ADVERTISEMENT

അലമറിഞ്ഞു കിടക്കുന്ന കേരളത്തിന്റെ കടലോരങ്ങൾ നിശ്ശബ്ദമല്ല; അവ സംസാരിച്ചു കൊണ്ടേയിരിക്കുന്നു. അതിന് കടപ്പുറങ്ങൾക്ക് സ്വന്തം ഭാഷയുണ്ട്. പുറം ലോകം കൊണ്ടു വന്നിട്ടേച്ചു പോകുന്ന ശബ്ദകോലാഹലങ്ങൾക്കിടെ കടപ്പുറം ഒച്ച കുറച്ച് സംസാരിക്കുന്നത് സ്വന്തം ഭാഷയിലാണ്. വിനിമയ ഭാഷയുടെ ചൂരടിക്കുമ്പോഴും കടപ്പുറത്തിന്റെ മലയാളം വാമൊഴിയായി തലമുറകൾ താണ്ടിയെത്തുന്നു. എല്ലാ കടപ്പുറങ്ങൾക്കുമുണ്ട് സ്വന്തം ഭാഷ.  തൊഴിലുമായും കടലിനോട് ഇഴുകിച്ചേർന്ന ജീവിത രീതിയുമായും ബന്ധപ്പെട്ട് തനിമയുള്ള ധാരാളം പദങ്ങൾ കടലോരത്തിന്റെ വാമൊഴിയിലുണ്ട്. 

 

കടപ്പുറങ്ങളുടെ ഭാഷാപരമായ ചെറുത്തു നിൽപ് പുറം ലോകമറിയുന്നത് ചില ചെറുപ്പക്കാരുടെ ഒറ്റപ്പെട്ട പരിശ്രമങ്ങളിലൂടെയാണ്. കവിതയായും കടപ്പുറ ഭാഷയുടെ നിഘണ്ടുക്കളായുമൊക്കെ ആ ശ്രമങ്ങൾ പുറം ലോകത്തെത്തിയതോടെയാണ് ആദിവാസി ഭാഷ പോലെയും ദലിത് ജീവിതങ്ങളുടെ വാമൊഴി പോലെയും കടപ്പുറത്തിന്റെ  ഭാഷയും പുറം ലോകത്തെത്തിയത്. 

 

ആ ശ്രമങ്ങളുടെ  തുടർച്ചയാണ് ‘ലായി ലായി കുസീന’ എന്ന പുസ്തകവും. കൊല്ലം തങ്കശ്ശേരി സ്വദേശിയും പ്രവാസിയുമായ ജെർസൻ സെബാസ്റ്റ്യൻ ആണ് ലായി ലായി കുസീന എന്ന കവിതാ പുസ്തകത്തിന്റെ രചയിതാവ്. മുഖ്യധാരയുടെ അവഗണനയേറ്റ് തീരത്തിന്റെ മണലോരങ്ങളിൽ മാത്രം അരികുവൽക്കരിക്കപ്പെട്ടു പോയ തീരദേശ ജീവിതങ്ങളുടെ കാഴ്ചയാണ്  ഈ കവിതാ പുസ്തകം. 

 

കടലോരത്തു വിനിമയം ചെയ്യപ്പെടുന്ന ഭാഷയിൽ ജെർസൻ എഴുതിയ മുപ്പത്തഞ്ചോളം കവിതകളും മുതിർന്നവരുടെ വായ്മൊഴികളിൽ മാത്രം ഒളിച്ചുവസിച്ചിരുന്ന ഏതാനും പഴംപാട്ടുകൾ ജെർസൻ കണ്ടെടുത്തതും ചേർത്താണ് ലായി ലായി കുസീന എന്ന സമാഹാരം. കടലിന്റേതു മാത്രമായ കഥകളും ചൊല്ലുകളും മൊഴികളും വായ്ത്താരികളും കടൽപ്പാട്ടുകളുമാണ് ഈ പുസ്തകം നിറയെ. പോർച്ചുഗീസ് പദമാണ് ‘ലായി ലായി കുസീന’. അർഥം ‘അവിടെയാണ് അവിടെയാണ് അടുക്കള’. ലായി ലായി കുസീന കൊപ്ര കൊപ്ര കുസീന എന്നു തുടങ്ങുന്ന കടലോരത്തെ നാടൻ വായ്ത്താരിയിൽ നിന്നാണ് ജെർസൻ തന്റെ കവിതാ പുസ്തകത്തിനു പേരിട്ടത്. കൊല്ലം ജില്ലയിലെ തീരദേശത്തെ വിനിമയ ഭാഷയിൽ ക്രിസ്തീയ ആരാധനാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് ഇന്നും നിലനിൽക്കുന്നുണ്ട് ഒട്ടേറെ പോർച്ചുഗീസ് പദങ്ങൾ. 

