പോരാടി വീണ എന്റെ സദ്ദാം ഹുസൈൻ: പ്രാർഥനകളോടെ ഡോ.ബോബൻ തോമസ് - വിഡിയോ

SHARE

മരണം ഉത്തരമാണ്. ചോദ്യങ്ങൾ വേണ്ടാത്ത, ചോദ്യങ്ങളെ അപ്രസക്തമാക്കുന്ന ഒരേയൊരു ഉത്തരം. സംശയത്തിനു സ്ഥാനമില്ല. ശരിയായതു തേടി തിരയേണ്ടതുമില്ല. ഉറപ്പുള്ള, സുനിശ്ചിതമായ, ജീവിതത്തിലെ ഏക പ്രതിഭാസം. ചിലർക്ക് ഒരു മരണമേയുള്ളൂ, ചിലർക്ക് പല മരണങ്ങളും. വിശ്വമഹാകവി വില്യം ഷേക്‌സ്പിയർ ജൂലിയർ സീസർ എന്ന ധീരന്റെ വാക്കുകളിലൂടെയാണിതു വക്തമാക്കിയത്. മരണം ഭയക്കുന്നവർ പല വട്ടം മരിക്കുന്നു, മരിച്ചു ജീവിക്കുന്നു, ഒടുവിൽ ആ യാഥാർഥ്യത്തിനു കീഴടങ്ങുന്നു. എന്നാൽ, ജീവിച്ചിരിക്കുമ്പോൾ മരണത്തെക്കുറിച്ചു ചിന്തിക്കാത്തവരുമുണ്ട്. അവർക്ക് മരണം ഒരിക്കലേയുള്ളൂ; യഥാർഥത്തിൽ മരണം വരുമ്പോൾ മാത്രം. കാൻസർ എന്ന രോഗം വിതയ്ക്കുന്ന ആശങ്കയെക്കുറിച്ചും ആ രോഗത്തെപ്പറ്റി വേണ്ട അറിവുകളെക്കുറിച്ചും പാഠങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന പുസ്തകത്തിൽ ഡോ. ബോബൻ തോമസ് തന്നെ അദ്ഭുതപ്പെടുത്തിയ ചിലരെക്കുറിച്ച് എഴുതുന്നുണ്ട്. മരണത്തിന്റെ നിമിഷത്തിലും ജീവിതത്തിന്റെ കൈ പിടിച്ച്, കൂടെയുള്ളവരിൽ ധൈര്യവും ആത്മവിശ്വാസവും നിറച്ച അപൂർവം മനുഷ്യരെക്കുറിച്ച്. അവരിൽ അറിയപ്പെടുന്നവരുണ്ട്, സാധാരണക്കാരുണ്ട്. എന്നാൽ ഓരോ അനുഭവവും സവിശേഷമാണ്. അവർ മറക്കപ്പെടേണ്ടവരല്ല. ജീവിതത്തിന്റെ പച്ചപ്പായി എന്നും പ്രചോദിപ്പിക്കുന്നവരാണ്. കുറഞ്ഞ കാലം കൊണ്ടുതന്നെ അർബുദ ചികിത്സാ മേഖലയിൽ സ്വന്തമായ മേൽവിലാസം സൃഷ്ടിച്ച ഡോ. ബോബൻ തോമസ് അവരെക്കുറിച്ചു പറയുമ്പോൾ തെളിയുന്നത് ഏതു മാരക രോഗത്തിന്റെയും ചിതയിൽനിന്ന് ഉയിർത്തെണീക്കുന്ന ഫീനിക്‌സ് പക്ഷിയെപ്പോലുള്ള വ്യക്തികളാണ്. ജീവിക്കുന്ന ഓരോ നിമിഷവും അമൂല്യമാണെന്ന് ഡോക്ടറുടെ വാക്കുകൾ ഓർമിപ്പിക്കുന്നു. മറക്കാതിരിക്കേണ്ട പാഠങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്നു. ശുഭപ്രതീക്ഷയോടെ മുന്നോട്ടു നോക്കാൻ പ്രേരിപ്പിക്കുന്നു. ഡോക്ടറുടെ വൈദഗ്ധ്യത്തേക്കാൾ, വ്യക്തികളെ ഓർമിക്കപ്പെടാൻ യോഗ്യതയുള്ളവരാക്കുന്ന അടിസ്ഥാന മൂല്യങ്ങളെക്കുറിച്ചാണ് ഈ പുസ്തകം; ജീവിതം എന്ന നിലയ്ക്കാത്ത പ്രവാഹത്തെക്കുറിച്ചും.

