കഥകൾ നിറഞ്ഞ മനസ്സ് തുളുമ്പിയപ്പോൾ

ramesan-mullassery
രമേശൻ മുല്ലശേരി
SHARE

കഥാകാരനാകാതിരിക്കാൻ അയാൾക്കു കഴിയുമായിരുന്നില്ല. ജീവിതം അതിന്റെ പരീക്ഷണച്ചുഴികളിൽ അയാളെ പിടിച്ചു മുക്കിയപ്പോഴൊക്കെ കഥയുടെ ഒരു തരി കെടാതെ മനസ്സിൽ സൂക്ഷിച്ചിരുന്നു, പതിറ്റാണ്ടുകളോളം. സാധാരണക്കാരുമായി ഏറ്റവും ഇടപഴകുന്ന സർക്കാർ വകുപ്പുകളിലൊന്നായ റവന്യു ഡിപ്പാർട്മെന്റിൽ നിന്ന് തഹസിൽദാരായി വിരമിച്ചപ്പോൾ രമേശൻ മുല്ലശ്ശേരിക്കൊപ്പം കൂടെയിറങ്ങിപ്പോന്ന അനുഭവങ്ങളുടെ ഫയലുകളിൽ നിറയെ വൈവിധ്യമാർന്ന കഥാപാത്രങ്ങളായിരുന്നു, അവരുടെ ജീവിതങ്ങളായിരുന്നു. അങ്ങനെ 2018ൽ ഇൻജുറി ടൈം എന്ന നോവൽ പുറത്തിറങ്ങി. ബർബരീകം, ഭൂപടങ്ങളിൽ ഇല്ലാതെ പോയവർ എന്നീ രണ്ടു നോവലുകൾ 2019ൽ പുറത്തുവന്നശേഷം കഥയുടെ വഴിയേ ആയി അക്ഷര സഞ്ചാരം. 2020 ഒക്ടോബറിൽ ആദ്യ കഥ പുറത്തുവന്നു – സിസർകട്ട്. തുടർന്ന് എണ്ണം പറഞ്ഞ 6 കഥകൾ. ഝഷം, പുഴ വഴികളോട് മന്ത്രിച്ചത്, രണ്ടാം ഉയിർപ്പ്, ബഫർസോൺ, ചർവാകൻമാർ ഉണ്ടാകുന്നത്, വർണമുകിലുകൾ ചായുന്ന നേരത്ത് തുടങ്ങിയവ മലയാള കഥാസാഹിത്യത്തിൽ കരുത്തുറ്റ ഒരു എഴുത്തുകാരന്റെ വരവു വിളിച്ചോതി. എറണാകുളം – കോട്ടയം ജില്ലകളുടെ അതിരിലുള്ള പിറവവും സമീപപ്രദേശങ്ങളും ആ കഥകളിൽ നിത്യ സാന്നിധ്യമായി. മനുഷ്യമനസ്സിന്റെ അപരിചിത ഭൂമികകളിലൂടെയാണ് രമേശൻ മുല്ലശേരിയുടെ എഴുത്ത്. പരിചിത പരിസരങ്ങളിൽ നിന്ന് അദ്ദേഹം കണ്ടെടുക്കുന്നത് വേറിട്ട ജീവിതക്കാഴ്ചകളാണ്. ആ കഥാജീവിതം വെളിപ്പെടുന്ന സംവാദം.

ജീവിതവും മരണവും തമ്മിലുള്ളൊരു ഫുട്ബോൾ മൽസരമാണ് സിസർകട്ട് എന്ന കഥ. നാട്ടിൻപുറത്തെ രണ്ടു ക്ലബുകൾ തമ്മിലുള്ള അത്യന്തം വാശിനിറഞ്ഞൊരു മൽസരത്തിന്റെ പശ്ചാത്തലത്തിൽ പ്രണയവും അനാഥത്വവും പകയും സ്നേഹവുമെല്ലാം കളിക്കാരായി വരുന്നു. ഒറ്റയ്ക്കും കൂട്ടായും വേഗത്തിലും പതുക്കെയും വെട്ടിയും തിരിഞ്ഞും ഗോളിനായി പരക്കംപാഞ്ഞുകൊണ്ടിരിക്കുന്നു. മൈതാനത്തു ചവിട്ടിവീഴ്ത്തിയ എതിർകളിക്കാരന്റെ ബൂട്ടിൽ കുനിഞ്ഞു ചുംബിക്കുന്ന കഥാനായകൻ ഒരൊറ്റ നിമിഷത്തിൽ ക്രിസ്തുസമാനനായി ഉയർത്തെഴുന്നേൽക്കുന്ന രംഗമാണു കഥയിലെ ഏറ്റവും ഹൃദയഹാരിയായ ഒന്ന്. സിസർകട്ട് എന്ന ആ കഥ പിറന്ന വഴി വിശദമാക്കാമോ?

ഇൻജുറി ടൈം എന്ന ആദ്യ നോവലിൽ തൊണ്ണൂറു മിനിട്ടിന്റെ സമയപരിധിയിലേക്ക് വെട്ടിച്ചുരുക്കപ്പെട്ട ജീവിതങ്ങളാണു ഫുട്ബോൾ മൽസരങ്ങളെന്നു ഞാൻ എഴുതിയിരുന്നു. എന്നാൽ സിസർ കട്ട് എന്ന കഥയെഴുതുമ്പോൾ നോവൽ ഒട്ടുമേ മനസിലുണ്ടായിരുന്നില്ല. പറയാതെ പോയ കഥകൾ പനിയായി പിറക്കുന്നുവെന്ന് പറഞ്ഞത് മനോജ് ജാതവേദരാണ്. ജീവിതം പറയാതെ പോയ കഥകളുടെ പനിക്കോളായിരുന്ന കാലത്തു ജീവിച്ചിരിക്കാനുള്ള മരുന്നായതു വായനയും പന്തുകളിയുമായിരുന്നു. ജൻമനായുള്ള സംസാര തടസം, അടിക്കടിയുള്ള സ്കൂൾ മാറ്റം, വ്യക്തിജീവിതത്തിലെ താളപ്പിഴകൾ തുടങ്ങിയ തീവ്രവ്യസനങ്ങളുടെ കാലത്ത് ജീവിതം ഒരിഞ്ചുപോലും മുന്നോട്ടു പോകുന്നില്ലെന്ന തോന്നലുണ്ടായിരുന്നു. ഉൾവലിഞ്ഞ പ്രകൃതക്കാരനായ എനിക്ക് ജീവിതത്തെ നേരിടാനുള്ള അപാര ധൈര്യം തന്നത് കാൽപ്പന്തുകളിയും വായനയും അതുവഴിയുള്ള സുഹൃദ് ബന്ധങ്ങളുമാണ്. തീക്ഷ്ണമായ സന്തോഷവും വേദനയും ആശയും നിരാശയും രൂക്ഷമായ വെറുപ്പും ഭയവുമെല്ലാം ജനിപ്പിക്കുന്ന ഒന്നാണു കാൽപ്പന്തുകളി. ശരാശരി ഭാരതീയ ജീവിതത്തിന്റെ നേർപകർപ്പാണു ഫുട്ബോൾ. ഒരുപക്ഷേ, ഓഫ് സൈഡ് നിയമം മാറ്റിനിർത്തിയാൽ ലോകത്തിലെ ഏറ്റവും ലളിതമായ കളി. ഉൾവലിവിന്റെ ആന്തരിക ചോദനകളെ അടക്കി തികച്ചും extrovert ആയ ഫുട്ബോൾ പോലെയുള്ള ഒരു ഗെയിമിൽ ഏർപ്പെടുന്നതു നിരന്തരം പലതും തൊട്ടോർമിക്കുന്ന ഓർമകളിൽ നിന്നുള്ള മോചനത്തിനു വേണ്ടിയാണ്. ചില നേരങ്ങളിൽ മനസ് ഉറക്കമില്ലാത്ത രാവുകളിലൂടെ ആവശ്യപ്പെടുന്ന മറവി. ദീർഘമായ ഒരു കാലയളവിൽ മനസ് അത്യന്തികമായി ബാക്കിവയ്ക്കുന്നത് സമതുലിതമല്ലാത്ത ഓർമകളിൽ നിന്നു സന്തോഷം തരുന്നവ മാത്രമാവും. ആനന്ദങ്ങളിലേക്കുള്ള ഒറ്റമൂലിയാണത്. ദുരന്തങ്ങളെ നല്ലോർമകളുടെയും മനപൂർവമായ മറവികളുടെയും നേർത്തൊരു പാട കൊണ്ടു മൂടാനല്ലേ നമുക്കു കഴിയൂ. കൗമാരകാലത്ത് കഥയെഴുത്തിൽ നിന്നു സ്വയം പിൻവാങ്ങി നിശബ്ദനായി. എന്നാൽ കാലം കടന്നു പോകുമ്പോൾ സ്ഥലവും കാലവും അപ്രസക്തമാവുകയും ഓർമകൾ മാത്രം അവശേഷിക്കുകയും ചെയ്യും. ഏതെങ്കിലുമൊരു വഴിത്തിരിവിൽ ഓരോരുത്തർക്കും ഓർമകളെ നിർമമതയോടെ കാണാൻ തയാറാവുന്ന ഒരു നേരമുണ്ടാവും. അത്തരമൊരു നേരത്ത്, നൈസർഗിക ചോദനകളുടെ മേൽ നിരന്തര പരിശീലനം മേൽക്കൈ നേടുന്ന ടെക്നോളജിയുടെ കാലത്തെക്കുറിച്ചു ചിന്തിച്ചു നിന്ന കാലത്താണു തൊട്ടടുത്ത നാട്ടുകാരനും എഴുത്തുകാരനുമായ മജീദ് സെയ്ദ് എന്തുകൊണ്ട് രമേശൻ ചേട്ടനു കഥയെഴുതിക്കൂടായെന്ന ചോദിക്കുന്നത്. നോവലിൽ നിന്നു കഥയിലേക്കുള്ള ചുവടുമാറ്റത്തെക്കുറിച്ച് അങ്ങനെയാണ് ആലോചിക്കുന്നത്.

