ADVERTISEMENT

മണ്ണിൽ പതിഞ്ഞ കാൽപ്പാടുകൾ മായുന്നു, നെഞ്ഞിൽ പതിഞ്ഞു പോം പാടുകൾ മായുമോ എന്ന് എഴുതിയത് ഒ എൻ വി കുറുപ്പാണ്, സുഗതകുമാരിയുടെ സഹോദര കവി. മണ്ണിനും മനസ്സിനും വേണ്ടി അക്ഷരങ്ങൾ അർച്ചന ചെയ്തവരായിരുന്നു ഇരുവരും. എന്നാൽ ഒ എൻ വി യുടെ വാക്കുകളേക്കാളും കടന്ന്, സുഗതകുമാരി മണ്ണിൽ പതിപ്പിച്ച പാടുകൾ പോലും മായുന്നില്ല. നാടിന്റെ നിലവിളി ഉയരുമ്പോൾ, മരങ്ങൾ വെട്ടിവീഴ്ത്തുമ്പോൾ, പെൺമയുടെ രോദനം ഉയരുമ്പോൾ കവിയുടെ വാക്കുകൾ മുന്നറിയിപ്പാകുന്നു. ജാഗ്രതയും താക്കീതുമാകുന്നു. അമ്മമനസ്സിന്റെ സ്നേഹത്തോടും സ്വാതന്ത്ര്യത്തോടും കൂടി കവി നേർവഴിയിലേക്കു നയിക്കുന്നു. 

 

നെഞ്ഞിൽ ആഴത്തിൽ പതിഞ്ഞ സുഗതകുമാരി കവിതകൾ മലയാളം ഉള്ള കാലം വരെയും മലയാളി മറക്കില്ല. ഭാഷ ഇല്ലാതായാൽപ്പോലും അന്തരീക്ഷത്തിൽ എവിടെയങ്കിലും അലയടിക്കും ആ വാനമ്പാടിയുടെ പാട്ടുകൾ. എവിടെനിന്നെന്നില്ലാതെ, എങ്ങോട്ടെന്നില്ലാതെ പറക്കുന്നതിനിടെ കരളലിഞ്ഞു പാടുന്ന ആത്മസങ്കടങ്ങൾ. 

 

ആദ്യ സമാഹാരം മുതൽ സുഗതകുമാരിയുടെ മരണത്തിനു ശേഷം പുറത്തുവന്ന അവസാന കവിതകൾ ഉൾക്കൊള്ളുന്ന സമാഹാരം വരെ കവിത അല്ലാത്തതൊന്നും മന്ത്രിച്ചിട്ടേയില്ലാത്ത കവിയാണ് സുഗതകുമാരി. അടിമുടി പൂത്ത കവിതയുടെ പൂമരം. പല പ്രമുഖ കവികളുടെയും അവസാന കാല കവിതകൾ അവരുടെ പ്രതിഭയോട് നീതി പുലർത്താത്തവയാണ്. എന്നാൽ ഇങ്ങനെ ഒരു പേരുദോഷം ഒരിക്കലും കേൾപ്പിച്ചിട്ടില്ല സുഗതകുമാരി. ഏത് കവിതയാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ ഏത് കവിതയാണ് ഇഷ്ടമില്ലാത്തത് എന്നായിരിക്കും നല്ല വായനക്കാരുടെ  മറുചോദ്യം. വാക്കുകളായാലും വരികളായാലും അർത്ഥം, ഭാവം, അനുഭൂതി, കാവ്യഗുണം... ഒന്നിലും ഒരു കുറവുമില്ല ഒരു കവിതയിൽ പോലും. മണ്ണിനെക്കുറിച്ചോ, മരത്തെക്കുറിച്ചോ അട്ടപ്പാടിയോ സൈലന്റ് വാലിയോ ആകട്ടെ. കണ്ണന്റെ കാലിൽ കൊലരക്കിൻ ചാറ് ചാർത്തുന്ന രാധയാകുന്നു കവി. അത്രമേൽ പ്രേമാർദ്രം. അത്രമേൽ അഗാധം. അത്ര മേൽ സ്വയം സമർപ്പിതം. സൂര്യ ചന്ദ്ര താരകൾ പോലും നോക്കിനിന്നുപോം മട്ടിൽ. പ്രിയപ്പെട്ടവൻ സമ്മാനിച്ച വിഷപാത്രം സംശയിക്കുക പോലും ചെയ്യാതെ ആർത്തിയോടെ വാങ്ങിക്കൂടിച്ച കാമുകിയെക്കുറിച്ച് അവർ എഴുതിയിട്ടുണ്ട്. മരിച്ചുകൊണ്ടിരിക്കുമ്പോൾ പോലും ‘അവിടുത്തെ’ ഓർത്തു പാടുന്നവൾ. 

