പറന്നുപോകുന്ന ആത്മകഥയുടെ താളുകൾ

the-pianist-from-syria
SHARE

എത്ര പ്രയാസകരമായ കാലത്തും നാം സാഹിത്യവും കലയും സംഗീതവുമെല്ലാം ചർച്ച ചെയ്തുകൊണ്ടിരിക്കും. നാം അങ്ങനെയാണു ഭാവിയിലേക്കു നോക്കുന്നത്. സിറിയയിൽ ആഭ്യന്തരയുദ്ധം ശക്തമായിരുന്ന വർഷങ്ങളിൽ ദമാസ്കസിൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കു നടുവിലിരുന്നു പിയാനോ വായിക്കുന്ന പ്രായം ചെന്ന ഒരു മനുഷ്യന്റെ ഫോട്ടോ മാധ്യമങ്ങളിൽ വന്നിരുന്നു. കുടുംബാംഗങ്ങളെല്ലാം പലായനം ചെയ്തിട്ടും സംഗീത അധ്യാപകനായ ആ മനുഷ്യൻ തന്റെ ഫ്ലാറ്റിൽ പിയാനോ ക്ലാസുകളുമായി കഴിഞ്ഞുകൂടുകയായിരുന്നു. ഏഹം അഹമദിന്റെ പിയാനോ ക്ലാസുകൾ യൂട്യൂബിലും ഫെയ്സ്ബുക്കിലും പങ്കുവയ്ക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി വീണ്ടും ആക്രമണമുണ്ടായി. അങ്ങനെ പാതി തകർന്നുപോയ പാർപ്പിടത്തിനകത്തിരുന്ന് അദ്ദേഹം പിയാനോ വായിക്കുന്ന ചിത്രമാണു ലോകപ്രശസ്തമായിത്തീർന്നത്. ഒരു വാർത്താ ഏജൻസിയുടെ ഫൊട്ടോഗ്രഫറാണു അസാധാരണമായ ആ കാഴ്ച പകർത്തിയത്. പിന്നീട് ഫ്രാൻസിൽ അഭയം തേടിയ ആ മനുഷ്യൻ പറഞ്ഞ ജീവിതകഥ ഒടുവിൽ ഒരു പുസ്തകമായി ഇറങ്ങുകയുണ്ടായി. യുദ്ധകാലത്ത് സംഗീതം എന്തു ചെയ്യുന്നുവെന്ന ചോദ്യത്തിന് ഉത്തരമായിരുന്നു ആ ഗ്രന്ഥം (The Pianist from Syria : A Memoir by Aeham Ahmad)  

