ഇരുവർ - സുനീഷ് കൃഷ്ണൻ എഴുതിയ കഥ

HIGHLIGHTS
  • കഥയരങ്ങ് – മലയാളത്തിലെ പുതുകഥാകാരൻമാരുടെ ഏറ്റവും പുതിയ കഥകൾ
podcast-iruvar-malayalam-short-story-written-by-suneesh-krishnan
ചിത്രീകരണം: വിഷ്ണു വിജയൻ
SHARE

സ്വർഗം, നരകം വഴി എന്നെഴുതിയ ബസ്, സ്റ്റാൻഡിന്റെ ഒരു ഇരുണ്ട മൂലയിൽ, അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്നു. അതിന്റെ വാതിലുകൾ  തുറന്നു വച്ചിരുന്നു. ചക്രങ്ങൾ നാലും നിത്യഘർഷണത്താൽ ഏതാണ്ടു തീരാറായിരുന്നു. ഋതുക്കളുടെ  പ്രഹരം വണ്ടിയുടെ ഉടലിൽ ചതവുകളും നിറത്തിന് മങ്ങലും ഏൽപിച്ചു. പിഞ്ഞിത്തുടങ്ങിയ സീറ്റുകൾ, ഇളകി വീഴാതിരിക്കാൻ ചരടുകളാൽ ബന്ധിക്കപ്പെട്ടു കിടന്നു.

ചരിത്രാതീതകാലം മുതൽക്കുള്ള അഴുക്കിനും പൊടിക്കും പുറമേ മിഠായിപ്പൊതികളും കാലിക്കുപ്പികളും കീറിയ ടിക്കറ്റുകളും യാത്രകളുടെ പഴമായ ഓറഞ്ചിന്റെ തൊലികളും നാണയത്തുട്ടുകളും വാടിയ പൂക്കളും ഉണങ്ങിയ ഛർദ്ദിലും വള്ളി പൊട്ടിയ ചെരിപ്പുകളും മറ്റും നിലത്ത് ശേഷിച്ചിരുന്നു. ദ്രവിച്ച മേൽക്കൂരയിലൂടെ ചെയ്ത ഒരു മഴ അകത്ത് നേർമയിൽ തളം കെട്ടിക്കിടന്നു. മനംമടുപ്പിക്കുന്നതും എന്നാൽ പരിചിതവുമായ ഒരു ഗന്ധം ബസിനകത്ത് തിങ്ങിനിന്നു. സാധാരണ സ്ഥലങ്ങളിലേക്ക് പോകുന്ന വാഹനങ്ങളുടെ പോലും വൃത്തി അതിനുണ്ടായിരുന്നില്ല എന്നത് അത്ഭുതകരമായിരുന്നു.

മറ്റെല്ലാ ബസ്സുകളെയും പോലെ അതിനും ഒരു ഡ്രൈവറും കണ്ടക്ടറും നിശ്ചയമായും ഉണ്ടായിരുന്നു. അവർ പക്ഷേ, ഏതോ വലിയ കാര്യത്തെപ്പറ്റി പരസ്പരം തർക്കിക്കുകയായിരുന്നു. എങ്കിലും പ്രസന്നമായ മുഖഭാവമായിരുന്നു ഇരുവർക്കും. ആളുകളെ വിളിച്ചുകയറ്റാനും മറ്റും അവർ യാതൊരുത്സാഹവും കാണിച്ചില്ല.

illustration-iruvar-malayalam-short-story-written-by-suneesh-krishnan
ചിത്രീകരണം: വിഷ്ണു വിജയൻ

ആദ്യമൊന്നും  ആരും തന്നെ വന്നില്ല. ചിലർ ബോർഡിൽ എഴുതിയിരിക്കുന്ന സ്ഥലങ്ങൾ പരസ്പരം മാറിപ്പോയില്ലല്ലോ എന്നു പലതവണ വായിച്ചുറപ്പിച്ചതിനു ശേഷവും തീർന്നിട്ടില്ലാത്ത ശങ്കയോടെ പതിയെ കയറിത്തുടങ്ങി. അകത്ത് നാലഞ്ചു പേരെ കണ്ടതോടെ മറ്റുള്ളവർക്ക് ധൈര്യമായി. പുറപ്പെടാനായപ്പോഴേക്കും ഇനിയൊരാൾക്ക് ഇരിക്കാനാവാത്ത വിധം സീറ്റുകൾ നിറഞ്ഞു.

