‘ഭൂത ബംഗ്ലാവിൽ’ പ്രവർത്തിക്കുന്ന ഇന്ത്യയുടെ നാഷനൽ ലൈബ്രറി, ഇവിടെയുള്ളത് ഇരുപത്തിയേഴ് ലക്ഷത്തിലധികം പുസ്തകങ്ങൾ

national-library
ഇന്ത്യയുടെ നാഷനൽ ലൈബ്രറിയുടെ മുൻപിൽ തൈക്കാട് രവി
SHARE

കൊൽക്കത്ത നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ നാഷനൽ ലൈബ്രറിയുടെ മുപ്പതേക്കർ വിസ്തൃതിയുളള പച്ചപ്പു നിറഞ്ഞ അന്തരീക്ഷത്തിലേക്ക് കടന്നു ചെല്ലാനുളള നിയോഗത്തിൽ ഒരു നാടകപ്രവർത്തകൻ എന്ന നിലയിൽ വലിയ സന്തോഷമുണ്ടായി.‌‌ പ്രൗഢോജ്ജ്വലമായ മഹാമന്ദിരങ്ങളുടെ സമുച്ചയത്തിലെ അകത്തളങ്ങളിലെ അന്തരീക്ഷം തന്നെ പോസിറ്റീവ് എനർജി തരുന്നതാണ്.

ലൈബ്രറി സമുച്ചയത്തിലെ പ്രധാന കെട്ടിടമാണ് ബൽവിഡിയർ ഹൗസ്. വൈസ് റീഗൽ ലോഡ്ജ് എന്ന പേരിൽ അറിയപ്പെടുന്ന  മനോഹരമായ ഈ ബംഗ്ലാവിനു മുന്നിൽ സുപ്രധാനമായ പല ചടങ്ങുകളും നടന്നിട്ടുണ്ട്. ഒപ്പം രസകരമായ ഒരു കഥ കൂടി ഈ ബംഗ്ലാവിനെ ചുറ്റിപ്പറ്റിയുണ്ട്. ഇത് ഒരു ഭൂത ബംഗ്ലാവായാണത്രേ അറിയപ്പെടുന്നത്. അതിനു കാരണമായി പ്രചരിക്കുന്ന കഥ ഇങ്ങനെയാണ്. ബംഗ്ലാവിലെ താമസക്കാരായിരുന്ന വാറൻ ഹേസ്റ്റിങ്സിന്റെയും പത്നിയുടെയും പ്രേതങ്ങളെ ഒരു കാലത്ത് ഇവിടുത്തെ ആളുകൾ കണ്ടിരുന്നത്രേ. ആ കഥ കേട്ടവരാണ് പിന്നീടിതിനെ ഭൂത ബംഗ്ലാവാക്കിയത്.

കഥകൾ കേട്ടുകൊണ്ട്, ഏഴു നിലകളുളള ലൈബ്രറിയുടെ മനോഹരമായ കെട്ടിടവും റിസർച്ച് ലൈബ്രറിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വിശ്വപ്രസിദ്ധരുടെ മഹാസൃഷ്ടികളും കാണുവാനും അവയെപ്പറ്റി കുറിച്ചെടുക്കുവാനും സാധിച്ചു.

