ADVERTISEMENT

‘ദൈവമേ, ഇനിയും എത്ര സ്ത്രീകളെ കിട്ടിയാലാണ് എനിക്ക് തൃപ്തിയാകുക. ഞാൻ ഒരു യന്ത്രമൊന്നും അല്ലല്ലോ.’ 

അമേരിക്കൻ എഴുത്തുകാരി പട്രീഷ്യ ഹിഗ്‌സ്മിത്ത് പ്രശസ്തമായ നോവലുകളിലൊന്നും ഇങ്ങനെ എഴുതിയിട്ടില്ല. ചെറുകഥകളിലുമില്ല ഈ വരികൾ. നോവലുകളെ അടിസ്ഥാനമാക്കി ഹിച്ച്കോക്ക് ഉൾപ്പെടെ നിർമിച്ച സിനിമകളിലും പറയുന്നില്ല. എന്നാൽ എഴുത്തുകാരി രഹസ്യമായി ഏറ്റവും കൂടുതൽ ആവർത്തിച്ചതും ആഗ്രഹിച്ചതും ഇതാണ്. തെളിവ്, ലോകം കാണാതെ കാത്തുവച്ച ഡയറി തന്നെ. ദൈവത്തോടു പോരടിച്ചും ചെകുത്താനെ കൂട്ടുപിടിച്ചും ഏഴു പതിറ്റാണ്ടു നീണ്ട ജീവിതത്തിൽ നടത്തിയ ചോരക്കളികൾ എഴുതിവച്ച ഡയറിക്കുറിപ്പുകൾ, നോട്ടുബുക്കുകൾ. ഒന്നും രണ്ടുമല്ല, 8000 ൽ അധികം പേജുകളിൽ. ഏറ്റവും കൂടുതൽ ഡയറി എഴുതിയ എഴുത്തുകാരി ആരാണെന്ന് ഇനി തർക്കിക്കുകയേ വേണ്ട. അത് പട്രീഷ്യ തന്നെ.  

 

പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട വീട്ടിൽ, ഏകാന്തതയിൽ ലോകത്തോടു വിടപറഞ്ഞ എഴുത്തുകാരി 26 വർഷത്തിനു ശേഷം പുനർജനിക്കുകയാണ്; ഡയറിയിലൂടെ, സ്വകാര്യ ശേഖരമായ നോട്ടുബുക്കുകളിലൂടെ, ആയിരത്തിലധികം പേജുകൾ വരുന്ന പുസ്തകത്തിലൂടെ. ‘പട്രീഷ്യ ഹിഗ് സ്മിത്തിന്റെ ഡയറികളും നോട്ട്ബുക്കുകളും’ എന്ന ആത്മകഥയിലൂടെ. ജീവചരിത്രങ്ങളും ആത്മകഥകളും പലതുണ്ടെങ്കിലും ഇങ്ങനെയൊന്ന് ഇതാദ്യം. ഇത്ര തീക്ഷ്ണമായ വെളിപ്പെടുത്തലുകൾ. 

 

1921 ൽ അമേരിക്കയിലെ ടെക്‌സസിൽ ജനിച്ച് 1995 ൽ മരിച്ച പട്രീഷ്യ സാഹിത്യ ലോകത്തിനു സുപരിചിതയാണ്; ഹോളിവുഡ് സിനിമാ ലോകത്തിനും. ഫ്രാൻസ് കാഫ്കയെയും ദസ്തയേവ്‌സ്‌കിയെയും ആരാധിച്ച, അസ്തിത്വവാദത്തിന്റെ  അരാജകത്വം നിറഞ്ഞ ജീവിതം ആവിഷ്‌കരിച്ച എഴുത്തുകാരി. ലോകം ഇന്നു വരെ വായിച്ച ഏറ്റവും തീവ്രമായ ലെസ്ബിയൻ നോവലിന്റെ രചയിതാവ്. 22 നോവലുകൾ എഴുതിയതിൽ മിക്കതും സിനിമയായി എന്ന അപൂർവ റെക്കോർഡിട്ട പ്രശസ്ത. സമൂഹത്തെ ധിക്കരിച്ചും സദാചാരത്തെ തള്ളിപ്പറഞ്ഞും തോന്നിയതുപോലെ ജീവിച്ചു മരിച്ച നിഷേധി. വിശേഷണങ്ങൾ ഏറെയുണ്ട് പട്രീഷ്യയ്ക്ക്. എന്നാൽ, ലോകം ഇനിയും അറിഞ്ഞിട്ടില്ല അവരെ പൂർണമായി. അതിനുള്ള അവസരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഡയറിക്കുറിപ്പുകൾ. ഞെട്ടലോടെ മാത്രം വായിച്ചുതീർക്കാനാവുന്ന പെട്ടിത്തെറിക്കലുകൾ. നരകത്തിന്റെ ഇടപെടലുകൾ. ചെകുത്താന്റെ വിളയാട്ടങ്ങൾ. ലൈംഗിക വിക്രിയകളുടെ, അസംതൃപ്ത ബന്ധങ്ങളുടെ ലാവാ പ്രവാഹം. 