scissor-cut

കൊയ്ത്തു കഴിഞ്ഞ പാടത്തെ പന്തുകളിയിലൂടെ കണ്ടെടുത്ത പല സൗഹൃദങ്ങളുണ്ട്. സുഹൃത്തൊരാൾ ഷോർട്ട് ഫിലിം ചെയ്യാൻ പറ്റിയ കഥയെപ്പറ്റി ചോദിച്ചപ്പോൾ ഓർമ വന്നത് കാൽപ്പന്തു തട്ടിനടന്ന കൗമാരത്തിലെ കണ്ണിമാങ്ങാക്കാലങ്ങളെയാണ്. കൊറോണ കാലത്ത് തിരക്കഥയെഴുത്തെന്ന ആശയം നടക്കാതെ പോയി. വൈകുന്നേര നടത്തത്തിലെ ആലോചനക്കിടയിൽ അതൊരു കഥയായി മാറി. സിസർ കട്ട് വായിച്ച് ഞാനിന്നു വരെ നേരിൽ കണ്ടിട്ടില്ലാത്ത പ്രശസ്ത എഴുത്തുകാരനും അവൻ മരണ യോഗ്യൻ തുടങ്ങിയ അസാധാരണ കഥകളിലൂടെ മനസിൽ ഒരു ആരാധനാപാത്രമായി തന്നെ ഇടം പിടിച്ചയാളുമായ ജോർജ് ജോസഫ് കെ.യാണ് ആദ്യം വിളിച്ചത്. കഥയുടെ പരമ്പരാഗത ശൈലി ലംഘിച്ച് ഏറെ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച സിസർകട്ട് വായനക്കാർ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക അസ്ഥാനത്തായി.

കഥയിൽ പറയുന്നതുപോലെ കളി നിയമങ്ങൾ ലംഘിക്കുന്നവരാണ് എന്തെങ്കിലുമൊക്കെയായിത്തീരുന്നത് എന്ന നിരീക്ഷണം അങ്ങനെ അർത്ഥവത്തായി. നമ്മൾ മറ്റൊരാൾക്ക് പകർന്നു കൊടുക്കാൻ മടിക്കുന്ന പ്രണയത്തെക്കുറിച്ച് മറന്നു പോവുകയും സ്വയം ലഭിക്കാതെ പോയ സ്നേഹത്തെക്കുറിച്ച് ഉൽക്കണ്ഠാകുലരാവുകയും ചെയ്യുന്ന ലോകത്ത് ക്രിസ്തു ഒരടയാളമാണ്. പാപിയെ സ്നേഹിക്കാനും പാപത്തെ വെറുക്കാനും പറയുന്ന മനോഹരമായ തത്വശാസ്ത്രം. കേവലമൊരു കാൽപ്പന്തുകളി കഥയിൽ നിന്നു സിസർ കട്ട് എന്ന കഥയെ വ്യത്യസ്തമാക്കിയത് ഇത്തരം ചില കൂട്ടിച്ചേർക്കലുകളാണെന്നു ഞാൻ കരുതുന്നു. ഷൂട്ടൗട്ട് എന്ന നോവൽ വൈകാതെ പുറത്തിറങ്ങും. ഷൂട്ടൗട്ട് നോവലിൽ ഒരധ്യായമായി സിസർകട്ട് കഥ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ലഘുചിത്രത്തിന്റെ കഥാതന്തുവായി മനസിൽ കണ്ട വിഷയം വളർന്നു വികസിച്ചു കഥയും നോവലുമായി തീർന്ന സംഭവം എനിക്കൊരു വിസ്മയാനുഭവമായി മാറി.

വ്യത്യസ്ത വാക്കുകളുടെ തിരഞ്ഞെടുക്കലുകളിലൂടെ ജീവിതത്തിന്റെ അലങ്കാരഭംഗി വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഝഷത്തിലെ ഗൗതമൻ ഒരുഘട്ടത്തിൽ ശ്രീകണ്ഠേശ്വരത്തു പോയി താമസിച്ചാലോ എന്നുപോലും വിസ്മയിക്കുന്നുണ്ട്. അത്രമാത്രം അലങ്കാരവാക്കുകൾ അയാളുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ഒടുവിലൊരു സാധാരണ വാക്കുച്ചരിക്കുന്നതു കേട്ടയാൾ മരിച്ചുപോകുകയാണ്. ഗൗതമന്റെ മരണം വിവരിക്കുന്ന അവസാനഭാഗമെത്തുമ്പോൾ ഝഷം സൂക്ഷ്മമായൊരു രാഷ്ട്രീയകഥയായി രൂപാന്തരപ്പെടുന്നുണ്ട്. വാക്കുകളും ബന്ധങ്ങളും സമൂഹവും തന്നെയും വെറും ആലങ്കാരികം മാത്രമാകുന്ന സമകാലീനാവസ്ഥയുടെ ഭീഷണമുഖം പതിയെ വെളിവാകുന്നു. ഈ കഥയിലേക്ക് എത്തിയത് എങ്ങനെയാണ്?

