അത് കൊലപാതകമോ അനുകരണമോ? 200 വർഷത്തിന് ശേഷം കുറ്റപത്രം വീണ്ടും തുറക്കുമ്പോൾ

fyodor-dostoevsky-
ദസ്തയേവ്​സ്കി
SHARE

ആത്മഹത്യയ്‌ക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ പായുകയല്ലായിരുന്നു അയാൾ. രണ്ടു കൊലപാതകങ്ങൾക്കിടയിൽ ജീവിക്കുകയായിരുന്നു. ഒന്നിൽ നിന്ന് പ്രചോദനം നേടി. ഒന്നിന് പ്രേരണയായി.  വിശുദ്ധൻ എന്ന് അവകാശപ്പെട്ടില്ല. പാപി എന്ന് കുമ്പസാരിച്ചു. എന്നിട്ടും തലമുറകൾ, നൂറ്റാണ്ടുകൾ പുണ്യം ചൊരിഞ്ഞു ദസ്തയേവ്സ്കി എന്ന എഴുത്തുകാരനിൽ. ‘നല്ലവനായ കൊലപാതകി’യുടെ മനസ്സിനെ ആവിഷ്‌കരിച്ച കുറ്റവും ശിക്ഷയും എന്ന നോവലിനെയും ഏറ്റെടുത്തു. ഇന്നും ഏറ്റവും മികച്ച മനഃശാസ്ത്ര നോവൽ എന്ന വിശേഷണം ഈ കൃതിക്കാണ്. നോവലിനു പ്രേരണയായത് ഭാവനയും എഴുത്തുകാരന്റെ അനുഭവങ്ങളുമാണെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. എന്നാൽ  യഥാർഥ സംഭവങ്ങൾ ദസ്തയേവ്​സ്കിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കെവിൻ ബിർമ്മിങാം എന്ന ഗവേഷകന്റെ കണ്ടെത്തൽ. പാപിയും വിശുദ്ധനും (the sinner and the saint) എന്ന പുതിയ പുസ്തകത്തിൽ അദ്ദേഹം ഗവേഷണ ഫലങ്ങൾ അവതരിപ്പിക്കുന്നു. പ്രബന്ധം എന്ന നിലയിലല്ല, ദസ്തയേവ്സ്കിയുടെ  നോവൽ പോലെ തന്നെ വായിക്കാവുന്ന കൃതി. ആകാംക്ഷയും ഉദ്വേഗവും നിലനിർത്തുന്ന ഉഗ്രൻ ക്ലൈമാക്സ്‌ ഉള്ള പുസ്തകം. രണ്ടു നൂറ്റാണ്ടു മുൻപു ജനിച്ചു ജീവിച്ച എഴുത്തുകാരന്റെ മനസ്സും ചിന്തകളും കണ്ടെത്തി, അദ്ദേഹത്തെ മഥിച്ച സമസ്യകൾ കണ്ടെത്താനുള്ള ശ്രമം. സാഹിത്യലോകം ഏറ്റെടുത്തുകഴിഞ്ഞു പാപിയും വിശുദ്ധനും എന്ന പുസ്തകം.

1830 കളിൽ റഷ്യയിലെ പ്രധാന ചർച്ചാവിഷയമായിരുന്നു പിയറി ഫ്രാൻകോസ് ലാസനൈർ എന്ന യുവാവിന്റെ ജീവിതം. പഠനത്തിൽ സമർഥനായ വിദ്യാർഥി. സ്നേഹവും കാരുണ്യവും അലിവും അയാളുടെ മുഖമുദ്രയായിരുന്നു. എന്നിട്ടും യാദൃഛികമായി കൊലക്കേസിൽ പ്രതിയായി. അറസ്റ്റ് ചെയ്യപ്പെട്ട ലാസനൈറിന്റെ വിചാരണയുടെ വാർത്തകൾ ഉദ്വേഗത്തോടെയാണ് വായിക്കപ്പെട്ടത്. നിയമത്തിന്റെ മുന്നിൽ ലാസനൈർ കുറ്റക്കാരനാണ്. എന്നിട്ടും, അയാളോടുള്ള സ്നേഹവും കരുതലും പലരും തുറന്നുപ്രകടിപ്പിച്ചു.

