മഹർഷിമേടുകളിൽ കടുവാക്കുന്നുകളുയരുമ്പോൾ

HIGHLIGHTS
  • കഥയുടെ വഴി - കഥകളുടെ പിറവിരഹസ്യം തേടിയുള്ള അന്വേഷണം
  • രവിവർമ തമ്പുരാൻ എഴുതുന്ന പംക്തി കഥയുടെ വഴി
aymanam-john
അയമനം ജോൺ
SHARE

മതസ്ഥാപകർ, ആത്മീയ ഗുരുക്കന്മാർ, രാഷ്ട്രീയ ചിന്തകർ തുടങ്ങി ലോകമെമ്പാടുമുള്ള മഹാമനുഷ്യർ നേരിട്ടിട്ടുള്ള വലിയൊരു സമസ്യയും സത്യവും ഉണ്ട്. അത് അവരെ ചൂഴുന്ന നിസ്സഹായത കൂടിയാണ്. അവർ മുന്നോട്ടുവയ്ക്കുന്ന തികച്ചും മൗലികവും മാനവനന്മയിലധിഷ്ഠിതവുമായ ആശയത്തെ പിന്നാലെ വരുന്ന ഏതെങ്കിലുമൊക്കെ അനുയായികൾ തങ്ങളുടെ സ്വാർഥതയ്ക്കു വേണ്ടി ദുരുപയോഗം ചെയ്യുകയോ വളച്ചൊടിച്ച് മനുഷ്യവിരുദ്ധമാക്കുകയോ ചെയ്യും. കമ്യൂണിസം പിറവിയെടുത്തത് ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന മനുഷ്യരുടെ മോചനത്തിനും സ്വത്തുക്കളുടെ തുല്യവിനിയോഗത്തിനും സ്ഥിതി സമത്വത്തിനും ഒക്കെ വേണ്ടിയാണ്. പക്ഷേ, പ്രസ്ഥാനവൽക്കരിക്കപ്പെട്ട കമ്യൂണിസം ഓരോ രാജ്യത്തും എത്രമാത്രം ദുഷിച്ചുവെന്നും എങ്ങനെയൊക്കെ മനുഷ്യവിരുദ്ധമായിത്തീർന്നുവെന്നും നമുക്കു മുന്നിൽ ദൃഷ്ടാന്തങ്ങളുണ്ട്. മഹാത്മാഗാന്ധിയുടെ ക്ഷേമരാഷ്ട്ര സങ്കൽപം അദ്ദേഹത്തിന്റെ അനുയായികളാൽ എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്നും നാം കണ്ടു കഴിഞ്ഞതാണ്. രാഷ്ട്രീയ ആശയങ്ങൾക്കു മാത്രമല്ല ഇത്തരത്തിൽ മൂല്യ ശോഷണം സംഭവിച്ചിട്ടുള്ളത്. മതങ്ങളും ജാതികളും നന്മ മാത്രം പകർന്നുകൊടുക്കാൻ നിയുക്തമായ മറ്റനേകം പ്രസ്ഥാനങ്ങളും കരിപുരണ്ട് കഷ്ടം തോന്നും വിധം അധഃപതിച്ചുകഴിഞ്ഞ ഒരു ലോകത്താണ് നാം ഇന്നു ജീവിക്കുന്നത്. 

ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയും ഈ ലോകപ്രവണതയുടെ പകർത്തിവയ്ക്കലിൽ മാറി നിൽക്കുന്നില്ല. മഹർഷിമാരുടെ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്ന ഒരു രാജ്യം അവർ ധ്യാനിച്ചു കണ്ടെത്തിയ മഹത്തായ ദർശനങ്ങളെ എപ്രകാരം തകിടം മറിക്കുന്നു എന്നത് ഇക്കാലത്തെ എഴുത്തുകാരുടെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നാണ്. പലരും പല വിധത്തിലാണ് ആ വിഷയത്തെ സമീപിക്കുന്നതെന്നു മാത്രം. അമ്പതു വർഷമായി കഥയെഴുതിക്കൊണ്ടിരിക്കുന്ന ഒരാൾ ഈ വിഷയം എഴുതുമ്പോൾ അതിനൊരു പ്രത്യേക മിഴിവ് ഉണ്ടായിവരും. 

