തെളിവ് ആത്മകഥ; ക്രൂരതകൾ തുറന്നെഴുതി ശതകോടീശ്വരന്റെ ലൈംഗിക അടിമ

sarah-ransom
സാറ റാൻസം
SHARE

കോടതിയോടും ജനങ്ങളോടും എനിക്ക് ബോധിപ്പിക്കാനുള്ളത് ഇതിലുണ്ട്: സാറ റാൻസം സ്വന്തം ജീവിതകഥയെക്കുറിച്ചാണു പറയുന്നത്. ആത്മകഥയെക്കുറിച്ച്. സൈലൻസ്ഡ് നോ മോർ എന്ന കൃതിയെക്കുറിച്ച്. ഇനി ഞാൻ നിശ്ശബ്ദയാകില്ല എന്നുതന്നെ. നരകത്തിലേക്കും തിരിച്ചുമുള്ള യാത്ര എന്നു വിശേഷിപ്പിക്കുന്ന പുസ്തകം ലോകം മുഴുവൻ വിവാദമായ കേസിലെ മാപ്പുസാക്ഷിയുടെ ആത്മസാക്ഷ്യമാണ്. തെളിവുകൾ ഒന്നൊന്നായി മുന്നോട്ടുവയ്ക്കുന്ന വാദവും. 

കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിട്ട യുഎസ് ശതകോടീശ്വരൻ ജെഫ്രി എപ്‌സ്റ്റൈൻ പ്രതിയായ കേസലെ ഇരയാണ് സാറ റാൻസം. 

ഗിസ്‍ലൈൻ മാക്ൽവെൽ എന്ന ഇംഗ്ലിഷ് യുവതി കൂട്ടുപ്രതി. എപ്‌സ്റ്റൈന്റെ സുഹൃത്തായിരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയും ആരോപണമുയർന്നു. ഒട്ടേറെ പ്രമുഖർ പ്രതിയുടെ സുഹൃദ് പട്ടികയിലുണ്ടായിരുന്നതിനാൽ വിവാദക്കൊടുങ്കാറ്റ് വീശിയടിച്ചു.  2002–2008 കാലത്തു 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ പണം നൽകി പ്രലോഭിച്ചു മൻഹാറ്റനിലെയും ഫ്ളോറിഡയിലെയും വസതികളിലെത്തിച്ചു ലൈംഗികചൂഷണം നടത്തിയതാണു കേസിന് ആസ്പദമായ സംഭവം. ചൂഷണം നേരിട്ട യുവതികളിൽ ഒരാളാണ് റാൻസം. ശതകോടീശ്വരന്റെ സ്വകാര്യ ദ്വീപിൽ അടിമയായി ജീവിക്കേണ്ടിവന്ന യുവതി. എന്നാൽ തടവിൽ നിന്നു രക്ഷപ്പെട്ട അവർ പുറത്തെത്തി 2017 ൽ  ആരോപണം ഉന്നയിക്കുകയായിരുന്നു. ആദ്യം എപ്സ്റ്റൈനും പിന്നീട് ഗിസ്‍ലൈനും അകത്തായി. എപ്സ്റ്റൈൻ പിന്നീട് ജയിൽ മുറിയിൽ ആത്മഹത്യ ചെയ്തു. വൈകിയെങ്കിലും ഗിസ്‍ലൈനിനും ശിക്ഷ ലഭിച്ചു. ലൈംഗിക അടിമയായി ജീവിച്ച കാലത്തെക്കുറിച്ചും രക്ഷപ്പെട്ടതിനെക്കുറിച്ചുമുള്ള റാൻസമിന്റ പുസ്തകം ഇപ്പോൾ ബെസ്റ്റ് സെല്ലറാണ്. അതിജീവിത മാത്രമല്ല താൻ എന്നാണ് അവർ പുസ്തകത്തിൽ പറയുന്നത്. ഇന്നും, ഇനിയെന്നും പോരാടുന്ന സ്ത്രീയുടെ പ്രതീകം. ഒരിക്കൽ ലൈംഗിക അടിമായിരുന്നു എന്നതു തന്നെ നാണിപ്പില്ലെന്നു തുറന്നു പറ‍ഞ്ഞുകൊണ്ട് മൗനം ഭേദിക്കുകയാണവർ. കോടതിയിൽ തെളിവ് മാത്രമല്ല ഇനി റാൻസമിന്റെ പുസ്തകം. പൊതുജനത്തിനും വായിക്കാം. ജാഗ്രത പാലിക്കാം. റാൻസം ആഗ്രഹിക്കുന്നതുപോലെ, ഇനി ലൈംഗിക അടിമകൾ ഉണ്ടാകാതിരിക്കട്ടെ. ഓർമപ്പെടുത്തലാകട്ടെ നിശ്ശബ്ദത ഭേദിക്കുന്ന പുസ്തകം. 

