ADVERTISEMENT

ആലിസ് സിബോൾഡ് എന്ന പ്രശസ്ത എഴുത്തുകാരിക്ക് മാസ്റ്റർപീസ് രചനയ്ക്കുള്ള ആശയം കിട്ടുന്നത് ജീവിതത്തിൽ നിന്നാണ്. എന്നാൽ പുസ്തകത്തിന്റെ പേര് ലഭിക്കുന്നത് മൊഴിയെടുത്ത പൊലീസുകാരനിൽ നിന്നും. അതേ രചന, എഴുതേണ്ടിയിരുന്നില്ല എന്ന് സിബോൾഡിന് ഇപ്പോഴും തോന്നുന്നില്ല. എന്നാൽ, പുസ്തകത്തിൽ പല ഭാഗത്തും മാറ്റം വേണ്ടതുണ്ടെന്ന് അവർക്കറിയാം. അതവർ തുറന്നു പറയുന്നു. ഒപ്പം പുസ്തകം പിൻവലിക്കണമെന്ന് പ്രസാധരോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇപ്പോഴത്തെ രൂപത്തിൽ  പുസ്തകം വായിക്കപ്പെടുന്നതിനോട് അവർക്ക് യോജിപ്പില്ല. പ്രസാധകർ, ഒരിക്കൽ ന്യൂയോർക് ടൈംസ് ബെസ്റ്റ് സെല്ലറായിരുന്ന പുസ്തകം പിൻവലിക്കുകയാണ്. ഒരുപക്ഷേ, പുതുക്കിയ രൂപത്തിൽ വീണ്ടും എത്തിയേക്കാം, അതേ അനുഭവത്തിലൂടെ മാനസികമായെങ്കിലും സിബോൾഡിന് ഒരിക്കൽക്കൂടി സഞ്ചരിക്കാൻ കഴിഞ്ഞാൽ.

 

1981 മേയ് എട്ടിനാണ് സിബോൾഡിന്റെ ജീവിതത്തിലെ കീഴ്‌മേൽ മറിച്ച സംഭവം ഉണ്ടാകുന്നത്. അന്ന് അവർക്ക് 18 വയസ്സ്. സിറാക്യൂസ് യുണിവേഴ്‌സിറ്റിയിൽ ആദ്യ വർഷ വിദ്യാർഥി. കാംപസിൽ നിന്ന് തിയറ്ററിലേക്കുള്ള വഴിയിൽ തുരങ്കപാതയിൽ സിബോൾഡ് ആക്രമിക്കപ്പെടുന്നു. ക്രൂരമായ ബലാൽസംഗം. അന്നു തന്നെ അവർ പൊലീസ് സ്റ്റേഷനിൽ ചെന്നു മൊഴി കൊടുത്തു. അമേരിക്കയെ നടുക്കിയ സംഭവത്തിൽ ഊർജിതമായ ആന്വേഷണം നടന്നു. എന്നാൽ, കുറ്റവാളിയെ പിടിക്കാൻ പൊലീസിനു കഴിഞ്ഞില്ല. മാസങ്ങൾ കഴിഞ്ഞെങ്കിലും സിബോൾഡിന് ഒന്നും മറക്കാൻ കഴിയുന്നില്ല. പഠനത്തിൽ ശ്രദ്ധിക്കാനാവുന്നില്ല. കുടുംബത്തിൽ നിന്ന്  ഒറ്റപ്പെട്ടു. സമൂഹത്തിൽ നിന്ന് പുറംതള്ളപ്പെട്ട പ്രതീതി. ലക്ഷ്യം തന്നെ നഷ്ടപ്പെട്ടെങ്കിലും ജീവിതം തുടർന്നുകൊണ്ടിരുന്നു. അതുമാത്രമായിരുന്നു ഏക വഴിയായി അവർക്കു മുന്നിൽ ശേഷിച്ചിരുന്നത്.