ചെറുപ്പക്കാരൻ എത്തിയത് വണ്ടി സ്റ്റാർട്ട് ചെയ്തതിനു ശേഷമാണ്. അയാളുടെ വേഷവും ഭാവവും കണ്ടു ദയ തോന്നി കണ്ടക്ടർ, അടച്ച വാതിൽ തുറന്നു കൊടുക്കുകയായിരുന്നു. ‘‘ആരെങ്കിലും ഇയാൾക്കൽപ്പം സ്ഥലം കൊടുക്കണേ. നിർത്തിക്കൊണ്ടു പോകാൻ അനുവാദമില്ല. അതാണ്’’. കണ്ടക്ടർ പറഞ്ഞു. മുൻവശത്തെ സീറ്റിൽ ഇരിക്കുകയായിരുന്ന ഒരു സ്ത്രീയൊഴികെ ആരും അത് കേട്ടതായി ഗൗനിച്ചില്ല. അവളെയാകട്ടെ ചെറുപ്പക്കാരൻ കണ്ടതുമില്ല.

‘‘സാരമില്ല, നിൽക്കാം’’. അയാൾ പറഞ്ഞു.

‘‘നിങ്ങൾ എന്തു ഭാവിച്ചാണ്? ഇനി വഴിയിലാരും കയറാനും ഇറങ്ങാനും പോകുന്നില്ല. ഇടക്കുള്ള സ്ഥലങ്ങളൊക്കെ ഒരു രസത്തിന് ബോർഡിൽ വച്ചു എന്നേയുള്ളൂ’’. കണ്ടക്ടർ ചിരിച്ചു. അതു ശരിയാണെന്നു ചെറുപ്പക്കാരനു തോന്നി. സ്വർഗമുള്ളപ്പോൾ മറ്റൊരിടത്തിൽ ആരെങ്കിലും ഇറങ്ങുമോ?

കണ്ടക്ടറുടെ സീറ്റുണ്ടായിരുന്നു. ‘‘ടിക്കറ്റ് കൊടുത്തു കഴിയുന്നതു വരെ അവിടെയിരുന്നോളൂ’’ എന്ന അയാളുടെ ക്ഷണം പക്ഷേ, ചെറുപ്പക്കാരൻ ഒരു പുഞ്ചിരി കൊണ്ടു നിരസിച്ചു. പുറപ്പെട്ട് അൽപം കഴിഞ്ഞപ്പോൾ വശ്യമായ ഒരു ഗാനം വണ്ടിയിൽ മുഴങ്ങി. ആളുകൾ അതിൽ മുഴുകി. ചിലർ പുഞ്ചിരിച്ചു. ചിലർ തലകുലുക്കി. ചിലർ താളം പിടിച്ചു. മറ്റു ചിലരുടെ കണ്ണുകൾ ഈറനണിഞ്ഞു. സംഗീതം മനുഷ്യരുടെ സ്വാർത്ഥതയെ അലിയിക്കാൻ തുടങ്ങി എന്നു തോന്നുന്നു.

ഒരു വൃദ്ധൻ അൽപം ഒതുങ്ങിയിരുന്നിട്ട് പറഞ്ഞു. ‘‘ഇവിടെയിരുന്നോളൂ മോനേ. ഇനിയും ദൂരമെത്ര കിടക്കുന്നു?’’ ചെറുപ്പക്കാരൻ ഇരുന്നു. സത്യത്തിൽ അയാൾക്ക് നല്ല ക്ഷീണവും കാലുകളിൽ അലച്ചിലിന്റേതായ കഠിനവേദനയുമുണ്ടായിരുന്നു. ഒരു ഇളംതെന്നൽ വഴിയരികിലെ മുഴുവൻ പൂക്കളുടെയും സുഗന്ധം വണ്ടിക്കകത്തേക്കു കൊണ്ടുവന്നു. ചെറുപ്പക്കാരൻ സ്വപ്നങ്ങളിലേക്ക് ഉറങ്ങാൻ തുടങ്ങി.

