ADVERTISEMENT

2000, ഡിസംബറിലെ ഒരു തണുത്ത പ്രഭാതം. പോളണ്ടിലെ ഉൾനാടൻ പ്രദേശം. നദിക്കരയിൽ മീൻ പിടിച്ചു കൊണ്ടിരുന്നവർ  അവിചാരിതമായി ഒരു കാഴ്ച കാണുന്നു. തീരത്തടിഞ്ഞ ഒരു മൃതദേഹം. ഒറ്റ നോട്ടത്തിൽ തന്നെ ക്രൂരമായ ഒരു കൊലപാതകമെന്ന് ഉറപ്പിക്കാം. കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ടിരുന്നു. അതേ കയറിന്റെ അറ്റം കൊണ്ട് കൈകൾ രണ്ടും പിന്നിൽ ബന്ധിച്ചിരുന്നു. മൃതദേഹം ഒരു ആട്ടുതൊട്ടിലുമായി ബന്ധിപ്പിച്ചിരുന്നു. തൊട്ടിൽ അനങ്ങും തോറും കുരുക്ക് മുറുകും മട്ടിൽ, അവർ പൊലീസിൽ വിവരമറിയിക്കുന്നു. 

 

കൊല്ലപ്പെടുന്നതിന് മുമ്പ് അദ്ദേഹം ദിവസങ്ങളോളം പട്ടിണിയിലായിരുന്നുവെന്നും, മർദ്ദനം ഏറ്റിട്ടുണ്ടെന്നും, നദിയിൽ എറിയുമ്പോഴും ജീവനുണ്ടായിരുന്നുവെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഉറപ്പിച്ചു. മൃതദേഹം ജാനിസെവ്‌സ്‌കി (Dariusz Janiszewski) എന്ന ബിസിനസുകാരന്റേതാണെന്ന് പൊലീസ് കണ്ടത്തി. ജാനിസെവ്‌സ്‌കിയുടെ അമ്മ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും ഏകദേശം 60 മൈലോളം ദൂരെ റോക്‌ലോ (Wroclaw) നഗരത്തിൽ ഒരു പരസ്യസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. 

david-gran-book

 

പൊലീസ് സാധ്യമായ എല്ലാ രീതിയിലും അന്വേഷിച്ചു. സ്കൂബ ഡൈവർമാർ തെളിവുകൾ തേടി തണുത്ത നദിയിലേക്ക് മുങ്ങി. ഫോറൻസിക് വിദഗ്ധർ പ്രദേശമാകെ അരിച്ചുപെറുക്കി. നിരവധിയാളുകളെ ചോദ്യം ചെയ്തു, ജാനിസെവ്സ്കിയുടെ ബിസിനസ്സ് രേഖകൾ പരിശോധിച്ചു. എട്ട് വർഷം മുമ്പ് വിവാഹിതരായ ജാനിസെവ്‌സ്‌കിയുടെയും ഭാര്യയുടെയും ദാമ്പത്യജീവിതത്തിലും പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ല. ചെറിയ ചില അസ്വാരസ്യങ്ങൾ ഉണ്ടായത് അവർ തന്നെ പരിഹരിച്ച് ഒരു കുട്ടിയെ ദത്തെടുക്കാനുള്ള തീരുമാനത്തിലായിരുന്നു ഇരുവരും. അദ്ദേഹത്തിന് പ്രത്യക്ഷമായ കടങ്ങളോ ശത്രുക്കളോ ഉണ്ടായിരുന്നില്ല, ക്രിമിനൽ റെക്കോർഡും ഇല്ല. സാക്ഷികൾ അദ്ദേഹത്തെ സൗമ്യനായ മനുഷ്യൻ, ഒരു അമേച്വർ ഗിറ്റാറിസ്റ്റ്, എന്നൊക്കെ വിശേഷിപ്പിച്ചു.  ‘അദ്ദേഹം വഴക്കുണ്ടാക്കുന്ന തരത്തിലുള്ള ആളായിരുന്നില്ല’ എന്ന് ഭാര്യ ഉറപ്പിച്ചു പറഞ്ഞു, അദ്ദേഹത്തെ അടുത്തറിയാവുന്നവരൊക്കെ അത് ശരിവെച്ചു.  ഭാര്യയുടെ മൊഴി അനുസരിച്ച് ജാനിസെവ്സ്കി എപ്പോഴും ക്രെഡിറ്റ് കാർഡുകൾ കൈവശം വച്ചിരുന്നു, എന്നാൽ കുറ്റകൃത്യത്തിന് ശേഷം അവ ഉപയോഗിച്ചിട്ടില്ല. മോഷണം ആയിരുന്നില്ല ഉദ്ദേശം എന്നു വ്യക്തം. പിന്നെ ആര്? എന്തിന്?.... അതിനുള്ള ഉത്തരം മറഞ്ഞിരുന്നതാകട്ടെ, ഒരു പുസ്തകത്തിന്റെ താളുകൾക്കുള്ളിൽ. പുസ്തകത്തിന്റെ പേര് – അമോക് (Amok) എഴുതിയത് ക്രിസ്റ്റ്യൻ ബാല (Krystian Bala). അമോക് എന്ന പുസ്തകത്തിനു പിന്നിലെ കൊലപാതക കഥയെ കുറിച്ചുള്ള വിശദമായ പഠനം ദ ന്യൂയോർക്കർ ലേഖകനായ ഡേവിഡ് ഗ്രാൻ ‘ദ ഡെവിൾ ആൻഡ് ഷെർലക് ഹോംസ്: ടെയിൽസ് ഓഫ് മർഡർ, മാഡ്‌നസ്, ഒബ്‌സഷൻ’ എന്ന തന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