ദസ്തയെവിസ്കിയും ലാസനൈറിനെ ശ്രദ്ധിച്ചിരുന്നു. അയാളെ കോടതിയിൽ ഹാജരാക്കി നടത്തിയ സാക്ഷി വിസ്താരമുൾപ്പെടെ. തന്റെ മനസ്സിനെ ആസ്വസ്ഥമാക്കിയ ആശയങ്ങളുട പ്രതിരൂപമായി അദ്ദേഹം ലാസനൈറിനെ കണ്ടു. റാസ്ക്കൾനിക്കവ് എന്ന കഥാപാത്രം രൂപപ്പെട്ടു; കുറ്റവും ശിക്ഷയും എന്ന നോവലും. നോവലിന്റെ ആദ്യ അധ്യായങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ വലിയ ചർച്ചകളുമുണ്ടായി. ഞെട്ടലോടെ തുടർ അധ്യായങ്ങൾക്കു വേണ്ടി ജനം കാത്തിരുന്നു. അടിമുടി വീശിയടിക്കുന്ന ചുഴലിക്കാറ്റ് പോലെയായിരുന്നു നോവൽ. റാസ്ക്കൾനിക്കവിന്റെ കുറ്റത്തിനും പശ്ചാത്താപത്തിനും ഇടയിലൂടെയുള്ള ജീവിതവും സോണിയയുമായുള്ള പ്രണയവും സൈബീരിയൻ ഏകാന്തത്തടവുമെല്ലാം. അതിനു മുമ്പോ ശേഷമോ മറ്റൊരു നോവലും കുറ്റവും ശിക്ഷയും പോലെ സമൂഹത്തെ സ്വാധീനിച്ചിട്ടില്ല. പലർക്കും ഉൾക്കിടിലങ്ങൾ  നിയന്ത്രിക്കാനായില്ല. റാസ്കൾനിക്കവ് വേട്ടയാടുന്നതായി തുറന്നുസമ്മതിച്ചു പലരും. അധികം വൈകാതെ നോവലിൽ വിവരിക്കുന്ന രീതിയിൽ ഒരു കൊലപാതകവും നടന്നു. 1866 ജനുവരിയിൽ ഡാനിലോവ് എന്ന നിയമ വിദ്യാർഥിയാണ് റാസ്കൾനിക്കവിനെ അനുകരിച്ചത്. എഴുത്തുകാരൻ പോലും പ്രതീക്ഷിക്കാത്ത ആന്റി ക്ലൈമാക്സ്‌. 

കൊലക്കേസിൽ പിടിയിലായെങ്കിലും സാധാരണ കുറ്റവാളികളുടെ മട്ടും മാതിരിയും ആയിരുന്നില്ല ലാസനൈറിന്. അയാൾ നന്നായി വസ്ത്രം ധരിച്ചിരുന്നു. വിദ്യാഭ്യാസം നേടിയ വ്യക്തിയായിരുന്നു. കവിതകൾ എഴുതിയിട്ടുമുണ്ട്. കാത്തിരുന്ന കഥാപാത്രത്തെയാണ് എഴുത്തുകാരനു ലഭിച്ചത്. എന്നാൽ ലാസനൈർ അല്ല റാസ്കൾനിക്കവ്. മാതൃക പോലുമല്ലെന്ന് ബിർമിങ്ങാം ഉറപ്പിച്ചു പറയുന്നു. കഥാപാത്ര സൃഷ്ടിക്ക് അയാൾ കാരണമായിട്ടുണ്ടെന്നു മാത്രം. ജീവനുള്ള വ്യക്തിയേക്കാളും ജീവൻ തുടിക്കുന്ന കഥാപാത്രം. ലാസനൈർ ഒരിക്കലും പശ്ചാത്തപിച്ചില്ല. റാസ്കൽനിക്കവ് പശ്ചാത്തപിക്കാത്ത ഒരു നിമിഷം പോലും ഉണ്ടായിട്ടുമില്ല. അത് തന്നെയാണ് അവർ ഒന്നല്ലെന്നു പറയാനുള്ള പ്രധാന കാരണവും.        