ഝഷം ഒരു രാഷ്ട്രീയ കഥയായി എന്ന നിരീക്ഷണത്തിനു നന്ദി. ഝഷം എന്ന കഥയെ പല രീതിയിലാണ് വായനക്കാർ വ്യാഖ്യാനിച്ചിട്ടുള്ളതെന്ന് തോന്നുന്നു. മലയാള സാഹിത്യത്തിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സിംഹവാലൻ കുരങ്ങാണു സറ്റയർ. എന്റെ അഭിപ്രായത്തിൽ നർമവും ഹാസ്യവും വേർതിരിക്കപ്പെടേണ്ടതുണ്ട്. ദൃശ്യമാധ്യമങ്ങളുടെ വരവോടു കൂടി എഴുത്തിലെ ഹാസ്യം ഏതാണ്ട് ഇല്ലാതെയായി എന്നു തന്നെ പറയാം. ബൗദ്ധികതയുടെ തേജസ്സുള്ള വികെഎൻ, ഐപ് പാറമേൽ, മലയാറ്റൂർ (ബ്രിഗേഡിയർ കഥകൾ) മോഡൽ എഴുത്താണ് ഇന്നും കുറച്ചെങ്കിലും പിടിച്ചുനിൽക്കുന്നത്. സുകുമാറിനെയും തോമസ് പാലായെയും പോലെയുള്ള ഹാസ്യവാദികൾ തീരെയില്ല. പുതിയ തലമുറയിൽ ഈ രീതിയിൽ എഴുതുന്നവർ വി.എസ്.അജിത്തിനെയും സന്തോഷ് ആറ്റിങ്ങലിനെയും പോലെ വിരലിൽ എണ്ണാവുന്നവർ മാത്രം. ഹാസ്യം വായിക്കാനെളുപ്പമാണ്. മഹാസങ്കടങ്ങളുടെ ആഴമറിഞ്ഞവരാണ് ആർത്തു ചിരിക്കുന്നവരേറെയും. അനുഭവിച്ച നൊമ്പരങ്ങൾക്കിടയിൽ വീണു കിട്ടുന്നൊരു ചിരിയുടെ നുറുങ്ങ് ആസ്വദിച്ച് അതിന്റെ പരമാവധി വരെയും ചിരിച്ചാർക്കുന്നവർ. ആ സമയം അവർ സങ്കടക്കടൽ കടക്കുന്നതു ചിരിയുടെ തോണിയിലാണ്. മുങ്ങുമെന്നുറപ്പുള്ള തോണിയിൽ. എന്റെ അഭിപ്രായത്തിൽ കഥകളിൽ സജീവമായ ഒരന്തർധാരയായി നർമം നന്നായി കൈകാര്യം ചെയ്യുന്നവർ എസ്.ഹരീഷിനെയും സക്കറിയയെയും ഉണ്ണി ആറിനെയും പോലുള്ള കോട്ടയം എഴുത്തുകാരാണ്. പിറവം പഴയ കോട്ടയത്തിന്റെ ഭാഗവും സമാന സംസ്ക്കാരവുമുള്ളയിടമാണ്. കഥയിൽ പ്രാദേശിക വാദം ഉന്നയിക്കുകയല്ല. കണ്ണൂർ, കാസർകോഡ് ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരുടെ വിഷയ സ്വീകരണം മറ്റൊരു രീതിയിലാണ്. ശിഹാബുദ്ദീൻ പൊയ്തുംകടവ് പറഞ്ഞതുപോലെ കോട്ടയംകാരനോ പിറവംകാരനോ നെടുമങ്ങാടുകാരനോ ആയ തിരുവിതാംകൂറുകാരായ രണ്ടു പേർക്ക് പരസ്പരം മണിക്കൂറുകൾ തെറി പറഞ്ഞു നിൽക്കാൻ പറ്റും. എന്നാൽ കണ്ണൂരിലാകട്ടെ അഞ്ചു മിനിട്ടിനകം രണ്ടിലൊന്നറിയും.

മനസിൽ മുകളിൽ പറഞ്ഞ രീതിയിലൊരു ചിന്ത ഉറഞ്ഞുകൂടിയ കാലത്താണ് പുതുതായി തുടങ്ങുമെന്നു കരുതിയ ഒരു ഓൺലൈൻ മാസികയ്ക്ക് വേണ്ടി ഇക്കഥയെഴുതുന്നത്. എന്തുകൊണ്ടോ അക്കാര്യം നടന്നില്ല. ആദ്യം നൽകിയ തലക്കെട്ട് മാറ്റി പുതിയ പേരു നിർദ്ദേശിച്ചതും കഥ പ്രസിദ്ധീകരണത്തിന് അയയ്ക്കാൻ നിർബന്ധിച്ചതും എഴുത്തുകാരനായ സുഹൃത്ത് ഉണ്ണികൃഷ്ണൻ കിടങ്ങൂരാണ്. അജീഷ് സൂചിപ്പിച്ചതു പോലെ രാഷ്ടീയ തലങ്ങളുള്ള ഒരു കഥയെ ഉള്ളിൽ ഉറഞ്ഞുകൂടിയ നോവുകളെ ഓർമിക്കാതിരിക്കാൻ ശ്രമിക്കുന്ന ഒരുവന്റെ ശ്രമങ്ങളുമായി ചേർത്തു പറയാൻ നടത്തിയ പരിശ്രമമാണ് ഝഷം. മഹിമ തോന്നുന്ന വാക്കിനായുള്ള വരേണ്യതയുടെ അന്വേഷണമാണത്. പ്രസിദ്ധീകരിച്ച ഉടൻ തന്നെ പ്രസാധകനെ ലഭിക്കാൻ ഭാഗ്യം സിദ്ധിച്ച കഥയും കൂടിയാണ് ഝഷം (പതിമൂന്നുസെന്റ് കഥാസമാഹാരം. പ്രണത ബുക്സ്. കൊച്ചി. എഡിറ്റർ വിനോദ് കൃഷ്ണ).

chasham-ramesan-mullassery

പിറവവും പരിസരപ്രദേശങ്ങളുമാണല്ലോ പല കഥകളിലെയും പശ്ചാത്തലമായി വരുന്നത്. പിറവത്തു ജനിച്ചു വളർന്ന ഒരാളലല്ലല്ലോ ഇത്ര സൂക്ഷ്മമായി ആ പ്രദേശത്തെ കഥകളിൽ ഒപ്പിയെടുത്തതെന്നു വിചാരിക്കാറുണ്ട്. പിറവം എഴുത്തിൽ എത്ര വലിയ ഒരു സ്വാധീനമാണ്?

