദിച്ചാൽ മതി. ഇന്ന് എത്രപേർക്ക് ഒരു പുഞ്ചിരിയെങ്കിലും സമ്മാനിച്ചു, അസ്വസ്ഥനായി കാണപ്പെട്ട ആരോടെങ്കിലും എന്തുപറ്റിയെന്നു ചോദിച്ചോ, കൈ നീട്ടി യാചനയോടെ നിന്ന ഒരാളുടെയെങ്കിലും കണ്ണുകളിൽ നോക്കിയോ? ജോലികൾ തീർക്കുന്ന തിരക്കിനിടയിൽ ചിലരെയെങ്കിലും ഒന്ന് അഭിനന്ദിച്ചാൽ, അഭിവാദ്യം ചെയ്താൽ അത് അവരിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. അപകടങ്ങളിൽനിന്നു രക്ഷിക്കുന്നതും സാഹസിക കർമങ്ങളിൽ കൂട്ടാകുന്നതും മാത്രമല്ല സൽക്കർമങ്ങളായി പരിഗണിക്കേണ്ടത്. അപമാനിക്കപ്പെടുമായിരുന്ന സന്ദർഭങ്ങളിൽനിന്നു രക്ഷപ്പെടുത്തിയതും ആത്മവിശ്വാസം നൽകിയതുമാകും അദ്ഭുതപ്രവൃത്തികളായി മാറിയിട്ടുണ്ടാകുക.

Content Summary : Subhadinam - What is your criteria for picking your closest friends? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA
;