the-sinner-and-the-saint

അക്രമത്തിലൂടെയായാലും അസമത്വവും അനീതിയും ഇല്ലാതാക്കണം എന്നുറപ്പിച്ച 19–ാം നൂറ്റാണ്ടിലെ റഷ്യൻ സമൂഹത്തിന്റെ പ്രതിനിധിയായി റാസ്കൾനിക്കവ്. ശരിയായ ലക്ഷ്യത്തിലേക്കുള്ള തെറ്റായ പാത. വിപ്ലവം ആഹ്വാനം ചെയ്ത പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച അതേ ആശയം. യൂറോപ്പിനെ ആവേശിച്ച കമ്മ്യൂണിസം എന്ന ഭൂതത്തിന്റെ ബാധ റാസ്ക്കൾനിക്കവ് എന്ന കഥാപാത്രത്തിലുണ്ട്. കൊലപ്പെടുത്തിയ സ്ത്രീയുടെ കഴുത്തിൽ കിടന്ന കുരിശ് വർഷങ്ങളോളം റാസ്ക്കൾനിക്കവിനെ വേട്ടയാടുന്നുണ്ട്. അവർ ഉപയോഗിച്ച ബൈബിളും. പാപം കുമ്പസാരത്തിലേക്കാണ് അയാളെ നയിക്കുന്നത്. വിപ്ലവനേതാക്കളുടെ പ്രതിമകൾ പോലും തകർത്ത്, പള്ളിയിൽ പോകുന്നത് ശീലമാക്കിയ ആധുനിക റഷ്യൻ സമൂഹത്തെ 200 വർഷത്തിനു മുന്നേ മുൻകൂട്ടി കാണുകയായിരുന്നു ദസ്തയേവസ്കി.

പിടിക്കപ്പെട്ടില്ലെങ്കിൽപ്പോലും കുറ്റം മറച്ചുവച്ച് സന്തോഷത്തോടെ ജീവിക്കാൻ റാസ്കൾനിക്കവിനു കഴിയുമായിരുന്നില്ല. അയാൾ എല്ലാം തുറന്നുപറയുമായിരുന്നു. സോണിയ അതിന് നിമിത്തമായി എന്നു മാത്രം. കോടതിമുറിയായിരുന്നു അയാളുടെ മനസ്സ്. സ്വയം വിചാരണ ചെയ്താണ്  ഓരോ നിമിഷവം ജീവിച്ചത്.ദസ്തയേവ്സ്കിയും. ഒരർഥത്തിൽ എല്ലാ മനുഷ്യരും. സ്വയം ഒരു വിശുദ്ധനായിരുന്നില്ല ദസ്തയേവസ്കി. ചൂതുകളിച്ച് കയ്യിലുള്ള പണം മുഴുവൻ നഷ്ടപ്പെടുത്തി ഭക്ഷണം കഴിക്കാൻ പോലും വകയില്ലാത്ത സാഹചര്യത്തിൽ എത്തിയിട്ടുണ്ട് അദ്ദേഹം. സുഹൃത്തുക്കൾക്കും കാമുകിമാർക്കും പോലും കത്തെഴുതി; കഴിയുന്നത്ര പണം അയച്ചുതന്ന് രക്ഷപ്പെടുത്തണം എന്നഭ്യർഥിച്ച്. ആദ്യഭാര്യയും മൂത്ത സഹോദരനും അടുത്തടുത്തു മരിച്ചു. സഹോദരനുമായി ചേർന്നു നടത്തിയ മാസിക നിന്നുപോയി. കടക്കെണിയിലുമായി. ഏതു നിമിഷവും അറസ്റ്റിലാകും എന്നതായിരന്നു അന്നത്തെ എഴുത്തുകാരന്റെ അവസ്ഥ. ആരും തകർന്നുപോകുന്ന ഇത്തരമൊരു സാഹചര്യത്തെ നേരിട്ടുകൊണ്ടാണ് അദ്ദേഹം റാസ്കൾനിക്കവിനെ സൃഷ്ടിക്കുന്നത്. ലോകത്തിനു മുഴുവൻ നൻമ വരാൻ ആഗ്രഹിക്കുകയും കോടാലി കയ്യിലെടുത്ത് സ്വന്തം നാശത്തിനു വഴി തുറക്കുകയും ചെയ്ത കഥാപാത്രത്തെ. 

ഇന്നും അയാളെ വായിക്കുമ്പോൾ മനസ്സ് മരവിച്ചിട്ടില്ലാത്തവരുടെ ഉള്ളിലൂടെ മിന്നൽപ്പിണറുകൾ കടന്നുപോകും. ശരീരം വിറയ്ക്കും. ഹൃദയമിടിപ്പ് കൂടും. മനസ്സ് കോപതാപങ്ങളുടെ ചാവുപുരയാകും. കുറ്റവും ശിക്ഷയും എഴുതുന്ന കാലത്തെ ദസ്തയെവിസ്കിയുടെ നോട്ട്ബുക്കിൽ നിന്നുള്ള വിവരങ്ങൾ ബെർമിങ്ങാം കണ്ടെത്തി. സംഭാഷണങ്ങൾ എഴുതിയതും വെട്ടിമാറ്റിയതും വീണ്ടും എഴുതിയതും. അന്നത്തെ സംഘർഷങ്ങളുടെ ഓരോ നിമിഷത്തെയും പുനസൃഷ്ടിക്കുകയാണ് അദ്ദേഹം. ആ വാക്കുകളിലൂടെ കടന്നുപോകുമ്പോൾ റാസ്കൽനിക്കവിന്റെ ജീവിതം വീണ്ടും ജീവിക്കുന്നപോലെ. അതേ കുറ്റബോധത്തിന്റെ ഉമിത്തീയിൽ ഉരുകുന്നപോലെ. 