രാഷ്ട്രീയ കഥകൾക്ക് ഒരു അപകടസാധ്യതയുണ്ട്. അത് എഴുതുന്നത് കൃതഹസ്തനായ എഴുത്തുകാരനല്ലെങ്കിൽ, ഒരുതരത്തിലുള്ള ഉദ്വേഗവും ജനിപ്പിക്കാത്ത വെറും വിരസ രചനകളോ പടപ്പാട്ടുകളോ ആയങ്ങു മാറും. ഈ അപകടം ഒഴിവാക്കാൻ, മുതിർന്ന എഴുത്തുകാരെങ്ങനെ രാഷ്ട്രീയ കഥയെഴുതി എന്ന് വായിച്ചു പഠിക്കേണ്ടതുണ്ട്. ഒ.വി.വിജയനും കടമ്മനിട്ട രാമകൃഷ്ണനും എൻ.എസ്.മാധവനുമൊക്കെ അസൂയ തോന്നുംവിധം മികവോടെ രാഷ്ട്രീയത്തെ സർഗപ്രക്രിയയിലേക്കാവാഹിച്ചവരാണ്. ആ നിരയിൽ പെട്ട മറ്റൊരു പ്രധാനിയാണ് അയ്മനം ജോൺ. ‘അടിയന്തരാവസ്ഥയിലെ ആന’ അദ്ദേഹം എഴുതിയത് അടിയന്തരാവസ്ഥയ്ക്ക് 25 വർഷം തികഞ്ഞപ്പോഴാണ്. ഒരു വലിയ തറവാട്ടിൽ ആനയെ വാങ്ങുന്നതിന്റെ കഥയാണത്. ഇന്ത്യയെന്നോ ഇന്ദിരയെന്നോ അടിയന്തരാവസ്ഥയെന്നോ ഒന്നും കഥയിലൊരിടത്തും പറയുന്നില്ല. പക്ഷേ, ആനയെ മേടിച്ചു മുടിഞ്ഞുപോയ തറവാട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയാണെന്നു മനസ്സിലാക്കാൻ ഒരു പ്രയാസവും തോന്നിയില്ല. അത്തരത്തിൽ പെട്ട ഒരു കഥയാണ് ‘മഹർഷിമേട് മാഹാത്മ്യം’. 

ടൈഗർഹിൽസ് അപ്പാർട്‌മെന്റ് എന്ന പേരിൽ പാർപ്പിടക്കൂട്ടമായി പരിണമിച്ചു കഴിഞ്ഞ കടുവാക്കുന്ന് എന്ന ഭൂപ്രദേശം പണ്ടു പണ്ട് മഹർഷിമേട് എന്നാണറിയപ്പെട്ടിരുന്നത്. അങ്ങനെ അറിയപ്പെടാനുള്ള കാരണം അവിടെ നാലു മഹർഷിമാർ താമസിച്ചിരുന്നു എന്നതാണ്. സത്യവ്രതൻ, സദാനന്ദൻ, സരളമനസ്‌കൻ, ശാന്തചിത്തൻ. സത്യവ്രതമഹർഷി ആത്മാന്വേഷണത്തിന്റെ കേന്ദ്രസ്ഥാനത്ത് സത്യത്തെ പ്രതിഷ്ഠിച്ചിരുന്നു. സദാനന്ദ മഹർഷി ആനന്ദത്തെ അന്വേഷണവിഷയമാക്കിയാണ് തപസ്സു ചെയ്തത്. സരളതയാണ് ഭൂജീവിതത്തിൽ പാലിക്കേണ്ട ഏറ്റവും വലിയ സദ്ഗുണം എന്നു വിശ്വസിച്ചയാളാണ് സരളമനസ്‌ക മഹർഷി. മനഃശാന്തി മന്ത്രങ്ങളുടെ ഉപാസകനായിരുന്നു ശാന്തചിത്ത മഹർഷി.

നാലു വ്യത്യസ്ത ചിന്താപാതകളിൽ ധ്യാനവും മനനവും തപസ്സും തുടർന്ന അവർക്കിടയിൽ ഭേദചിന്തകൾ ഏതുമേയുണ്ടായിരുന്നില്ല. മര്യാദക്കാരായ മഹർഷിമാർ പാർത്ത മലമുകളിലെ വനത്തിൽ നിറയെ കടുവകളും ഉണ്ടായിരുന്നു. അവ ആരെയും ഉപദ്രവിച്ചിരുന്നില്ലെങ്കിലും ഒട്ടൊരു ഭയത്തോടെയാണ് ആളുകൾ ആ മല കയറിച്ചെന്നിട്ടുള്ളത്.