the-national-library-of-india

ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്തുപ്രതി, വിലമതിക്കാനാവാത്ത അത്യപൂർവമായ ഭാഗവതവും തിരുക്കുറലും ഉൾപ്പെടെയുളള താളിയോല ഗ്രന്ഥങ്ങൾ, മഹാൻമാർ സ്വന്തം കൈപ്പടയിൽ എഴുതിയവ, ഇരുപതുകിലോ വരെ ഭാരമുള്ളതും വിസ്താരമുള്ള പേപ്പറിൽ അച്ചടിച്ചതുമായ പുസ്തകങ്ങൾ, പുരാതനമായ മലയാള സാഹിത്യ പുസ്തകം രാമചരിതം, പതിനാറാം നൂറ്റാണ്ടിൽ ചെറുശ്ശേരി എഴുതിയ കൃഷ്ണഗാഥ, പതിനഞ്ചാം നൂറ്റാണ്ടിലെ നിരണത്തിന്റെ വാക്കുകൾ, എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം, രാമപുരത്ത് വാര്യാരുടെ കുചേലവൃത്തം, വടക്കൻ പാട്ടുകൾ, കുഞ്ചൻ നമ്പ്യാരുടെ തുളളൽ കൃതികൾ, അർണോസ് പാതിരിയുടെ വർത്തമാനപുസ്തകം, അപ്പു നെടുങ്ങാടിയുടെ കുന്തലത, ചന്തു മേനോന്റെ ഇന്ദുലേഖ (1889), ഡോ.ഗുണ്ടർട്ടിന്റെ മലയാളം –ഇംഗ്ലിഷ് നിഘണ്ടു (1872), റോബർട്ട് ഡ്രമ്മണ്ടിന്റെ ഗ്രാമർ ഓഫ് ദ് മലബാർ ലാംഗേജ് (1799), പതിനാറാം നൂറ്റാണ്ടിൽ അച്ചടിച്ച സെന്റം അഡാഗിയ മലബാറിക്ക (1791)–  ലാറ്റിൻ ഭാഷയിൽ പരിഭാഷപ്പെടുത്തിയത്, ബംഗാൾ ഗസറ്റ് അങ്ങനെ അത്യപൂർവമായ പല മഹാസൃഷ്ടികളും കൗതുക കാഴ്ചകളായി മുന്നിൽ. 

കോവിഡ് കാരണം പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. മുൻകൂട്ടി അനുമതി വാങ്ങിയവർക്ക് കർശന നിയന്ത്രണങ്ങൾ പാലിച്ചു വേണം അപൂർവശേഖരങ്ങളുളള അറിവിന്റെ മഹാസമുച്ചയത്തിന്റെ അകത്തളങ്ങളിലേക്ക് കയറിച്ചെല്ലാൻ.

ഇന്ത്യൻ നാഷനൽ ലൈബ്രറിയുടെ തുടക്കം മുതലുള്ള സുപ്രധാന കാര്യങ്ങൾ വിവരിച്ചതും കാണുവാൻ സൗകര്യം ഒരുക്കിയതും കേന്ദ്ര റഫറൻസ്  ലൈബ്രറിയുടെ തലവനും ദേശീയ ഗ്രന്ഥസൂചിയുടെ ജനറൽ എഡിറ്ററും മലയാളിയുമായ ഡോ. കൊച്ചുകോശി സാറാണ്. എന്റെ നാടകങ്ങളുടെ കോപ്പികൾ അദ്ദേഹത്തിനും ലൈബ്രറിയിലേക്കും കൈമാറിയപ്പോൾ വല്ലാത്ത സന്തോഷം.

ഇന്ത്യയിലെ എല്ലാ പ്രസിദ്ധീകരണങ്ങളുടെയും കോപ്പികൾ കാര്യക്ഷമതയോടെയും അടുക്കോടെയും സൂക്ഷിച്ച ലോകനിലവാരത്തിലുള്ള ലൈബ്രറിയിൽ ഒരു എഴുത്തുകാരന്റെ സൃഷ്ടി നേരിട്ട് എത്തിച്ചപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരുതരം അനുഭൂതി. 

1836 ൽ സ്ഥാപിക്കപ്പെട്ട കൽക്കട്ട പബ്ലിക്ക് ലൈബ്രറിയുടെ വിശേഷണങ്ങൾ വാക്കുകളിൽ ഒതുങ്ങില്ല. ദേവേന്ദ്രനാഥ് ടഗോർ ആയിരുന്നു സ്ഥാപകരിൽ പ്രധാനി. 1844 ൽ ഗവർണർ ജനറൽ മെറ്റ്കാഫിന്റെ ബഹുമാനാർഥം നിർമിക്കപ്പെട്ട ലൈബ്രറി വിശാലമായ മന്ദിരത്തിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നുവെത്രേ.