 

ഒരു നാളുമാ നീല വിരിമാറിൽ തല ചായ്ച്ചു നിൽക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത ഗോപിക. പ്രേമദുഃഖങ്ങൾ ഒരിക്കൽ ഓതാതെ കുടിലിലെ നൂറായിരം പണികളിൽ ജന്മം തളച്ചവൾ. കണ്ണൻ നീല ചന്ദ്രനായ്‌ നടുവിൽ നിൽക്കെ ചുറ്റും അലോലം അലോലം ഇളകി ആടിയുലയും ഗോപസുന്ദരികളുടെ കൂടെ ചേരാതെ മനസ്സ് പ്രേമമുഗ്ധയെങ്കിലും വീട്ടുജോലികളിൽ മുഴുകുന്നവൾ. ഒടുവിൽ ആർത്തലച്ചു കരയുന്ന ഗോപികമാർ പിന്നാലെ വിളിക്കുമ്പോൾ, മഥുരയ്ക്കു പോകുന്ന കൃഷ്ണന്റെ രഥം ഒരു മാത്രം ഗോപികയുടെ കുടിലിന്റെ മുന്നിൽ നിൽക്കുന്നു. അപ്പോഴും, കൃഷ്ണ നീ അറിയുമോ എന്നാണു സംശയം. ആശങ്ക. 

 

അയ്യപ്പപ്പണിക്കരാണ് അതിനു മറുപടി പറഞ്ഞത്. നീയില്ലയെങ്കിൽ, നിൻ വ്രതഭക്തി ഇല്ലെങ്കിൽ ഈ ശ്യാമകൃഷ്ണൻ വെറും കരിക്കട്ട എന്നുറപ്പിച്ചു പറഞ്ഞ് ആത്മവിശ്വാസം നൽകിയത്. ചിരിക്കൂ, ചിരിക്കൂ, മൃദുവായി മിഴിനീരിലുലയുന്ന മഴവില്ലുപോൽ പുഞ്ചിരിക്കൂ എന്നു പ്രോത്സാഹിപ്പിച്ചത്. 

 

എന്നാൽ ചതിക്കപ്പെട്ടപ്പോൾ ഇതേ ഗോപിക വനദുർഗയായി. നെഞ്ച് പൊട്ടി കരഞ്ഞു കണ്ണീരിലൂടെ ശാപം വിതറുമെന്നായപ്പോൾ പുരുഷ വിദ്വേഷമായി വ്യാഖ്യാനിക്കപ്പെട്ടു. ഫെമിനിസമായും. കടല് കാണാതെ ഒരു തുള്ളി മാത്രം രുചിച്ച് ഉപ്പെന്നു പറഞ്ഞതുപോലെ. ഒടുവിൽ തല ചായ്ക്കാൻ ശ്രമിക്കുമ്പോൾ പോലും വിട്ടുപോകാത്ത മണങ്ങൾ കവിയെ പിന്തുടർന്നു. അപ്പോഴും അലിവോടെ, കനിവോടെ സുഗതകുമാരി എഴുതി : 

 

വീണുവാടിയ പ്രേമപ്പൂമണം, ഉപ്പായ് വറ്റിത്തീർന്ന 

കണ്ണീരിൻ കടൽമണം, അമ്മ തൻ മണം. മണങ്ങൾ, 

വർധക്യത്തിൻ അസ്വസ്ഥ വിശ്രാന്തിയിൽ കടന്നു കയറുന്നു, 

കുലുക്കി വിളിക്കുന്നു. ഞാനുറങ്ങട്ടെ, 

വന്നു വന്നെന്നെ അലട്ടായ്‌വിൻ പ്രേമമേ, വാത്സല്യമേ, ദുഃഖമേ, മരണമേ...

 

Content Summary: Remembering Sugathakumari on her first death anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com