നാടിന്റെ മഹനീയ പാരമ്പര്യം ഒരിക്കലും മറക്കരുതെന്നും ദിവസവും രാവിലെ മഹർഷിമേട്ടിലേക്കു നോക്കി, ശ്രേഷ്ഠ ജീവിതചര്യയുടെ നാല് നെടുംതൂണുകളായി വർത്തിച്ചിരുന്ന ആ പൂർവസൂരികളെ വണങ്ങിയിട്ടുവേണം ജീവിതചര്യകളിലേർപ്പെടാനെന്നും നാട്ടിലെ പണ്ഡിതനും ശ്രേഷ്ഠ ഗുരുവര്യനുമായ മുൻഷി സാർ എല്ലാവരെയും ഓർമിപ്പിച്ചു പോന്നു. ആളുകൾ കുറെയൊക്കെ അതു പാലിച്ചും വന്നു.

പക്ഷേ, കാലത്തിന്റെ പല പല മാറ്റംമറിച്ചിലുകൾക്കിടയിൽ, മഹർഷിമേട് റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരുടെ കയ്യിൽ ചെന്നുപെട്ടു. മഹർഷിമേട് നാലു വനങ്ങളായി തിരിഞ്ഞുകിടക്കുകയായിരുന്നു. ഓരോ മഹർഷിയും തപസ്സിരുന്നത് ഇതിൽ ഓരോ വനത്തിലാണ്. ഈ നാലുവനവും ഇപ്പോൾ നാലുപേരുടെ കയ്യിലാണ്. അവർ അവിടെ പടുകൂറ്റൻ ഫ്‌ളാറ്റ് സമുച്ചയം നിർമിച്ച് അതിലെ അപ്പാർട്ടുമെന്റുകൾ വിൽപന നടത്തി വരുന്നു.

ജീവിതകാലം മുഴുവൻ സത്യാന്വേഷണത്തിൽ മുഴുകിയ സത്യവ്രതസ്വാമി പാർത്തിരുന്ന ഭൂമിയുടെ ഇന്നത്തെ അവകാശി ക്രിമിനൽ വക്കീൽ ജോർജ് സെബാസ്റ്റ്യനാണ്. സത്യവ്രതസ്വാമി സത്യം തേടിയാണ് സഞ്ചരിച്ചിരുന്നതെങ്കിൽ ജോർജ് വക്കീലിന്റെ സഞ്ചാരം നേരേ എതിർദിശയിലാണ്. എല്ലാ മനുഷ്യരെയും ആനന്ദം സ്വായത്തമാക്കാൻ സഹായിച്ചുവന്ന സദാനന്ദമഹർഷിയുടെ സ്ഥലം ഇപ്പോൾ ഫൈനാൻസിയർ മുനിയപ്പയുടെ കയ്യിലാണ്. അയാളോട് ഇടപെടുന്ന എല്ലാവർക്കും ഉള്ളിലെ ആനന്ദം നഷ്ടമാകുന്നത് എന്തെളുപ്പത്തിലാണെന്നോ? സരളമനസ്‌ക മഹർഷിയുടെ വനം കൈവശപ്പെടുത്തിയത് ജൂവലർ കുളത്തുങ്കൽ കുര്യനാണ്. ബസ് സ്റ്റാൻഡിനു മുന്നിലെ തന്റെ ജൂവലറിയുടെ മുറ്റത്ത് സ്വർണം പൂശിയ നെറ്റിപ്പട്ടം കെട്ടിയ ഏഴാനകളെ എഴുന്നള്ളിച്ചു നിർത്തി, സ്വർണച്ചന്ത എന്നു പേരിട്ട് ഓണക്കാലത്ത് അയാൾ കച്ചവടം പൊടിപൂരമാക്കി. ശാന്തചിത്ത മഹർഷിയുടെ വനം ഷെയർ ബ്രോക്കർ സദാനന്ദ ഷേണായിയുടെ കയ്യിലാണ് വന്നുപെട്ടത്. അയാൾ സദാസമയവും ഓഹരിക്കച്ചവടത്തെക്കുറിച്ച് ചിന്തിച്ചും പറഞ്ഞും തന്റെയും മറ്റുള്ളവരുടെയും സ്വസ്ഥത കളഞ്ഞുകൊണ്ടിരുന്നു. നാടിന്റെ ഗുരു മുൻഷി സാർ ‘ആറ്റിറമ്പ് മാഹാത്മ്യം’ എന്ന തന്റെ പുസ്തകത്തിൽ പണ്ടേ എഴുതിയിട്ടുണ്ടായിരുന്നു, മഹർഷിമാരുടെ വംശത്തെ ഒരിക്കൽ കടുവകളുടെ വംശം മറികടക്കും എന്ന്. 

