ADVERTISEMENT

കഴിഞ്ഞ ദിവസം മാവേലി എക്സ്പ്രസ്സിൽ ഉണ്ടായ സംഭവങ്ങളുടെ പേരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുകയാണല്ലോ. ഇത്തരം സാഹചര്യങ്ങൾ ധാരാളം നേരിട്ടനുഭവിച്ചിട്ടുള്ളതുകൊണ്ട് ചില അഭിപ്രായങ്ങൾ പറയുന്നു.

 

സമൂഹത്തിൽ ധാരാളം ക്രിമിനലുകൾ ഉണ്ട്. അതുകൊണ്ടുതന്നെ യാത്രക്കാരിലും ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ഉണ്ട്. മദ്യപാനികൾ, സ്ത്രീപീഡകർ, സ്ഥിരം കുറ്റവാളികൾ എന്നിങ്ങനെ.

 

ഒരിക്കൽ അമൃത എക്സ്പ്രസിൽ പാലക്കാട്ടുനിന്നു ജോലി ചെയ്തു വരികയായിരുന്നു. അപ്പർ ബർത്തിൽ കിടന്ന യുവതിയുടെ നേരേ ഒരുവൻ നഗ്നത കാട്ടുന്നു. മദ്യപാനിയാണ്. ഈ പെൺകുട്ടി ഭയന്ന് നിലവിളിക്കുന്നു. തൊട്ടടുത്തൊക്കെ ഇരിക്കുന്ന ആളുകൾ വലിയ പ്രതികരണത്തിനൊന്നും നിൽക്കുന്നില്ല. ഒടുവിൽ ഞാൻ പൊലീസിനെയും കൂട്ടി അവിടെ ചെല്ലുന്നു. നഗ്നനായകനോട് ഇറങ്ങാൻ പറയുന്നു. അവൻ ഇറങ്ങുന്നില്ല. ഒടുവിൽ ബലം പ്രയോഗിച്ച് ഇറക്കുന്നു. മുകളിൽ പറഞ്ഞത് പേടിച്ച പെൺകുട്ടിയുടെ കഥയാണെങ്കിൽ പേടിപ്പിച്ച പെൺകുട്ടികളുടെ വേറൊരു കഥ പറയാം.

 

ചെന്നൈ – തിരുവനന്തപുരം (12695) സൂപ്പർഫാസ്റ്റിൽ അന്നു പാലക്കാട്ടു നിന്നാണ് ഡ്യൂട്ടിക്കു കയറിയത്. വണ്ടി തൃശൂർ വിട്ടപ്പോൾ ഒരു യാത്രക്കാരൻ ഞാനിരുന്ന കോച്ചിൽ വന്നു പറഞ്ഞു: സർ, എസ്–3 യിൽ എന്തോ ബഹളം. ഉടൻ അങ്ങോട്ടു പോയി. സൈഡ് ലോവർ ബർത്തിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഒരുത്തൻ നടന്നു പോകുന്നതിനിടെ കയറിപ്പിടിച്ചു. ഞെട്ടിയുണർന്ന പെൺകുട്ടിക്ക് കാര്യം മനസ്സിലായി. ഉറങ്ങിയ പോലെ അഭിനയിച്ചു കിടന്നു. കക്ഷി തിരികെ വന്നു. നാലുപാടും നോക്കി. ഒന്നുകൂടെ പിടിച്ചു. അത്രയേ അവന് ഓർമയുള്ളു. കട്ട ചെരുപ്പ് കൊണ്ടുള്ള അടി മൂക്കിനു കിട്ടി. നിമിഷങ്ങൾക്കകം പെൺകുട്ടിയും കൂട്ടുകാരികളും കൂടി അവനെ പഞ്ഞിക്കിട്ടു നിലത്തു കിടത്തി. പൊലീസുമായി ചെന്നപ്പോൾ പെൺകുട്ടി ഒരാവശ്യം പറഞ്ഞു. ‘‘സർ, അവനുടെ ചട്ടയെ കിഴിച്ചിടുങ്കേ’’.