നാം സ്നേഹിക്കുന്നവരുടെ മാത്രമല്ല, നാം നേരിട്ട് അറിയാത്ത മനുഷ്യരുടെ സ്നേഹത്തിനുള്ള ന്യായം കൂടിയായി ആണ് മിക്കവാറും നല്ല രചനകൾ സംഭവിക്കുന്നത്. അവിടെ എഴുത്തുകാരും കലാകാന്മാരും അവരറിയാതെ തന്നെ വിശാലമായ ഒരു പദ്ധതിയുടെ ഭാഗമായിത്തീരുകയാണ്. അതായത് കലാകാരൻ സ്വന്തം ലോകത്തിനുള്ളിൽ അടച്ചിരുന്നു നിർവഹിക്കുന്ന ഒരു പ്രവൃത്തി മറ്റു മനുഷ്യരുടെ ലോകത്തു കൂടി പ്രത്യാഘാതമുണ്ടാക്കുന്നുവെന്നതാണ്, മറ്റു മനുഷ്യർക്ക് ആഹ്ലാദമോ ആശ്വാസമോ പകരുന്ന രചനകൾ നിർവഹിക്കാൻ കലാകാരനു കഴിയുന്നു. അതുകൊണ്ടാണ് കലാകാരനു ലഭിക്കുന്നതിലും വലിയ ആനന്ദം പലപ്പോഴും ആസ്വാദകനു കലാസൃഷ്ടിയിൽ നിന്ന് ലഭിക്കുന്നത്. എഴുത്തു കഴിയുന്നതോടെ എഴുത്തുകാരൻ കൃതിക്കു പുറത്താകുന്നു. പുറത്തുള്ള വായനക്കാർ കൃതിയിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. ഈ ഒരു മാറ്റത്തെ നാം കലാസ്വാദനം എന്നാണു പറയുന്നതെങ്കിലും അത് അടിസ്ഥാനപരമായി ഒരു സാംസ്കാരിക പ്രവർത്തനമാണ്. ഒരു സമൂഹം അതിന്റെ ഏറ്റവും ദുഷ്കരമായ കാലത്തിലൂടെ കടന്നുപോകുമ്പോൾ നാം തിരയാറുണ്ട്, ആ സമൂഹത്തിലെ കലാകാരന്മാരും എഴുത്തുകാരുമെല്ലാം എവിടെയാണ് എന്ന്. മനുഷ്യർക്കു ജീവിതാഭിമുഖ്യം പകരാനും മരണത്തെയും പീഡനങ്ങളെയും ധീരതയോടെ നേരിടാനും കലാസൃഷ്ടികളുടെ സാന്നിധ്യം മനുഷ്യർക്കു ബലവും ആത്മവിശ്വാസവും പകരുന്നുവെന്നതും സത്യമാണ്. 

the-kgbs-literary-archive

ദ് കെജിബിസ് ലിറ്റററി ആർക്കേവ് എന്ന പുസ്തകം രണ്ടു ദശകങ്ങളോളമായി ഞാൻ ഇടയ്ക്കിടെ എടുത്തു വായിക്കുന്ന ഒരു വിശേഷപ്പെട്ട പുസ്തകമാണ്. സോവിയറ്റ് യൂണിയൻ എന്ന യൂട്ടോപ്യൻ ഭീകരതയ്ക്കുള്ളിൽ കലയും സാഹിത്യവും എന്തു ചെയ്തു എന്നതിനു കെജിബി തന്നെ ശേഖരിച്ച തെളിവുകൾ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം അവരുടെ ആർക്കെവ്സിൽ ഏതാണ്ടു പത്തു വർഷത്തോളം തിരഞ്ഞു കണ്ടെത്തിയതാണ് അതിലെ ഉള്ളടക്കം. തടങ്കൽ പാളയങ്ങളിലേക്ക് അയയ്ക്കപ്പെട്ട എഴുത്തുകാരുടെയും കലാകാന്മാരുടെയും വിചാരണയുടെയും ചോദ്യം ചെയ്യലുകളുടെയും രേഖകൾ, എഴുത്തുകാർ അറസ്റ്റിലാകുമ്പോൾ പിടിച്ചെടുത്ത മാനുസ്ക്രിപ്റ്റുകൾ, കത്തുകൾ, പുസ്തകങ്ങൾ മുതൽ ടൈപ് റൈറ്റിങ് മെഷീനിൽ ഉപയോഗിച്ചശേഷം ഉപേക്ഷിച്ച റിബണുകൾ വരെ ശേഖരിച്ചു രേഖപ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ അവസാന ദിവസങ്ങൾ കലാകാരന്മാർ എങ്ങനെയാണ് ചെലവഴിച്ചതെന്നു കെജിബിയുടെ തന്നെ റിപ്പോർട്ടുകളിലൂടെ നാം വായിക്കുന്നു. ആ ഹിംസ നമ്മെ ഭയപ്പെടുത്തുന്നു. ഏതു കാലത്തായാലും ഭരണകൂട ഹിംസയ്ക്കും പ്രത്യയശാസ്ത്ര അന്ധകാരത്തിനുമെതിരെ നിൽക്കുന്ന കലയുടെ വിധി എത്ര ദുഷ്കരമാണെന്നു നാം തിരിച്ചറിയുന്നു. (The KGB’s Literary Archive : Vitaly Shentalinsky)