സംഭവം നടന്ന് ആറുമാസത്തിനു ശേഷവും കുറ്റവാളിയെ കുറിച്ച് ഒരു സൂചന പോലും ലഭിക്കാതെ പൊലീസ് ഉപേക്ഷിച്ച കേസ് ‘അമോക്’ എന്ന പുസ്തകത്തിൽ നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ജെയ്ക്ക് വ്രോബ്ലെവ്സ്‌കി (Jacek Wroblewski) എന്ന പൊലീസുകാരൻ തെളിയിക്കുന്നു. കേസിന്റെ എല്ലാ വശങ്ങളും തിരിച്ചിട്ടും മറിച്ചിട്ടും വ്രോബ്ലെവ്സ്‌കി പഠിച്ചു. ജാനിസെവ്സ്കിയുടെ സെൽഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. ഫോൺ കണ്ടെത്താനായി ആ അന്വേഷണ ഉദ്യോഗസ്ഥന്റെ അടുത്ത ശ്രമം. സാങ്കേതികവിദ്യ ഇന്നത്തെയത്ര വികസിച്ചിട്ടില്ലാത്ത ആ കാലത്ത് അത് ശ്രമകരമായ ഒരു ജോലി തന്നെയായിരുന്നു. ഡിപ്പാർട്ട്‌മെന്റിലെ ടെലികമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റിന്റെ സഹായത്തോടെ അദ്ദേഹം വിപുലമായ തിരച്ചിൽ ആരംഭിച്ചു. ജാനിസ്‌സെവ്‌സ്‌കിയുടെ ടെലിഫോൺ നമ്പർ അദ്ദേഹത്തിന്റെ തിരോധാനത്തിനു ശേഷം ഉപയോഗിച്ചിട്ടില്ലെങ്കിലും, സെൽ ഫോണിന്റെ സീരിൽ നംമ്പർ ഉപയോഗിച്ച് അന്വേഷണം നടത്തി. ജാനിസെവ്‌സ്‌കി അപ്രത്യക്ഷനായി നാല് ദിവസത്തിന് ശേഷം, ഒരു ഇന്റർനെറ്റ് ലേല സൈറ്റിൽ അതേ സീരിയൽ നമ്പറുള്ള ഒരു സെൽ ഫോൺ വിറ്റു എന്ന കണ്ടെത്തൽ റൊബ്ലെവ്‌സ്‌കിയെ ഞെട്ടിച്ചു. വിൽപനക്കാരൻ ക്രിസ്‌ബി എന്ന പേരിൽ ലോഗിൻ ചെയ്‌തിരുന്നു, ക്രിസ്റ്റ്യൻ ബാല എന്ന മുപ്പതു വയസ്സുള്ള പോളിഷ് ബുദ്ധിജീവിയാണ് ഈ ക്രിസ്‌ബി എന്ന് അന്വേഷകർക്ക് മനസ്സിലായി. ഇത്രയും ആസൂത്രിതമായ കുറ്റകൃത്യം നടത്തിയ ഒരു കൊലപാതകി ഇരയുടെ സെൽഫോൺ ഒരു ഇന്റർനെറ്റ് ലേല സൈറ്റിൽ വിൽക്കുക എന്നൊരു മണ്ടത്തരം കാണിക്കില്ല എന്ന് പൊലീസ് ഉറപ്പിച്ചു. അത് മറ്റേതെങ്കിലും തരത്തിൽ എഴുത്തുകാരന്റെ കയ്യിൽ എത്തിയതാകാം.