കൊൽക്കത്തയിൽ പ്രവർത്തിച്ചിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി വക ലൈബ്രറിയും ഡിപ്പാർട്ട്മെന്റൽ ലൈബ്രറികളും കൂട്ടിയോജിപ്പിച്ചുകൊണ്ട് 

indian-national-library

1903 ൽ ഇംപീരിയൽ ലൈബ്രറി ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു ലൈബ്രറിക്ക് ലോർഡ് കഴ്സൺ രൂപം കൊടുക്കുകയായിരുന്നു. ഇന്ത്യ സ്വതന്ത്രമായ ശേഷം 1948 ൽ ഇതിനെ ദേശീയ ലൈബ്രറിയായി പ്രഖ്യാപിച്ചു. 1953 ഫെബ്രുവരി ഒന്നിനാണ് നാഷനൽ ലൈബ്രറി എന്ന് നാമകരണം ചെയ്ത് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി മൗലാന അബുൾ കലാം ആസാദ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത്.

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലെ ലൈബ്രറിയിൽ വിദേശ ഭാഷകളിലെയും ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലെയും ലക്ഷക്കണക്കിന് അത്യപൂർവമായ പുസ്തകങ്ങളുണ്ട്.  ഇന്ന് ഇതിന്റെ തലവനായി പ്രഫ. എ.പി.സിങ് (രാം മോഹൻ ലൈബ്രറി ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ) ചാർജ് വഹിക്കുന്നു. അദ്ദേഹം ചുമതലയേൽക്കും വരെ നാഷനൽ ലൈബ്രറിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയി കോശി സാർ ആ ഉത്തരവാദിത്വം നിറവേറ്റിയിരുന്നു. 

പുതിയ കണക്കനുസരിച്ച് ഇന്ത്യൻ നാഷനൽ ലൈബ്രറിയിൽ ഇപ്പോൾ ഇരുപത്തിയേഴ് ലക്ഷത്തിലധികം പുസ്തകങ്ങളാണുളളത്. ഡെലിവറി ഓഫ് ബുക്ക്സ് ആൻഡ് ന്യൂസ് പേപ്പേഴ്സ് ആക്ട് അനുസരിച്ച് ലഭിക്കുന്നവയും വിലയ്ക്ക് വാങ്ങുന്നവയും സംഭാവനയായി ലഭിക്കുന്നവയും എക്സ്ചേഞ്ച് ആയി ലഭിക്കുന്നവയും ഡെപ്പോസിറ്ററി അവകാശം അനുസരിച്ച് ലഭിക്കുന്നവയുമാണ് കൽക്കത്ത നാഷനൽ ലൈബ്രറി ഇതിനകം സംഭരിച്ചിരിച്ചിട്ടുളളത്.

1963 ലാണ് മലയാളം ഡിവിഷൻ പ്രത്യേകമായി ആരംഭിച്ചത്. ഇവിടെയിപ്പോൾ അമ്പതിനായിരം മലയാള പുസ്തകങ്ങളുണ്ട്. പതിനാല് ഭാരതീയ ഭാഷകളിലും (അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, കശ്മീരി, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, സംസ്കൃതം, പാലി, പ്രാകൃതം, തമിഴ്, തെലുഗ്, ഉറുദു) ഇംഗ്ലിഷ് അടക്കമുള്ള വിദേശ ഭാഷകളിലുമുള്ള നിരവധി പുസ്തകങ്ങൾ ഇവിടെയുണ്ട്. മലയാള വിഭാഗം കൈകാര്യം ചെയ്യുന്ന വയനാട്ടുകാരി ലിൻസി കൂടെ വന്ന് ലൈബ്രറിയുടെ ഓരോ വിഭാഗവും കാണിച്ചു തന്നു. സുരക്ഷിത കവചമൊരുക്കി ചില്ലുപേടകത്തിൽ പുസ്തകങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിലേക്കും എഴുത്തുകാരൻ എന്ന നിലയിൽ പ്രവേശിക്കാനായി.

ravi-thaikkad,
തൈക്കാട് രവി

നാഷനൽ ലൈബ്രറിയിലുള്ള ആകെ പുസ്തകങ്ങളുടെ എണ്ണത്തെക്കുറിച്ചും മറ്റും വിശദമായി ഡോ.കൊച്ചു കോശി സാറും അസി.ലൈബ്രറി ഇൻഫർമേഷൻ ഓഫിസറും മലയാളിയുമായ ഡോ. ഷാഹിനയും വിശദമായി പറഞ്ഞു തന്നു.