maharshimedu-mahatmyam

കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ച മഹർഷിമേട് മാഹാത്മ്യം എന്ന സമാഹാരത്തിലെ ആദ്യകഥയാണിത്. 

കോട്ടയം ജില്ലയിലെ അയ്മനത്ത് 1953 ൽ ജനിച്ച ജോൺ കോട്ടയം സിഎംഎസ് കോളജിൽ പഠിക്കുമ്പോൾ 1972 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ വിഷുപ്പതിപ്പ് കഥാമൽസരത്തിൽ ഒന്നാം സ്ഥാനം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 1974 മുതൽ 2012 വരെ കേന്ദ്ര സർക്കാരിന്റെ ഓഡിറ്റ് വകുപ്പിൽ കൊമേഴ്‌സ്യൽ ഓഡിറ്റ് വിഭാഗത്തിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. ക്രിസ്മസ് മരത്തിന്റെ വേര്, ഒന്നാം പാഠം ബഹിരാകാശം, ചരിത്രം വായിക്കുന്ന ഒരാൾ, ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം അയ്മനം ജോണിന്റെ കഥകൾ എന്നീ കഥാസമാഹാരങ്ങളും ചില ഓർമപ്പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശാഭിമാനി പുരസ്‌കാരം, ഓടക്കുഴൽ അവാർഡ്, എം.പി. പോൾ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. 

മഹർഷിമേട് മാഹാത്മ്യം എഴുതാനിടയായ പശ്ചാത്തലം കഥാകൃത്തിൽനിന്നു കേൾക്കാം:

ഇന്നു നമ്മൾ നമ്മുടേതെന്നോ നമ്മുടെ കുടുംബത്തിന്റേതെന്നോ ഒക്കെ വിശ്വസിക്കുന്ന പാർപ്പിടസ്ഥലങ്ങൾ, പോയ നൂറ്റാണ്ടുകളിൽ എത്രയോ മനുഷ്യജന്മങ്ങൾ അവരുടേതെന്നു കരുതിപ്പോന്നിരുന്നതാണെന്നോർത്തുള്ള അന്ധാളിപ്പ് അറിവായ കാലം മുതൽക്കേ എനിക്കുള്ളിലുണ്ടായിരുന്നതാണ്. ഇതുവരെയുള്ള ജീവിതകാലത്ത് സ്വന്തനാട്ടിൽ നടന്നിട്ടുള്ള ഭൂവുടമസ്ഥതാക്കൈമാറ്റങ്ങളുടെ ചരിത്രത്തിലൂടെ ഇടയ്‌ക്കൊരു മനോസഞ്ചാരം നടത്തുന്ന ശീലവും എനിക്കുണ്ട്. പണ്ട് കുടിലുകളിരുന്ന സ്ഥാനത്ത് മാളികവീടുകളുയർന്നതും കരപ്പാടങ്ങൾ ഹൗസിങ് കോളനികളായി മാറിപ്പോയതും ക്ഷേത്രക്കുളം നികത്തി ഷോപ്പിങ് കോംപ്ലക്‌സ് പണിതതും പണ്ട് ശാന്തമായിരുന്ന നാൽക്കവലകൾ ഇന്നു കടകമ്പോളങ്ങളാൽ ബഹളമയമായതുമൊക്കെ കണ്മുന്നിൽത്തന്നെ നാട്ടിൽ സംഭവിച്ചിട്ടുള്ള പാരിസ്ഥിതിക പരിവർത്തനങ്ങളാണ്. അതിലോരോന്നിനെയും ഞാൻ ഇടയ്ക്കിടെ വിചാരവിധേയമാക്കാറുമുണ്ട്. ഐതിഹ്യകഥയിൽ പറയുന്നതനുസരിച്ച് പഞ്ചപാണ്ഡവന്മാർ അഞ്ചായി ഭാഗിച്ച്, വെട്ടിത്തെളിച്ച് കൃഷി ചെയ്ത് പാർത്തിരുന്ന അഞ്ചു വനങ്ങളാണ് പിൽക്കാലം അയ്‌നവനമെന്നും ഇക്കാലം അയ്മനമെന്നും വിളിക്കപ്പെട്ടു പോരുന്ന എന്റെ നാട്. ആ ഘോരവിപിനത്തിൽ ഒരിക്കൽ തപസ്സനുഷ്ഠിച്ചിരുന്ന സനന്ദനൻ എന്ന മഹർഷി സ്ഥാപിച്ച നരസിംഹപ്രതിഷ്ഠയിൽ നിന്നാണ് അയ്മനം ക്ഷേത്രവും ക്ഷേത്രത്തെ ചുറ്റിയ ജനവാസകേന്ദ്രവുമൊക്കെ ഉത്ഭവിച്ചതെന്നാണ് ഐതിഹ്യകഥയിൽ കൽപന ചെയ്തിരിക്കുന്നത്.

