കോവിഡ് ഇരുട്ടിലാക്കിയ കലാകാരൻമാരുടെ ജീവിതം, സി.എൽ. ജോസ് മനസ്സുതുറക്കുന്നു

cl-jose
സി.എൽ. ജോസ്
SHARE

മലയാള നാടക തറവാട്ടിലെ കാരണവർ അല്ലെങ്കിൽ ജീവിച്ചിരിക്കുന്ന നാടകക്കാരിൽ ഏറ്റവും മുതിർന്ന നാടകരചയിതാവ് എന്ന് ആരാധനയോടെ നാടകക്കാർ ബഹുമാനിക്കുന്ന സി.എൽ. ജോസ് സ്വന്തം വേവലാതികൾ ഉള്ളിലൊതുക്കി അതിജീവനത്തിന്റെ പാതയിലാണ് തൊണ്ണൂറിലും. ജ്വലിപ്പിക്കുന്ന നാടകമുഹൂർത്തങ്ങളെഴുതി അനുവാചകരേയും പ്രേക്ഷകരേയും ത്രസിപ്പിച്ച് മുൾമുനയിൽ നിർത്തിയ നാടകാചാര്യന് വാർദ്ധക്യത്തിലെ ജീവിതമുഹൂർത്തങ്ങൾ തനിക്കുനേരേ ജ്വലിച്ചു നിന്ന്  ആക്രോശിക്കുന്നതുകാണുമ്പോൾ വല്ലാത്ത ദു:ഖവും പരവേശവും. ഇതിനിടയിൽ സമാശ്വാസമായി, ജീവിതം എന്നുപറയുന്നത് ഇങ്ങനെയൊക്കെയാണെന്ന മനസ്സിന്റെ ഓർമ്മപ്പെടുത്തലും!

തൊണ്ണൂറ് പിന്നിട്ട ജോസെന്ന വയോധികൻ കോവിഡിനെ ഒരു പരിധിവരെ അതിജീവിച്ചുവെങ്കിലും ഭാര്യ ലിസ്സിയും മകൻ തങ്കച്ചനടക്കമുളള കുടുംബം കോവിഡാനന്തര രോഗങ്ങളിൽ നിന്ന് ഇനിയും മുക്തമായിട്ടില്ല. കഴിഞ്ഞ രണ്ടരവർഷമായി തൃശ്ശൂർ ലൂർദ്ദ്പുരം ബിഷപ്പ് ഹൗസിനുസമീപത്തെ സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങിതെ ഒതുങ്ങിയിരുന്ന്, ആരേയും ആശ്രയിക്കാതെ തനിക്ക് വഴങ്ങുന്ന വിധത്തിൽ നാടക സംബന്ധമായതും അല്ലാത്തതുമായ എഴുത്തുകളിലും വിവർത്തനങ്ങളിലും അഭിമുഖങ്ങളിലുമായിരുന്നു സി എൽ ജോസ്. എത്ര കരുതലെടുത്തിട്ടും അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും കൊവിഡ് പിടിപെട്ട് ആശുപത്രിയിലാകേണ്ടി വന്നു. 

ജോസേട്ടനും ഭാര്യയും നീണ്ട ആശുപത്രി വാസത്തിനുശേഷം അസുഖം ഒരുവിധത്തിൽ ഭേദമായി തിരിച്ചെത്തിയെങ്കിലും പഴയപോലെ ഒരുന്മേഷമില്ല. പേന കൈക്ക് വഴങ്ങുന്നില്ല. മനസ്സുറച്ച് എഴുതാനിരുന്നാലും പേനയും പേപ്പറുമെടുക്കുമ്പോൾ ഒരു തരം മരവിപ്പ്. ആകെ മൂടിക്കെട്ടി ചിന്തകൾ വിമുഖതകാണിക്കുന്ന അവസ്ഥ.

മകൻ സി ജെ തങ്കച്ചനാവട്ടെ ഒരു വർഷമായി കോവിഡാന്തര രോഗത്തിന്റെ പിടിയിൽപ്പെട്ട് രണ്ടുദിവസം കൂടുമ്പോൾ ഡയാലിസിസിന് വിധേയമാകണം. തൃശ്ശൂർ പുത്തൻ പളളിക്ക് സമീപം കോ അർബൻ ബാങ്ക് സമുച്ചയത്തിൽ തങ്കച്ചൻ നടത്തിയിരുന്ന ബേക്കറി കാലപ്പഴക്കത്താൽ തകർന്നു വീണു. അതോടെ മകന്റെ അവിടുത്തെ വരുമാനവും നിലച്ചു. ഇപ്പോൾ ബാങ്ക് സമുച്ചയം പുതുക്കി പണിതുവെങ്കിലും തീരുമാനം ആവാതെ കിടക്കുകയാണ്.