 

ദീർഘനേരം കണ്ണാടിയിൽ നോക്കുന്ന സ്വഭാവമുണ്ടായിരുന്നു പട്രീഷ്യയ്ക്ക്. സ്വന്തം മുഖത്തേക്കു സൂക്ഷിച്ചു നോക്കിയ അവർ എഴുതി. ഞാൻ ഒരു കാമുകിയാണ്. തൊട്ടടുത്ത നിമിഷം ആ രൂപം കൊലപാതകിയായി മാറി. കാഫ്കയുടെ ‘രൂപാന്തര’ത്തിൽ ഗ്രിഗർ സാംസയ്ക്കു സംഭവിച്ച വിപരിണാമം പോലൊന്ന്. പട്രീഷ്യ തുറന്നു സമ്മതിക്കുന്നു- ഞാൻ കാമുകിയും കൊലപാതകിയും തന്നെ. സ്‌നേഹിച്ചതിനെക്കാൾ കൊല്ലാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ, കുറ്റസമ്മതം എന്ന വാക്ക് അവരുടെ നിഘണ്ടുവിൽ ഒരിക്കൽപ്പോലുമുണ്ടായിട്ടില്ല. കുമ്പസാരവുമില്ല. ഞാൻ ഇങ്ങനെയായിരുന്നു എന്ന പ്രഖ്യാപനം മാത്രം. ഇനി എത്ര ജൻമങ്ങൾ കിട്ടിയാലും ഇങ്ങനെ തന്നെയായിരിക്കും എന്ന ഉറപ്പും. 

 

24-ാം വയസ്സിലാണ് പട്രീഷ്യ തന്റെ ഉള്ളിൽ ഉറങ്ങാതെയിരിക്കുന്ന കൊലപാതകിയെ തിരിച്ചറിയുന്നത്. കാലം പോകെ ചെകുത്താന്റെ ഇടപെടലുകൾ കൂടിക്കൊണ്ടിരുന്നു. അതിനു മുൻപു കാമുകി മാത്രമായിരുന്ന അവരുടെ മുഖം ക്രമേണ ക്രൂരതയുടെ പര്യായമായി മാറി. എല്ലാ വ്യക്തിയിലും ഇരട്ട വ്യക്തിത്വം ഉണ്ടെന്നത് പട്രീഷ്യയുടെ പ്രിയപ്പെട്ട ആശയമായിരുന്നു. മിക്ക നോവലുകളും ഈ വിഷയം ഗംഭീരമായി കൈകാര്യം ചെയ്യുന്നുമുണ്ട്. എന്നാൽ, സ്വന്തം ജീവിതത്തിൽ ഇരട്ട വ്യക്തിത്വത്തിന്റെ സങ്കീർണതകൾ അനുഭവിച്ചിരുന്നു എന്നത് പുതിയ അറിവാണ്. അടുക്കാൻ പേടിച്ചവരും അകന്നുനിന്നവരും പേടിയോടെ നോക്കിയവരും വൈകി മാത്രം തിരിച്ചറിയുന്ന സത്യം. 