ആദ്യം പറഞ്ഞതുപോലുള്ള പാരിസ്ഥിതിക വ്യതിയാനങ്ങളും പിന്നെപ്പറഞ്ഞ ഐതിഹ്യ കഥയുമൊക്കെ അയ്മനത്തിന്റെ മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ തന്നെ ഐതിഹ്യ ചരിത്രങ്ങളുടെ, നീർത്തുള്ളി പ്രതിഫലിപ്പിക്കുന്ന പ്രപഞ്ചത്തിനു സമമായ പ്രതിനിധാനങ്ങൾ മാത്രമാണെന്ന് ആർക്കുമറിയാം. അങ്ങനെ ഏറെയും ഐതിഹ്യകഥകളുടെ പിൻബലത്തിൽ നമ്മുടെ വിശാലദേശത്തിനു കല്പിക്കപ്പെട്ടു പോരുന്ന ആദ്ധ്യാത്മികപരിവേഷം കാലാകാലങ്ങളിലെ പാരിസ്ഥിതികവും ഭൗതികവുമായ അവസ്ഥാന്തരങ്ങൾക്കിടയിൽ എത്രത്തോളം കുത്തിയൊലിച്ചു പോയിക്കഴിഞ്ഞുവെന്ന് പറയുന്ന കഥയായിട്ടാണ് ഞാൻ മഹർഷിമേട് മാഹാത്മ്യം എഴുതിയിട്ടുള്ളത്. കഥയിലെ ദേശത്തെ മാത്രമാണ്, വിവക്ഷകളെയല്ല കഥയ്ക്കാവശ്യമായ ചുരുക്കെഴുത്ത് ശൈലിയിൽ ആറ്റിറമ്പ് എന്ന സാങ്കൽപിക ദേശത്തിലേക്ക് ചുരുക്കിയിട്ടുള്ളതെന്ന് വായിക്കുന്നവർക്കു മനസ്സിലാക്കാൻ എളുപ്പമാവുന്ന വിധത്തിലാണ് അതെഴുതപ്പെട്ടിട്ടുള്ളതും.

