ADVERTISEMENT

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറ് ജൂണ്‍ പതിമൂന്നാം തീയതി നിരൂപകയും നോവലിസ്റ്റുമായ സൂസന്‍ സോന്റാഗ് അര്‍ജന്റീനീയന്‍ കവിയും കഥാകൃത്തും പ്രബന്ധകാരനുമായിരുന്ന ഗോര്‍ഹെ ല്യൂയി ബോർഹസ്സിന് ഒരു കത്ത് എഴുതി, ബോര്‍ഹസ്സ്  മരിച്ച് പത്ത് വര്‍ഷം കഴിഞ്ഞ്. കത്തിന്‍റെ ആദ്യത്തെ വാചകത്തിന് ശേഷം ഒരു ബ്രാക്കറ്റില്‍ “ബോര്‍ഹസ്സ്, ഇത് പത്താമത്തെ വര്‍ഷമാണ്” എന്നും സോണ്ടാഗ് ആ ‘മിസ്സിംഗ്‌’ ഓര്‍മ്മിക്കുന്നു. ‘താങ്കളുടെ സാഹിത്യം എല്ലായ്പ്പോഴും അനശ്വരതയുടെ അടയാളങ്ങള്‍ നല്‍കുന്നതുകൊണ്ടുതന്നെ ഇങ്ങനെ ഒരു കത്ത് താങ്കളെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതുന്നതില്‍ വിചിത്രമായി തോന്നാന്‍ ഒന്നുമില്ല’ എന്നാണ് അവര്‍ കത്ത് തുടങ്ങുന്നത്. മറ്റൊരർഥത്തില്‍, ലോക സാഹിത്യത്തിന്‍റെ ആജീവനാന്ത ഓര്‍മ്മയിലേക്ക് ജീവിതം മാറ്റിയ ഒരു എഴുത്തിനെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

 

മരിച്ചവര്‍ക്ക് കത്തെഴുതുക എളുപ്പമല്ല. നിങ്ങള്‍ എഴുതുന്നത്‌, മരിച്ച ഒരാള്‍ക്കാണ് എന്നതുകൊണ്ടല്ല, ഓർമ്മയില്‍ ആ ജീവിതം അത്ര അരികില്‍ നില്‍ക്കുന്നതുകൊണ്ടുമല്ല, ഇനി ഒരിക്കലും കാണുന്നില്ല എന്നുറപ്പുള്ള ഒരാളെ അയാളുടെയും തന്‍റെയും ജീവിതംകൊണ്ടു നിര്‍മ്മിക്കുക എന്ന ശ്രമകരമായ ഓര്‍മ അതിലുണ്ട് എന്നതുകൊണ്ടാണ് അത് എളുപ്പമല്ലാത്തത്. സാഹിത്യം ഓര്‍മ്മയുടെ കലകൂടിയായതിനാല്‍ വിശേഷിച്ചും. എല്ലാ  വേർപാടുകളും ദുഖത്തില്‍ എന്നതിനെക്കാള്‍ ഓര്‍മ്മയില്‍ വസിക്കുന്നു. ഭൂമിയിലെ മനുഷ്യജീവിതത്തിനൊപ്പം തുടരുകയും മനുഷ്യജീവിതത്തിന്‍റെ തിരോധാനത്തിനൊപ്പം അപ്രത്യക്ഷമാവാനിരിക്കുകയും  ചെയ്യുന്ന  ഒരോര്‍മ്മകൊണ്ട് സൃഷ്ടിച്ച ഒരപരലോകത്തിന്‍റെ നിര്‍മ്മിതിയാണ് ‘സാഹിത്യ’ത്തിന്‍റെ ഭംഗിയും : കഴിഞ്ഞതും വരാനിരിക്കുന്നതുമായ നിമിഷങ്ങള്‍കൊണ്ട് നിര്‍മ്മിച്ച ഒരു  ‘സമയ’ത്തില്‍ സാഹിത്യം പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്ന ബോര്‍ഹസ്സിനെ ഓര്‍ക്കുമ്പോള്‍ ഇങ്ങനെ ആര്‍ക്കും തോന്നുകയും ചെയ്യും. സോണ്ടാഗ് അവരുടെ കത്തില്‍ ‘മനയാത്രികന്‍’, mental traveller എന്ന് ബോര്‍ഹസ്സിനെ വിളിക്കുന്നുമുണ്ട്.