ഗിസ്‍ലൈൻ മാക്സ്‍വെല്ലിനെ ‘ഉന്നതയായ കൂട്ടിക്കൊടുപ്പുകാരി’ എന്നാണ് റാൻസം വിളിക്കുന്നത്. പ്രഭുകുടുംബങ്ങളുമായിവരെ അവർക്ക് ബന്ധമുണ്ടായിരുന്നു.  വർഷങ്ങളോളം നീണ്ട ലൈംഗിക ചൂഷണത്തിൽ എപ്സ്റ്റൈനൊപ്പം ഉത്തരവാദിയാണ് അവരും.  പ്രായപൂർത്തിയാകാത്ത കുട്ടികളെ കോടിശ്വരന് സ്ഥിരമായി എത്തിച്ചുകൊടുത്തു. ലൈംഗിക വൈകൃതങ്ങൾക്കു പ്രേരിപ്പിച്ചു. സമ്മതിക്കാത്തവരെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു– റാൻസം തുറന്നടിക്കുന്നു.

silenced-no-more-book

എന്റെ ജീവിതം നശിപ്പിച്ചത് അവരാണ്. ഗിസ്‍ലൈൻ. എന്നപ്പോലെ നൂറുകണക്കിനു സ്ത്രീകളുടെയും. വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങി ചതിക്കപ്പെട്ടവർ. ഞങ്ങളെ ചതിച്ച കുറ്റത്തിൽനിന്ന് അവർക്കൊരിക്കലും ഒഴിഞ്ഞുമാറാനാവില്ല. ഇന്നല്ലെങ്കിൽ നാളെ അവർ ശിക്ഷ അനുഭവിക്കേണ്ടിവരും. അതുറപ്പാക്കുക എന്നതാണ് എന്റെയും എന്റെ വാക്കുകളുടെയും ലക്ഷ്യം– റാൻസം എഴുതുന്നു. 

നരകം എന്നാണ് കോടീശ്വരന്റെ സ്വകാര്യ ദ്വീപിനെ റാൻസം വിശേഷിപ്പിക്കുന്നത്. പത്തു തവണ ആ ദ്വീപ് സന്ദർശിക്കേണ്ടിവന്നിട്ടുണ്ട്. ഓരോ തവണയും കോടീശ്വരന്റെ ശരീരത്തിൽ മസാജ് നടത്താൻ ആവശ്യപ്പെടും. ആവശ്യം നിരസിച്ചാൽ പീഡനം ഉറപ്പ്. കഴുകൻ കണ്ണുകളുമായി കൂട്ടുനിൽക്കുന്നത് ഗിസ്‍ലൈൻ. അപ്പർ ഈസ്റ്റ് സൈഡ് മാളികയായിരുന്നു മറ്റൊരു വിഹാരകേന്ദ്രം. അവിടെവച്ച് താൻ ഒട്ടേറെത്തവണ പീഡിപ്പിക്കപ്പെട്ടുവെന്നും അവർ പറയുന്നു. 

ദ്വീപിൽ എത്തിക്കുന്ന പെൺകുട്ടികൾക്ക് പ്രത്യേക ഭക്ഷണ ക്രമീകരണമായിരുന്നു. ആവശ്യങ്ങൾക്കു വഴങ്ങാത്തതിനാൽ റാൻസമിന് ഭക്ഷണം ലഭിക്കാറില്ലായിരുന്നു. 

പട്ടിണിയായിരുന്നു പല ദിവസങ്ങളിലും. ബ്ലാക്ക്ബെറി ഫോൺ സമ്മാനമായി കൊടുത്തിരുന്നു. എവിടെയൊക്കെ പോകുന്നു, ആരോടൊക്കെ സംസാരിക്കുന്നു, രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ കണ്ടുപിടിക്കാനുള്ള മാർഗമായിരുന്നു ഇത്. 

ആരോപണം വിവാദമായതിനു പിന്നാലെ റാൻസമിന് വൻതുക കൊടുത്ത് പീഡനക്കേസ് ഒത്തുതീർത്തതിനാൽ അവർക്ക് ഒരിക്കലും കോടതിയിൽ എത്തേണ്ടിവന്നില്ല. സാക്ഷിമൊഴിയും കൊടുത്തിട്ടില്ല. എല്ലാം തുറന്നുപറയാൻ ആഗ്രഹിച്ചിട്ടും അതിന് അവസരം കിട്ടാതിരുന്നതിൽ എനിക്ക് ദുഖമുണ്ട്. ആ സങ്കടം തീർക്കാൻ കൂടിയാണ് ഇനി നിശ്ശബ്ദയാകാനില്ല എന്ന പുസ്തകം. ഗിസ്‍ലൈനിന്റെ കുറ്റവിചാരണ നടക്കുമ്പോൾ റാൻസം കോടതിയിൽ എത്തിയിരുന്നു. പൂർണമായും ചുവപ്പ് വേഷത്തിൽ. ജീവിതത്തിലെ എല്ലാ ദുരിതങ്ങൾക്കും കാരണമായ വ്യക്തി പ്രതിയായി തല താഴ്ത്തി നിൽക്കുന്നത് കാണാൻ. തന്നെ മറ്റുള്ളവർ കാണണം. അതിനുവേണ്ടിയാണ് എല്ലാവരും ശ്രദ്ധിക്കുന്ന ചുവപ്പ് വേഷം അണിഞ്ഞതും– റാൻസം വ്യക്തമാക്കുന്നു. 

