നാല് പെണ്ണുങ്ങൾ - സന്യാസൂ എഴുതിയ കഥ

HIGHLIGHTS
  • ഇതു സമിതയുടെ സ്ഥിരം പരിപാടിയാണ്. കൂട്ടുകാരികളുമായി നാടുചുറ്റൽ
literature-kadhayarangu-series-adhayarangu-naalu-pennungal
SHARE

അഞ്ചാറു കൊല്ലം മുമ്പാണെന്നാണ് എന്റെ ഓർമ, ഒരു ആൽബത്തിന്റെ ഷൂട്ടിനായി കൂട്ടുകാരോടൊപ്പം നെല്ലിയാമ്പതിയിൽ പോയപ്പോൾ അപ്രതീക്ഷിതമായി പരിചയപ്പെട്ട ഒരു ടൂറിസ്റ്റ് ഗൈഡുണ്ട്, ശാന്തനെന്നോ മറ്റോ ആണു പേരു പറഞ്ഞത്. വെളുത്ത് മെലിഞ്ഞ് പൊക്കമുള്ള ഒരു മനുഷ്യൻ. താടിയും മീശയും നല്ല ചെമ്പൻ നിറമാണ്. വേണമെങ്കിൽ ഒരു ഹോളിവുഡ് നടന്റെ ഛായയുണ്ടെന്നൊക്കെ ഗമയ്ക്ക് പറയാം. ഫോണിൽ അയാളുടെ നമ്പർ ഞാൻ സേവ് ചെയ്തേക്കുന്നത് നെല്ലിബോയ് എന്നാണ്. കൂടിവന്നാൽ ഒരു ഇരുപത്തിയെട്ടു വയസ്സ് പ്രായം കാണും. വാഹനവും താമസവും ഭക്ഷണവുമെല്ലാം അറേഞ്ച് ചെയ്തു തന്നത് പുള്ളിക്കാരനാണ്. കൂടെ സഹായിയായ ഒരു തമിഴൻപയ്യനുമുണ്ടായിരുന്നു. ഹോംലി ഫുഡ് എന്ന് പറഞ്ഞു അവരു കൊണ്ടുതരുന്ന ഭക്ഷണസാധനങ്ങൾ സത്യത്തിൽ ഉപ്പ് കയ്ച്ചിട്ട് തൊണ്ടയിൽ നിന്ന് ഇറക്കാൻ ഞങ്ങൾ പെടാപ്പാടുപെട്ടു. എന്റെ കൂട്ടുകാരിലൊരാൾ ശാന്തനെയും സഹായിയെയും നല്ല രീതിയിൽ ശകാരിക്കാറുണ്ടായിരുന്നു. ഞാൻ പക്ഷേ, സ്നേഹത്തോടെ കണ്ണ് കാണിക്കും, കാര്യമാക്കണ്ടാന്നു പറയും.

തമിഴൻപയ്യന്റെ മുഖത്തു നാണമായിരുന്നു സ്ഥായീഭാവം. എനിക്ക് അവനോടു വളരെ വാത്സല്യം തോന്നിയിരുന്നു. ഞങ്ങൾ അവിടെ തങ്ങിയ നാലു ദിവസങ്ങളിലും മൂന്നുനേരവും അവർ രണ്ടാളും ഒരുമിച്ചാണു വന്നത്. രാവിലെ ചപ്പാത്തിയും അപ്പവും അല്ലെങ്കിൽ അപ്പവും ചപ്പാത്തിയും, ഒപ്പം കടലയിട്ട ഉപ്പുകറി അല്ലെങ്കിൽ കിഴങ്ങിട്ട ഉപ്പുകറി. ഉച്ചയ്ക്ക് ചോറും എന്തൊക്കെയോ പച്ചക്കറികൾ വെട്ടിക്കണ്ടിച്ചിട്ട ഉപ്പുകറികൾ, കൂട്ടത്തിൽ ഉപ്പിലിട്ടതും കാണും - കണ്ണിമാങ്ങയോ നെല്ലിക്കയോ ലൂബിക്കയോ, ഉപ്പുകൊണ്ട് അഭിഷേകം എന്നു പറഞ്ഞാൽ മതിയല്ലോ. രാത്രിയിൽ രാവിലത്തെ മെനുവിന്റെ സിറോക്സ്കോപ്പി.

literature-kadhayarangu-series-adhayarangu-naalu-pennungal-illustration-one
ചിത്രീകരണം: വിഷ്‌ണു വിജയൻ

കാതൽ, കല്ലൂരി, ഞാവകം, ഇദയം തുടങ്ങി എനിക്കറിയാവുന്ന ചില തമിഴ് വാക്കുകളൊക്കെ സംസാരത്തിനിടയിൽ തിരുകിക്കയറ്റി ഞാൻ പയ്യന്റെ മതിപ്പു പിടിച്ചുപറ്റാൻ ശ്രമിച്ചു, ചുമ്മാ ഒരു ടൈംപാസ്. പിന്നെ അവനെക്കൊണ്ട് ഇളയരാജയുടെ പാട്ടുകൾ പാടിച്ചു. പറയാതെതന്നെ അവൻ പ്രഭുദേവയുടെ രണ്ട് നൃത്തച്ചുവടുകളും ചവിട്ടി എന്നേക്കാൾ സ്കോർ ചെയ്തു. അര ഗ്ലാസ്സ് കിങ്ഫിഷർ ബിയർ കൊടുത്ത് അവനെ ഞാൻ സന്തോഷിപ്പിച്ചു. ശാന്തൻ പക്ഷേ, മദ്യവിരോധിയായിരുന്നു, പേരുപോലെതന്നെ ശാന്തൻ സൗമ്യൻ.