രണ്ടു പതിറ്റാണ്ടിലേറെ പിറവവുമായുള്ള ഔദ്യോഗിക ബന്ധവും നാലു പതിറ്റാണ്ടിലേറെയുള്ള ജീവിതവും എനിക്ക് പിറവമെന്ന സ്ഥലത്തെക്കുറിച്ച് അവിടെ ജനിച്ചു വളർന്ന പലരെയുംകാൾ കൃത്യമായറിയാമെന്ന ഒരു അഹങ്കാരം തന്നെയുണ്ട്. പെറ്റമ്മയേക്കാൾ പോറ്റമ്മയെ സ്നേഹിക്കുന്ന ഒരാളുടെ മനോഭാവമാണെനിക്കിന്നും പിറവത്തിനോട്. പുറമെ പട്ടണമെന്ന് തോന്നുമെങ്കിലും നാഗരികത ഏറെ ഏശാത്ത ഇടമാണ് പിറവം. പച്ചയായ ജീവിതം ജീവിച്ചു തീർക്കുന്ന അവരെ കഥകളിലോ നോവലുകളിലോ അടയാളപ്പെടുത്താത്തത് അവരുടെ കുറ്റം കൊണ്ടല്ല. പത്രപ്പരസ്യംപോലെ തന്റേതല്ലാത്ത കാരണങ്ങളാൽ വിവാഹ മോചനം നേടിയ എന്ന മട്ടിലാണ് കാര്യങ്ങൾ. രണ്ടാം ഉയിർപ്പിലെ ഗോവിന്ദ പണിക്കൻ ഞാൻ താമസിക്കുന്ന കളമ്പൂർ ദേശത്തെ സഞ്ചരിക്കുന്ന ഒരു എൻസൈക്ലോപീഡിയ ആയിരുന്നു. മാട്ടും മാരണവും മന്ത്രവാദവും മഷിനോട്ടവും ജോൽസ്യവും ചരിത്രവും പുരാണവുമായി ഏതിനും എന്തിനും പോന്ന ഒരാൾ. ഝഷത്തിലെ അലങ്കാര വാക്കുകളിൽ അഭിരമിക്കുന്ന കവിയും രാഗം നളിനകാന്തി എന്ന കഥയിലെ കരതലാമലകം കറിയയും അറവു ഷാജിയും പുഴകൾ വഴികളോട് മന്ത്രിച്ചത് എന്ന കഥയിലെ പഞ്ചായത്തംഗവും അങ്ങനെ തന്നെ. കഥകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മുടിയേറ്റു കലാകാരൻമാർ, പത്താവത(പത്താമുദയം)ക്ക് മറിച്ചിക്കുതിരയുമായി കോഴിത്തറയിലെ ചടങ്ങുകൾ കഴിഞ്ഞ് എന്റെ വീടിന് തൊട്ടടുത്തുള്ള കളമ്പൂക്കാവിൽ വന്ന് ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാട് തുടങ്ങിയവരും എന്റെ നേർക്കാഴ്ചകളാണ്. മറ്റു പല ദേശങ്ങൾ പോലെ തന്നെ സ്വന്തമായ ഒരു ആവിഷ്കാരശൈലിയുണ്ട് പിറവത്തിന്. എറണാകുളം പോകുന്നോ എന്നു ചോദിച്ചാൽ എറണാകുളത്തിന് പോകുന്നു എന്നെ അർത്ഥമുള്ളു. ഞങ്ങൾ പിറവംകാർ എറണാകുളത്തിനു പോവുകയും എറണാകുളം അവിടെത്തന്നെ കാണുകയും ചെയ്യും. പല കഥകളിലും എന്റെ നാടിന്റെ നാടൻ വാമൊഴി ശൈലിയിലുള്ള സംഭാഷണമാണ് ഉപയോഗിക്കാൻ ശ്രമിച്ചിട്ടുള്ളത്. പിറവത്തെ മലയാള കഥാസാഹിത്യത്തിൽ ആദ്യമായി അടയാളപ്പെടുത്തിയത് ഇതേ നാട്ടുകാരൻ തന്നെയായ ബിജു സി.പി.യാണ്. നീലവാവ് എന്ന കഥ തന്നെ ഉദാഹരണം. വൈശാഖൻ കുറേക്കാലം പിറവത്ത് താമസിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ കഥകളിലൊന്നും അത്തരമൊരു സ്വാധീനമുള്ളതായി കണ്ടിട്ടില്ല. എറണാകുളം ജില്ലയിലാണെങ്കിലും പിറവം പ്രദേശം എറണാകുളവുമായി സാംസ്കാരികമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ജില്ലയുടെ കിഴക്കിന്റെ കവാടമാണ് പിറവം. ഏറെയൊന്നും എഴുത്തുകാരില്ലാത്തയിടം. എറണാകുളത്ത് നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ ഒരു സാംസ്കാരിക നായകൻ പ്രസംഗിച്ചത് മൂവാറ്റുപുഴയാറ് കടന്നാൽ കഥയും കവിതയുമില്ലെന്നും വിത മാത്രമേ ഉള്ളു എന്നുമാണ്. ഇന്നു പിറവത്തും പരിസരത്തുമായി മുൻ തലമുറയിലെ പെരുമ്പടവം ശ്രീധരൻ, ജോർജ് ഓണക്കൂർ, ചെമ്മനം ചാക്കോ തുടങ്ങിയവരെ മാറ്റി നിർത്തിയാൽ അത്യാവശ്യം അറിയപ്പെടുന്ന പുതിയ എഴുത്തുകാർ ചിലരെങ്കിലുമുണ്ട്. ബിജു സി.പി., അനൂപ് ശശികുമാർ, മജീദ് സെയ്ദ്, ശ്രീ പാർവതി, എം.കെ.ഹരികുമാർ, ബാബുരാജ്, ബേബി കുര്യൻ, സജിനി എസ്, മുളക്കുളം മുരളീധരൻ, പി.കെ.പ്രകാശ്, എം.കെ.തങ്കച്ചൻ, സുരേഷ് നാരായണൻ, റോസിലി ജോയി തുടങ്ങിയവർ. പിറവത്തെക്കുറിച്ച് പറയാൻ ഏറെയുണ്ട്. പിറവവുമായി ബന്ധപ്പെട്ട് മറ്റാരും പറയാതെ പോയ ചില അരികു ജീവിതങ്ങളുടെ കഥ മനസിലുണ്ട്. എന്നെങ്കിലും എഴുതാൻ കഴിയുമെന്നു കരുതുന്നു.

ramesan-mullassery-writer

‘അതങ്ങനാ, ഞങ്ങടെ അസ്ഥി പൊട്ടിച്ചു നോക്കിയാലും കാണും കറുപ്പ്. അതങ്ങനെ വെക്കന്നൊന്നും പോവൂല്ലടാ’. ചർവാകൻമാർ ഉണ്ടാകുന്നത് എന്ന കഥ തീക്ഷ്ണമായ ജാതിയവസ്ഥകളുടെ നേർ പ്രതിഫലനമാണ്. അതങ്ങനെ നേർക്കുനേരെ എഴുതുന്നത് വലിയ കരുത്തു തന്നെയാണ്. ജാതിയോ? അതൊക്കെ ഇപ്പോഴുമുണ്ടോയെന്ന് അത്ഭുതപ്പെടുന്നവർ വർധിച്ചുവരുന്ന കാലമാണല്ലോ. രാജന്റെയും ഡാർവിന്റെയും ചർവാകന്റെയും കഥ എഴുതണം എന്ന ബോധ്യം ഉണ്ടായതെപ്പോഴാണ്?

ജാതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് വാങ്ങുകയെന്നത് ഒരു വല്ലാത്ത പ്രക്രിയയാണ്. അതു നൽകുന്നതും അങ്ങനെ തന്നെ. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ജാതി ഒരു പ്രിവിലേജാണ്. നമ്മൾ ഒരു പൊതു ഇടത്തിൽ ചെല്ലുമ്പോൾ, അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുമ്പോൾ വരുന്നയാൾ പേരു ചോദിക്കുന്നതു തന്നെ ജാതി അറിയാനാണ്. മനസിലാവില്ലായിരുന്നു ഇതു പലർക്കും. ജാതി സർട്ടിഫിക്കറ്റ് വാങ്ങാൻ വില്ലേജോഫിസിൽ അപേക്ഷയുമായി ക്യൂ നിൽക്കുമ്പോൾ പാളി വീഴുന്ന നിന്ദ്യനോട്ടങ്ങളുടെ മൂർച്ച, അമർത്തിയ ചിരി. ഏതൊരാളുടെയും അഭിമാനസ്തംഭങ്ങളെല്ലാം കുനിഞ്ഞു പോകും. ജാതിയും കുലമഹിമയും ചേർത്തുള്ള പേരു തന്നെ ഒരുതരം ബ്ലാക്ക് ഹ്യൂമറാവുന്ന കാലമാണിന്ന്. ഝഷം എന്ന കഥയിലും ഇത്തരമൊരു അടര് സന്നിവേശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ജാതി പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ മതമാറ്റം നടത്തിയവർക്കു പേരിൽ മാത്രമാണ് മാറ്റമുണ്ടായത്. ചോതി ഉണ്യാലൻ അബ്രാഹാം എന്ന് പേരുമാറ്റുകയും അവറാൻ ഉണ്യാലൻ എന്നു വിളിക്കപ്പെടുകയും ചെയ്തുവെന്നതിലപ്പുറം മറ്റു മാറ്റങ്ങൾ ഒന്നുമുണ്ടായില്ല. ചാർവാകൻ എന്ന കഥയ്ക്ക് ഉണ്ടായ പ്രകോപനം രണ്ടു യഥാർത്ഥ സംഭവങ്ങളാണ്. എന്റെ നാട്ടിൽ നിന്നു ക്രിസ്ത്യാനിയായ ജൻമിക്കൊപ്പം ഹൈറേഞ്ചിൽ പണിക്കു പോയ പലരും അവിടെയുള്ള എസ്റ്റേറ്റുകളിൽ ജോലി ലഭിക്കാൻ ക്രിസ്തീയ നാമം സ്വീകരിച്ചു. പിന്നീടു തിരികെ വന്നു ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോഴാണു പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അന്തിമമായി നീതി നിഷേധിക്കപ്പെടുകയില്ലെന്നു കരുതാമെങ്കിലും അത് അനിശ്ചിതമായി നീണ്ടുപോകുന്നു. വൈകി വരുന്ന നീതിയും മറ്റൊരു വിധത്തിലുള്ള നീതി നിഷേധം തന്നെയാണ്. പട്ടികജാതി വിഭാഗങ്ങളിൽ നിന്നു മതം മാറിയവർക്ക് സംവരണത്തിന് അർഹതയില്ല. ഹിന്ദു സമുദായത്തിലുള്ള പട്ടികജാതി വിഭാഗങ്ങൾക്ക് മാത്രമാണ് ആനുകൂല്യം. എന്നാൽ ആരാണ് യഥാർത്ഥ ഹിന്ദു?