 

താരദേശത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും അരികുവൽക്കരിക്കപ്പെടുന്നതിന്റെ അമർഷവും ചെറുത്തു നിൽപിനുള്ള ശ്രമങ്ങളുമൊക്കെ ഈ കവിതകളുടെ ആഴത്തിൽ നിന്നു വായിച്ചെടുക്കാം. തന്റെ പരിസരത്തെ ഭംഗിയായി ഉപയോഗിച്ചു കൊണ്ട് വേറിട്ട സ്വരം കേൾപ്പിക്കുന്ന പുതുതലമുറക്കവികളിൽ ശ്രദ്ധേയ സ്ഥാനം അധികം വൈകാതെ ജെർസൻ സെബാസ്റ്റ്യൻ നേടിയെടുക്കുമെന്നതിന് ഈ സമാഹാരത്തിലെ കവിതകളാണ് തെളിവുകൾ.  പ്രാദേശിക ഭാഷാ ഭേദങ്ങളുടെ വീണ്ടെടുക്കലുകളുടെ ചരിത്രത്തിലേക്ക് ചേർത്തു വയ്ക്കാവുന്ന ഒരു പരിശ്രമം കൂടിയാണ് ഈ പുസ്തകം. കടലോര ഭാഷസംബന്ധിച്ച് ഗവേഷണം നടത്തുന്നവർക്കും ഭാഷാ പഠിതാക്കൾക്കും മാത്രമല്ല കവിതാസ്വാദകർക്കും ധൈര്യമായി ചെന്നെടുക്കാവുന്ന പുസ്തകമാണ് ലായി ലായി കുസീന.

 

ബഹ്റൈനിൽ ജോലി ചെയ്യുന്ന ആപ്പിൾ തങ്കശ്ശേരിയുടെ തീരമറിഞ്ഞുള്ള രേഖാചിത്രങ്ങളും പുസ്തകത്തെ സമ്പന്നമാക്കുന്നു. ഡോ. ലിസ്ബ യേശുദാസിന്റേതാണ് അവതാരിക. പുസ്തകം പുറത്തിറക്കിയത് ലിപി പബ്ലിക്കേഷൻസ്. 

 

ജെർസൻ സെബാസ്റ്റ്യന്റെ രണ്ടാമത്തെ പുസ്തകമാണ് ലായി  ലായി കുസീന. കൊല്ലം ജില്ലയിലെ തങ്കശ്ശേരി മുതൽ താന്നി വരെയുള്ള തീരത്തിന്റെ സംസാര ഭാഷയിലെ പദങ്ങളും പ്രയോഗങ്ങളും ഉൾപ്പെടുത്തി ജെർസൺ സെബാസ്റ്റ്യൻ സമാഹരിച്ച ‘ഞാങ്ങ നീങ്ങ’ എന്ന പുസ്തകം ഏറെ ശ്രദ്ധേയമായിരുന്നു. 

തന്റെ സ്വന്തം ഭാഷാപരിസരത്ത് നിന്നു കണ്ടെത്തിയവും പ്രചാരത്തിൽ അതത് ദേശത്തു മാത്രം ഒതുങ്ങി നിൽക്കുന്നതുമായ പദങ്ങളാണ് ജെർസൺ സമാഹരിച്ചത്. കൊല്ലം ജില്ലയുടെ തീരദേശത്ത് മാത്രമായി വിനിമയം ചെയ്യപ്പെടുന്ന പദങ്ങൾ അന്യം നിന്നു  പോകാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന തോന്നലിൽ നിന്നാണ് കടപ്പുറപ്പദങ്ങളുടെ സമാഹാരമായ നീങ്ങ ഞാങ്ങ പുറത്തിറക്കിയത്. 

 

കടലിലും വള്ളത്തിലും മീൻവിൽപന സ്ഥലങ്ങളിലും മറ്റും ഉപയോഗിക്കുന്ന ധാരാളം വാക്കുകൾ കണ്ടെത്തി ഈ പുസ്തകത്തിൽ ചേർക്കാൻ ജെർസൺ സെബാസ്റ്റ്യനു കഴിഞ്ഞിട്ടുണ്ട്. സ്വയം സൃഷ്ടിച്ചെടുത്ത ആയിരക്കണക്കിനു പദങ്ങളാൽ സമ്പന്നമാണ് നമ്മുടെ കടപ്പുറ ഭാഷയെന്ന് നാമറിയുന്നത് ഒറ്റപ്പെട്ട ഇത്തരം ചില ചെറുത്തു നിൽപുകളിലൂടെയാണ്.

 

Content Summary: Layi layi kuseena book by Jerson Antony

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com