യാത്ര തുടങ്ങുകയും തുടരുകയും ചെയ്തു. കണ്ടക്ടർ എല്ലാവർക്കും ഒരേ ടിക്കറ്റ് തന്നെ മുറിച്ചു കൊടുത്തു. ചെറുപ്പക്കാരനൊഴികെ. അയാളുടെ ഉറക്കം ഒരാൾക്കും ഉണർത്താൻ തോന്നാത്തവിധം സാന്ദ്രവും നിസ്വവുമായിരുന്നു. ‘‘പണം ഇപ്പോൾ വേണ്ട കേട്ടോ. എത്തിയിട്ട് മതി’’. കണ്ടക്ടർ യാത്രികരോട് മൃദുസ്വരത്തിൽപ്പറഞ്ഞു.

നരകം, കേവലം ഒരു സ്ഥലത്തിന്റെ മാത്രം പേരല്ല എന്ന് ഓർമിപ്പിക്കുന്ന സന്ദർഭങ്ങൾ യാത്രയിൽ ഉടനീളമുണ്ടായി. സ്വർഗവും അങ്ങനെത്തന്നെയായിരിക്കുമോ എന്ന തോന്നലിൽ യാത്രക്കാർ ചെറുതായി  ഞെട്ടി.

പലതവണ ടയർ പഞ്ചറായി. ഡ്രൈവറും കണ്ടക്ടറും അവരുടെ സ്ഥായീഭാവമായ പ്രസന്നത ഒട്ടും കളയാതെ, ചില യാത്രക്കാരുടെ സഹായത്തോടെ അപ്പോഴൊക്കെ അതു ശരിയാക്കി. മോശം റോഡുകളിൽ വണ്ടി, എല്ലുകൾ സന്ധികളിൽ നിന്ന് വേർപെടും വിധം കുലുങ്ങി. പക്ഷേ, തൊട്ടടുത്ത നിമിഷം ഒരു മെച്ചപ്പെട്ട റോഡ് വന്നു. പൊടിക്കാറ്റും മരുക്കാഴ്ചകളും കഴിഞ്ഞപ്പോൾ ഇളം തെന്നലും പച്ചപ്പുൽമേടുകളും വന്നു. പേമാരിയും ചുഴലിയും പിന്നിട്ടപ്പോൾ സൂര്യനും ജനപദങ്ങളുടെ വെളിച്ചവും പ്രത്യക്ഷമായി. ഒരു ക്രമവുമില്ലാതെ അവ ആവർത്തിച്ചു.

മുഷിച്ചിലൊട്ടുമില്ലാതെ ഡ്രൈവർ വണ്ടിയോടിച്ചു. ഒട്ടുമുറങ്ങാതെ കണ്ടക്ടർ പുറംകാഴ്ചകളിൽ കണ്ണും നട്ടിരുന്നു. ചെറുപ്പക്കാരൻ ഉണർന്നു. സ്വർഗത്തേക്കാൾ മനോഹരമായ ഒരു സ്വപ്നത്തിൽ നിന്ന് പെട്ടെന്ന് ഞെട്ടിയുണർന്നതിനാൽ തുടർന്നുള്ള യാത്ര അയാൾക്ക് വിരസമായിത്തോന്നി.

അയാൾ നോക്കുമ്പോൾ മിക്ക യാത്രികരും ദീർഘദൂര യാത്രകളുടെ കൂടപ്പിറപ്പായ ഉറക്കത്തിലേക്ക് വീണിരുന്നു. ചെറുപ്പക്കാരൻ അവരുടെ തലകളുടെ ചലനങ്ങളും മുഖചേഷ്ടകളും നോക്കി ഇരുന്നു. ‘‘പിടിച്ചിരുന്നോളൂ കേട്ടോ. നമ്മൾ നരകം കടക്കാൻ തുടങ്ങുകയാണ്’’. കണ്ടക്ടറുടെ ശബ്ദം മുഴങ്ങി. ഉറക്കം ഞെട്ടി യാത്രക്കാർ ജാഗ്രത്തായി.