charvakanmar-undakunnath

ഈ ചോദ്യം കാലങ്ങളായി മനസിനെ മഥിച്ചു കൊണ്ടിരുന്നതാണ്. അതേ കാലത്താണ് അപേക്ഷകൻ ഒരു മതാചാരപ്രകാരവും ജീവിക്കുന്നില്ലെന്ന വില്ലേജോഫിസറുടെ റിപ്പോർട്ടിൻമേൽ ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട വ്യക്തി കോടതിയെ സമീപിച്ചത്. അങ്ങനെയാണ് ഹിന്ദു എന്നതൊരു മതമല്ലെന്നും ജീവിതചര്യയാണെന്നുമുള്ള വിധിയുണ്ടായത്. ഇതോടൊപ്പം നാസ്തികനായ ചർവാകന്റെ പേര് മനസിലേക്ക് വന്നു. അങ്ങനെയാണു കഥ പിറവി കൊണ്ടത്. അതുപോലെ തന്നെ പലപ്പോഴും പെട്ടു പോകുന്നത് എൻക്വയറി ഓഫിസർമാരായ വില്ലേജ് ഓഫിസർമാരാണ്. ഏതെങ്കിലും പള്ളിയിൽ മാമോദീസ മുക്കിയോ ഏതു മതാചാരപ്രകാരം ജീവിച്ചു വരുന്നു തുടങ്ങിയ കാര്യങ്ങളിൽ പരിമിത സമയത്തിനുള്ളിൽ നടപടികൾ എടുക്കേണ്ടി വരുന്നു. കാര്യങ്ങൾ കൃത്യമായി അറിയാമെങ്കിലും പലപ്പോഴും നിയമത്തിന്റെ ചട്ടക്കൂട് മൂലം സഹായിക്കാൻ കഴിയാത്ത നിസഹായതയുമുണ്ട്. ജാതി എന്ന അവസ്ഥയെ പലരും മനപൂർവമായി നടിക്കുന്ന അജ്ഞതയിലൂടെ തമസ്കരിക്കാൻ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്. ഇതേ അനുഭവം ‘പൊറള്’ എന്ന കഥയുടെ പ്രസാധനാനന്തരം എഴുത്തുകാരനായ മനോജ് വെങ്ങോല തുറന്നു പറഞ്ഞിട്ടുണ്ട്.

മനുഷ്യർക്കു സമാന്തരമായൊരു ഇരുണ്ടലോകത്തിൽ നടക്കുന്ന കഥയാണല്ലോ രണ്ടാം ഉയിർപ്പ്. ഒരുകാലത്തു ഗ്രാമീണ വിശ്വാസങ്ങളിൽ സജീവമായിരുന്ന അറുകൊലകളുടെയും യക്ഷികളുടെയും മാടൻ മറുതമാരുടെയും മനസ്സുകളിലൂടെ സഞ്ചരിക്കുന്ന കഥ വേറിട്ടൊരു വായനാനുഭവമാണു സമ്മാനിക്കുന്നത്. 34 യക്ഷികളുടെ പേരുകളിലൂടെ സഞ്ചരിക്കുമ്പോൾ അഭൗമശക്തികൾ അരങ്ങുവാണിരുന്ന ഒരു കാലത്തിന്റെ പ്രതിഫലനമായി കഥ മാറുന്നു. അതിനിടയിലൊരു പ്രതികാരവും അമ്മമനസ്സും ചേർത്തുവയ്ക്കുന്നതിലൂടെ കഥ കരിമ്പനയിൽ നിന്നിറങ്ങി മണ്ണിൽ തൊടുകയും ചെയ്യുന്നു. രണ്ടാം ഉയിർപ്പിനു വേണ്ടി ഏറെ ഗവേഷണം വേണ്ടി വന്നുവോ? കഥ സംഭവിച്ചത് എങ്ങനെയായിരുന്നു?

യക്ഷി എന്ന സങ്കൽപ്പം എന്നും ഭ്രമിപ്പിച്ചിട്ടേയുള്ളു. അന്തിക്കള്ള് കുടിച്ചിട്ട് വൈകുന്നേരം ചന്തമുക്കിൽ വന്നു കവല മൂപ്പിക്കുന്ന ചട്ടമ്പിമാരെ കണ്ടും, അവരുടെ കൊച്ചു പിച്ചാത്തി പ്രയോഗങ്ങളെക്കുറിച്ചുള്ള വീരകഥകൾ കേട്ടും, ഭീകരരൂപികളായ യക്ഷികളെക്കുറിച്ചുള്ള ചോരമരവിക്കും കഥകൾ കേട്ടും കുട്ടിക്കാലം കഴിച്ചുകൂട്ടിയ എനിക്ക് പിറവത്തെ കളമ്പൂർ എന്ന സ്ഥലത്തേക്കുള്ള മാറ്റം വല്ലാത്തൊരു ഷോക്കായിരുന്നു. ഒരു മാതിരി നനഞ്ഞ പടക്കം പോലെയുള്ള മനുഷ്യരുടെ നാട്! മൂന്നു ഭാഗവും മൂവാറ്റുപുഴയാറിനാലും ഒരു ഭാഗം കോട്ടപ്പുറമെന്ന പഴയ കൊച്ചി തിരുവിതാംകൂർ കോട്ടയാലും ഒരു മിനി ഇന്ത്യ പോലെ ഒറ്റപ്പെട്ട ഗ്രാമം. കെട്ടിക്കിടക്കുന്ന വെള്ളം പോലെയുള്ള സംസ്കാരമായിരുന്നവർക്ക്. ധീരോദാത്ത കഥകളും യക്ഷികളും പിശാചുക്കളുമില്ലാത്ത വല്ലാത്തൊരു നാട്. ഇയാൻ ബോതം പണ്ട് പാക്കിസ്ഥാനെക്കുറിച്ചു പറഞ്ഞതുപോലെ അമ്മായിയമ്മമാരെ പറഞ്ഞയ്‌യക്കാൻ പറ്റിയ സ്ഥലമെന്നാണ് ആദ്യം തോന്നിയത്. ധാരണ പതിയെ മാറി. എന്റെ വീടിന്റെ ജാലക വാതിൽ തുറന്നാൽ കാണുന്ന കളമ്പൂക്കാവ് അമ്പല മൈതാനിയിൽ എറിച്ചു നിൽക്കുന്ന ഒരൊറ്റ കരിമ്പന മാത്രമാണ് നാട്ടിൽ ആകെയുള്ളത്. കരിമ്പന മുകളിൽ താമസിക്കുന്ന ഒരു അറുകൊലയെ സങ്കൽപ്പിക്കുന്നത് അങ്ങനെയാണ്. ജൈന സങ്കൽപ്പങ്ങളിലെ ഗന്ധർവ യക്ഷ കിന്നരൻമാർ എത്ര മനോഹര സങ്കൽപ്പങ്ങളാണ്. ആടിയും പാടിയും കളിച്ചും രമിച്ചും ആനന്ദങ്ങളനുഭവിക്കുന്ന യക്ഷിയെന്ന സങ്കൽപ്പത്തെ ഇന്നത്തെ രീതിയിലല്ലാതെ കാണാൻ ശ്രമിക്കുകയാണ് ഞാൻ ചെയ്തത്. ജൈന സങ്കൽപ്പത്തിൽ വിവിധയിനം യക്ഷികളുണ്ട്. നേമിനാഥ തീർത്ഥങ്കരന്റെ രക്ഷാദേവതയായ അംബിക (കൂശ്മാണ്ഡിനി), പാർശ്വനാഥന്റെ ശാസനദേവതയായ പദ്മാവതി, ചന്ദ്രപ്രഭ തീർത്ഥങ്കരന്റെ യക്ഷിയായ ജ്വാലാമാലിനി, മഹാവീരന്റെ സിദ്ധായിക. എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത കല്ലിൽ ക്ഷേത്രത്തിൽ പാർശ്വനാഥനെയും പത്മാവതി ദേവിയെയും കാണാം. വൈദിക മതത്തിന്റെ കടന്നുവരവോടെയാണ് യക്ഷികൾ രക്തദാഹികളായ ഭീകരജീവികളായി രൂപാന്തരം പ്രാപിച്ചത്. കാലം മാറിയപ്പോൾ അടിസ്ഥാന വിഭാഗത്തിൽപ്പെട്ടവർ തങ്ങളുടെ ആരാധനാ രീതിയെയും ദൈവങ്ങളെയും വൈദിക മതവിശ്വാസത്തിന് അടിയറ വച്ചു തുടങ്ങി. പുനരുദ്ധരിക്കപ്പെടുന്ന മാടന്റെയും മറുതയുടെയും സങ്കേതങ്ങൾ താന്ത്രിക വിധിപ്രകാരമുള്ള ക്ഷേത്രങ്ങളായി മാറുന്നു. രണ്ടാം ഉയിർപ്പ് എന്ന കഥയിലെ ഗോവിന്ദപണിക്കനും കൊച്ചാതിയും ഇത്തരം രീതികൾ പിന്തുടരുന്നവരല്ല. ഏറെ താൽപ്പര്യപ്പെട്ട് വായിച്ച വിഷയമാണ് കേരളത്തിലെ യക്ഷീസങ്കൽപ്പം. ജൈനം എന്ന പേരിൽ ഒരു നോവലെഴുതാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യക്ഷികളെക്കുറിച്ച് പഠിച്ചത്. സന്ദർഭവശാൽ അത് കഥയ്ക്ക് ഉപകാരപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് എഴുത്തുകാരി ശ്രീപാർവതി ഒരിക്കൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ആ വിഷയത്തിൽ ഒരു തുടർച്ചയുണ്ടായില്ല. കഥയായാലും നോവലായാലും എഴുതുന്ന വിഷയ സ്വീകരണത്തിൽ ഗവേഷണത്തിന്റെ പങ്ക് വലുതാണല്ലോ. കുറെ കേട്ടറിവും ഏറെ വായനയുമാണ് സഹായിക്കുന്നത്. അക്കാര്യത്തിൽ പ്രത്യേകിച്ചൊരു പദ്ധതിയില്ല. ഒരു ഫിക്ഷൻ എഴുത്തുകാരൻ ഏറ്റവും കൂടുതൽ വായിച്ചിരിക്കേണ്ടത് നോൺ ഫിക്ഷൻ പുസ്തകങ്ങളാണെന്ന എം.ടിയുടെ നിരീക്ഷണം ഏറെ പ്രസക്തമാണെന്നാണ് എന്റെ പക്ഷം. യക്ഷിയെന്ന് കേൾക്കുമ്പോൾ പൂർവപ്രണയിനിയുടെ മുഖം ഓർമ വരുന്നുവെന്ന് സങ്കടത്തോടെ പറഞ്ഞ ഒരു സുഹൃത്താണ് കഥയെഴുത്ത് വേഗത്തിലാക്കിയത്. വൈദ്യുതിയുടെ വരവോടെ കുറ്റിയറ്റു പോയ യക്ഷികളെ ഓർത്തെടുക്കാൻ രണ്ടാം ഉയിർപ്പ് എന്ന കഥ ഉപകരിച്ചതിൽ ഏറെ സന്തോഷം.