‘‘എതുക്ക്?’’ ഞാൻ ചോദിച്ചു.

‘‘അവന്റെ അതുവെ ഒടച്ച് പോടലാം.’’

പീഡകൻ കൈ പൊത്തി നിലത്തു കിടന്ന് ദയനീയമായി നോക്കി.

assault-case-in-maveli-express

അവനെ എറണാകുളം നോർത്ത് സ്റ്റേഷനിൽ ഇറക്കി പൊലീസിനു കൈമാറി. കേസെടുത്തു.

തമിഴ്പുള്ളാർ സ്ട്രോങ് ആയിരുന്നു. ഇവിടെയും ഒരു കാര്യം ശ്രദ്ധേയമാണ്. പെൺകുട്ടികൾ കട്ടയ്ക്കു നിന്നാണ് അവനു പണി കൊടുത്തത്. മാന്യൻമാരായ യാത്രക്കാർ വെറും കാണികളായി ഇരുന്നേയുള്ളൂ.

 

അങ്ങനെയായിരുന്നില്ല, ഇന്റർസിറ്റിയിലെ പെൺകുട്ടിയും യാത്രക്കാരും.

നല്ല തിരക്കുള്ള ട്രെയിനാണ് തിരുവനന്തപുരം – ഗുരുവായൂർ ഇന്റർസിറ്റി. സർക്കാർ ജീവനക്കാരും സെക്രട്ടേറിയറ്റുകാരും അസംഖ്യം അധ്യാപകരും വിദ്യാർഥികളും സ്ഥിരം യാത്രക്കാരായി ഉള്ള വണ്ടി.

 

വണ്ടി കായംകുളം കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി ഏഴെട്ട് കോച്ച് നടന്ന് ടി.ടിയെ അന്വഷിച്ച് വന്നു. ഞാൻ സി - 1 കോച്ചിൽ ഉണ്ടായിരുന്നു. ‘‘സാർ, ഒരുത്തൻ അടുത്തിരുന്ന് ഉപദ്രവിക്കുന്നു.’’ ഞാൻ ആ പെൺകുട്ടിയുടെ മുഖത്ത് നോക്കി. ആകെ പരിഭ്രമിച്ച് ഭയന്നു ചുവന്നിരിക്കുകയാണ്. ഞാൻ ഒപ്പം നടന്നു. നല്ല തിരക്കുള്ള കോച്ച്. നല്ല വെളിച്ചം. ഇതിനിടയിൽ ഇരുന്നാണ് ഒരുത്തൻ ഞരമ്പ് പുറത്തെടുത്തത്. ‘‘ഇത്രയും സംഭവിച്ചിട്ടും എന്താണ് തൊട്ടടുത്തിരുന്ന മനുഷ്യരോടൊന്നും പറയാത്തത്?’’. ‘‘ഇതെന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് സാർ. എന്ത് ചെയ്യണം എന്ന് എനിക്കറിഞ്ഞുകൂടായിരുന്നു’’. ആ കുട്ടി ദയനീയമായി പറഞ്ഞു. കൺട്രോൾ റൂമിലും പൊലീസിലും അറിയിച്ചു. ആലപ്പുഴയിൽ ഇവനെ ഇറക്കും. ഈ കുട്ടിക്ക് കേസിലും കോടതിയിലും ഒന്നും ഒരു താൽപര്യവുമില്ല. മനസ്സിൽ ഒരു ഭാരം.

 

അടുത്തിരുന്ന യാത്രക്കാർ ക്ഷുഭിതരാണ്. ഒന്നുരണ്ടു പേർ അവനെ കൈവച്ചു. അത് പോരല്ലോ. ഞാൻ പെൺകുട്ടിയോടു ചോദിച്ചു: ‘‘അവന്റെ ചെള്ള നോക്കി ഒന്നു കൊടുത്തൂടായിരുന്നോ?’’