സമിതയുടെ മെസ്സേജ് വന്നപ്പോൾ ശാന്തനും തമിഴൻപയ്യനുമാണ് ആദ്യം എന്റെ മനസ്സിലേക്ക് ഓടി വന്ന മുഖങ്ങൾ. രണ്ടാളും ഇപ്പോൾ എവിടെയാവും. നെല്ലിയാമ്പതിയിൽ തന്നെയുണ്ടാവുമോ. അതോ പുതിയ വല്ല ജോലിയിലും പ്രവേശിച്ചിരിക്കുമോ. പല തവണ ശ്രമിച്ചിട്ടാണ് അവരെ ബന്ധപ്പെടാൻ സാധിച്ചത്. ആഗ്രഹിച്ചതുപോലെ അവർ രണ്ടാളും ഇപ്പോഴും ഒരുമിച്ചു തന്നെയുണ്ടായിരുന്നു. അന്നു നമ്പർ തന്നപ്പോൾ പറഞ്ഞിരുന്നു, എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന്. കൊല്ലങ്ങൾക്കു ശേഷം ആദ്യമായാണ് ഒരു വിളി.

ഇതു സമിതയുടെ സ്ഥിരം പരിപാടിയാണ്. കൂട്ടുകാരികളുമായി നാടുചുറ്റൽ. എന്നിട്ട് എന്തെങ്കിലും പണി ഒപ്പിക്കും. ഒടുക്കം ഞാൻ ഇവിടെയിരുന്നു തീ തിന്നും. ചിലപ്പോൾ പണി പാലിൻവെള്ളത്തിൽ തിരിച്ചും കിട്ടാറുണ്ട്, അത് അവറ്റകൾ പുറത്തു പറയില്ല. ആൺകുട്ടികളോടൊക്കെ വളരെ ഫ്രീയായി ഇടപഴകുന്നതു കൊണ്ടു ചിലർ അതു മുതലാക്കാൻ ശ്രമിക്കാറുണ്ട്. ഈ ടീമിന് ആണെന്നോ പെണ്ണെന്നോ ഒന്നുമില്ല. ബിലാലിന്റെ ഭാഷയിൽ പറഞ്ഞാൽ, മനുഷ്യൻ... അതു മതി, കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട. നാലിനും ഓരോ മീശയുടെ കുറവും കൂടിയേയുള്ളൂ എന്നാണ് നാട്ടിൽ പാണന്മാർ പാടി നടക്കണത്. ഇത്തവണ ആകെ മൊത്തം ടോട്ടൽ സീൻ കോൺട്രയാണ്.

വല്ലവിധേനെയും ഞാൻ വിശേഷങ്ങൾ- പെൺപടയുടെ വീരകഥകൾ, വീരശൂരപരാക്രമങ്ങൾ, ആക്രമണങ്ങൾ, അതിക്രമങ്ങൾ എല്ലാം പറഞ്ഞൊപ്പിച്ചപ്പോൾ തമിഴൻപയ്യൻ വായ പൊത്തി ചിരിക്കുന്നത് എനിക്ക് ഇവിടെ കേൾക്കാമായിരുന്നു. അവന്റെ കവിളിൽ വിരിഞ്ഞ നാണം എനിക്ക് ഊഹിയ്ക്കാമായിരുന്നു.

‘ദേണ്ടെ, വെറും ഒരു പത്തേ പത്ത് മിനിറ്റ് സാർ... ഞങ്ങളിപ്പോൾ സ്പോട്ടിലെത്തും.’