randam-uyirppu

പുഴ വഴികളോട് മന്ത്രിച്ചത് ഒരു സർവീസ് സ്റ്റോറിയാണല്ലോ. പ്രഫഷൻ എഴുത്തിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്? സഹായിച്ചിട്ടുണ്ട്?

ജനങ്ങളുമായി നിരന്തരം ഇടപെടുന്ന വില്ലേജ് ജീവനക്കാരൻ മുതൽ തഹസിൽദാർ വരെയുള്ള വിവിധ തസ്തികകളിൽ ജോലി ചെയ്ത എനിക്ക് സാധാരണ ജനത്തിന്റെ സ്പന്ദനം മനസിലാക്കാൻ ഒരു ആറാമിന്ദ്രിയത്തിന്റെ ആവശ്യമില്ല. ഞാനിടപ്പെട്ടുകൊണ്ടിരുന്നതു പച്ച മനുഷ്യരോടാണ്. ഒരു മനുഷ്യൻ മരിക്കും മുൻപ് ഉറപ്പായും കുറഞ്ഞത് ഒരു വട്ടമെങ്കിലും കയറിയിറങ്ങേണ്ട സ്ഥലമാണ് വില്ലേജ് ഓഫിസ്. സമൂഹത്തിന്റെ ഒരു ക്രോസ് സെക്‌ഷൻ എത്തുന്നിടം. ശ്മശാനം പോലെയാണവിടം. എല്ലാരുമെത്തുന്നിടം. താൽപ്പര്യപ്പെട്ടില്ലെങ്കിലും നിങ്ങൾക്കവിടെ പോയേ തീരൂ. നിസഹായരായവർ മുതൽ തങ്ങളുടെ സ്വാധീനശേഷി കാണിച്ച് ഷൈൻ ചെയ്യാൻ വരുന്നതുവരെയുള്ള ആളുകളുടെ സംഗമസ്ഥലമാണത്. നല്ലതും ചീത്തയുമായ ഏറെ അനുഭവങ്ങളുണ്ടായിട്ടുണ്ട്. നിയമത്തിന് മുൻപിൽ നിസഹായരായി പോവുന്നവരുടെ കഥയാണ് ഏറെയും. അത്തരമൊരു അനുഭവം എഴുതിയതാണ് പുഴ വഴികളോട് മന്ത്രിച്ചത് എന്ന കഥ. നിയമത്തിന്റെ പരിധിയിൽ നിന്ന് ഒരാളെ സഹായിക്കാൻ ശ്രമിക്കുമ്പോൾ നമുക്ക് പരിമിതികളുണ്ട്. കഥയിൽ പഞ്ചായത്തംഗം രാജീവൻ പറയുന്ന നമുക്ക് ശ്രമിക്കാനല്ലേ പറ്റൂ എന്ന വാചകമുണ്ടല്ലോ, അതാണ് ഏറ്റവും പ്രധാനമെന്ന് ഞാൻ കരുതുന്നു (അവസാനം കാണുമ്പോൾ അയാൾ മുളകുപൊടി കമ്പനിയിൽ ജോലിക്കു പോവുകയായിരുന്നു). വരുന്നവർക്ക് പറയാനുള്ളതു കേൾക്കാനെങ്കിലും തയാറാവുക, ശ്രമിച്ചു നോക്കുക എന്നീ കാര്യങ്ങളിലാണ് കാര്യത്തിന്റെ കാതലിരിക്കുന്നത്. കഥയുടെ തലക്കെട്ട് അകാലത്തിൽ ആത്മഹത്യ ചെയ്ത ജിനേഷ് മടപ്പിള്ളിയുടെ കവിതയിൽ നിന്നെടുത്തതാണ്.

‘ഒഴുക്കു നിലച്ച് മരിക്കുന്നതിന് തൊട്ടുമുമ്പ് പുഴ വഴികളോട് മന്ത്രിച്ചു,

സമുദ്രത്തെ കാണുകയാണെങ്കിൽ ഞാൻ ശ്രമിച്ചിരുന്നു എന്നറിയിക്കണം.’

റവന്യു അനുഭവങ്ങൾ ഏറെയുണ്ട്. സങ്കൽപ്പത്തേക്കാൾ തീവ്രമായവ. ജീവിതം പകർത്തലല്ല കഥയെഴുത്തെന്ന ധാരണയുണ്ട്. ഈ അനുഭവങ്ങൾ കുറെ ഫിക്‌ഷനും ഫാന്റസിയും ചേർത്ത് നാളെ കഥകളായി കൂടെന്നില്ല.

മറ്റു കഥകളിൽ നിന്നു വേറിട്ടൊരു വഴിയിലൂടെ സഞ്ചരിക്കുന്ന കഥയാണു ബഫർസോൺ. കുടുംബബന്ധങ്ങളിലെ ശൈഥില്യവും അനാഥത്വവും തെരുവുജീവിതവും പ്രമേയമാക്കിയ ആ കഥയനുഭവം എങ്ങനെയാണുണ്ടായത്?

