നീരസത്തോടെ ദാനം നൽകുന്നവരോട്; അത് സ്വീകരിക്കുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

subhadinam-why-is-reward-and-recognition-important
Representative Image. Photo Creidt : Guitarfoto / Shutterstock.com
SHARE

വഴിയരികിൽ നാളികേരം വിൽക്കുന്ന സ്ത്രീയെ കണ്ടപ്പോൾ അമ്മ മകനോടു പറഞ്ഞു: രണ്ടെണ്ണം വാങ്ങുക. കൂടുതൽ വില നൽകരുത്. കുറച്ചും നൽകരുത്. ന്യായമായതു നൽകുക. അല്ലെങ്കിൽ നാടു മുടിയും. മകൻ ചോദിച്ചു: വില കൂടുതൽ നൽകരുതെന്നതു മനസ്സിലായി. എന്തുകൊണ്ടാണ് വില കുറച്ചു നൽകരുതെന്നു പറഞ്ഞത്? വിലക്കുറവിൽ കിട്ടുന്നതു ലാഭമല്ലേ? അമ്മ പറഞ്ഞു: ന്യായവില കൊടുക്കാതിരിക്കുന്നത് അവരുടെ അധ്വാനത്തെ അവഹേളിക്കലാണ്. അവർക്ക് ഉപജീവനത്തിനു മറ്റു മാർഗമില്ല. 

മകൻ വീണ്ടും ചോദിച്ചു: അതെനിക്കു മനസ്സിലായി. പക്ഷേ, ഞാൻ വില കുറച്ചുകൊടുത്താൽ എങ്ങനെയാണു നാടു മുടിയുന്നത്? അമ്മ വിശദീകരിച്ചു: വില കുറച്ചു കൊടുക്കുന്നത് അനീതിയാണ്. നീ അതാവർത്തിക്കും. നിന്റെ കൂടെയുള്ളവരും അതു ചെയ്യും. നാടു മുടിയാൻ മറ്റെന്താണു വേണ്ടത്? 

പണം കൊടുത്തു ബഹുമാനം വാങ്ങുന്നവരും പണം കൊടുക്കാതെ അപമാനിക്കുന്നവരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇരുകൂട്ടർക്കും അധ്വാനത്തിന്റെ വിലയറിയില്ല. അർഹിക്കുന്നതു നൽകുക എന്നതു വിലയിലും പെരുമാറ്റത്തിലും ഒരുപോലെ ബാധകമാണ്. എന്തു നൽകുമ്പോഴും നൽകുന്നവരുടെ മനോഭാവവും സ്വീകരിക്കുന്നവരുടെ അവസ്ഥയും ഒരുപോലെ പ്രധാനമാണ്. നീരസത്തോടെ എത്രയധികം നൽകിയാലും അതു സ്വീകരിക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥ എന്തായിരിക്കും? നിവൃത്തികേടുകൊണ്ടാണു ധാർഷ്ട്യത്തിനു മുന്നിൽ പലരും നിശ്ശബ്ദരാകുന്നത്. വേണ്ടതു നൽകാതെ സഹാനുഭൂതി പ്രകടിപ്പിച്ചിട്ടെന്തുകാര്യം?. അനർഹമായതു നൽകിയാൽ അലസതയും അടിമത്തവും സൃഷ്ടിക്കപ്പെടും. 

അർഹിക്കുന്നതു നൽകണം. അർഹതയുള്ളവരെ കണ്ടെത്തി ആനുകൂല്യമാണെന്നു തോന്നാത്തവിധം അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നവരാണു യഥാർഥ കാരുണികർ.

വിലപേശുന്നത് എപ്പോഴും ശേഷി കുറഞ്ഞവരോടായിരിക്കും. തന്നെക്കാൾ ശൗര്യമുള്ളവരോട് ആരും കണക്കു പറയാൻ നിൽക്കില്ല. കൂടുതൽ വിലയുള്ള സ്ഥലങ്ങളിൽ പോയി ക്രയവിക്രയം നടത്തുന്നതും അർഹിക്കുന്നതിലുമധികം വില നൽകുന്നതും സ്വാഭിമാന സംരക്ഷണമായി സ്വയം സാക്ഷ്യപ്പെടുത്തി തിരിച്ചിറങ്ങും. അശരണർക്കു നൽകുമ്പോൾ അളവുപാത്രങ്ങൾ ഉപയോഗിക്കാതിരിക്കുകയും സ്വന്തംകാലിൽ നിൽക്കാൻ ശേഷിയുള്ളവർക്ക് അളന്നുതൂക്കി മാത്രം നൽകുകയും ചെയ്താൽതന്നെ സാമൂഹികനീതി സ്വയം സഞ്ചരിക്കാൻ തുടങ്ങും.

Content Summary : Subhadinam : Why is reward and recognition important?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
;