ശാന്തൻ പയ്യനെയും കൂട്ടി വണ്ടിയെടുത്ത് നേരെ സൂയിസൈഡ് പോയിന്റിലേക്ക് പാഞ്ഞു. കോട മൂടി കാഴ്ച അവ്യക്തമായിരുന്നിരിക്കണം. ആളുകൾ തമ്മിൽ കൂട്ടിയിടിച്ചിട്ടുണ്ടാവും. ചിലരുടെ ചുണ്ട് പൊട്ടി ചോരയൊലിച്ചിട്ടുണ്ടാവും. ചിലർ പുല്ലിലെ നനവിൽ ചവിട്ടി തെന്നി വീഴാൻ പോയിട്ടുണ്ടാവും, ചിലപ്പോൾ വീണിട്ടുണ്ടാവും. ചിലർ അലസമായി പുകവലിക്കുന്നുണ്ടാവും. വേറെയും ചിലർ കുടയുടെയോ ചെടിയുടെയോ മറവിലിരുന്നു ചുംബനം കൈമാറുന്നുണ്ടാവും. നമ്മുടെ നാൽവർ സംഘത്തിലെ ബാക്കി മൂന്നുപേരും മൂക്കത്ത് വിരൽവച്ച് തണുപ്പിൽ കിടുകിടാ വിറച്ചു ദൂരെ മാറി നിൽപ്പുണ്ടാവും - ജ്യോതിയും സീനയും കൃഷ്ണവേണിയും. നാലുപേരും ഒരേ സ്‌കൂളിൽ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച് അതേ സ്‌കൂളിൽ അധ്യാപകരായവർ. എല്ലാ കുരുത്തക്കേടും ഒരുമിച്ച് - വെള്ളമടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമുൾപ്പടെ. എന്തെങ്കിലും കുറ്റവോ കുറവോ പറയാൻ ചെന്നാൽ, എന്റെ പൊന്നോ... പെൺപുലികൾ ചീറ്റലോടു ചീറ്റലാവും. നമ്മൾ ഒരു പെഗ്ഗോ പുകയോ ചോദിച്ചാൽ ഒരു മൈന്റുമുണ്ടാവില്ലെന്നേ. നമുക്കുപോലും അജ്ഞാതമായ പോൺസൈറ്റുകളിലാണ് അവളുമാര് വിലസുന്നത്. എനിക്കു കൂടി പറഞ്ഞു തരില്ല ഈ ദുഷ്ട. സമിതേ, നിനക്ക് ശാപം കിട്ടൂട്ടോ. എന്നും ഒരേ പൊസിഷനിൽ ഉണ്ടും ഉറങ്ങിയും എന്റെ ജീവിതം ഇങ്ങനെ കോഞ്ഞാട്ടയായി തീരത്തേയുള്ളൂ. ആണുങ്ങളെ അവരുടെ പരിസരത്തോട്ട് അടുപ്പിക്കില്ല. നാല് ശരീരത്തിനും കൂടി ഒറ്റ ആത്മാവ്. ചെക്കന്മാരെ പൊട്ടന്മാരാക്കലാണ് ഈ ദുരാത്മാക്കളുടെ മെയിൻ ഹോബി. അങ്ങനെ പൊട്ടനായതാണ് ഈ ഞാനും. ചില സന്ദർഭങ്ങളിൽ ചില കാര്യങ്ങൾ കണ്ടില്ലാ കേട്ടില്ല എന്നു നടിക്കുന്നതും കണ്ടംവഴി ഓടുന്നതും ആയുസ്സിനും ആരോഗ്യത്തിനും ഒരുപോലെ നല്ലതാണെന്നു തിരിച്ചറിയാത്ത മുഴുപ്പൊട്ടൻ.

ജ്യോതിയും കൃഷ്ണവേണിയും മുപ്പതു കഴിഞ്ഞ ക്രോണിക് സ്പിൻസ്റ്റേഴ്സ്. സീനയുടെ പങ്കാളി വക്കീലാണ്, അവർക്ക് ഒരു മകളുണ്ട്. എനിക്കും ഒരു കുഞ്ഞിക്കാല് കാണാൻ കൊതിയുണ്ടെന്നു പറയാൻ തുടങ്ങിയിട്ടു കാലം കുറച്ചായേ. സമിതയുടെ നാളെ നാളെ നീളെ നീളെ. കുളു-മണാലി ട്രിപ്പുകൂടി കഴിഞ്ഞാൽ കുഞ്ഞിക്കാലിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് രാജ്ഞിയുടെ ഉത്തരവ്. ഈ കുളുവും മണാലിയുമൊക്കെ ആരാണോ ഇത്രയും ദൂരെക്കൊണ്ട് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്റെ ഡിങ്കഭഗവാനേ.

നാലാളെയും തമ്മിൽ ഒന്ന് തെറ്റിച്ചു കാണലാണ് എന്റെയും വക്കീലിന്റെയും ജീവിതാഭിലാഷം. ആണുങ്ങൾക്കുമില്ലേ ആഗ്രഹങ്ങൾ- ഇണയെ ഒറ്റയ്ക്ക് ഒന്നു കയ്യിൽ കിട്ടണമെന്ന്, ഒന്നു സ്വസ്ഥമായി സ്നേഹിക്കണമെന്ന്, പ്രേമിക്കണമെന്ന്, താലോലിക്കണമെന്ന്, കൊഞ്ചിക്കണമെന്ന്, ചെറുതായിട്ടെങ്കിലും ഒന്ന് ഭർത്താവു കളിക്കണമെന്ന്, ഉള്ളിൽ ഉറഞ്ഞു കിടക്കുന്ന പേട്രിയാർക്കിയെ വല്ലപ്പോഴും ഒന്നു സടകുടഞ്ഞ് പുറത്തു ചാടിക്കണമെന്ന് - വെറും പട്ടി ഷോ!! മെയിൽ ഷോവനിസം എന്താണെന്നുപോലും അറിയില്ല ഈ ഞങ്ങൾക്ക്, സുരാജ് വെഞ്ഞാറന്മൂടിന്റെ ശബ്ദത്തിൽ വായിക്കണേ: ഭർത്താക്കന്മാരാത്രേ ഭർത്താക്കന്മാർ, സ്വയം എടുത്ത് കിണറ്റിൽ ചാടാൻ തോന്നുവാ. ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ ഇവിടെ, ഹുംഹുംഹും.