 

പരിചയപ്പെട്ടവരിൽ മിക്കവർക്കും നല്ലതൊന്നും പറയാനില്ലായിരുന്നു പട്രീഷ്യയെക്കുറിച്ച്.  പരുക്കനും നിഷേധിയും ഇടപെടാൻ ബുദ്ധിമുട്ടുള്ള വ്യക്തിയുമായി പലരും ഓർമിച്ചിട്ടുണ്ട്. ഒരിക്കൽപ്പോലും വിവാഹം കഴിക്കാതിരുന്ന അവർക്ക് ഒട്ടേറെ ബന്ധങ്ങളുണ്ടായിരുന്നു. പുരുഷൻമാരേക്കാളധികം സ്ത്രീകളുമായി. എന്നാൽ ഒരു ബന്ധവും ഏതാനും വർഷങ്ങളിലധികം നീണ്ടുനിന്നില്ല. മനുഷ്യരേക്കാൾ മൃഗങ്ങളെയാണിഷ്ടം എന്നു തുറന്നുപറഞ്ഞിട്ടുണ്ട്. സ്വന്തം പൂന്തോട്ടത്തിൽ 300 ൽ അധികം ഒച്ചുകളെ അവർ ആഹാരം കൊടുത്ത് വളർത്തിയിരുന്നു. സുഹൃത്തുക്കളെ കാണാൻ പോകുമ്പോഴും പാർട്ടികളിൽ പങ്കെടുക്കാൻ പോകുമ്പോഴും ഹാൻഡ് ബാഗിൽ ഒച്ചുകളെ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ഒരിക്കൽ ഫ്രാൻസിൽനിന്ന് ഇംഗ്ലണ്ടിലേക്ക് ഒച്ചുകളെ കടത്തിയത് സഹസികമായാണ്; ബ്രേസിയറിൽ ഒളിപ്പിച്ച്.  

 

മൂന്നു ഹോബികളുണ്ടായിരുന്നു പട്രീഷ്യയ്ക്ക്. എഴുത്ത്, മദ്യപാനം, ലൈംഗിക കേളികൾ. രോഗങ്ങളെ അവർ സ്‌നേഹിച്ചിരുന്നു. പ്രധാനപ്പെട്ട പല നോവലുകളും പൂർത്തിയാക്കിയത് രോഗകാലത്താണ്. ദ് പ്രൈസ് ഓഫ് സാൾട്ട് ഇന്നും ലോകം വായിക്കുന്ന ലെസ്ബിയൻ നോവലാണ്. 1952 ൽ പ്രസിദ്ധീകരിച്ച നോവൽ 38 വർഷത്തിനു ശേഷം കാരൾ എന്ന പേരിൽ പുനഃപ്രസിദ്ധീകരിച്ചു. 2015 ൽ സിനിമയുമായി. ഈ നോവൽ പട്രീഷ്യ എഴുതുന്നത് ചിക്കൻപോക്‌സ് ബാധിച്ചു കിടക്കുമ്പോഴാണ്. നോവലിന്റെ ഭാഷയെ മാധുര്യമുള്ളതാക്കിയത് രോഗത്തിന്റെ വേദനയായിരുന്നെന്ന് എഴുത്തുകാരി തുറന്നു സമ്മതിക്കുന്നു. 

 

ഓരോ ആറ്റത്തിനും ചുറ്റും ദൈവവും ചെകുത്താനും നൃത്തം വയ്ക്കുന്നു എന്നെഴുതിയിട്ടുണ്ട് പട്രീഷ്യ. ഡയറിയിൽ കൂടുതൽ ഭാഗത്തും വിവിധ പങ്കാളികളുമായി നടത്തിയ പരീക്ഷണങ്ങളെക്കുറിച്ചാണ് അവർ എഴുതുന്നത്; ചെകുത്താൻ നടത്തിയ ഇടപെടലുകളെക്കുറിച്ചും. 

 