കുറ്റവും ശിക്ഷയും എഴുതുന്നതിനു 15 വർഷം മുൻപ് വധശിക്ഷയിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടിരുന്നു ദസ്തയേവ്സ്കി. ശിക്ഷ എന്നതേക്കാൾ മാനസികമായി തകർക്കുന്ന ക്രൂരത. അവസാന നിമിഷം പ്രതിയുടെ നെഞ്ചിലേക്കു ചൂണ്ടിയ തോക്കിൽ നിന്ന് മറ്റെവിടേക്കെങ്കിലും വെടിവയ്ക്കുക. പലരും വെടിയൊച്ച കേട്ടു മരിച്ചുവീഴും. ചിലർ മാനസിക അസ്വാസ്ഥ്യത്തിന്റെ ഇരകളായി ജീവിതം മുഴുവൻ അലയും. മറ്റു ചിലർ ജീവിതത്തിനും മരണത്തിനും മധ്യേയുള്ള നൂലപ്പാലത്തിലൂടെ ഇടറി നീങ്ങും; ദസ്തയേവ്സ്കിയെപ്പോലെ. സൈബീരിയയിലേക്ക് എഴുത്തുകാരനെ നാടുകടത്തിയിരുന്നു. കടുത്ത തണുപ്പിലായിരുന്നു അദ്ദേഹത്തിന്റെ ഏകാന്തയാത്ര. സ്വന്തന്ത്ര ചിന്താഗതിക്കാരായ ചെറുപ്പക്കാർക്കൊപ്പം കൂടി എന്നതായിരുന്നു കുറ്റം. അവരുടെ കൂട്ടായ്മ അന്നത്തെ റഷ്യൻ ഭരണാധികാരിയെ വിമർശിച്ചു.വിപ്ലവ ഗൂഡാലോചന നടത്തി. 10 വർഷം സൈബരിയയിൽ ശിക്ഷ അനുഭവിച്ചതിനു ശേഷമാണ് ദസ്തയേവ്സ്കി സെന്റ് പീറ്റേഴ്സ്ബർഗിൽ തിരിച്ചെത്തുന്നത്. എഴുതി ജീവിക്കും എന്ന ആത്മവിശ്വാസവുമായി. അപ്പോഴാണു ലാസനെറിന്റെ വിചാരണ നടക്കുന്നതും

അദ്ദേഹം കുറ്റവും ശിക്ഷയും എഴുതിത്തുടങ്ങുന്നതും. പാപിയും വിശുദ്ധനും ഒരുമിച്ചുപാർത്ത ഒളിയിടങ്ങൾ അക്ഷരങ്ങളിലൂടെ പുറത്തെത്തി. കാമവും പ്രണയവും കെട്ടുപിണഞ്ഞു. നിഷ്കളങ്കതയും കണ്ണില്ലാത്ത ക്രൂരതയും മുഖാമുഖം നിന്നു. മറ്റൊരു പുസ്തകവും സാഹിത്യ ചരിത്രത്തിൽ ഇത്രയേറെ വികാര വിക്ഷോഭങ്ങൾ ഒരാളിലും ഉണർത്തിക്കാണില്ല.

പാപിയും വിശുദ്ധനും എന്ന പുസ്തകം സൃഷ്ടിക്കുന്ന അരങ്ങിൽ ലോകം വീണ്ടും വായിക്കുകയാണ് കുറ്റവും ശിക്ഷയും എന്ന നോവൽ. ദസ്തയേവ്സികിയുടെ മനസ്സും. അതേ, അയാൾ പാപിയാണ്. ദുർമാർഗത്തിൽ ചരിക്കുന്നവനാണ്. കൊലപാതകിയാണ്. എന്നാൽ കുരിശിന്റെ ഓർമയിൽ നൊന്തുപിടയുന്നൻ. സ്വന്തം കുരിശു സ്വയം നിർമിക്കാൻ വിധിക്കപ്പെട്ട, അതിൽ പിടയാൻ നിയോഗിക്കപ്പെട്ട പാവം പാവം ബലിമൃഗം. 

Content Summary: The Sinner and the Saint: Dostoevsky and the Gentleman Murderer Who Inspired a Masterpiece by Kevin Birmingham

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA
;