കൊറോണ കലാകാരന്മാരെ പ്രത്യേകിച്ച് നാടകകലാകാരന്മാരെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്ന ദു:ഖസത്യം ആവർത്തിച്ചു പറയുകയും ഈ പരിതാപകരമായ നില തുടരുകയാണെങ്കിൽ കലാരംഗത്ത് നിന്ന് ഉപജീവനം കണ്ടെത്തുന്ന കലാപ്രവർത്തകരുടെ കുടുംബങ്ങളുടെ ജീവിതാവസ്ഥയും എന്താകുമെന്ന നെടുവീർപ്പോടെയാണ് നാടക കാരണവർ സ്വന്തം അവസ്ഥ വിവരിച്ചു  പറഞ്ഞു തുടങ്ങിയത്.

മുപ്പത്തിയാറ് സമ്പൂർണ്ണ നാടകങ്ങളും നൂറിലേറെ ഏകാങ്കനാടകങ്ങളും നൂറു കണക്കിന് റേഡിയോ നാടകങ്ങളും എഴുതിയ നാടകക്കാരനാണ് സി എൽ ജോസ്. പതിനഞ്ച് വർഷക്കാലം തുടർച്ചയായി ആകാശവാണിയിൽ നാടകം അവതരിപ്പിച്ചു. മൂന്നു നാടകങ്ങൾ യൂണിവേഴ്സിറ്റിയിൽ പഠനവിഷയമായി.

പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഈ നാടകക്കാരൻ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പടിപടിയായി എഴുത്തിന്റെ സിംഹാസനത്തിലെത്തിയത്. പച്ച മനുഷ്യരുടെ ഹൃദയവേദനകൾ പിരിമുറുക്കമുളള രംഗങ്ങളിലൂടെയും സന്ദർഭങ്ങളിലൂടേയും അവതരിപ്പിച്ച് കാമ്പുളള സംഭാഷണങ്ങളിലൂടെ അരങ്ങുകളിലേക്ക് വീര്യം ചോരാതെ പകർന്ന് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും സങ്കടപ്പെടുത്തുകയും കോൾമയിർ കൊളളിപ്പിക്കുകയുമൊക്കെ ചെയ്ത കഥാകാരൻ സ്വന്തം ജീവിതസന്ദർഭത്തിന്റെ ചില വേളകളിൽ ദു:ഖമൊതുക്കി ആകുലചിത്തനാവുന്നു.

‘എഴുതിയ പുസ്തകങ്ങൾ ഒരുപാട് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ എല്ലാം നിശ്ചലമായതുകാരണം ഒന്നിന്റേയും റോയൽറ്റി കിട്ടുന്നില്ല. കുടുംബാംഗങ്ങളിൽ രോഗം ജീവിതാവസ്ഥയെ വല്ലാതെ തളർത്തിയപ്പോൾ ലക്ഷങ്ങൾ ആശുപത്രിയിൽ ചിലവാക്കേണ്ടി വന്നു. ഇനിയും അതിൽ നിന്ന് മോചിതനായിട്ടില്ല.’

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ മാഷ് ചില ഇടപെടലുകൾ നടത്തി 50,000/- രൂപ അക്കാദമിയിൽ നിന്ന് തരപ്പെടുത്തികൊടുത്തത് ഈ നാടകക്കാരണവർക്ക് ചെറിയൊരാശ്വാസമായി. 

കേരള സാംസ്കാരിക ക്ഷേമനിധി ബോർഡ് എന്തെങ്കിലും കനിയുമോ എന്ന് ആരായുകയാണ്  ഈ നാടക കുലപതിക്ക് വേണ്ടി ചില സുഹൃത്തുക്കൾ. പുതിയ ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലിന്റെ ശ്രദ്ധയിൽ സി എൽ ജോസിന്റെ അവസ്ഥ ഒരു നാടക  സുഹൃത്ത് അറിയിച്ചിട്ടുണ്ട്. 

സാംസ്കാരിക വകുപ്പ് മന്ത്രിക്ക് മെമ്മോറാണ്ടം തയാറാക്കി അയക്കുവാൻ വൈശാഖൻ മാഷ് നിർബന്ധിച്ചിരുന്നെങ്കിലും പരാതി പറഞ്ഞു പോകാൻ ഒട്ടും താല്പര്യം തോന്നാത്ത കാരണം ജോസ് മാഷ് മൗനം പാലിച്ചു.

നാടകങ്ങളാണ് സാധാരണക്കാരനായ തന്റെ ജീവിതത്തെ മാറ്റി മറിച്ചത്. നാടകം ഇനിയും തന്നെ കൈവിടില്ലെന്ന ശുഭാപ്തിവിശ്വാസത്തിൽ പതറാത്ത വാക്കുകളുമായി ആർജ്ജവത്തോടെ മുന്നോട്ട് തന്നെയാണ് തൊണ്ണൂറ് പിന്നിട്ട സി എൽ ജോസ്. ശുഭപര്യവസായിയായ നാടകത്തിലെ രംഗം പോലെ സി എൽ ജോസിന്റെ  കാത്തിരിപ്പിനൊടുവിലും പ്രതീക്ഷയുടെ ചച്ചവെളിച്ചം പരക്കട്ടെ.

Content Summary: Playwright CL Jose on how Covid affected him physically and financially

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
;