ADVERTISEMENT

 

കോഴിക്കോട് ∙ ‘‘ ഒരു പുസ്തകത്തിനുവേണ്ടി അച്ഛനുമായി ഞാൻ നടത്തുന്ന അഭിമുഖം. അതെന്റെ ആദ്യ അനുഭവമായിരുന്നു. അതിനു കാരണക്കാരൻ അനൂപ് ആയിരുന്നു.’’ മലയാളത്തിന്റെ പ്രിയകഥാകാരൻ എം.ടി.വാസുദേവൻ നായരുടെ മകൾ അശ്വതി ഇന്നു രാവിലെ ഓർമയായ മലയാളത്തിന്റെ പ്രിയപ്പെട്ട വിഷ്വൽ ഡിസൈനർ അനൂപ് രാമകൃഷ്ണനെക്കുറിച്ച് പറയുന്നു. മലയാള മനോരമ മുൻ ഡിസൈൻ കോ ഓർഡിനേറ്റർ അനൂപ് സൃഷ്ടിച്ച ‘എംടിയുടെ ലോകം’ എന്ന സിഡി റോം ലോകസാഹിത്യത്തിലെ അത്യപൂർവ സൃഷ്ടികളിലൊന്നായിരുന്നു. 

 

ഒരു സാഹിത്യകാരനെക്കുറിച്ച്, അദ്ദേഹം നടന്ന വഴികളെക്കുറിച്ച്, അദ്ദേഹത്തിന്റെ സൗഹൃദവലയത്തിലെ വ്യക്തികളുടെ ഓർമകളിലൂടെയുള്ള യാത്രയായിരുന്ന ‘എംടിയുടെ ലോകങ്ങൾ’ എന്ന മൾട്ടിമീഡിയ സമാഹാരം 2009 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് മലയാള മനോരമ പുറത്തിറക്കിയത്. 14 ഡിവിഡികളുടെ ആ സമാഹാരത്തിൽ മുന്നൂറോളം വ്യക്തികളുടെ അഭിമുഖങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഡോക്യുമെന്ററികളും സിനിമകളും ഉൾപ്പെട്ടിരുന്നു. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ അത് ഇടംപിടിക്കുകയും ചെയ്തു.

 

‘‘സമീപകാലത്ത് സിഡി റോം എല്ലാവർക്കും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായതിനാൽ അവ പുസ്തകരൂപത്തിലേക്ക് മാറ്റി പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ആ പുസ്തകത്തിനു വേണ്ടിയാണ് എം.ടി.വാസുദേവൻ നായരുമായി മകൾ സംസാരിക്കുന്ന വിഡിയോ ചിത്രീകരിക്കണമെന്ന് അനൂപ് ആവശ്യപ്പെട്ടത്.’’ അശ്വതി പറഞ്ഞു. അനൂപ് രാമകൃഷ്ണൻ എഡിറ്റ് ചെയ്ത ‘എംടി–അനുഭവങ്ങളുടെ പുസ്തകം’ ഒരു വർഷം മുൻപാണ് പുറത്തിറങ്ങിയത്. ഇതിൽ വിഡിയോകൾ ക്യൂആർ കോഡ് രൂപത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്.

 

‘‘ഐടി മേഖലയിൽ ജോലിചെയ്യുന്നയാളാണ് അനൂപ്. ക്രിയേറ്റീവ് ഡിസൈനിങ് ജോലികൾക്കായി അദ്ദേഹം സമയം കണ്ടെത്തുകയെന്നത് കൗതുകമായിരുന്നു. അത് ഏറെ മാനസികസംഘർഷം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. എന്നാൽ തന്റെ സർഗാത്മകത കൊണ്ട് അതെല്ലാം മറികടക്കാൻ അനൂപിനു കഴിഞ്ഞു. ഡിസൈനിങ് രംഗത്ത് വളരെയേറെ സ്വപ്നങ്ങൾ ഇനിയും കയ്യെത്തിപ്പിടിക്കാൻ ബാക്കിവച്ചാണ് അനൂപ് യാത്രയായത്.’’ അശ്വതി പറഞ്ഞു.

 

പ്രമുഖ വിഷ്വൽ ഡിസൈനറും മലയാള മനോരമ മുൻ ഡിസൈൻ കോ ഓർഡിനേറ്ററുമായ പാവങ്ങാട് സരോവരത്തിൽ അനൂപ് രാമകൃഷ്ണൻ തിങ്കൾ രാവിലെയാണ് അന്തരിച്ചത്. ഡിപിഐ ഓഫിസ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി വിരമിച്ച പുത്തൻവീട്ടിൽ രാമകൃഷ്ണന്റെയും മലബാർ ക്രിസ്ത്യൻകോളജ് മുൻഅധ്യാപിക ഗ്ലാഡിസിന്റെയും മകനാണ്. പത്രരൂപകൽപനയിലും ടൈപ്പോഗ്രഫിയിലും  ആധുനിക സങ്കേതങ്ങൾ പരീക്ഷിച്ച അനൂപ് മൾട്ടിമീഡിയ രംഗത്തും വിദഗ്ധനായിരുന്നു. മീഡിയ, ബ്രാൻഡിങ് രംഗത്ത് ദീർഘകാലത്തെ അനുഭവപരിചയമുള്ള അനൂപ് ഗ്രാഫിക്സ് ഡിസൈനിങ്ങിൽ പുതുമയാർന്ന പരീക്ഷണങ്ങൾ നടത്തി. മനോരമ ബുക്സ് 2020 ൽ പ്രസിദ്ധീകരിച്ച, അനൂപ് എഡിറ്റ് ചെയ്ത ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എം.ടി.വാസുദേവൻ നായരുടെ എഴുത്തുജീവിതത്തെയും ചലച്ചിത്ര സപര്യയെയും സമഗ്രമായി അടയാളപ്പെടുത്തുന്നതാണ്. എംടിയുടെ സമഗ്രസംഭാവനകളെ അടിസ്ഥാനമാക്കി ‘എംടിയുടെ ലോകം’,  മലയാള ഭാഷ പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘എന്റെ മലയാളം’ എന്നീ സിഡി റോമുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയുടെ നവതി ആഘോഷത്തോടനുബന്ധിച്ചു ചലച്ചിത്ര അക്കാദമി ഏർപ്പെടുത്തിയ ഫെലോഷിപ് ജേതാവായിരുന്നു. സിംബയോസിസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് കമ്യൂണിക്കേഷന്റെ യുവപ്രതിഭാ പുരസ്‌കാരം, യുഎസ്. ആസ്‌ഥാനമായ സൊസൈറ്റി ഫോർ ന്യൂസ് ഡിസൈനിന്റെ (എസ്എൻഡി) ഇന്ത്യ ചാപ്‌റ്റർ നൽകുന്ന ബെസ്‌റ്റ് ഓഫ് ഇന്ത്യൻ ന്യൂസ് ഡിസൈൻ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

 

Content Summary : M T Vasudevan Nair's daughter Ashwathi speaks about prominent visual designer Anoop Ramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com