സന്തോഷങ്ങൾ പോലെ ചില സങ്കടങ്ങളും എന്നേക്കുള്ളതാണ്. കുഴിമാടം വരെ കൊണ്ടു പോകേണ്ടവ. ബഫർ സോൺ ഹൃദയരക്തം കൊണ്ടെഴുതിയ കഥയാണ്. കൊല്ലം പട്ടണത്തിലെ പഴയ ഡിവൈഎസ്പി ഓഫിസിന് സമീപത്തെ ആൽമരത്തണലിൽ പാർക്ക് ചെയ്തിരുന്ന അംബാസിഡർ കാറിൽ ഏറെ വർഷങ്ങൾക്കു മുമ്പ് ഒറ്റയ്ക്കിരുന്നു കണ്ണീരില്ലാതെ തേങ്ങിയ ഒരു പതിനൊന്നു വയസുകാരൻ കുട്ടിയുടെ സങ്കടം ഇത്ര കാലത്തിനു ശേഷവും മനസിൽ മായാതെ തന്നെ കിടക്കുന്നുണ്ട്. മാതാപിതാക്കൾ ഇരുവരും അവകാശത്തർക്കത്തിൽ തള്ളിപ്പറഞ്ഞ കുട്ടിയുടെ മനസിൽ നിറഞ്ഞ അനാഥത്വം ഒരിക്കലും വിട്ടുപിരിയാതെ കൂടെയുണ്ട്. ഉണ്ടാവും ആ സങ്കടം, അവസാനത്തെ ചിത വരെ.

കുടുംബ ബന്ധങ്ങളിൽ ശൈഥില്യം മൂലം വഴക്കിട്ടുപിരിയുന്നവർ പലപ്പോഴും തൊട്ടടുത്ത തലമുറയ്ക്ക് കരുതി വയ്ക്കുന്നത് വേദനകളുടെ നിത്യ നരകമാണ്. ഈഗോ ക്ലാഷിൽ തകർന്നു പോകുന്ന ഇളം ജൻമങ്ങളെ ആരോർക്കാൻ? തെരുവിലെ ദരിദ്രനായ കുട്ടിയോട് പക തോന്നുന്ന, സ്നേഹത്തിന്റെ അളവുമാപിനിയെക്കുറിച്ച് തിട്ടമില്ലാത്ത ഒരു കുഞ്ഞു മനസിന്റെ വിഭ്രമമാണ് ബഫർ സോൺ. തനിക്ക് ലഭിക്കാതെ പോകുന്ന ലാളനങ്ങൾ തെരുവിലെ കുട്ടിക്ക് ലഭ്യമാകുന്നുവെന്ന വ്യഥകളാണ് അവന്റെ ചെയ്തികൾ. കഥയായാലും ജീവിതമായാലും എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടാവില്ല.

injury-time

കഥയെഴുതാനുള്ള പ്രചോദനം എന്തായിരുന്നു? ചെറുപ്പത്തിലെ എഴുത്തും വായനയും എങ്ങനെയായിരുന്നു? കഥയെഴുതണമെന്നു തോന്നിയ ആ നിമിഷം ഓർത്തെടുക്കാമോ?

കഥയെഴുത്തിന്റെ പ്രചോദനം അനുഭവിച്ചു തീർത്തതും ചുറ്റും കണ്ടതുമായ ജീവിതങ്ങളാണ്. അജീഷ് ജാതിയെക്കുറിച്ച് ചോദിച്ചപ്പോൾ അത്തരം വാദഗതികളെ തമസ്കരിക്കുന്നവരെക്കുറിച്ചു പറഞ്ഞല്ലോ. അതുപോലെ തന്നെയാണ് കാഴ്ചകളും. ആത്യന്തികമായി അത് കാണുന്നവന്റെ മനോനിലയുടെ പ്രതിഫലനമാണ്. സ്വസ്ഥതയുടെ സിംഹാസനത്തിലിരുന്നു മാത്രമേ എനിക്കെഴുതാൻ കഴിയൂ എന്നതാണനുഭവം. അതു കൊണ്ടുതന്നെയാവാം ജോലിയുടെ തിരക്കിൽ നിന്നൊഴിവാകാൻ മനസ് കാത്തിരുന്നത്. കൗമാരത്തോടൊപ്പം പിടിവിട്ടു പോയതാണെഴുത്ത്. എഴുത്തെന്നാൽ മനമെഴുത്തായിരുന്നു. പലതും ഹൃദയത്തിന്റെ ചുമരുകളിൽ. ഓർമകളുടെ കറുപ്പും ചുവപ്പും മഷി മുക്കിയെഴുതിയവ. തിരിഞ്ഞുനോട്ടങ്ങൾ പലപ്പോഴും പിൻവിളി വിളിക്കും. ഭൂതകാലത്തിന്റെ ജാലകവാതിൽ തുറന്ന് മറക്കേണ്ടതു പലതും ഓർമപ്പെടുത്തും.

ഒരാളും പറഞ്ഞില്ല നീയൊരെഴുത്തുകാരനാവണമെന്ന്. പറഞ്ഞിരുന്നെങ്കിൽ അങ്ങിനെയാവുമായിരുന്നോ? തീർച്ചയില്ല. അങ്ങനെ ആലോചിച്ചാൽ തീർച്ചയില്ലാത്ത ചിലതുണ്ടല്ലോ എല്ലാവരുടെയും ജീവിതത്തിൽ. പതിയെ മാത്രമേ എഴുതൂ എന്ന കാര്യത്തിലും പരിഭവമില്ല. സൂപ്പർ സോണിക് യുഗത്തിലും ഒച്ചു വേഗങ്ങളെ അവഗണിക്കേണ്ടതില്ല. പിറവത്തിനു വരുന്നതിനു മുമ്പു കൊല്ലം ജില്ലയിലെ സിനിമാപറമ്പിലുള്ള ലൈബ്രറിയിൽ നിന്നു കിട്ടാറുള്ള പുസ്തകങ്ങളും അതിനു മുൻപു താമസിച്ചിരുന്ന (വെണ്ടാർ) സ്ഥലത്ത് വാങ്ങാറുണ്ടായിരുന്ന ആനുകാലികങ്ങളുമാണ് വായിച്ചിരുന്നത്. എന്നാൽ പിന്നീടു വായന മുടങ്ങി. വായനശാലപ്പടി എന്ന ബസ് സ്റ്റോപ്പ് മാത്രമുള്ളതും എന്നാൽ വായനശാല മാത്രം ഇല്ലാത്തതുമായ ഒരു സ്ഥലമാണ് കളമ്പൂർ. കൊച്ചിൻ കോളജിലെ മലയാളം അധ്യാപകനായിരുന്ന പരേതനായ പ്രഫ. രാമചന്ദ്രൻ നായർ, പ്രവർത്തനം നിലച്ചുപോയ തൃപ്പൂണിത്തുറ കിഷാത് വായനശാലയുടെ പ്രവർത്തകർ എന്നിവരാണ് വായനയെ സജീവമായി നിലനിർത്തിയത്. എന്തോ എഴുത്തിൽ സജീവമായില്ല. ഉൾവലിവുണ്ടായിരുന്ന പ്രകൃതത്തിൽ നിന്നു പുറത്തു കടക്കാനുളള ശ്രമമായിരുന്നിരിക്കാം കാരണം.

ഡപ്യൂട്ടി തഹസിൽദാരായി കാസർകോട് കലക്റ്ററേറ്റിലേക്ക് സ്ഥലം മാറി ചെന്ന ശേഷമാണ് വീണ്ടും വായനയിൽ സജീവമായത്. വായിക്കാതെ പോയ വർഷങ്ങളിലെ പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിച്ചു. സ്ഥലമാറ്റത്തെ തുടർന്ന് താൽക്കാലികമായി തൃപ്പൂണിത്തുറയിൽ താമസമായ സമയത്ത് എറണാകുളം പബ്ലിക് ലൈബ്രറിയിലും തൃപ്പൂണിത്തുറ മഹാത്മാ ലൈബ്രറിയിലും അംഗമായി. അക്കാലയളവിലാണ് (2018) ആദ്യ നോവൽ ‘ഇൻജുറി ടൈം’ പ്രസിദ്ധീകരിക്കുന്നത്. തുടർന്ന് ബർബരീകം, ഭൂപടങ്ങളിൽ ഇല്ലാതെ പോയവർ എന്നീ നോവലുകളെഴുതി. അടുത്ത നോവൽ ഷൂട്ടൗട്ട് ഉടൻ പുറത്തിറങ്ങും. സിസർകട്ട്, ചാർവാകൻമാർ ഉണ്ടാകുന്നത്, ബഫർ സോൺ, വർണ്ണമുകിലുകൾ, രണ്ടാം ഉയിർപ്പ്, പുഴ വഴികളോട് മന്ത്രിച്ചത്, ഝഷം എന്നീ കഥകളും പ്രസിദ്ധീകരിച്ചു. മിക്ക കഥകളും ആദ്യം വായിക്കുന്നയാൾ നേരിൽ കണ്ടിട്ടില്ലാത്ത സുഹൃത്തും എഴുത്തുകാരനുമായ ജോജോ ആന്റണിയാണ്.