 

അല്ലെങ്കില്‍, എഴുത്തിന്‍റെ പോര്‍മുഖം എന്താണ്? സമൂഹം? സമകാലികത? 

 

അത് മറവിയോടുള്ള കലാപമാകുന്നുവെന്ന് പലരും വിശ്വസിക്കുന്നു. നോവലിനെപ്പറ്റി പറഞ്ഞ് അതിന്‍റെ സാധുത മിലാന്‍ കുന്ദേര ഗംഭീരമായി അവതരിപ്പിക്കുന്നുമുണ്ട്. എന്നാല്‍, ബോര്‍ഹസ്സില്‍ ഇത് അത്രയുമായി അവസാനിക്കുന്നില്ല. “താങ്കള്‍ പുതിയ സന്തോഷങ്ങളുടെ കണ്ടുപിടുത്തക്കാരനുമായിരുന്നു’. സോണ്ടാഗ് തന്‍റെ പ്രിയ സുഹൃത്തിനെപ്പറ്റി എഴുതുന്നു. 

 

എല്ലാ എഴുത്തുകാരും ‘തങ്ങള്‍ മറവിയിലേക്ക് വീഴുന്നുവൊ’ എന്ന് അവരുടെ  പുസ്തകങ്ങളുടെ (എഴുത്തിന്‍റെയും)  മുമ്പില്‍ വന്നുപെടുമ്പോഴൊക്കെ പേടിക്കുന്നു, അനശ്വരരാവാന്‍ വേണ്ടി ദുഖിതരായി ജീവിക്കേണ്ടിവരിക, എഴുത്തുകാരുടെ വിശുദ്ധമായ പാപം തന്നെ അതാണെന്ന് തോന്നും. തങ്ങളുടെ കഥയില്‍, തങ്ങളുടെ കവിതയില്‍, തങ്ങളുടെ നോവലില്‍ അവര്‍ അവരുടെതന്നെ ജീവിതത്തിന്‍റെ ആയുസ്സിനെ നേരിടുന്നു. ഒരു കഥയ്ക്ക്‌ ശേഷം ഒന്നും തോന്നുന്നില്ലല്ലോ എന്ന് ഒരു കഥാകൃത്ത് ഉള്ളില്‍ വേവുന്നത് അനശ്വരതയുടെ ഈ കാവല്‍പ്പുരയിലിരുന്നാണ്. 

 

കുറച്ചു വർഷംമുമ്പ്, ഞാന്‍ കുവൈത്തില്‍ ആയിരുന്നപ്പോള്‍, അവിടെ സന്ദർശിക്കാനെത്തിയ മലയാളത്തിലെ ഒരു ‘മുതിര്‍ന്ന എഴുത്തുകാര’നെ കേള്‍ക്കുകയായിരുന്നു ഞാന്‍. ഞങ്ങള്‍ രണ്ടു പേര്‍ മാത്രമേയുള്ളൂ അപ്പോള്‍. എഴുത്തുകാരന്‍ പറഞ്ഞു, ‘ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എന്‍റെ പുസ്തകങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് ഓര്‍ക്കുമ്പോള്‍ വലിയ ദുഖം തോന്നുന്നു, വീട്ടിലാകട്ടെ സാഹിത്യത്തോട് താല്‍പ്പര്യമുള്ള ആരുമില്ലതാനും. മക്കള്‍ക്കും ഇതിലൊന്നും ഒട്ടും താല്‍പ്പര്യമില്ല...’ അയാള്‍ പറഞ്ഞു. ഒരാളുടെ മരണകാരണം ആ ദിവസം ഒടുവില്‍ സന്ദര്‍ശിച്ച സായാഹ്നമായിരുന്നു എന്ന് വിശ്വസിക്കുന്നപോലെ ഞങ്ങള്‍ക്ക് ചുറ്റും സന്ധ്യനിശ്ശബ്ദമായി കനക്കുന്നുമുണ്ടായിരുന്നു, എനിക്ക് സാഹിത്യത്തെ പ്രതി വല്ലാത്ത നിരാശ തോന്നി. സാഹിത്യത്തിന്‍റെ രഹസ്യമായ വിനോദത്തെ പ്രതി പേടി തോന്നി.  ഞാന്‍ എനിക്ക് പ്രിയപ്പെട്ട ആ എഴുത്തുകാരനെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു. പരീക്ഷണാത്മകമാവുക എന്നോ, നമ്മുടെ സന്തോഷത്തിനുവേണ്ടി എഴുതുക എന്നോ,  ഏയ്, നമ്മള്‍ എല്ലാവരും ചാവുമല്ലോ പിന്നെ എന്ത് എഴുത്തും പുസ്തകവും എന്നോ ഞാന്‍ പറയേണ്ടതായിരുന്നു, പക്ഷേ അങ്ങനെയൊന്നും ഇപ്പോഴും പറയില്ല. 