‘‘എന്റെ ഒരു മകൾ പോയി. ഇനി എനിക്ക് ഇവൻ മാത്രമേയുള്ളൂ. ഇവനെ എങ്ങനെയെങ്കിലും ഡോക്ടർ രക്ഷിക്കണം.’’ – 26 വയസ്സ് മാത്രമുള്ള ഒരു ചെറുപ്പക്കാരന്റെ അമ്മയുടെ വാക്കുകൾ ഇന്നും ഡോക്ടറുടെ കാതുകളിൽ മുഴങ്ങുന്നു. കൊല്ലം ജില്ലക്കാരനായിരുന്നു ആ യുവാവ്. ഒരു ആശുപത്രിയിലെ താൽക്കാലിക ജോലിക്കാരൻ. ചികിത്സയ്ക്കു വേണ്ട ലക്ഷങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും മറ്റേതെങ്കിലും ആശുപത്രിയിൽ പോകാൻ അവർ തയാറായിരുന്നില്ല. അങ്ങനെ ആ യുവാവിന്റെ ചികിത്സയും അതിനു വേണ്ടിവരുന്ന ഭാരിച്ച ചെലവ് എന്ന സങ്കീർണ പ്രശ്‌നവും ഏറ്റെടുക്കാൻ ഡോ. ബോബൻ തോമസ് തീരുമാനിച്ചു. സദ്ദാം ഹുസൈൻ എന്നയിരുന്നു അയാളുടെ പേര്. ഗൾഫിൽ ജോലി ചെയ്ത പിതാവ് ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാമിനോടുള്ള ആരാധനയിലാണ് ആ പേര് മകനിട്ടത്.

literature-channel-vayamuri-series-arbudam-arinjathinumappuram-dr-boben-thomas
ഡോ. ബോബൻ തോമസ്

ചികിത്സിച്ചാൽ ഭേദമാകുന്ന കാൻസറായിരുന്നു സദ്ദാമിനെങ്കിലും ചികിത്സയ്ക്കുള്ള ഫണ്ട് സംഘടിപ്പിക്കാൻ ഡോക്ടർക്ക് ഒട്ടേറെ കത്തിടപാടുകൾ നടത്തേണ്ടിവന്നു. അവയൊക്കെ തരണം ചെയ്‌തെങ്കിലും കീമോതെറാപ്പിക്കു ശേഷമുള്ള സങ്കീർണതകൾ യുവാവിൽ ഗുരുതരമായി. കുഴഞ്ഞു മറിഞ്ഞ സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിൽ അയാളെ ഉപേക്ഷിക്കാൻ ഡോക്ടർക്ക് കഴിയുമായിരുന്നില്ല. ചികിത്സകൾ തുടർന്നുകൊണ്ടിരുന്നു. എന്നാൽ, സ്ഥിതി സങ്കീർണമായിക്കൊണ്ടിരുന്നു. യുവാവ് ആയതുകൊണ്ടുമാത്രമല്ല, അസാധാരണമായ പോരാട്ടവീര്യമുള്ളതുകൊണ്ടു കൂടിയാണ് സദ്ദാം വേദനകളെ അതിജീവിച്ചു ചിരിച്ചത്. ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രത്യാശ പങ്കുവച്ചത്. സുഹൃത്തായും സഹോദരനായും ഡോക്ടറും കൂടെ നിന്നു. എന്നാൽ, എല്ലാ പോരാട്ടത്തെയും നിഷ്ഫലമാക്കി ഒടുവിൽ സദ്ദാം മരണത്തിനു കീഴടങ്ങി.

literature-channel-vayamuri-series-arbudam-arinjathinumappuram-dr-boben-thomas-book-release
അർബുദം: അറിഞ്ഞതിനുമപ്പുറം - പുസ്തക പ്രകാശനം

‘‘ജീവിതം കൊണ്ട് സാമ്യതകളില്ലെങ്കിലും സവിശേഷമായ പേരു കൊണ്ട് ശ്രദ്ധേയനായി, ജീവിതത്തിനും മരണത്തിനുമിടയ്ക്ക് കയറിവന്ന രോഗത്തോട് തികഞ്ഞ പോരാട്ട വീര്യത്തോടെ പ്രതിരോധം തീർത്ത് ഒടുവിൽ കീഴടങ്ങേണ്ടിവന്നു എന്റെ സദ്ദാമിന്.’’–  അവന്റെ ആത്മാവിനു വേണ്ടി പ്രാർഥിച്ചുകൊണ്ട് ഡോ. ബോബൻ തോമസ് എഴുതുന്നു; നമ്മുടെ കാലത്തെയും ജീവിതത്തെയും അനുനിമിഷം കീഴടക്കിക്കൊണ്ടിരിക്കുന്ന മഹാവ്യാധിയെക്കുറിച്ചും ശുഭപ്രതീക്ഷ എന്ന ഔഷധത്തെക്കുറിച്ചും വേദനകളുമായുള്ള പോരാട്ടത്തിന്റെ നിമിഷങ്ങളെക്കുറിച്ചും.

അർബുദം: അറിഞ്ഞതിനുമപ്പുറം 

ഡോ. ബോബൻ തോമസ്

സൈൻ ബുക്സ്

വില 200 രൂപ

വിശദവിവരങ്ങൾക്ക് വിളിക്കുക : +917736932667

Content Summary: Vayamuri, Arbudam Arinjathinumappuram book written by Dr. Boben Thomas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA
;