ദേശീയ ഗ്രന്ഥസൂചി മലയാളം എഡിറ്ററായാണ് ഡോ. ഷാഹിന പി. അഹസ് പ്രവർത്തിച്ചു വരുന്നത്. മലയാളം ഗ്രന്ഥസൂചി കേരള സർക്കാരിന്റെ സഹകരണത്തോടെ തുടർച്ചയായി പ്രകാശനം ചെയ്തു വരുന്നുണ്ട്. ആ പുസ്തകങ്ങളും കാണുവാൻ സാധിച്ചു.

കൽക്കത്ത നാഷണൽ ലൈബ്രറിയിലെ ആകെ പുസ്തകങ്ങൾ ഇരുപത്തിയേഴ് ലക്ഷത്തിൽപരമാണ്. ഇന്ത്യൻ ഭാഷാ പുസ്തകങ്ങൾ എട്ട് ലക്ഷം.

ravi-thaikkad

ഭൂപടങ്ങൾ : 88,000.

കൈയെഴുത്തു പ്രതികൾ: 6,623.

ആനുകാലികങ്ങൾ:1,00,000.

ന്യൂസ് പേപ്പർ: 905 (11,000 ബൗണ്ടുകൾ)

ഔദ്യോഗിക രേഖകൾ:1,70,000.

മൈക്രോഫിലിം: 6,801റോൾസ്

മൈക്രോഫിഷസ് :18,422.

എല്ലാം കഥപോലെ കോശിസാറിൽനിന്നു കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ വാചാലത നിറഞ്ഞ ഭാവങ്ങളും അവതരണവും അതീവശ്രദ്ധയോടെയാണ്  നോക്കിയിരുന്നത്. കൂട്ടത്തിൽ ബംഗാളിലെ ചരിത്രവും കഥകളും അദ്ദേഹത്തിന്റെ  വിവരണത്തിൽ ജ്വലിച്ചുനിന്നു. അറിവിന്റെ നിറകുടം എന്നു തന്നെ കോശിസാറിനെ വിശേഷിപ്പിക്കാം.

library

ഇത്രയും അറിവുകൾ പുതിയ തലമുറയ്ക്ക് കൈമാറണമെങ്കിൽ അദ്ദേഹത്തിന്റേതായ ഒരു പുസ്തകം കൂടി വേണം എന്നു നിർദ്ദേശം വച്ചപ്പോൾ ‘വിരമിച്ചശേഷം എഴുത്ത് ഗൗരവമാക്കാ’മെന്നാണ് പറഞ്ഞത്. നാഷനൽ ലൈബ്രറിയിൽ അംഗത്വം  എടുക്കുവാനുളള സൗകര്യം കൂടി അദ്ദേഹത്തിന്റെ സന്മനസ്സുകൊണ്ടുണ്ടായി. 

കൽക്കത്തയിലെ നാടക പരിപാടികൾക്കിടക്ക് കാറിൽ പോകുമ്പോഴാണ് കേരളീയ മഹിളാ സമാജിലെ ലൈല ചേച്ചിയോട് നാഷനൽ ലൈബ്രറി സന്ദർശിക്കാനുളള ആഗ്രഹം അറിയിച്ചത്. അവരാണ് കോശി സാറിനെ പരിചയപ്പെടുത്തിയത്. മലയാള സമാജത്തിന്റെ അദ്ധ്യക്ഷ പദവി ദീർഘകാലം അലങ്കരിച്ചതുകൊണ്ട് കോശി സാർ മലയാളികൾക്കെല്ലാം സുപരിചിതനാണ്. ഔദ്യോഗിക തിരക്കുകൾക്കിടയിൽ മൂന്നു മണിക്കൂറിലധികം ഒരു നാടകക്കാരനുവേണ്ടി സംസാരിക്കുവാനും ലൈബ്രറി ചരിത്രം പറഞ്ഞുതരാനും  കോശി സാർ കാണിച്ച സന്മനസ്സിന് നാടകസലാം.

Content Summary: The National Library of India has more than 27 lakh books

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
;