12-ാം വയസ്സിൽ താൻ ആൺകുട്ടിയാണെന്ന് തോന്നിയതായി അവർ ഓർമിക്കുന്നുണ്ട്. ഡയറി കൂട്ടുകാരി തന്നെയായിരുന്നു. പലപ്പോഴും പ്രിയപ്പെട്ട ഒരാളെ അഭിസംബോധന ചെയ്യുന്നപോലെയാണ് എഴുതുന്നത്. ആണായി മാറണമെന്ന ആഗ്രഹം ഒരിക്കൽ പങ്കുവയ്ക്കുന്നുണ്ട്. അതു സാധ്യമല്ലേ എന്നും അവർ ചോദിക്കുന്നുണ്ട്. എന്നാൽ അക്കാലത്ത് അത് സാധ്യമല്ലായിരുന്നു. പുരുഷൻമാരുടെ ലൈംഗിക അവയവത്തോടാണ് ഏറ്റവും കൂടുതൽ അസൂയ തോന്നിയിട്ടുള്ളത് എന്ന് പട്രീഷ്യ എഴുതി. എന്നാൽ പുരുഷൻമാരുമായുള്ള സൗഹൃദങ്ങളെല്ലാം ഏതാനും ദിവസങ്ങളോ മാസങ്ങളോ മാത്രമാണു നീണ്ടുനിന്നത്. കുറച്ചെങ്കിലും സംതൃപ്തി ലഭിച്ചത് സ്ത്രീകളുമായുള്ള കൂട്ടുകെട്ടുകളിൽ നിന്നാണ്.

 

സ്വയം പുരുഷനായി സങ്കൽപിച്ചു നടത്തിയ കാമകേളികളെക്കുറിച്ച് തുടർച്ചയായി എഴുതുന്നുണ്ട്. സുഹൃത്തുക്കളായ സ്ത്രീകളെ കൈകാര്യം ചെയ്തതും പുരുഷൻ എന്ന നിലയിൽ തന്നെയായിരുന്നു. അടുത്തവരെയെല്ലാം കീഴ്‌പ്പെടുത്താൻ ആഗ്രഹിച്ചു. മേധാവിത്വം സ്ഥാപിക്കാൻ ശ്രമിച്ചു. എല്ലാ യുദ്ധത്തിലും വിജയിക്കുന്നതായി സ്വപ്‌നം കണ്ടു. വിജയങ്ങൾക്കു വേണ്ടി കഠിനമായി പരിശ്രമിച്ചു. 

 

വാഹനം സ്വന്തമാക്കുന്നതുപോലെയാണ് സ്ത്രീയെ സ്വന്തമാക്കുന്നത് എന്ന് പട്രീഷ്യ എഴുതുന്നത് 20–ാം വയസ്സിലാണ്. സ്ത്രീകളെക്കുറിച്ച് വളരെ മോശമായും അവർ എഴുതിയിട്ടുണ്ട്. അവർ ആരോടൊപ്പവും കിടക്കും എന്നുവരെ എഴുതി. അവസാന വർഷങ്ങൾ സ്വിറ്റ്‌സർലൻഡിലാണ് ചെലവഴിച്ചത്. മരണത്തിനു വേണ്ടി തിരഞ്ഞെടുത്ത വീട്ടിൽ. അപ്പോഴേക്കും മദ്യത്തിന് പൂർണമായും അടിമയായിക്കഴിഞ്ഞിരുന്നു. ജനലുകളില്ലായിരുന്നു ആ വീടിന്. അപൂർവം വാതിലുകൾ മാത്രം. കാടിനു നടുവിലെ പ്രേതഗൃഹം പോല ഒരു വീട്. ഒരാൾ പോലും കാണാൻ വരുന്നത് ഇഷ്ടപ്പെട്ടില്ല. സന്ദർശകരെ അനുവദിച്ചില്ല. ഹിറ്റ്‌ലറിന്റെ വീട് എന്നാണ് പട്രീഷ്യയുടെ  വീടിനെ അക്കാലത്ത് സുഹൃത്തുക്കൾ വിശേഷിപ്പിച്ചത്.

 

തോട്ടത്തിൽ വളർത്തുന്ന മൃഗങ്ങൾക്കും മനുഷ്യരല്ലാത്ത മറ്റു ജീവജാലങ്ങൾക്കുമൊപ്പം മദ്യലഹരിയിൽ ഒറ്റയ്ക്ക്  മരണത്തിലേക്കു ചുവടുവച്ചു. സ്വന്തം ജീവിതം സ്വയം തിരഞ്ഞെടുത്ത അതേ ധീരതയോടെ മരണവും. ഡയറി നശിപ്പിക്കണം എന്ന് അവർ എഴുതിവച്ചിട്ടില്ല. നോട്ടുബുക്കുകൾ ആരും കാണരുതെന്നും ആഗ്രഹിച്ചിട്ടില്ല. എന്നാൽ, അവയെല്ലാം സ്വന്തം മരണശേഷം മാത്രം ലോകം വായിച്ചാൽ മതിയെന്ന് ആഗ്രഹിച്ചു. അതിനിപ്പോൾ സമയമായിരിക്കുന്നു. 