അൽപം കഴിഞ്ഞപ്പോൾ ആരോ ബെല്ലടിച്ചു. അതിശയത്തോടെ ഒന്നു തിരിഞ്ഞു നോക്കിയതിനു ശേഷം ഡ്രൈവർ വണ്ടി നിർത്തി. മുൻവാതിൽ തുറന്ന് ഒരു സ്ത്രീ ഇറങ്ങി. അതാരാണെന്നറിയാൻ ചെറുപ്പക്കാരന് കൗതുകമുണ്ടായി. നീങ്ങിത്തുടങ്ങിയ ബസ്സിൽ നിന്ന് അയാൾ എല്ലാം മറന്ന്  ചാടിയിറങ്ങി.

ഭൂമിയിലുള്ള ഏതാണ്ടെല്ലാം അവിടെയുമുണ്ടായിരുന്നു. മണ്ണ്, ജലം, ആകാശം, വായു, അഗ്നി. വൃക്ഷങ്ങൾ, പുൽച്ചെടികൾ, പുഴുക്കൾ, പക്ഷികൾ, ജന്തുക്കൾ. കാമം, ക്രോധം, ലോഭം, മോഹം, കനിവ്. പക്ഷേ, എല്ലാത്തിനും, ‌വിരൂപതയ്ക്ക് പോലും, അഭൗമമെന്ന് പറയാവുന്ന ഒരു തനിമ ഉണ്ടായിരുന്നു എന്നു മാത്രം.

മന്ദം നടക്കുന്ന അവൾക്കു പുറകിൽ ചെറുപ്പക്കാരൻ മന്ദമന്ദം നടക്കാൻ തുടങ്ങി. നടത്തം തുടരുന്തോറും അവൾ അവളെ അഴിച്ചുകൊണ്ടിരുന്നു. ആദ്യം ആഭരണങ്ങൾ. പിന്നെ പൊടിപ്പുകളും തൊങ്ങലുകളും. ഒടുവിൽ വസ്ത്രങ്ങൾ. എല്ലാം അവൾ വഴിയിൽക്കാണുന്ന ഓരോ വൃക്ഷശിഖരങ്ങളിലായി തൂക്കിയിട്ടു. അവസാനത്തെ നൂൽബന്ധവും ഉപേക്ഷിച്ചപ്പോൾ അവൾ തീർത്തും അവളായിത്തീർന്നു. സൗന്ദര്യം പൂർണവിരാമമിട്ട് നിൽക്കുന്നത് അവൻ അവളിൽ  കണ്ടു.

അപ്പോൾ ചെറുപ്പക്കാരനു തന്നോടു തന്നെ കടുത്ത അപരിചിതത്വം തോന്നി. സ്വയം അഴിച്ചു കളയാൻ അവൻ വെമ്പി. സ്ത്രീയെപ്പോലെ അനായാസമായിരുന്നില്ല അത്. എത്ര അഴിച്ചിട്ടും അഴിയാൻ കൂട്ടാക്കാത്ത എന്തൊക്കെയോ ചിലത് അവനിൽ ബലംപിടിച്ചു നിന്നു.

iruvar-malayalam-short-story-written-by-suneesh-krishnan-illustration
ചിത്രീകരണം: വിഷ്ണു വിജയൻ

അവൾ നടക്കുക തന്നെയായിരുന്നു. ഇരുന്നും ഓടിയും നൃത്തം ചെയ്തും പാടിയും കൂവി വിളിച്ചും കരഞ്ഞും ചിരിച്ചും!. അവൾ ചുരന്നപ്പോൾ ആയിരം ലില്ലിപ്പൂക്കൾ വിടർന്നു. അരയിലെ ഒരിക്കലുമുണങ്ങാത്ത മുറിവിൽ നിന്നു കിനിഞ്ഞ രക്തം ലക്ഷോപലക്ഷം നക്ഷത്രങ്ങളിൽ ചെന്നുറഞ്ഞു. ചിരിച്ചപ്പോൾ ഒരു മഴ അലസം തുടങ്ങി. അവൾ കുളിക്കാൻ ഇറങ്ങിയപ്പോൾ, അതിശയം, പുഴ തെളിഞ്ഞൊഴുകിത്തുടങ്ങി. വെയിൽ അവളെയേറ്റ് തിളങ്ങി. മുലകളിൽ രണ്ടു ശലഭങ്ങൾ വിശ്രമിച്ചു. ഒരു തുമ്പിക്കൈ അവളുടെ നാഭിയിൽ ഒന്ന് തൊട്ട് കാടിന്റെ ചിന്നം വിളികളിലേക്ക് പിൻവാങ്ങി.