literature-kadhayarangu-series-adhayarangu-naalu-pennungal-illustration-two
ചിത്രീകരണം: വിഷ്‌ണു വിജയൻ

അതിനിടയിൽ കൃഷ്ണവേണിക്ക് എന്നോട് ചെറിയൊരു ഡിങ്കോൾഫിക്കേഷനുണ്ടോയെന്ന് എനിക്കൊരു ഡൗട്ട്. എഫ്ബിയിൽ ഞാൻ കൂട്ടുകാരോടൊപ്പമുള്ള വി ഫോർ വിക്ടറി ഷേപ്പിൽ വിരലുയർത്തി നിൽക്കുന്ന - വെറും തോൽവിയാണെന്ന് നമുക്കല്ലേ അറിയൂ, ഫോട്ടോസ് പോസ്റ്റ് ചെയ്യുമ്പോൾ സുജയ്ടെ ഹെയർ സ്റ്റൈൽ സൂപ്പർ, സുജയ്ടെ ഷർട്ട് അടിപൊളി, സുജയ്ടെ ചിരി അപാരം... കൃഷ്ണവേണിയുടെ വക ഇത്യാദി കമന്റുകളുടെ പെരുമഴക്കാലമാണ്. എന്നിട്ട് ഇൻബോക്സിൽ വന്നു പറയും: ‘കാഷ് എണ്ണിക്കൊടുത്ത് ഫുട്പാത്തിൽ നിന്നു വാങ്ങിയ വിഗ്ഗാണ് തലയിലിരിക്കണതെന്ന് നമ്മള് മാത്രം അറിഞ്ഞാൽ മതിയല്ലോ ല്ല്യേ സുജയ്...’ ഞാൻ പുച്ഛത്തിന്റെ സ്മൈലി ഒരാറേഴെണ്ണം തിരിച്ച് എറിഞ്ഞു കൊടുക്കും, അല്ല പിന്നെ... ആര് എന്ത് കമന്റിയാലും സമിത അതൊന്നും കണ്ട ഭാവം നടിക്കാറില്ല. 

മഴയുള്ള ഒരു പാതിരാത്രി നല്ല മൂഡ് വന്ന നേരത്ത് സമിതയ്ക്കിടയിൽ ഒരു ചന്ദ്രക്കലയിട്ട് സ്മിതേ, എന്റെ സിൽക്ക് സ്മിതേയെന്ന് നീട്ടി വിളിച്ച്... അല്ലെങ്കിൽ വേണ്ട, വെറുതേ എന്തിനു ഞാൻ അവളുടെ വായിലിരിക്കുന്നതു മുഴുവൻ കേട്ടു പേടിച്ചു മൂത്രമൊഴിയ്ക്കണം. ഇമകൾ ചിമ്മി, കാൽവിരൽകൊണ്ടു കളം വരയ്ക്കുന്ന പെണ്ണുങ്ങളൊക്കെ പണ്ട് പണ്ട് പണ്ട്, ഉയ്യോ... ഉശിരുള്ളൊരു ആൺകുട്ടിയല്ലേടാ നീ, ഞാൻ സ്വയം തോളിൽത്തട്ടി അഭിനന്ദിച്ചു. എന്നിട്ട് നല്ലവീട്ടിലെ കുട്ടികളെപ്പോലെ കിന്നാരം ചൊല്ലിക്കൊണ്ട് ഞാൻ സമിതയുടെ കീഴോട്ട് കേറിക്കൊടുത്തു- കീഴോട്ട് കേറുക എന്നു പറഞ്ഞാൽ ഞങ്ങടെ നാട്ടിൽ അരികിലേക്ക് ചെല്ലുക എന്നാണ് അർത്ഥം കേട്ടോ. നിങ്ങടെ നാട്ടിൽ എന്താണോ ആവോ, വല്ല അശ്ലീലവും ആയിരിക്കും അല്ലേ, നിങ്ങടെ നാടിന്റെ ഒരു കാര്യം. 