 

5 മാസത്തിനു ശേഷം ഒരു ദിവസം കാംപസിനു സമീപത്തെ തെരുവിലൂടെ സിബോൾഡ് നടക്കുമ്പോൾ എതിരെ വന്ന മനുഷ്യനെ കണ്ടു ഞെട്ടി. ഒരു കറുത്ത വർഗക്കാരൻ. അയാളാണ് തന്നെ ആക്രമിച്ചതെന്ന് അവർ തിരിച്ചറിയുന്നു. വേഗം തന്നെ പൊലീസ് എത്തി. ആന്തണി ബ്രോഡ് വാട്ടർ എന്ന യുവാവ് അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ കുറ്റം സമ്മതിക്കാൻ ആന്തണി തയാറായില്ല. അന്നു മാത്രമല്ല, പൊലീസിന്റെ ക്രൂരമായ ചോദ്യം ചെയ്യലിലും കോടതിയിലും എല്ലാം  നിരപരാധിത്വം അയാൾ വ്യക്തമാക്കിക്കൊണ്ടിരുന്നു. എന്നാൽ, ഇരയുടെ വ്യക്തമായ മൊഴിയുടെ അടിസ്ഥാനത്തിൽ ആന്തണിക്ക് ലഭിച്ചത് 16 വർഷത്തെ തടവുജീവിതം. പരോൾ ഒരിക്കൽപ്പോലും ലഭിച്ചില്ല. പുറം ലോകം കാണാതെ നീണ്ട ഒന്നരപ്പതിറ്റാണ്ട്. 1999 ൽ മോചനം. എന്നാൽ, ന്യൂയോർക് പൊലീസിന്റെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഇന്നും അയാളുടെ പേരുണ്ട്. സൂക്ഷിക്കേണ്ട വ്യക്തിയായി. അപകടകാരി എന്ന ലേബലോടെ. പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും എന്ന മുന്നറിയിപ്പോടെ.

 

സിബോൾഡ് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കി എഴുത്തിന്റെ ലോകത്തേക്കു തിരിഞ്ഞു. ഒരു നോവൽ മനസ്സിലുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും കഥ പൂർത്തിയാക്കാനവർക്കു കഴിഞ്ഞില്ല. യൗവ്വനത്തിന്റെ തുടക്കത്തിൽ തുരങ്കപാതയിൽ സംഭവിച്ച ദുരന്തം അവരുടെ എല്ലാ ശക്തിയും ചോർത്തിക്കളഞ്ഞു. ജീവിതത്തിൽ ഒരു പ്രവൃത്തിയും ലക്ഷ്യബോധത്തോടെ ചെയ്യാനാവാത്ത അവസ്ഥ. രാത്രി ജോലി ഉപേക്ഷിച്ചു. ഇരുട്ട് കണ്ടാൽ പേടിയായി. ഉറങ്ങുമ്പോൾ പോലും മുറിയിലെ വെളിച്ചം കെടുത്താൻ മടിച്ചു. എഴുതുന്ന ഒരു വാക്കുപോലും ശരിയാകാത്ത അവസ്ഥ. മനസ്സിലെ കഥകളൊന്നും പേപ്പറിലേക്ക് ആവിഷ്‌കരിക്കാൻ കഴിയാത്ത ഹൃദയ വേദന. ഒടുവിലവർ തിരിച്ചറിഞ്ഞു, ബലാൽസംഗത്തെക്കുറിച്ച് ലോകത്തോട് തുറന്നുപറയുക. എല്ലാം തുറന്നെഴുതുന്നതിലൂടെ മാത്രമേ തനിക്ക് മോചനമുള്ളു. വിശദാംശങ്ങൾ ഒന്നും വിടാതെ ആന്തണി ബ്രോഡ് വാട്ടർ തന്നെ ആക്രമിച്ചു കീഴപ്പെടുത്തിയ ഓരോ നിമിഷവും അവർ എഴുതി. ഒരു പെൺകുട്ടിയുടെ സ്വപ്‌നങ്ങളെ തച്ചുടച്ച കഥ. അവളുടെ ജീവിതത്തിലെ പതിറ്റാണ്ടുകളെ കവർന്നെടുത്ത ഒരേയൊരു ക്രൂരതയുടെ കഥ. പ്രണയത്തിനു പോലും അശക്തയാക്കി, മരിച്ചവളെപ്പോലെ ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിഞ്ഞ മാംസദാഹത്തിന്റെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത. പുസ്തകത്തിന് പേരിനുവേണ്ടി അവർക്കു തിരയേണ്ടിവന്നില്ല. മൊഴിയെടുക്കുമ്പോൾ പൊലീസുകാരൻ പറഞ്ഞ വാക്കുകൾ അവരുടെ മനസ്സിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.

 

തുരങ്കപാതയിൽ നടന്ന മറ്റൊരു ബലാൽസംഗത്തിൽ അക്രമി ബലാൽസംഗം ചെയ്ത ശേഷം ഇരയെ കൊന്നുകളഞ്ഞു. ഭാഗ്യം. നിങ്ങൾ ജീവിച്ചിരിക്കുന്നല്ലോ.

