ADVERTISEMENT

മലയാളത്തിലെ ആദ്യ കഥാകാരൻ ജനിച്ചിട്ട് 160 വർഷം പൂർത്തിയാകുമ്പോൾ ആദ്യ കഥയ്ക്കു പ്രായം 130. തളിപ്പറമ്പ് ചവനപ്പുഴ ഹരിദാസ് സോമയാജിയുടെയും പാണപ്പുഴ വേങ്ങയിൽ കുഞ്ഞമ്മയുടെയും മകനായി 1861 നവംബർ 14നാണ് കേസരി പാണപ്പുഴ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എന്ന പ്രതിഭയുടെ പിറവി. 1891 ഫെബ്രുവരി- മാർച്ച് ലക്കം വിദ്യാവിനോദിനിയിൽ  അദ്ദേഹം എഴുതിയ വാസനവികൃതിയാണ് മലയാള സാഹിത്യത്തിലെ ലക്ഷണമൊത്ത ആദ്യ ചെറുകഥയായി കണക്കാക്കുന്നത്.

 

വേങ്ങയിൽ കുഞ്ഞിരാമൻ നായനാരെപ്പോലെ തൂലികാ നാമംകൊണ്ട് പ്രശസ്തരായ എഴുത്തുകാർ കുറവാണ്. കേസരി, വജ്രബാഹു, വജ്രസൂചി, ദേശാഭിമാനി എന്നിങ്ങനെ വ്യത്യസ്ത തൂലികാ നാമത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ മലയാളികൾ അറിഞ്ഞു. എന്നാൽ കേസരി എന്ന തൂലികാ നാമത്തിനാണു ചിരപ്രതിഷ്‌ഠ ലഭിച്ചത്. നായനാരെപ്പോലെ പത്രലേഖനങ്ങൾകൊണ്ടു മാത്രം അനശ്വരനായ മറ്റൊരു സാഹിത്യനായകൻ കേരളത്തിൽ ഉണ്ടോ എന്നു സംശയമാണ്. 

കരുത്തനായ കൊല്ലംകോട്ടു വസുദേവ രാജാവിനെ തോൽപിച്ചു ജന്മി പ്രതിനിധിയായി മദ്രാസ് നിയമനിർമാണ സഭയിലെത്തിയ, ഒരു പ്രഭുകുടുംബത്തിലെ കാരണവരായ നായനാർ വാദിച്ചതു പക്ഷേ പാവപ്പെട്ട കുടിയാന്മാർക്കുവേണ്ടിയായിരുന്നു. മലബാർ കലക്‌ടർ ആയിരുന്ന ലോഗന്റെ പ്രേരണയാൽ കൃഷിശാസ്‌ത്രം പഠിച്ച ആദ്യ ജന്മിയും നായനാരാണ്.

 

തളിപ്പറമ്പ് ഇംഗ്ലിഷ് സ്കൂളിലായിരുന്നു പ്രാഥമിക പഠനം, കോഴിക്കോട് ഗവ. കോളജ്, സെയ്ദാപ്പേട്ട കാർഷിക കോളജ് എന്നിവിടങ്ങളിൽ നിന്നു ബിരുദവും നേടി. നാട്ടിൽ ശാസ്ത്രീയ കൃഷിരീതിയും എഴുത്തുകളും തുടങ്ങി. 1879ൽ തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ച കേരള ചന്ദ്രികയിലൂടെ 18ാം വയസ്സിൽ പത്രപ്രവർത്തകനായി തുടങ്ങിയ കേസരി നായനാർ 1888ൽ കേരള സഞ്ചാരിയുടെ മുഖ്യപത്രാധിപരായി. അവിടെ  വച്ചാണു കേസരി എന്ന തൂലികാനാമം സ്വീകരിക്കുന്നത്. സാഹിത്യകാരൻ, പത്രലേഖകൻ എന്നീ മേഖലയോടൊപ്പം നിയമസഭാംഗം, കൃഷി ശാസ്ത്രജ്ഞൻ, തറവാട്ട് കാരണവർ, പരിഷ്കരണവാദി എന്നീ നിലകളിലും തന്റെ 53 വർഷക്കാല ജീവിതവേളയിൽ കേസരി സജീവമായിരുന്നു. 

 

കേസരി നായനാർ തന്നെയാണ് മലയാളത്തിന്റെ  ആദ്യ അപസർപ്പക കഥയും എഴുതിയത്. 1892ൽ  അദ്ദേഹം എഴുതിയ ‘മേനോക്കിയെ കൊന്നതാര്’ എന്ന കഥയാണ് ആദ്യ അപസർപ്പക കഥയായി അറിയപ്പെടുന്നത്. ഒരു പൊട്ട ഭാഗ്യം, ദ്വാരക, മദിരാശി, കഥയൊന്നുമല്ല, പിത്തലാട്ടം തുടങ്ങിയ ചെറുകഥകൾ നായനാർ എഴുതി. 

