തെറ്റു ചെയ്യുമ്പോഴല്ല, ചെയ്ത തെറ്റ് മറ്റൊരാൾ അറിയുമ്പോൾ മാത്രമാണ് ഒരാൾ കുറ്റവാളിയാകുന്നത്. സ്വന്തം ഇഷ്ടത്തിനു ജീവിക്കാനുള്ള സഹജവാസനയെ അടക്കിവച്ച് സമൂഹത്തിനും നിയമത്തിനും അനുസരിച്ചു ജീവിക്കാൻ സ്വയം പരിശീലിപ്പിച്ചെടുത്ത ജീവിവർഗമാണ് മനുഷ്യൻ. ഏതാണു തെറ്റ്, ഏതാണു ശരി? ആരാണ് ഈ ശരിയും തെറ്റും തീരുമാനിക്കുന്നത്? തെറ്റുകുറ്റങ്ങൾ കണ്ടെത്തി തിരുത്താനും ശിക്ഷിക്കാനും ആർക്കാണ് അധികാരമുള്ളത്? എക്കാലത്തും സമൂഹത്തിന്റെ ഭാഗമായിരുന്ന ഇതേ ചോദ്യങ്ങളുടെ തുടർച്ച തേടൽ തന്നെയാണ് വിനോയ് തോമസിന്റെ ‘കളിഗമിനാറിലെ കുറ്റവാളികൾ’ എന്ന കഥയും ആ കഥയെ അടിസ്ഥാനമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി എന്ന സിനിമയും. സാഹചര്യം അനുകൂലമെങ്കിൽ ഏച്ചുകെട്ടലുകൾ ഒന്നുമില്ലാതെ തനിസ്വഭാവം പുറത്തെടുക്കുന്ന മനുഷ്യരുടെ കഥ. സാഹചര്യം മാറുമ്പോഴൊക്കെയും അതിനൊത്ത് നിൽക്കാൻ പഠിച്ചവര്‍. ചുരുക്കിപ്പറഞ്ഞാൽ, ചുരുളിക്കു പുറത്ത് ജീവിക്കാൻ വിധിക്കപ്പെട്ട ചുരുളിക്കാരാണ് നമ്മളിൽ അധികവും. ചിലരുടെ നേരേ കണ്ണടച്ചും ചിലരുടെ നേരേ കണ്ണുതുറന്നുമിരിക്കുന്ന നിയമവും നീതിയുമെല്ലാം സിനിമ ചർച്ച ചെയ്യുമ്പോഴും സമൂഹമാധ്യമത്തിലെ പ്രധാന ചർച്ച സിനിമ പറഞ്ഞ ‘തെറി’ കളെക്കുറിച്ചാണ്.
HIGHLIGHTS
- കർണാടകത്തിൽ നിലവിലുള്ള ഹരികഥ എന്ന ഫോക്ക് ആണ് സിനിമയുടെ ബാക് ഡ്രോപ്പിൽ കിടക്കുന്നത്.
- നാടോടി കലാരൂപങ്ങളുടെ ഏറ്റവും വലിയ സാധ്യത എന്നു പറയുന്നത് വ്യാഖ്യാനങ്ങൾക്കുള്ള ഇടമാണ്.