ചില കുടുംബാസൂത്രണ കലാപരിപാടികൾക്കുള്ള ഒരുക്കം കൂട്ടുന്നതിനിടയിൽ ഞാൻ ചുമ്മാതെ കൃഷ്ണവേണിയുടെ കൃഷ്ണമണിയുടെ തിളക്കത്തെപ്പറ്റിയും പുരികത്തിന്റെ വളവിനെപ്പറ്റിയും കൺപീലിയുടെ വടിവിനെപ്പറ്റിയും വളവളാന്ന് പുകഴ്ത്തി പറഞ്ഞു. സത്യായിട്ടും ഞാൻ പ്ലിങ്ങിപ്പോയി. അന്നു കലാപരിപാടികളെല്ലാം ക്യാൻസൽഡ്. പിന്നീടു കുറേക്കാലം എനിക്ക് കൃഷ്ണവേണിയുടെ മുഖത്തേക്ക് നോക്കേണ്ടി വന്നിട്ടില്ല. ആ നാലുപേരു തമ്മിൽ ഷെയർ ചെയ്യാത്ത രഹസ്യങ്ങൾ ഈ ഭൂലോകത്തിൽ ഇല്ലെന്നേ. ജ്യോതിയെയും കൃഷ്ണവേണിയെയും കെട്ടുന്നവന്റെ കട്ടപ്പൊക. സീനയുടെ പാവം വക്കീൽ, അയാൾക്ക് അങ്ങനെതന്നെവേണം. എനിക്ക് പിന്നെ പണ്ടേ അങ്ങനെതന്നെവേണം.

കെട്ടണോ വേണ്ടയോ കെട്ടണോ വേണ്ടയോ എന്ന ശങ്ക കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന കാലം. മുപ്പതിനുള്ളിൽ കെട്ട് നടന്നില്ലെങ്കിൽ പിന്നെ നാൽപ്പതു കഴിയുമെന്നു ജോൽസ്യരമ്മാവൻ, അമ്മയുടെ ഇരട്ടസഹോദരൻ. ഞാനാണെങ്കിൽ കെട്ടാൻ മുട്ടി നിക്കുകയൊന്നുമായിരുന്നില്ല. കച്ചവടമാണെങ്കിൽ ആകെ മോശം, നാശകോശം. സോപ്പുപെട്ടി വലിപ്പമുള്ള ഒരു മഞ്ഞ നാനോ കാറെടുത്തതിന്റെ ലോൺ മുടങ്ങിക്കിടക്കുന്നത് വേറെ. മൂത്ത പെങ്ങൾ അളിയനുമായി പിണങ്ങി കൊച്ചുങ്ങളെയും പെറുക്കിയെടുത്തു വന്നു വീട്ടിൽ അട്ടിപ്പേറു കിടക്കുന്നു. ഇനി ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നാണു പിന്നെയും പെങ്ങള് പറയണത്. എന്നും കുറ്റവും കുറവും മാത്രം. അമ്മായിയും കണക്കാ, കെട്ടിയോൻ അതിനേക്കാൾ കണകണക്കാ. നമ്മടെ അമ്മയെയും അച്ഛനെയും എന്നും കുറ്റം പറയും. ജോൽസ്യരമ്മാവനെപ്പറ്റിയും ഓരോന്നു പറയും. 

എല്ലാരെക്കുറിച്ചും പറഞ്ഞോട്ടെ, പക്ഷേ, ആകെയുള്ള അവൾടെ കുഞ്ഞാങ്ങളയെപ്പറ്റി- ഈ എന്നെപ്പറ്റി പറയുന്നത് അവൾക്ക് സഹിക്കുന്നില്ലത്രേ. നമ്മടെ സുജയ്ക്ക്, നമ്മുടെ ഈ സുജയ്മോന് പെണ്ണ് കിട്ടാതെ മൂത്തു നരച്ചു പോവൂത്രേ... ഹോഹോഹോ, എന്നെ ഇങ്ങനെ സ്നേഹിക്കല്ലേ മൂത്തു പഴുത്ത മൂത്ത പെങ്ങളേ. ഇടയ്ക്കിടെ ഇവളിങ്ങനെ വലിഞ്ഞുകേറി വന്നാൽ പിന്നെ എനിക്ക് കിടക്കാൻ സ്വന്തമായി ഒരു ബെഡ്റൂമില്ല എന്നതാണ് അവസ്ഥ. ഓരോരോ അവസ്ഥകളേ... കയ്യാലപ്പുറത്തെ തേങ്ങപോലെയാണ് കാര്യങ്ങൾ. അളിയനുമായുള്ള പിണക്കം മാറി എപ്പോഴെങ്കിലും പെങ്ങള് തിരിച്ചു പോയാൽതന്നെ എപ്പോൾ വേണമെങ്കിലും വീണ്ടും ഇങ്ങോട്ടേക്കുതന്നെ മടങ്ങി വരാമെന്ന ഒരു പ്രത്യേക പ്രതിഭാസമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്. പെണ്ണും പിടക്കോഴിയുമൊന്നുമില്ലാതെ ഞങ്ങടെ വീട്ടിൽ സ്ഥിരതാമസമാക്കിയ ജോൽസ്യരമ്മാവന്റെ കൂടെ ഇറയത്താണ് ശിഷ്ടം എന്റെ ഉറക്കം. തെക്കു ഭാഗത്തു ചെറിയൊരു മുറിയിറക്കിയാൽ പിറ്റേന്ന് തന്നെ എന്റെ കല്യാണമെന്ന് ഞാൻ അമ്മയ്ക്ക് വാക്കു കൊടുത്തു. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലായിരുന്നു ഞാനെന്ന് എനിക്കും പിന്നെ എന്റെ നിഴലിനും മാത്രമറിയാം.