 

ഭാഗ്യവതി എന്ന വാക്ക് സിബോൾഡിന്റെ മനസ്സിൽ തറച്ചു. അതുതന്നെ പുസ്തകത്തിന്റെ പേരാക്കി. ലക്കി.

1999 ൽ പ്രസിദ്ധീകരിച്ച നോവൽ അമേരിക്കയിൽ ഹിറ്റ് ആയി. ഇന്നും പെൺകുട്ടികൾ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ പട്ടികയിൽ ലക്കി ഉണ്ട്. ആലിസ് സിബോൾഡും. 2002 ൽ പ്രസിദ്ധീകരിച്ച ദ് ലവ് ലി ബോൺസ് എന്ന നോവൽ സിബോൾഡിനെ അമേരിക്കയിലെ മികച്ച എഴുത്തുകാരുടെ പട്ടികയിലേക്ക് ഉയർത്തി. ഇന്ന് ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരുടെ കൂട്ടത്തിൽ സിബോൾഡുമുണ്ട്. എന്നാൽ, തന്നെ പ്രശസ്തയാക്കിയ ഓർമക്കുറിപ്പ് - ലക്കി- പിൻവലിക്കണമെന്നാണ് സിബോൾഡ് ഇപ്പോൾ പ്രസാധകരോട് ആവശ്യപ്പെടുന്നത്. പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ മാറ്റം വേണം.

 

ലക്കിയുടെ ഉള്ളടത്തെക്കുറിച്ച് നേരത്തേയും സംശയങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. സിനിമയാക്കാൻ തിമോത്തി ശ്രമിച്ചപ്പോഴായിരുന്നു അത്. ജയിലിൽ കഴിയുന്ന ആന്തണിയോട് സംസാരിച്ചു പുറത്തുവന്ന തിമേത്തി ചില സംശയങ്ങൾ ഉന്നയിച്ചു. സിബോൾഡ് പറയുന്ന സംഭവങ്ങളെയല്ല അവിശ്വസിച്ചത്. കറ്റം ചെയ്തത് ആന്തണി തന്നെയാണോ എന്നായിരുന്നു സംശയം. 16 വർഷം ജയിലിൽ കിടന്നിട്ടും അയാൾ നിരപരാധിത്വത്തിൽ ഉറച്ചുനിന്നതോടെയാണ് ആശങ്ക ഉയർന്നത്. തുടർന്ന് സിനിമാ പ്രൊജക്ട് തിമോത്തി ഉപേക്ഷിച്ചു. ക്രൂരമായ ബലാൽസംഗത്തിന്റെ ആന്റി ക്ലൈമാക്‌സിന് പിന്നെയും കാത്തിരിക്കേണ്ടിവന്നു. ഇപ്പോഴിതാ ന്യൂയോർക്ക് സുപ്രീം കോടതി ആന്തണി ബ്രോഡ് വാട്ടർ കുറ്റം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. സിബോൾഡിന്റെ മൊഴിയുടെ അടിസ്ഥാനത്തായിരുന്നു ആന്തണിയെ അറസ്റ്റ് ചെയ്തത്. മുടിയിഴകളുടെ പരിശോധനയും നടത്തിയിരുന്നു. തിരിച്ചറിയൽ പരേഡിൽ ആന്തണിക്കു പകരം മറ്റൊരാളെയാണ് സിബോൾഡ് തിരിച്ചറിഞ്ഞത്. പൊലീസ് ചൂണ്ടിക്കാണിച്ചപ്പോൾ താൻ തിരിച്ചറിഞ്ഞ വ്യക്തിയും ആന്തണിയും ഒരുപോലിരിക്കുന്നു എന്നാണ് സിബോൾഡ് പറഞ്ഞിരുന്നത്. എന്നാൽ പരിശോധന ശാസ്ത്രീയമല്ലെന്നും പൂർണമായും വിശ്വസിക്കാനാവില്ലെന്നും ആന്തണിയെ കുറ്റക്കാരനെന്നു വിധിക്കാൻ പര്യാപ്തമായ തെളിവുകളില്ലെന്നുമാണ് കോടതി പറയുന്നത്. ആന്തണി കുറ്റവിമോചിതനായിരിക്കുന്നു.