 

അല്ലെങ്കില്‍, അതങ്ങനെയാണ് : രണ്ട് എഴുത്തുകാര്‍ അവരുടെ സ്വകാര്യ നിമിഷങ്ങളില്‍ ജയ പരാജയങ്ങളില്‍ മുങ്ങി നിവരുന്ന ഒരു വിചിത്ര സമയത്തെ കാണിക്കുന്നു. നിങ്ങള്‍ ഏത് കരയില്‍ എന്ന് അവര്‍ തങ്ങളെ തങ്ങളെ നോക്കി പരിഭവം കൊള്ളുന്നു.  

 

ബോര്‍ഹസ്സിന് പക്ഷേ മറ്റൊരു വിദ്യ കൂടി അറിയാമായിരുന്നു: മറ്റ് എഴുത്തുകാരുടെ ആശയങ്ങളില്‍ തന്റെതന്നെ ആശയത്തെ കണ്ടുപിടിക്കുക. സാഹിത്യത്തിന്‍റെ പരമമായ ഉപയോഗംപോലെ. അതുകൊണ്ടുതന്നെ ബോര്‍ഹസ്സ്, സോണ്ടാഗ് പറയുന്ന പോലെ, മറ്റ് എഴുത്തുകാര്‍ക്ക് എപ്പോഴും ഒരു വലിയ ശരണോപായവുമായിരുന്നു. 

 

ഏറ്റവും മുഷിഞ്ഞ നിമിഷങ്ങളില്‍ അതുകൊണ്ടുതന്നെ ഞാന്‍ ബോര്‍ഹസ്സിലേക്ക് തിരിയുന്നു, എഴുത്തിനെ പ്രചോദിപ്പിക്കുന്ന ഒരു വരിയിലൊ ചിത്രവിധാനത്തിലോ മനോഭാവത്തിലോ വന്നു നില്‍ക്കുന്നു. നശ്വരതയുടെ കലയില്‍ - എഴുത്തില്‍- വ്യാപൃതനാവാന്‍ വീണ്ടും പ്രാപ്തി നേടുന്നു. സാഹിത്യത്തിന്‍റെ നിലനില്‍പ്പുതന്നെ ‘വാസ്തവമായ ഒരു ലോക’ത്തിന്‍റെ നിരാകരണമാവുമ്പോള്‍, ഭാവനയുടെ അസാധ്യമായ അവകാശമായി എഴുത്തിനെ കണ്ടുപിടിക്കുമ്പോള്‍, വീണ്ടും എഴുതാന്‍ തുടങ്ങുന്നു.  