കാലം, ഒരു നിമിഷം പാദത്തിലൂടെ സ്നിഗ്ദ്ധമായി ഇഴഞ്ഞു പോയപ്പോൾ ചെറുപ്പക്കാരൻ ‘അയ്യോ’ എന്ന് ഉറക്കെ നിലവിളിച്ചു. ഭൂമിയിലെയും സ്വർഗത്തിലെയും പോലെ ഇവിടുത്തെയും പ്രാഥമിക വികാരം ഭയമെന്നറിഞ്ഞ് അടുത്ത നിമിഷം അവന് നാണം തോന്നി. പുരുഷന്റെ കരച്ചിൽ കേട്ട് സ്ത്രീ തിരിഞ്ഞു നോക്കി. പെയ്യാൻ പോകുന്ന ഒരു മഴയ്ക്കു മുമ്പുള്ള മിന്നൽവെട്ടത്തിൽ അവർ പരസ്പരം കണ്ടു ഞെട്ടി.

അൽപനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അവർ ഓടിയടുത്തു. ആദ്യമായി കാണുന്നതു പോലെ അന്യോന്യം നോക്കി നിന്നു. ആപ്പിൾ മണമുള്ള ചുണ്ടുകളാൽ ഗാഢ ഗാഢം ചുംബിച്ചു. നിർവസ്ത്രതയിൽ ഒരു കണിക പോലും ലജ്ജയില്ലാതെ തമ്മിൽച്ചേർന്നു. ദൈവത്തിൽ നിന്നും ചെകുത്താനിൽ നിന്നും പാപപുണ്യങ്ങളിൽ നിന്നും ജന്മഭാരങ്ങളിൽ നിന്നും തങ്ങൾ എന്നെന്നേക്കുമായി മോചിതരായിത്തീർന്നുവെന്ന് അവർ അപ്പോൾ ഒരുമിച്ചറിഞ്ഞു. ഹോൺ മുഴക്കി, ഏതോ ലക്ഷ്യസ്ഥാനത്തേക്ക് നിർത്താതെ ചീറിപ്പാഞ്ഞു പോകുന്ന അസംഖ്യം വാഹനങ്ങളെ, അവർ ഇടയ്ക്കൊക്കെ ആ പാതയോരത്ത് നിർന്നിമേഷരായി നോക്കി നിന്നു.

∙കഥ പിറന്ന നിമിഷം

ലോക്ഡൗൺ മാമാങ്കവും അനുബന്ധ തമാശകളും കഴിഞ്ഞ് പൊതുഗതാഗതം പുനരാരംഭിച്ചപ്പോൾ ബസ്സിൽ യാത്ര ചെയ്യാനുള്ള കൊതി കൊണ്ടു മാത്രം ലീവെടുത്ത് കോഴിക്കോട് നഗരത്തിൽ വന്ന ഒരു ദിവസത്തിന്റെ ഓർമയാണ് ഇക്കഥ. 

∙സുനീഷ് കൃഷ്ണൻ

1980ൽ ജനിച്ചു. മാതാപിതാക്കൾ: ടി. തങ്കം, കെ.ടി. കൃഷ്ണൻ നായർ.

കോഴിക്കോട് മെഡിക്കൽ കോളജിലും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും വിദ്യാഭ്യാസം. ‘നിസ്സഹായരുടെ യുദ്ധങ്ങൾ’ എന്ന കഥ 2002ൽ കോളജ് വിദ്യാർഥികൾക്കുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

‘ഷോമാൻ’  എന്ന കഥാസമാഹാരം 2021ൽ മനോരമ ബുക്സ് പ്രസിദ്ധീകരിച്ചു.

ഭാര്യ: അംബിക. മക്കൾ: അദ്വൈത്, ആത്മജ്.

വിലാസം: നലം, സി.സി. യുപി സ്കൂളിന് സമീപം, ഇയ്യാട് പി.ഒ., കോഴിക്കോട് – 673574. ഫോൺ: +919947118750.

Content Summary: Kadhayarangu - Iruvar, Malayalam short story written by Suneesh Krishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA
;