തിരിഞ്ഞു നോക്കുമ്പോൾ ചില ഓർമയെഴുത്തുകളിൽ ഇന്നും മനം തെളിയും. ജീവിതമെന്നാൽ അമാവാസി മാത്രമല്ലെന്നും നിലാവും കണ്ണീരും കിനാവും മഞ്ഞുമെല്ലാം ചേർന്നതാണെന്നും വീഴുമ്പോൾ ചിരിക്കുന്നവൻ ശത്രുവല്ലെന്നും സ്വയം പരിഹസിച്ചു ചിരിക്കുമ്പോഴാണ് ലോകം ഏറ്റവും സുന്ദരമാവുന്നതെന്നും പഠിപ്പിച്ചു തന്നതിന്. ജീവിതത്തിന്റെ ഒരു തിരിവിലും മറ്റെന്തായാലും എഴുത്തുകാരനാവുമെന്നു കരുതിയ ഒരാളല്ല ഞാൻ. ഒരുപക്ഷേ, സാഹചര്യങ്ങൾ അനുവദിച്ചിരുന്നെങ്കിൽ കുറെക്കൂടി മെച്ചപ്പെട്ട ഒരു ഉദ്യോഗസ്ഥനാവുമായിരുന്നു. അതല്ലെങ്കിൽ ഏതെങ്കിലുമൊരു ഫുട്ബോൾ ടീമിൽ ഗോൾകീപ്പറാവുമായിരുന്നു. ഇന്നും ഒരു വായനശാല പോലുമില്ലാത്ത എന്റെ നാട്ടിൽ നിന്ന് ഇത്രയെങ്കിലും വായിക്കാനായത് മഹാഭാഗ്യമെന്ന് ഞാൻ കരുതുന്നു. ഇന്നു മലയാളത്തിലെ മിക്ക ആനുകാലികങ്ങളും ഞാൻ സ്ഥിരമായി വായിക്കുന്നു. ചിലതിലെങ്കിലും എഴുതുന്നു. ചുറ്റുവട്ടത്തായി എഴുത്തുകാരുടെ ഒരു കൂട്ടം തന്നെയുണ്ട്. ധന്യത തോന്നുന്നൊരു കാലമാണിന്ന്. എന്തുകൊണ്ട് എഴുത്തിന്റെ വഴി നേരത്തെ തിരഞ്ഞെടുത്തില്ലെന്ന ചോദ്യത്തിനു പറയാവുന്ന മറുപടി ഒന്നേയുള്ളു. വിശക്കുന്നവന്റെ മുന്നിൽ ദൈവത്തിന് അപ്പത്തിന്റെ രൂപമാണ്.

എഴുത്ത് എനിക്ക് സന്തോഷം തന്നു, ഒത്തിരി സുഹൃത്തുക്കളെ തന്നു. ചെറുതെങ്കിലും എഴുത്തുകാരനെന്ന പദവിയും തന്നു. എഴുത്തുകൊണ്ടുണ്ടായ ഏറ്റവും വലിയ സന്തോഷം അറിയപ്പെടാത്തവരാൽ സ്നേഹിക്കപ്പെടുകയെന്നുള്ളതാണ്. അക്ഷരമില്ലായിരുന്നെങ്കിൽ. ഒ.വി.വിജയൻ ഇഎംഎസിനെക്കുറിച്ച് പറഞ്ഞ വാചകങ്ങളാണ് ഓർമയിൽ വരുന്നത്.

‘അങ്ങില്ലായിരുന്നെങ്കിൽ ഞങ്ങളെല്ലാം തീരെച്ചെറിയ മനുഷ്യരായിപ്പോവുമായിരുന്നു’. തീർച്ചയായും. അക്ഷരമില്ലായിരുന്നെങ്കിൽ ഞാനും ഒരുപക്ഷേ, തീരെച്ചെറിയ ആളായിപ്പോവുമായിരുന്നു.

writer-ramesan-mullassery

സമകാലീന കഥകളിൽ മനസ്സിൽ തട്ടിയ കുറച്ചു കഥകളെക്കുറിച്ചു പറയാമോ?

ബോണി തോമസിന്റെ ഹേ, പി.എഫ്. മാത്യൂസിന്റെ മുഴക്കം, അംബികാസുതൻ മങ്ങാടിന്റെ കാരക്കുളിയൻ, സുദീപ് ടി.ജോർജിന്റെ ആര്യാനാം വെയ്ജ, എൻ. ഹരിയുടെ കഥകൾ, ടി.പി.വേണുഗോപാലന്റെ ശബ്ദ വിപ്ലവം, അനിൽ ദേവസിയുടെ മരണ കിണർ, അനൂപ് ശശികുമാറിന്റെ ഒറ്റയാളിന്റെ ദൈവം, അഷ്ടമൂർത്തിയുടെ ശങ്കരൻ കുട്ടിയുടെ പുസ്തകങ്ങൾ, ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പൻ, വിനോയ് തോമസിന്റെ രാമച്ചി, ബിജു സി.പി.യുടെ പൗൾട്രി ജനറേഷൻസ്, നിധീഷ് ജിയുടെ എലഫന്റ് ഇൻ ദ് റൂം, സുഭാഷ് ഒട്ടുംപുറത്തിന്റെ തിരിച്ചു കിട്ടിയ പുഴകൾ, കെ.വി. മണികണ്ഠന്റെ നീലിമാദത്ത, രാജേഷ് കെ.നാരായണന്റെ ഒസ്യത്ത്, ഉണ്ണികൃഷ്ണൻ കളീക്കലിന്റെ മരച്ചക്ക്, ബി.രവികുമാറിന്റെ രാഘവൻ ദൈവം, കെ.എസ്. രതീഷിന്റെ പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം, അനൂപ് അന്നൂരിന്റെ രാമരാജ്യത്തിലെ പുലി, മനോജ് വെള്ളനാടിന്റെ പദപ്രശ്നം, മജീദ് സെയ്ദിന്റെ കുനാർ നദിക്കരയിലേക്കൊരു രാത്രിയാത്ര, എം. പ്രശാന്തിന്റെ ആനകളി, മനോജ് വെങ്ങോലയുടെ പൊറള്, പ്രിൻസ് അയ്മനത്തിന്റെ ചാരുമാനം, സുനീഷ് കൃഷ്ണന്റെ കുചേലവൃത്തം, സലിൻ മാങ്കുഴിയുടെ ഏലി ഏലി ലമ്മാ ശബഗ്ദാനി, പ്രിയ സുനിലിന്റെ ഇതിഹാസ നാരി, കെ.എൻ.പ്രശാന്തിന്റെ ആരാൻ. തീർന്നില്ല ഇനിയുമുണ്ട് പലരും. പുതിയ മുഖങ്ങളായ ഷബിത, ഹരികൃഷ്ണൻ തച്ചാടൻ, സൈറ തുടങ്ങിയവർ. വിസ്താര ഭയത്താൽ നിർത്തുന്നു.

ഈയടുത്തു വായിച്ച പുസ്തകങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പുസ്തകം?

ഷൂട്ടൗട്ട് നോവലിന്റെ രചനാവേളയിൽ വായിച്ച പുസ്തകം. ഉറുഗ്വേൻ എഴുത്തുകാരനായ എഡ്വേർഡോ ഗലിയാനോയുടെ ‘ഫുട്ബോൾ ഇൻ സൺ ആന്റ് ഷാഡോസ്’.

Content Summary: Puthuvakku Series - Talk with writer Ramesan Mullassery

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA
;