 

എഴുത്തും ജീവിതവും

 

ജന്മിയായി ജനിച്ചിട്ടും സാധാരണക്കാർക്കായി  ജീവിച്ചു എഴുതി  എന്നാതായിരുന്നു കേസരി നായനാരുടെ പ്രത്യേകത. സമൂഹത്തിന്റെ വളർച്ചയ്ക്കു വേണ്ടിയാണ അദ്ദേഹം നിലകൊണ്ടത്.  വടക്കേമലബാറിൽ 2000 ഏക്കർ സ്വത്തുണ്ടായിരുന്ന  തറവാടിന്  കാരണവരായിരുന്നു. അപ്പോഴും ജന്മി വ്യവസ്ഥയിലെ അനാചാരങ്ങളെ എതിർക്കുകയും ഒഴിവാക്കുകയും ചെയ്തു.  കുടിയാന്മാരെ കുടുംബാംഗങ്ങളെപ്പോലെ കരുതണമെന്ന്, 1911 മേയ് 11നു തിരുവല്ലയിൽ നടന്ന കേരള ജൻമിസഭാ സമ്മേളനത്തിൽ നായനാർ ശക്തമായി വാദിച്ചു.  1910 മുതൽ കേസരി, ജൻമി സഭയിലും നിയമസഭയിലും സ്ത്രീകൾക്കു വിദ്യാഭ്യാസവും സർക്കാർ ജോലിയും നൽകണമെന്നു വാദിച്ചു. അതിനദ്ദേഹം  തന്റെ  തൂലിക  പടവാളാക്കി. 

1892ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗമായി. കോയമ്പത്തൂർ കൃഷി വിദ്യാശാലയിൽ അനൗദ്യോഗിക അംഗമായും സേവനമനുഷ്ഠിച്ചു. വിദേശത്തു പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ക്ഷേമ ഉപദേശക സമിതി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. 

1912ൽ മദിരാശി നിയമസഭയിൽ മലബാർ, ദക്ഷിണ കന്നട ജില്ലയിലെ ജന്മിമാരുടെ പ്രതിനിധിയായി മത്സരിച്ചു ജയിച്ചാണു നിയമസഭാംഗമാകുന്നത്. 

നായനാരെപ്പോലെ എഴുതാൻ ശീലിക്കണമെന്നാണു ഒ.ചന്തു മേനോൻ മറ്റ് എഴുത്തുകാരോടു പറഞ്ഞിരുന്നത്. ഉദ്യോഗസ്ഥ അഴിമതിയെ ലേഖനത്തിലൂടെ എതിർത്ത എഴുത്തുകാരനാണു കേസരിയെന്നു മൂർക്കോത്ത് കുമാരനും  കേസരിയെ വിശേഷിപ്പിച്ചു. ഒന്നാം ലോകയുദ്ധത്തിന്റെ വേളയിൽ 1914 നവംബർ 14നു മദിരാശിയിൽ നിയമസഭാ സമ്മേളനം നടക്കുന്നു. 

നിയമസഭാ അംഗമായ കേസരി നായനാർ രാജഭക്തി പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയിൽ പ്രസംഗിക്കുന്നു, ഒരു മലബാറുകാരനായതിലും മലയാളിയായതിലും ഞാൻ അഭിമാനിക്കുന്നുവെന്നു തുടങ്ങിയ പ്രസംഗത്തിനിടയിലാണു നായനാർ കുഴഞ്ഞുവീണു മരിക്കുന്നത്. കേസരി നായനാരുടെ മൃതദേഹം മാതമംഗലം പാണപ്പുഴ തറവാട്ടുവളപ്പിൽ സംസ്കരിച്ചു. 

വടക്കേമലബാറി അദ്ദേഹത്തിന്റെ പാണപ്പുഴ തറവാട്ടിലും മാതമംഗലം കൂറ്റൂർ, കാനായി വീടുകളിലും ഇരുന്നാണ് ആദ്യ ചെറുകഥ കേസരി നായനാർ പൂർത്തീകരിച്ചത്. യാത്രാ പ്രിയനായ കേസരി നായനാരുടെ തീവണ്ടിയാത്രയും മദിരാശി നഗരവും ആദ്യ ചെറുകഥയുടെ പണിപ്പുരയായതായി നിരൂപകർ പറയുന്നുണ്ട്. 