എന്റെ മൊബൈൽ ഷോപ്പിൽ ഫോൺ റിപ്പയർ ചെയ്യാൻ വന്ന കിളികളാണ് തുടക്കത്തിൽ പറഞ്ഞ നാൽവർ സംഘം. ഇന്നത്തെപോലെ ജീൻസിലോ ടോപ്പിലോ കൂളിങ് ഗ്ലാസ്സിലോ ഒന്നിലുമല്ല, തോക്കുമില്ല ബുള്ളറ്റുമില്ല, ഉരുട്ടിക്കൊണ്ടു നടക്കാൻ ഒരുത്തിക്കും ഒരു സ്‌കൂട്ടി പോയിട്ട് ഒരു ലേഡി ബേർഡ് പോലുമില്ല - ഇന്ന് വേറെ ലെവലല്ലേ നമ്മുടെ പെൺകിളികൾ. ഏതോ ചക്കടാ ഓട്ടോയിലാണ് നാലുംകൂടി അന്ന് എഴുന്നള്ളിയത്. വരാനുള്ളതു ടാക്സി പിടിച്ചയാലും വരുമെന്നാണല്ലോ. നാഴികയ്ക്ക് നാൽപതുവട്ടം കസ്റ്റമർ ഈസ് കിങ്, കസ്റ്റമർ ഈസ് കിങ് എന്ന മന്ത്രം ഭക്തിയോടെ ഉരുവിട്ടുകൊണ്ട് നടക്കുന്ന ഞാനല്ലാതെ പിന്നെയാരാണ് അവരെ വിനയത്തോടെ ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുക, വിശേഷിച്ച് എടുത്തു കൊടുക്കാൻ നിക്കുന്ന ചെക്കൻ അവന്റെ കുഞ്ഞമ്മേടെ വീടിന്റെ പാലുകാച്ചലിന് ചായയും പലഹാരവും വെട്ടിവിഴുങ്ങാൻ പോയ ഈ ദുർബലനിമിഷത്തിൽ. പക്ഷേ, ഞാൻ ചിരിച്ച ചിരിയിൽ ലേശം പഞ്ചാരകൂടിപ്പോയത് തെറിച്ചത് സമിതയുടെ കവിളിൽ തേൻപോലെ ഒലിച്ചു. വേറെ പ്രശ്നമൊന്നുമുണ്ടായില്ല, ജീവിതം തിളച്ച ചക്കരപ്പായസത്തിൽ വീണ മണിയനീച്ചയുടെ പരുവമായി. 

നാൽപത് കഴിഞ്ഞു കെട്ട് നടന്നാൽ മതിയായിരുന്നൂന്ന് ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ, പോയ ബുദ്ധി പിടിച്ചാൽ കിട്ടുമോ. മധുവിധുകാലങ്ങളിൽ ഞാൻ രാത്രി മൂത്രമൊഴിക്കാൻ മുറ്റത്തേക്കിറങ്ങുമ്പോൾ ഒന്നുമറിയാതെ പോത്തുപോലെ കൂർക്കം വലിച്ചുറങ്ങുന്ന ജോൽസ്യരമ്മാവനെ കാണുമ്പോൾ എവിടുന്നെങ്കിലും ഒരു ഉലക്ക കിട്ടിയിരുന്നെങ്കിലെന്ന് ആലോചിച്ചിട്ടുണ്ട്. അങ്ങേരെ തലയ്ക്കടിച്ചു കൊല്ലാനൊന്നുമല്ല, ആരും അങ്ങനിപ്പം രക്ഷപ്പെടണ്ട. പണ്ടൊക്കെ ദേഷ്യം വരുമ്പോൾ ആരാരും കാണാതെ പത്തായത്തിൽ കയറി കുറച്ച് നെല്ലെടുത്ത് ഉരലിലിട്ട് കുത്തുമായിരുന്നു ഈ ഞാൻ. പതിയെപ്പതിയെ ദേഷ്യം പമ്പകടക്കും. അതൊക്കെ ഒരു കാലം, ഇനി പറഞ്ഞിട്ടെന്താ കാര്യം.