ഇക്കാലത്തു നാം പൊതുവേ പങ്കുവയ്ക്കാറുള്ള ഒരു ആശയം ഒരു കൃതി എഴുതിക്കഴിയുന്നതോടെ എഴുത്താളിൽനിന്ന് ആ കൃതി സ്വതന്ത്രമാകുന്നുവെന്നതാണ്. അതായതു പുസ്തകം പ്രാണനുള്ള ഒന്നായി സ്വന്തം അസ്തിത്വം നേടി ജീവിക്കാൻ തുടങ്ങുന്നുവെന്നാണ് ഇത്. അങ്ങനെ അത് ഉദ്ഭവിച്ച വ്യക്തിയിൽനിന്ന് അതു വിശാലമായ ലോകത്തിലേക്കു പോകുകയും പുതിയ ഒട്ടേറെ മനുഷ്യരിലേക്കും സംസ്കാരങ്ങളിലേക്കും സഞ്ചരിക്കുകയും അതു ചെല്ലുന്ന ദേശങ്ങളുടെ ഭാഗമായി തീരുകയും ചെയ്യുന്നു. നല്ല രസമുള്ള ഒരു ആശയമാണിത്. ഒരു പുസ്തകം അതിന്റേതായ ഒരു വിധി ജീവിച്ചുതീർക്കുക എന്നത്. ആ സഞ്ചാരത്തിൽ ആ പുസ്തകം വഴിയിൽ എവിടെയെങ്കിലും വീണു നഷ്ടമാകുകയോ വിസ്മരിക്കപ്പെടുകയോ പോലും ചെയ്തേക്കാം. തന്നിൽനിന്ന് സ്വതന്ത്രമായ ഒരു അസ്തിത്വം പുസ്തകത്തിന് ഉണ്ട് എന്നത് എല്ലാ എഴുത്താളുകളും സമ്മതിക്കുമോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. ഈ ആശയം ആകർഷകമാണെങ്കിലും ഞാൻ എഴുതിയ പുസ്തകങ്ങൾ എടുത്തു നോക്കുമ്പോൾ എനിക്കു തോന്നുന്നത് അവ ഇപ്പോഴും എന്റെ ആത്മസത്തയുടെ ഭാഗമാണ് എന്നതാണ്. ഞാൻ ജീവിച്ച ജീവിതത്തിലേക്ക് നോക്കുന്നതു പോലെയാണ് അവ എനിക്ക് അനുഭവപ്പെടുന്നത്. ലേഖനമോ പഠനമോ വിവർത്തനമോ നോവലോ എന്തു തന്നെയായാലും വാക്കുകൾ എന്റെ ആത്മകഥയുടെ താളുകൾ ആണെന്ന് എനിക്കു തോന്നുന്നു. അവ നേടിയ സ്വതന്ത്രാസ്തിത്വം, അവ പറന്നുപോയ താളുകൾ ആണെന്നത്, എന്നെ അമ്പരിപ്പിക്കുകയും ചെയ്യുന്നു. ലൂയീസ് ഗ്ലുക്കിന്റെ മൃത്യുനിരാസം എന്ന കവിതയിൽ, all the world goes by, all the worlds each more beautiful than the last... എന്നൊരു വാക്യമുണ്ട്. ലോകം കടന്നുപോകുന്നു. ഓരോ ലോകവും തൊട്ടുമുൻപു കഴിഞ്ഞ ലോകത്തേക്കാൾ മനോഹരമാകുന്നുവെന്നതാണ് സത്യം. വാക്കുകളുടെ കാര്യത്തിലും ഇതു ബാധകമാണ്. വാക്കുകൾ കടന്നുപോകുന്നു. തൊട്ടുമുൻപുള്ള വാക്കിനെക്കാൾ മനോഹരമാകുന്നു ഇപ്പോഴത്തെത്.

Content Summary: Ezhuthumesha column on the role of art amid conflicts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA
;