എപ്സ്റ്റൈൻ എന്നെ പീഡിപ്പിച്ചു. എന്നാൽ അത് ആദ്യത്തെ പീഡനം ആയിരുന്നില്ല. തകർന്ന വീട്ടിൽ നിന്നാണ് ഞാൻ വരുന്നത്. 11–ാം വയസ്സിലാണ് ആദ്യമായി പീഡനത്തിന് ഇരയാകുന്നത്. അന്നു മുതൽ എത്രയോ വട്ടം. ഒരുപക്ഷേ, പിൽക്കാലത്ത് അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ മുന്നൊരുക്കം ആയിരിക്കാം വീട്ടിൽ നടന്നത്. 22–ാം വയസ്സിലാണ് എപ്സ്റ്റൈന്റെ കസ്റ്റഡിയിലാകുന്നത്. പുതുജീവിതം തുടങ്ങാൻ ആശിച്ച എനിക്കു ലോകം കാത്തുവച്ചത് നരകം– ശക്തമായ വാക്കുകളിൽ റാൻസം എഴുതുന്നു. 

ദക്ഷിണാഫ്രിക്കയിലായിരുന്നു ജനനം. മകളെ തിരിഞ്ഞുപോലും നോക്കാത്ത പിതാവ്. മദ്യപാനിയായ മാതാവ്. ദരിദ്ര്യവും കഷ്ടപ്പാടുകളും. മാംസം വിറ്റ് ജീവിക്കേണ്ട അവസ്ഥയായിരുന്നു ന്യൂയോർക്കിൽ എത്തുമ്പോൾ. ഗിസ്‍ലൈൻ ചൂഷണം ചെയ്തതും ദാരിദ്ര്യം. എപ്സ്റ്റൈൻ എല്ലാ അർഥത്തിലും ക്രൂരതകൾ നടപ്പാക്കി. 

അദ്ദേഹം മനുഷ്യസ്നേഹിയാണെന്നാണ് കൂടെയുള്ളവർ പറഞ്ഞിരുന്നത്. നല്ലതുപോലെ പരിചരിക്കണമെന്നും. ലോലിത എക്സ്പ്രസ് എന്നു പേരിട്ട വിമാനത്തിലാണ് സ്വകാര്യ ദ്വീപിലേക്കു കൊണ്ടുപോയത്. അവിടെ ദിവസം രണ്ടും മൂന്നും തവണ വീതം പീഡനത്തിന് ഇരയാകാനായിരുന്നു നിയോഗം. ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയിൽ പഠിപ്പിക്കാം എന്നു വാഗ്ദാനം ചെയ്തിരുന്നു. സ്വകാര്യ ദ്വീപിൽ എത്തിയ ആദ്യ ആഴ്ച തന്നെ എപ്സ്റ്റൈൻ മുന്നറിയിപ്പ് നൽകിയിരുന്നു: ഇവിടെ നടക്കുന്ന കാര്യങ്ങൾ എന്നെങ്കിലും പുറത്താരോടെങ്കിലും പറഞ്ഞാൽ നിന്നെയും നിന്റെ കുടുംബത്തെയും കൊല്ലും. 

ആ വാക്കുകൾ പേടിച്ചത് തന്റെ തെറ്റായിരുന്നെന്ന് ഇപ്പോൾ റാൻസം ഏറ്റുപറയുന്നു. 9 മാസത്തെ പീഡനത്തിനുശേഷം 2017 ൽ ലണ്ടനിലേക്കു രക്ഷപ്പെട്ടു. ഇനി പഠിക്കുന്നില്ലെന്നു തീരുമാനിച്ചു. യോദ്ധാവാകാൻ ഉറപ്പിച്ചു. നീതിക്കു വേണ്ടി പൊരുതുന്ന പടയാളി. ഇരയാക്കപ്പെടുന്ന സ്ത്രീകൾക്കു വേണ്ടി പീഡകർക്കെതിരെ വിരൽചൂണ്ടുക എന്നതു നിയോഗമായി ഏറ്റെടുത്തു. 

എന്റെ മരണം പ്രവചിച്ച എപ്സ്റ്റൈൻ അയാളുടെ തന്നെ കൊലയാളിയായി. ഗിസ്‍ലൈന് ശിക്ഷ ലഭിച്ചിരിക്കുന്നു. ഞാൻ സത്യത്തിന്റെ നാവായി തീനാളമായി ജ്വലിക്കുന്നു. ഇനി നിശ്ശബ്ദയാകാനില്ല എന്നത് കഥയല്ല, ജീവിതമാണ്. എന്റെ സത്യാവാങ്മൂലം– സത്യത്തിൽ ചാലിച്ചെഴുതിയ റാൻസമിന്റെ വാക്കുകളിൽ നിന്ന് ഉയരുന്നത് നീതിക്കുവേണ്ടി നിലവിളിക്കുന്ന ലോകത്തിന്റെ പ്രതീക്ഷ. 

Content Summary: Silenced No More: Surviving My Journey to Hell and Back Book by Sarah Ransome

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA
;