 

ജീവിതത്തിലെന്നപോലെ മരണത്തിലും മരണാനന്തര ജീവിതത്തിലും പട്രീഷ്യ ഹിഗ് സ്മിത് ആഗ്രഹിച്ചതു സഹതാപമല്ല. സ്‌നേഹവും സമാശ്വാസവും സാന്ത്വനവുമല്ല. എന്നാലും ദൈവത്തേക്കാൾ ചെകുത്താനെ സ്‌നേഹിച്ച പട്രീഷ്യയെ ഒരുപക്ഷേ ഇപ്പോഴും ദൈവം കാക്കുന്നുണ്ടാകും. പാപത്തെ വെറുക്കുന്ന ദൈവം പാപികളെ വെറുക്കാറില്ലല്ലോ 

 

പാട്ടു കേൾക്കുമായിരുന്നു പാട്രിഷ്യ. പാട്ടു കേൾക്കുമ്പോൾ താൻ ജീവിക്കുന്നത് യഥാർഥ ജീവിതമല്ലെന്ന് അവർക്ക് തോന്നുമായിരുന്നു. അതിനുവേണ്ടി വീണ്ടും വീണ്ടും പാട്ടുകളിൽ മുഴുകി. യാഥാർഥ്യം എന്നൊന്ന് ഇല്ല. പെരുമാറ്റ രീതികളുടെ വ്യവസ്ഥ മാത്രമാണുള്ളത്. ജീവിക്കാം എന്ന വ്യാമോഹവുമായി മനുഷ്യർ ഭൂമിയിൽ വരുന്നു എന്നേയുള്ളു - പാട്രിഷ്യ എഴുതി.

 

നോവലുകളും കഥകളും എഴുതി, ഉൻമാദത്തോടെ, എല്ലാ വ്യവസ്ഥകളെയും ലംഘിച്ചു ജീവിച്ചെങ്കിലും പട്രിഷ്യ ജീവിക്കുകയായിരുന്നില്ല. ജീവിക്കാൻ ശ്രമിക്കുക മാത്രമായിരുന്നു. ഒരുപക്ഷേ തന്റെ വന്യമായ ഭാവനകൾ പൂവിടുന്ന കാലം വന്നാൽ അവർ പുനർജനിച്ചേക്കാം. അന്ന് ചെകുത്താൻ ആയിരിക്കില്ല അവരുടെ സുഹൃത്ത്‌. ദൈവം പോലും ആകണമെന്നില്ല. സഹിക്കാനും പൊറുക്കാനും കൂടെ സങ്കടപ്പെടാനും സന്തോഷിക്കാനും ഒരു പങ്കാളി. ജീവിച്ചു എന്നതിന്റെ ഒരേയൊരു അടയാളം. ജന്മങ്ങളുടെ കാത്തിരിപ്പിനു ശേഷം മാത്രം ലഭിക്കുന്ന ആത്മ സ്നേഹിത. എല്ലാ ഇലയും കൊഴിഞ്ഞ മരത്തിലെ അവസാനത്തെ ഇല. സന്ധ്യാകാശത്തിലെ ഒറ്റനക്ഷത്രം. മരുഭൂമിയിലെ ഒരേ ഒരു പച്ചപ്പ്‌. ചുട്ടു പൊള്ളുന്ന വെയിലിൽ അദ്‌ഭുദം പോലെ വീണ ഒറ്റ മഴത്തുള്ളി. തേടി നടന്നെങ്കിലും അങ്ങനെ ഒരു സുഹൃത്തിനെ പട്രീഷ്യയ്ക്കു ലഭിച്ചില്ല. ലഭിച്ചവരുണ്ട്. അവർക്ക് മനസ്സിലാകും പട്രീഷ്യ എന്ന വ്യക്തിയെ. എഴുത്തുകാരിയെ. തെറ്റിദ്ധരിക്കപ്പെട്ട ജീവിതങ്ങളെ. 

 

Content Summary : Patricia Highsmith's dark diaries finally see the light

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com