 

പുതിയ വിധിയെക്കുറിച്ച് കേട്ട സിബോൾഡ് തന്റെ ഭാഗം വ്യക്തമാക്കി- എനിക്കു ദുഖമുണ്ട്. ഒരു നിരപരാധിയെ ജയിലിലടയ്ക്കണമെന്ന് ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല. ഇരുട്ടിൽ ആക്രമിച്ച രൂപം ആന്തണി ആണെന്നാണ് എനിക്കു തോന്നിയത്. അതുകൊണ്ടാണ് മൊഴിയിൽ ഉറച്ചുനിന്നതും. തെളിവുകൾ കണ്ടെടുക്കേണ്ടതും പരിശോധിക്കേണ്ടതും ഒത്തുനോക്കേണ്ടതുമെല്ലാം പൊലീസിന്റെ ജോലിയാണ്. നിരപരാധികൾ ഇന്നും പീഡിപ്പിക്കപ്പെടുന്ന സാമൂഹിക അവസ്ഥ നിലനിൽക്കുന്നിതിൽ വേദന മാത്രമല്ല, പ്രതിഷേധവുമുണ്ട്. ലക്കി ഇനി വായിക്കേണ്ടതില്ല. ആന്തണി അല്ല കുറ്റക്കാരനെങ്കിൽ ആ പുസ്തകത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. പുസ്തകം പിൻവലിക്കാൻ പ്രസാധകരോടും ആവശ്യപ്പെട്ടു കഴിഞ്ഞു.

 

വൈകിയെത്തിയ വിധിയെക്കുറിച്ച് ആന്തണിക്കും പറയാനുണ്ട്- സിബോൾഡ് മാപ്പ് പറഞ്ഞതിൽ എനിക്ക് ആശ്വാസമുണ്ട്. ധീരയായ ഒരു യുവതിക്കു മാത്രമേ മാപ്പ് പറയാൻ കഴിയൂ. എനിക്ക് ഇന്നും വേദനകൾ മാത്രമാണുള്ളത്. അന്നും ഇന്നും ഞാൻ ഉറപ്പിച്ചു പറയുന്നത് ഒരേ കാര്യം. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്തായാലും കഴിഞ്ഞതു കഴിഞ്ഞു. ഇനി നമുക്കു മുന്നോട്ടുപോകാം. 

 

പുസ്തകഷെൽഫിൽ നിന്ന് ലക്കി മാറ്റപ്പെടുന്നു. വിൽപന അവസാനിപ്പിക്കുന്നു. ലക്കി മാറ്റിയെഴുതുമോ എന്ന് ആലിസ് സിബോൾഡ് വ്യക്തമാക്കിയിട്ടില്ല. 18-ാം വയസ്സിൽ നടന്ന ബലാൽസംഗത്തിലേക്കും ക്രൂരനായ, ഇന്നും അജ്ഞാതനായ കുറ്റവാളിയിലേക്കും സിബോൾഡിന് തിരിച്ചുപോകാനാകുമോ. അത്തരമൊരു അനുഭവത്തെ അതിജീവിക്കാനുള്ള കരുത്ത് 58-ാം വയസ്സിൽ ഒരു സ്ത്രീയെന്ന നിലയിൽ അവർക്കുണ്ടാകുമോ. ഉത്തരം പറയേണ്ടത് സിബോൾഡല്ല. ഇന്നും മാറാത്ത വ്യവസ്ഥിതി തന്നെയാണ്. സ്ത്രീയെ ശരീരം മാത്രമായി കാണുന്ന പുരുഷ ലോകമാണ്. ഏതു സ്ത്രീയേയും മാംസദാഹത്തിന് ഇരയാക്കി ഒളിച്ചിരിക്കാൻ കഴിവുള്ള കുറ്റവാളിയാണ്. അവർ ഇന്നും സമൂഹത്തിൽ ഒളിച്ചിരിക്കുന്നു. പല പുരുഷൻമാരുടെയും കണ്ണുകളിൽ പതിയിരിക്കുന്നു. സ്ത്രീയെ തന്നെപ്പോലെയുള്ള മറ്റൊരു വ്യക്തിയായി കാണാൻ ഇനിയും പഠിച്ചിട്ടില്ലാത്തവർ. അവരാണ് ഉത്തരം പറയേണ്ടത്. അവർ ഇപ്പോഴും ഇരകളെ തിരയുകയല്ലേ. അവർ സിബോൾഡിന്റെ കണ്ണുനീര് കാണുന്നില്ല. പ്രായശ്ചിത്തം അറിയുന്നില്ല. ആന്തണിയുടെ തിരച്ചറിയപ്പെടാതെ പോയ നിരപരാധിത്വവും. ഇനിയുമുണ്ടാകുമോ സിബോൾഡ്, ആന്തണി... വൈകി മാത്രം ലഭിക്കുന്ന നീതിയും...

 

Content Summary: Alice Sebold publisher pulls memoir after overturned rape conviction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com