കഥയുടെ ഇപ്പറഞ്ഞ കേന്ദ്രപ്രമേയം പണ്ട് മുതൽക്കേ മനസ്സിലുണ്ടായിരുന്നതാണെങ്കിലും അതെഴുതാൻ നിമിത്തമായത് ഒരിക്കൽ പുലർകാലനടത്തത്തിനിടയിലുണ്ടായ ചെറിയൊരു നേരനുഭവമാണ്. നർമപ്രിയനായ ഒരു ബാല്യകാല സുഹൃത്തിനോടൊപ്പമായിരുന്നു ഏറെക്കാലത്തോളം ഞാൻ പുലർകാലനടത്തത്തിൽ ഏർപ്പെട്ടിരുന്നത്. കുറച്ചു നടപ്പുദൂരം മാത്രമുള്ള അയൽനാട് വരെ ഒറ്റയ്ക്കു നടന്നുപോയിട്ട് അവിടെനിന്ന് സുഹൃത്തിനെ ഒപ്പം കൂട്ടിക്കൊണ്ടു മുന്നോട്ട് നടക്കുകയായിരുന്നു പതിവ്. നടക്കുന്ന വഴിക്ക് കണ്ടുമുട്ടുന്ന അവിടത്തുകാരിൽ ഓരോരുത്തരെയും പറ്റി ഏതെങ്കിലുമൊരു നർമകഥ  കൂട്ടുകാരന് പറയാനുണ്ടായിരുന്നു. നരച്ച മുടിയും താടിയും നീട്ടി വളർത്തിയ, ഏതാണ്ടൊരു സന്യാസിമുഖമുള്ള ഒരു വൃദ്ധനെ അക്കൂട്ടത്തിലൊരാളായി ഞങ്ങൾ മിക്കപ്പോഴും കണ്ടുമുട്ടിയിരുന്നു. ഒറ്റത്തടിയായി ജീവിച്ചു പോന്നിരുന്ന അദ്ദേഹത്തെ പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാതെ ഒരു കൂട്ടുകുടുംബത്തിൽ ആശ്രിതന്റെ റോളിൽ കഴിഞ്ഞു കൂടുന്ന ഒരാളായിട്ടാണ് സുഹൃത്ത് ആദ്യം പരിചയപ്പെടുത്തിയിരുന്നത്. ഉത്സവകാലം വരുമ്പോൾ കക്ഷി ദൂരദേശങ്ങളിലെ അമ്പലങ്ങളിൽ ചെന്ന് സന്യാസിവേഷത്തിൽ ഭജന ഇരിക്കാറുള്ളതായും പറഞ്ഞിരുന്നു. ആ വഴിക്ക് തരക്കേടില്ലാത്ത വാർഷികവരുമാനം പുള്ളിക്കാരന് കയ്യിൽ തടഞ്ഞിരുന്നതായും പറയപ്പെട്ടിരുന്നു. എന്നാൽ ഒരിടയ്ക്ക് ഉത്സവകാലം വന്നെത്തിയിട്ടും മൂപ്പിലാൻ ഒട്ടിയ വയറുമായി നാട്ടിൽത്തന്നെ വെറുതെ കറങ്ങിയടിച്ചു നടക്കുന്നതായി കണ്ടു. അതേപ്പറ്റി ചോദിച്ചപ്പോൾ, അനുമാനം ശരിയാണെന്നും കക്ഷിയുടെ അലസതയും അലംഭാവവുമൊക്കെ കുടുംബപ്രശ്‌നം തന്നെയായി മാറിയിട്ടുണ്ടെന്നുമായിരുന്നു സുഹൃത്തിന്റെ അപ്‌ഡേറ്റ്. ‘സന്യാസിപ്പണിക്ക് പോയി വല്ലോം ചില്ലറ ഒണ്ടാക്കിക്കൊണ്ടിരുന്നതാ. ഇപ്പം അതിനും കൊള്ളാതായി. കുഴിമടിയൻ’ എന്ന് മൂത്ത ചേച്ചി നാട്ടുകാരോട് ആവലാതിപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നുമായി സുഹൃത്ത്. മിടുക്കന്മാരായ എത്രയോ സന്യാസിവേഷക്കാർ രാജ്യമെമ്പാടും തകർത്താടുന്ന കാലത്ത് ഒരേട്ടത്തി അനിയനെപ്പറ്റി അങ്ങനെ ആവലാതിപ്പെട്ടതിൽ ഒട്ടും അതിശയിക്കാനില്ല എന്നൊരു നിഗമനത്തിലെത്തിയായിരുന്നു ഞങ്ങൾ അന്നാ വിഷയം വിട്ടു കളഞ്ഞത്.