പക്ഷേ, ചിരിയിൽ പഞ്ചാര കൂടിയതു വെറുതെയായില്ല കേട്ടോ. സമിത അത്യാവശ്യം തുട്ടുള്ള വീട്ടിലെ കുട്ടിയായിരുന്നു, കണ്ടാൽ പറയില്ലെന്നേയുള്ളൂ. അന്ന് ആദ്യമായി ഷോപ്പിൽ വന്നപ്പോൾ ഒരു കീറച്ചുരിദാറായിരുന്നു വേഷം. ഇടതു കയ്യിൽ പ്ലാസ്റ്റിക്കിന്റെ രണ്ടു വളകൾ, നിറം മങ്ങിയത്. കാതിലേത് മുക്കാണോ തങ്കമാണോയെന്ന് തിട്ടമില്ല. കഴുത്ത് കാലിയായിരുന്നു. ഏകദേശം നമ്മുടെ പഴയ നീനാ കുറുപ്പിന്റെ അനിയത്തിയാണെന്നു പറയാം. മൂക്കിന് ഇത്തിരി നീട്ടക്കൂടുതലുണ്ടായിരുന്നു. ക്ഷ വരപ്പിക്കാൻ പറ്റിയതാണല്ലോന്നു മനസ്സിൽ വിചാരിച്ചതു ബൂമറാങ്ങുപോലെ തിരിഞ്ഞ് ക്ഷ ത്ര ജ്ഞ അടക്കം ഇനി കണ്ടുപിടിക്കാൻ കിടക്കുന്ന അക്ഷരങ്ങൾ കൂടി അവൾ എന്നെക്കൊണ്ട് വരപ്പിച്ച് വരപ്പിച്ച് എന്റെ മൂക്ക് തേഞ്ഞ് ഇപ്പോൾ എന്നെ കണ്ടാൽ ചൈനക്കാരനാണെന്നേ തോന്നൂ.

ഒറ്റമോളായതുകൊണ്ട് സ്വത്തെല്ലാം സമിതയുടെ പേരിലായിരുന്നു- ബംഗ്ലാവും ഏലത്തോട്ടവും കാപ്പിത്തോട്ടവും. ടൗണിലെ ഒഴിഞ്ഞു കിടന്ന ടൂബീയെച്ച്കേ ഫ്ലാറ്റിലേക്ക് സമിതയോടൊപ്പം ഞാൻ താമസം മാറി. സ്ത്രീധനമായി ഒരു സ്വിഫ്റ്റ് കാറും തരാൻ പദ്ധതിയുണ്ടായിരുന്നത്രെ. നിലവിലുള്ള നാനോയുടെ ഈയെമ്മയ് അടയ്ക്കാൻ സഹായിച്ചാൽ മതിയെന്ന് ഞാൻ കരാറുറപ്പിക്കുമ്പോൾ എന്റെ ചമ്മി വളിച്ചു നാറിയ മുഖം കാണാണ്ടിരിക്കാൻ അമ്മായച്ഛൻ തല കുമ്പിട്ടിരുന്നിരിക്കണം. ഹാ, അതൊക്കെ പഴയ കഥകൾ. നമുക്ക് ഇനി കാര്യത്തിലേക്ക് വരാം.

നെല്ലിയാമ്പതിയിലെ നമ്മുടെ ശാന്തനും തമിഴൻപയ്യനും സ്ഥലത്തെത്തി വണ്ടിയൊതുക്കി ഇറങ്ങി മുന്നോട്ടു നടക്കുന്നതിനിടയിൽ എന്നെ ഫോണിൽ വിളിച്ചു. ‘വലിയ ആൾക്കൂട്ടമൊന്നുമില്ല സാർ... കൊക്കയിലേക്ക് വലിച്ചെറിയാനായി ഒരുത്തനെ കയ്യിലേറ്റി നിൽക്കുന്ന ചെറുപ്പക്കാരിയായ ഒരു സ്ത്രീയുടെ പൗരാണിക ദൃശ്യമാണ് ഞങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കൊക്കിന്റെ കൊക്കിൽ പിടയുന്ന പരൽമീനിനെപ്പോലെ ഒരു പയ്യൻ, നമ്മടെ വിജയ്ടെ മാതിരി’.

‘ഏത് വിജയ്, ഇളയദളപതിയോ..’

‘അയ്യോ അല്ലല്ല, എന്റെ കൂടെയുള്ള തമിഴ്പയ്യനില്ലേ സാർ... അവനെമാതിരി. ഒരു പതിനെട്ട് പതിനെട്ടേകാൽ പതിനെട്ടര പതിനെട്ടേമുക്കാൽ വയസ്സുണ്ടാവും. ഒരു പൈത്യക്കാരൻ. പൊടിമീശക്കാരൻ. കൂട്ടത്തിലുള്ള ഏതോ പെങ്കൊച്ചിനെ പതിനാല് സെക്കൻഡിൽ കൂടുതൽ നേരം തുറിച്ചു നോക്കിപോലും... ഏതോ കിച്ചാമണിയെയോ കിച്ചിമണിയെയോ മറ്റോ.’