‘‘പറ്റിയില്ല സാർ’’

‘‘അവൻ പോയിട്ടില്ലല്ലോ’’

 

എവിടുന്നോ കിട്ടിയ അപാരമായ ധൈര്യം സംഭരിച്ച് പെൺകുട്ടി കൈയുയർത്തി അവന്റെ കവാലം നോക്കി അടിച്ചു. അത്യപാരമായ തൃപ്തിയോടെ എന്നെ നോക്കി. നീതി, ന്യായം, നിയമം തുടങ്ങിയ ആധുനിക സംജ്ഞകൾ ആധുനിക മനുഷ്യർക്കു വേണ്ടിയാണ്. പ്രാകൃതർക്ക് പ്രാകൃത നിയമം തന്നെ മതിയാവും എന്ന് എന്റെയുള്ളിലെ സഹോദരൻ ന്യായം കണ്ടെത്തി. ഇത്തരം സാഹചര്യത്തിൽ പൊലീസ് എന്താണു ചെയ്യേണ്ടത്? ക്രിമിനലുകളുമായി നേരിട്ട് ഇടപെടുന്നതും ചാനലിൽ കാണുന്നതും തമ്മിൽ വ്യത്യാസമുണ്ട്. മിക്കപ്പോഴും ബലം തന്നെ പ്രയോഗിക്കേണ്ടി വരും.

 

‘അടി ചെയ്യണ ഒതവി, അണ്ണൻ തമ്പീം ചെയ്യൂല’ എന്ന ചൊല്ല് ഞങ്ങളുടെ നാട്ടിൽ ഉണ്ട്.

 

മാവേലി എക്സ്പ്രസിൽ പരാതി നൽകിയ പെൺകുട്ടിയുടെയും ടി.ടി.യുടെയും ഭാഗം ഒളിപ്പിച്ചു വച്ചാണ് ആദ്യ വാർത്ത വന്നത്. അവസാന വാർത്തകളിൽ ആ മർദ്ദനമേറ്റയാൾ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും അറിയുന്നു. അയാളെ പൊലീസുകാരൻ ചവിട്ടിയത് ന്യായീകരിക്കുകയാണോ എന്ന ചോദ്യത്തിന് അല്ല എന്നാണ് മറുപടി. എന്നാൽ, ഇതും കൂടി കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു. നമ്മുടേത് ഉയർന്ന സിവിക് ബോധം നിലനിൽക്കുന്ന ഒരു സമൂഹമല്ല. നമ്മൾ ക്രിമിനലുകൾക്ക് മനുഷ്യാവകാശം നൽകാൻ തയാറായേക്കും. എന്നാൽ ക്രിമിനലുകൾ അത് തിരികെ തരില്ല. അവന് കുറ്റകൃത്യം ആവർത്തിക്കാൻ സൗമ്യമായ സമീപനങ്ങൾ പ്രേരണ നൽകും എന്നത് ഉറപ്പാണ്.

 

ആരും ആരെയും മർദ്ദിക്കാൻ പാടില്ല. എന്നാൽ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അതിക്രമം കാട്ടുന്ന ഒരു ദ്രോഹിയെ മർദ്ദിക്കേണ്ടി വന്നാൽ, അതൊരു കുറ്റമായി കരുതാനാവില്ല. ഇത്തരം സാഹചര്യങ്ങളിൽ ഇടപെട്ട് അയയിലിട്ട കോണാൻ പോലെ നിൽക്കുന്ന പൊലീസുകാരെ കണ്ടിട്ടുണ്ട്. പല അനുഭവങ്ങളാണ് അവരെ അങ്ങനെ ആക്കിയിട്ടുണ്ടാവുക. അതുകൊണ്ട്, ആ പൊലീസുകാരനൊപ്പമാണ് അനുഭവം കൊണ്ട് ഞാൻ ഐക്യപ്പെടുന്നത്; ചവിട്ട് ന്യായീകരിക്കാതെ തന്നെ.

 

(റെയിൽവേയിൽ ടിടിഇ ആണ് എഴുത്തുകാരൻ കൂടിയായ ലേഖകൻ)

 

Content Summary: Writer V Shinilal, who is a TTE, on the assault case in Maveli Express

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com