ayamanam-john-writer
അയമനം ജോൺ

ഏതായാലും - നാടിന്റെ ആദ്ധ്യാത്മികപാരമ്പര്യത്തിന് സംഭവിച്ച അപച്യുതി എത്രത്തോളമാണെന്ന് ഉണർന്നു ചിന്തിക്കാൻ കിട്ടിയ സന്ദർഭമായി എനിക്കത് . ജീവിതത്തിന്റെ പൊരുളന്വേഷിച്ച് ധ്യാനനിമഗ്‌നരായി ജീവിച്ചിരുന്ന മഹർഷിമാരുടെ മഹത്പാരമ്പര്യമുള്ള ഒരു നാട്, എങ്ങനെ നാലു കാശുണ്ടാക്കാൻ കഴിയും എന്നൊരു പൊരുളിനെ മാത്രം അന്വേഷിച്ചു ജീവിച്ചു പോകുന്നവരുടേതായി മാറിപ്പോയതിന്റെ കഥ മെനയാൻ അതേത്തുടർന്ന് എനിക്കെളുപ്പം കഴിഞ്ഞു. അഞ്ചു വനങ്ങൾ കൂടിച്ചേർന്നിരുന്ന ഘോരവനമായിരുന്ന നാട്ടിൽ ഇന്ന് അഞ്ചു മരങ്ങൾ അടുത്തടുത്തു കാണുന്ന ഇടങ്ങൾ തന്നെയും ചുരുക്കമാണെന്നുള്ള വസ്തുത കഥാശരീരത്തിലേക്ക് സന്നിവേശിപ്പിക്കാനും എളുപ്പമായിരുന്നു .കാരണം അവ്വിധമൊരു പരിസ്ഥിതിനാശത്തിനു ഗതിവേഗം കൂടിയ ഒരു കാലയളവിലാണ് ഞാൻ ഈ നാട്ടിൽ ജനിച്ച് ഈ രാജ്യത്ത് ജീവിച്ചിട്ടുള്ളത്. രാജ്യമാകെ പടർന്നു പിടിച്ചിട്ടുള്ള റിയൽ എസ്റ്റേറ്റ് ലോബികൾ അയ്മനത്തെ ആറ്റുതീരങ്ങളും കയ്യടക്കിത്തുടങ്ങിയ കാലവും വന്നെത്തിയിരുന്നു.

കഥയിൽ പരാമർശിതമായിട്ടുള്ള വായനശാലയുടെ പരിണതിക്കും നേരനുഭവത്തിന്റെ പശ്ചാത്തലമുണ്ട് .എന്റെ തലമുറയുടെ വായനാശീലത്തെ പരിപോഷിപ്പിക്കുകയും ഞങ്ങൾക്കിടയിൽ ഉറ്റ സുഹൃത്ബന്ധങ്ങൾ രൂപപ്പെടാൻ ഇടയാക്കുകയും ചെയ്ത വായനശാല പുതുതലമുറയിലെ യുവാക്കൾ ഒരു പക്ഷെ ഒരിക്കലും  കടന്നു ചെന്നിട്ടു പോലുമില്ലാത്ത ഒരിടമായി മാറിപ്പോയ ദുഃസ്ഥിതി എടുത്തു കാട്ടാൻ പറ്റിയ കഥയായിക്കൂടി ഇക്കഥയെ ഞാൻ തിരിച്ചറിഞ്ഞത് എഴുതി വന്നതിനിടയിൽ വച്ചു  മാത്രമായിരുന്നു .ധ്യാനമാർഗത്തിനൊപ്പം തന്നെ ജ്ഞാനമാർഗത്തിൽ നിന്നുള്ള വ്യതിയാനത്തെക്കൂടി ദ്യോതിപ്പിക്കുവാൻ ഉതകുന്ന ഒരനുഭവശകലമായാണ് കഥയിൽ അതുപയോഗിച്ചിട്ടുള്ളത്.

കഥാരചനയെ പ്രചോദിപ്പിച്ച, മേൽസൂചിപ്പിച്ച നേരനുഭവങ്ങളെ കഥയുടെ രസനീയതയ്ക്ക് വേണ്ടി അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തിയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഏതാണ്ടൊരു ഐതിഹ്യമെഴുത്തിന്റെ മട്ടിൽ തന്നെയാണ് ഈ കഥയും എഴുതപ്പെട്ടിട്ടുള്ളതെന്നർഥം.

Content Summary: Kadhayude Vazhi, column by Ravivarma Thampuran on writer Aymanam John

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
;