നാലേനാലു ദിവസത്തെ പരിചയമേയുള്ളൂ എങ്കിലും സ്വന്തം മകനെപ്പോലെ കരുതിയ തമിഴൻപയ്യന്റെ പേരുപോലും ചോദിച്ചറിയാഞ്ഞ ഞാൻ എന്തൊരു മണ്ടനാണെന്ന ഗൗരവമേറിയ തത്വചിന്തകളിലേക്കൊന്നും മനസ്സിനെ പായിക്കാതിരുന്ന എന്റെ സിരകളിൽ രക്തം തിളച്ചുമറിയാൻ തുടങ്ങി. പൊടുന്നനെ എനിക്ക് ബോധംവന്നു. ‘കൃഷ്ണവേണിയെ ഏതോ ഒരുത്തൻ തുറിച്ചു നോക്കിയതിനു ഞാൻ എന്തിന് തിളയ്ക്കണം, പറയണം മിസ്റ്റർ. എന്റെ രക്തം എന്തിന് തിളയ്ക്കണം?' ദേഷ്യത്തോടെ ഞാൻ എന്റെ കോളറിന് പിടിച്ചു കുലുക്കി. എനിക്ക് ശരിക്കും ബോധം വന്നു.

‘കിച്ചാമണീം കിച്ചിമണീമൊന്നുമല്ല ശാന്താ, അത് കൃഷ്ണവേണി... കൃഷ്ണവേണി... ആഹാ... എന്നിട്ട് സമിത അവനിട്ട് നല്ല പൂശ് പൂശിയോ?’

‘രണ്ടെണ്ണം പൂശിയാലും വേണ്ടില്ലാരുന്നു സാർ. നിങ്ങടെ പൊണ്ടാട്ടി അവന്റെ ടീഷർട്ടിന്റെ റൗണ്ട് നെക്കിൽ പിടിത്തമിട്ടേക്കുവാ. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ... രണ്ടിലൊരാൾ ഹാച്ചീന്ന് ഒന്ന് തുമ്മിയാൽ... ഡിം!! എല്ലാം തീർന്ന്... നേരെ കൊക്കയിലേക്ക്!! ആവശ്യക്കാര് വേണ്ടപ്പോൾ സമയംപോലെ വല്ല കൊട്ടയോ വട്ടിയോ തൂക്കി താഴോട്ടു ചെന്ന് പെറുക്കിയെടുത്തോണ്ട് പോരാം.’

literature-kadhayarangu-series-adhayarangu-naalu-pennungal-writer-sanyasoo
സന്യാസൂ

‘ഇല്ല ശാന്താ, നീ ശാന്തനാകൂ... നീയൊരു സിനിമ കണ്ടുകൊണ്ടിരിക്കയാണെന്ന് സങ്കൽപിച്ചാൽ മതി. ഇപ്പോൾ ക്ലൈമാക്സാണ് അവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സമിത അവിവേകമൊന്നും കാണിക്കില്ല. എനിക്ക് അവളെ നന്നായറിയാം. എനിക്കേ അവളെ നന്നായറിയൂ... ചക്കരപ്പായസത്തിൽ വീണ എന്റെ മണിയനീച്ചേ, ഞാനേ... അമ്പട ഞാൻസിപൂൻസീ’.

ഞാൻ നെടുവീർപ്പിട്ടു.

‘എന്താ സാറേ, ഇടയ്ക്ക് ഈച്ചയുടെ കാര്യമൊക്കെ പറയുന്നത് കേട്ടല്ലോ..’

‘ഒന്നുമില്ല ശാന്താ, പാവം പൊടിമീശക്കാരൻ. അവനിനി പതിനാല് സെക്കൻഡ് പോയിട്ട് പതിനാല് മില്ലീസെക്കൻ‍ഡ് ഒരു പെണ്ണിന്റെ മുഖത്ത് നോക്കില്ല...’

ശാന്തൻ ഫോൺ കട്ട് ചെയ്യുമ്പോൾ ആ പൊടിമീശക്കാരന് ചെറുതായിട്ട് കോങ്കണ്ണുണ്ടോയെന്ന് ആരോ സംശയം പറയുന്നത് കേട്ടോ ഞാൻ, അതോ അശരീരിയോ. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അശരീരിയെന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കുന്ന വായനക്കാരുണ്ടല്ലോ എന്നോർക്കുമ്പഴാണ് ഈ എഴുത്തുകാർക്ക് ഏക ആശ്വാസം. എന്നെ സമ്മതിക്കണം.

ആരും പോവല്ലേ, ജ്യോതിക്കും കൃഷ്ണവേണിക്കും ഒരു ജീവിതം കൊടുക്കാൻ തയാറുള്ളവർ വിറയ്ക്കാതെ മുന്നോട്ട് വരേണ്ടതാണ്. സീന എത്ര പാവാണെന്നു വക്കീലിനോട് ചോദിച്ചാൽ അറിയാം. എന്റെ സമിത പിന്നെ ജനിച്ചപ്പോഴേ പാവമാണല്ലോ. നീ ഒരു സംഭവമാടീ. ഒരു പ്രസ്ഥാനമാടീ. വേഗം ഇങ്ങോട്ട് വാ, എനിക്ക് നീ വച്ചിട്ടുണ്ട്.

സുജയ് ജയ് ജയ് ജയ്

ജയ് ജയ് കീ ജയ്

കീ ജയ് സുജയ്

ശുഭം

Content Summary: Nalu Pennungal, Malayalam short story written by Sanyasoo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA
;