ADVERTISEMENT

ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ

കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ...

 

കാലമെത്ര കഴിഞ്ഞാലും മലയാളി മറക്കാത്ത വരികൾ. മനസ്സു തൊട്ട പ്രണയഗാനങ്ങളിൽ ഒന്ന്. പ്രണയവും വിരഹവും പ്രതീക്ഷയുമെല്ലാം നിറയുന്ന വരികൾ... അകാലത്തിൽ മരണം അടഞ്ഞ ഒരു ആറു വയസ്സുകാരിയുടെ നീറുന്ന ഓർമകളാണ് ബിച്ചു തിരുമലയെ ഈ പാട്ടിലേയ്ക്ക് നയിച്ചത്. ‘കേട്ടപാട്ടിൽ കേൾക്കാതെ പോയത്’ എന്ന പുസ്തകത്തിൽ പി. അയ്യപ്പദാസ് ആ സംഭവം വിവരിക്കുന്നുണ്ട് –

 

kettapettil-kelkkathe-poyathu

ബിച്ചു തിരുമല ഏറ്റുമാനൂരിൽ പഠിക്കുന്ന കാലം. താമസിക്കുന്ന വീട്ടിലേക്ക് പാലുമായി വരുന്ന ആറു വയസുകാരി കുസൃതിക്കുടുക്കയുമായി നല്ല ചങ്ങാത്തത്തിലായി. ഉറങ്ങിക്കിടക്കുന്ന ബിച്ചുവിന്റെ മുഖത്തേക്ക് വെള്ളം തളിക്കുന്നതും ഇക്കിളിയിടുന്നതുമൊക്കെയാണ് അവളുടെ രസങ്ങൾ. വൈകുന്നേരങ്ങളിൽ ക്ലാസു കഴിഞ്ഞു വരുന്ന ബിച്ചു തിരുമലയെ അവൾ കാത്തിരിക്കും. ദൂരെ നിന്നു കാണുമ്പോൾ തന്നെ ‘മാമാ’ എന്നു വിളിച്ച് ഓടി വരും. അവളോടുള്ള ഇഷ്ടം കൊണ്ടൊരിക്കൽ വേടമലയിലെ തന്റെ വീട്ടിലേക്കും ബിച്ചു തിരുമല കൊണ്ടു പോയി. ചിരിക്കുമ്പോള്‍ കണ്ണിൽ കവിത വിരിയുന്ന ആറു വയസുകാരി ബിച്ചുവിന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറി. 

 

ഒരിക്കൽ ബിച്ചുവിനെ പ്രതീക്ഷിച്ച് നിൽക്കേ, ദൂരെ നിന്നു വരുന്ന ബസിൽ അദ്ദേഹമുണ്ടെന്ന് ആരോ പറയുന്നത് അവൾ കേട്ടു. ബിച്ചു മാമനെ കാണാനുള്ള ധൃതിയിൽ എടുത്തു ചാടിയതും ബസിനടിയിൽ പെട്ടതും പെട്ടെന്നായിരുന്നു. തന്റെ കൊച്ചു കൂട്ടുകാരിയുടെ ദാരുണമായ മരണം ബിച്ചുവിനേയും ഏറെ നാളത്തേക്ക് നിശബ്ദനാക്കി. ആ ഓർമകളാണ് ഏകാന്ത ചന്ദ്രികേ എന്ന പാട്ടിലേക്ക് കൊണ്ടെത്തിച്ചത്. മുകളിലെവിടെയോ തന്നെ പ്രതീക്ഷിച്ച് അലയുന്ന ആ കുഞ്ഞനുജത്തിക്കുള്ള സമർപ്പണമായാണ്  ‘ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ’ എന്ന് ബിച്ചു എഴുതിയത്. ‘അവളിപ്പോഴും എന്നെ പ്രതീക്ഷിച്ചിരിക്കുന്നുണ്ടാകും’ എന്ന് ഇടയ്ക്കൊക്കെ കരുതാറുണ്ട്. അത്രത്തോളം ആഴമായിരുന്നു ഞങ്ങളുടെ ബന്ധത്തിന്’ എന്ന് ബിച്ചു തിരുമല പറഞ്ഞിട്ടുണ്ട്. ആ പ്രതീക്ഷകൾ ഏകാന്തചന്ദ്രികേ എന്ന പാട്ടിൽ തെളിഞ്ഞിരിക്കുന്നുമുണ്ട്. ‘പ്രണയസരോവരതീരം’ എന്ന ഗാനമെഴുതുമ്പോഴും ആ കുഞ്ഞു കൂട്ടുകാരി തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് ബിച്ചു തിരുമല പറയുന്നു. ആ ഓര്‍മകളുടെ തീവ്രത കൊണ്ടാകാം ‘‘മോഹമായി ആത്മദാഹമായി ഓർമയിൽ അവളിന്നും ജീവിക്കുന്നു’’ വെന്ന് അദ്ദേഹം എഴുതിയത്.

 

മലയാളികളുടെ ചുണ്ടിൽ എന്നും തത്തികളിക്കുന്ന ഗാനങ്ങളുടെ പിന്നിലെ അധികമാർക്കും അറിയാത്ത കഥകൾ പറയുന്ന പുസ്തകമാണ് പി. അയ്യപ്പദാസ് എഴുതിയ ‘കേട്ടപാട്ടിൽ കേൾക്കാതെ പോയത്’ എന്ന പുസ്തകം. മലയാളത്തിന്റെ പ്രിയ പാട്ടെഴുത്തുകാരിലൂടെ ഈ പുസ്തകം സഞ്ചരിക്കുന്നു. ബിച്ചു തിരുമല മുതൽ പുതുതലമുറയിലെ എഴുത്തുകാരിയായ അനു എലിസബത്ത് ജോസ് വരെയുള്ള 25 ഗാനരചയിതാക്കൾ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു പുസ്തകത്തിൽ. അൺലേൺ പബ്ലിക്കേഷനാണ് പ്രസാധകർ. വില 170 രൂപ.

 

Content Summary: Kettapattil kelkkathe poyath, book written by P. Ayyappadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com