 

വാസനാ വികൃതി

 

സി.പി.അച്യുത മേനോൻ പത്രാധിപരായിരുന്ന വിദ്യാവിനോദിനി മാസികയിൽ 1891 ഫെബ്രുവരി മാസത്തിലാണ് വാസനാവികൃതി എന്ന ചെറുകഥ പ്രസിദ്ധീകരിച്ചു വന്നത്. ഇതു കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ രചന തന്നെയാണോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ടായിട്ടുണ്ട്. കഥാകൃത്തിന്റെ പേരില്ലാതെയാണു വാസനാവികൃതി അന്നു പ്രസിദ്ധീകരിച്ചത്. സി.ഡി.ഡേവിഡ്, വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ലേഖനങ്ങളും കഥകളും കേസരി എന്ന പേരിൽ സമാഹരിച്ച് 1910ൽ പ്രസിദ്ധീകരിച്ചപ്പോഴും വാസനവികൃതി ഉൾപ്പെട്ടിരുന്നില്ല. അതോടെയാണ് വാസനവികൃതി കേസരി എഴുതിയതല്ല എന്നൊരു നിഗമനത്തിൽ വിമർശകർ എത്തിച്ചേർന്നത്. എന്നാൽ ദ്വാരകയടക്കമുള്ള ചെറുകഥകളുടെ ആഖ്യാനവും ശൈലിയും വാസനാവികൃതിയോടടുത്തു നിൽക്കുന്നതാണെന്നു നിരൂപകർ ഉറപ്പിച്ചു. നർമം ഒളിച്ചുവച്ചിട്ടുള്ള ആഖ്യാനരീതിക്ക് അപ്പുറം ആധുനിക ചെറുകഥയുടെ എല്ലാ പുതുമകളും ഉൾക്കൊള്ളുന്നു എന്നതാണ് വാസനാവികൃതിയുടെ സവിശേഷത. കള്ളന്മാരെക്കുറിച്ച് ഒട്ടേറെ കഥകൾ ഉണ്ടായിട്ടുണ്ടെങ്കിലും, പലതും കള്ളന്റെയും കള്ളനെ തോൽപിച്ചവരുടെയും വീര കഥകളാണ്. പക്ഷേ കള്ളൻ ആഖ്യാതാവായി ആദ്യകാല ചെറുകഥകളിലൊന്നിൽ പ്രത്യക്ഷപ്പെടുക അത്ര നിസ്സാരമല്ല. കള്ളന്റെ ജോലി ഭംഗിയായി ചെയ്യാനാവില്ലെന്നു തോന്നിയപ്പോൾ പിഴച്ചുപോയ ‘വാസന’യെ പഴിച്ചു ജോലി വിടുന്ന കള്ളനാണ് ഇക്കണ്ടക്കുറുപ്പ്. 

 

കഥ ഇങ്ങനെ

 

കഥാനായകനായ ഇക്കണ്ടക്കുറുപ്പ് കള്ളന്മാരുടെ പരമ്പരയിലെ  നാലാമത്തെ  കള്ളനാണ്. ഒരു കളവ് നടത്തിയപ്പോൾ അവിചാരിതമായി ഗൃഹനാഥൻ കൊല്ലപ്പെടുകയും ആ കേസിൽ നിന്ന് രക്ഷപ്പെടാനായി  മദിരാശിയിലേക്ക് കടക്കുകയും  ചെയ്യുന്നു. അവിടെ  വച്ച് കള്ളൻ പൊലീസ് പിടിയിലാകുന്നു. കളവുമുതൽ കഥാനായകൻ കാമുകിക്ക് സമ്മാനിക്കുമ്പോൾ പ്രേമാധിക്യത്താൽ അവൾ അതിലൊരു, രത്നംപതിപ്പിച്ച അയാളുടെ വിരലിൽത്തന്നെ ഇട്ടുകൊടുത്തു. മദിരാശിയിലെ ഇടുങ്ങിയ തെരുവിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലെ കോന്ത്രൻപല്ലൻ പൊലീസുകാരനെ പറ്റിക്കണമെന്നു കരുതിയ കഥാനായകൻ അയാളുടെ പോക്കറ്റിലെ കേസ് ഡയറി തട്ടിയെടുക്കുമ്പോൾ, വിരലിൽ പാകമല്ലാതിരുന്ന മോതിരം അയാളുടെ കീശയിൽ വീണു പോയി. അതയാൾ അറിയുന്നുമില്ല. മോതിരം കാണാനില്ലെന്ന് പരാതികൊടുത്ത അയാൾ പൊലീസ് പിടിയിലാകുന്നു. ആറുമാസത്തെ തടവിനു ശേഷം പുറത്തിറങ്ങിയ അയാൾ തനിക്കു  ചേരുന്ന ജോലിയല്ല ഇതെന്നു തിരിച്ചറിയുന്നിടത്താണ് കഥ  അവസാനിക്കുന്നത്.

 

Content Summary: 160 th birth anniversary of Vengayil Kunhiraman Nayanar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com