 

പക്ഷേ, അരസികനായ ഒരാള്‍ നിങ്ങളുടെ സാഹിത്യസംഘത്തില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരു കവിയോ കഥാകൃത്തോ ആണെങ്കില്‍ നിങ്ങള്‍ നിശ്ശബ്ദത ശീലിക്കുക – അത് വലിയ ഉപകാരമാകും. അയാള്‍ നിങ്ങളുടെ സാഹിത്യ സംഘാടകനാവുമ്പോഴും. അങ്ങനെ ഒരാളെ  എനിക്കറിയാം. തന്‍റെ അരസികത്തത്തെ സാഹിത്യകാര സൗഹൃദം കൊണ്ട് എപ്പോഴും പൊലിപ്പിക്കുന്ന ആളെ – അനശ്വരനാവാനാവും തുഴയുന്ന ആളിനും മുമ്പേ അയാള്‍  വഞ്ചിയില്‍ കയറി ഇരിക്കുന്നുണ്ടാവും. 

 

എനിക്ക് ദുഖമുണ്ട് താങ്കളെ അറിയിക്കാന്‍, പുസ്തകങ്ങള്‍ ഇപ്പോള്‍ വംശനാശം സംഭവിക്കുന്ന ‘ഗണ’മായത്രേ പരിഗണിക്കപ്പെടുന്നത്. തന്‍റെ കത്തിന്‍റെ അവസാനം സൂസന്‍ സോണ്ടാഗ് ബോര്‍ഹസ്സിനോട് പറയുന്നു, പുസ്തകം എന്ന് പറഞ്ഞാല്‍ സാഹിത്യവും അതിന്‍റെ ആത്മാവിനെ തൊടുന്ന നിറവേറലുകളെയും സാധ്യമാക്കുന്ന ‘വായന’യെക്കൂടിയാണ് താന്‍ ഉദ്ദേശിക്കുന്നത്‌ എന്നും അവര്‍ പറയുന്നു. എങ്കില്‍ അതിന്‍റെ തുടര്‍ച്ചയായി വരുന്ന പുസ്തകങ്ങളുടെ മറുജന്മങ്ങളെ പറ്റി തുടര്‍ന്ന് എഴുതുന്നു, എല്ലാം ഒരു ‘ടെക്സ്റ്റ്‌’ ആവുന്ന കാലത്തെ പറ്റി പറയുന്നു. പക്ഷേ എങ്കില്‍ എന്താണ് സംഭവിക്കുക, ഉൾജീവിതത്തിന്‍റെ മരണമല്ലാതെ, പുസ്തകങ്ങളുടെ മരണമല്ലാതെ... ഇങ്ങനെയൊക്കെ  താങ്കള്‍ക്ക് അല്ലാതെ, ബോര്‍ഹസ്സിനല്ലാതെ, ആര്‍ക്കാണ് ഞാന്‍ എഴുതുക? സോണ്ടാഗ് തന്‍റെ കത്തില്‍ ചോദിക്കുന്നു. 

 

ഇരുപത്തിയാറു വർഷംമുമ്പ് എഴുതിയ ഈ ‘പ്രണയക്കത്ത്’, എന്തുകൊണ്ടോ എനിക്ക് പലപ്പോഴും ഓര്‍മ്മ വരുന്നു. വലിയ രണ്ട് എഴുത്തുകാരുടെ ഓര്‍മ്മയാണ് അത്. എഴുത്തിന്‍റെയും സാഹിത്യത്തിന്‍റെയും അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു ജീവിവര്‍ഗ്ഗമായി മനുഷ്യരെ കാണുന്നതിലുള്ള കൗതുകം ഈ കത്ത് കൂട്ടിക്കൊണ്ടേയിരിക്കുന്നു. ബോര്‍ഹസ്സിനെ പ്രതിയാവുമ്പോള്‍ അത് വലിയ സന്തോഷമാകുന്നു. ലൈബ്രറികള്‍ കത്തുമ്പോള്‍ അവിടെ ഒരു കടുവയെ കൂടി കാണുന്നതുപോലുള്ള ഞെട്ടലും അനുഭവവുമാണ് അത്. അല്ലെങ്കില്‍, ആ ഓര്‍മ്മ തന്നെ. സാഹിത്യത്തെ പ്രതിയാകുന്നു.

 

Content Summary: Writer Karunakaran writes on Jorge Luis Borges 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com