 

ആ അടുത്ത് ഇറങ്ങിയ ക്രിസ്റ്റ്യൻ ബാലയുടെ ‘അമോക് ’ എന്ന നോവൽ വീണ്ടും അന്വേഷണ ഉദ്യോഗസ്ഥനെ ഞെട്ടിച്ചു. എഴുത്തുകാരന്റെ പേരിനോട് സാമ്യമുള്ള ക്രിസ് എന്ന പേരാണ് അമോകിലെ നായകന്റേത്. ക്രിസിന്റെ ഭാര്യ അയാളുടെ ഉറ്റസുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് അവനെ ഉപേക്ഷിച്ച് പോയതോടെ അയാൾ പല സ്ത്രീകളുടെ പിന്നാലെ തിരിയുന്നു. അതിലൈംഗീകതയുടെയും അശ്ലീലതകളുടെയും അറപ്പുളവാക്കുന്ന വിവരണങ്ങളും ക്രൂരതുകളുമെല്ലാം അമോകിൽ ഉടനീളം കാണാം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ക്രിസ് തന്റെ കാമുകി മേരിയെ കൊല്ലുന്നതും, അത് അതി സമർഥമായി ഒളിപ്പിക്കുന്നതും വ്രോബ്ലെവ്സ്‌കിയിൽ സംശയം ഉളവാക്കി. ഒറ്റനോട്ടത്തിൽ, മേരിയുടെ കൊലപാതകരീതിക്ക് ജാനിസെവ്സ്കിയുടെ കൊലപാതകവുമായി സാമ്യമുണ്ടായിരുന്നു.

 

റോക്​ലോ സർവകലാശാലയിലെ 1992–1997 ബാച്ചിലെ എറ്റവും മിടുക്കനായ തത്വചിന്താ വിദ്യാർഥികളിൽ ഒരാളായിരുന്നു ക്രിസ്റ്റ്യൻ ബാല. അധ്യാപകരുടെ വാകകുകളിൽ സമർഥനായ ഒരു വിദ്യാർഥി. ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റൈന്റയും ഫ്രീഡ്രിക് നീഷേയുടെയും ചിന്തകളിൽ അത്യധികം ആകൃഷ്ടനായ ഒരാൾ. ദെറിദയെയും ഫൂക്കോയെയും ആഴത്തിൽ പഠിച്ചയാൾ. ഈ ചിന്തകരെ ഒക്കെ തന്റെ ചിന്തകളുമായി കൂട്ടികെട്ടി ബാല വ്യത്യസ്‌തമായി വ്യാഖ്യാനിച്ചു. ആവർത്തിച്ചു പറയുന്ന നുണകൾ സത്യമെന്നു വിശ്വസിക്കപ്പെടുമെന്നും, യഥാർഥവും അയഥാർഥവും തിരിച്ചറിയപ്പെടില്ലെന്നുമൊക്കെ ബാല കൂട്ടുകാരുമായി തർക്കിച്ചു. ഒരിക്കൽ സുഹൃത്തിന് അയച്ച ഇ-മെയിലിൽ ബാല പറഞ്ഞു, “ഞാൻ എന്നെങ്കിലും ഒരു ആത്മകഥ എഴുതിയാൽ അതിൽ നിറയെ കെട്ടുകഥകൾ ആയിരിക്കും!”

 

ബാലയുടെ സ്വഭാവത്തെകുറിച്ച് കൂടുതൽ അറിയുന്നതിനായി അദ്ദേഹം സൃഷ്ടിച്ച കഥാപാത്രമായ ക്രിസിനെ വിശകലനം ചെയ്യാൻ പൊലീസ്, ഒരു ക്രിമിനൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടി. സൈക്കോളജിസ്റ്റ് തന്റെ റിപ്പോർട്ടിൽ എഴുതി, “ക്രിസ് എന്ന കഥാപാത്രം വലിയ ബൗദ്ധിക അഭിലാഷങ്ങളുള്ള ഒരു അഹംഭാവമുള്ള മനുഷ്യനാണ്. തന്റെ വിദ്യാഭ്യാസവും ഉയർന്ന ഐക്യൂവും അടിസ്ഥാനമാക്കി സ്വയം തത്വ ചിന്തകനായ ഒരു ബുദ്ധിജീവിയായി അവൻ സ്വയം കാണുന്നു. അവന്റെ പ്രവർത്തന രീതി മനോരോഗ സ്വഭാവത്തിന്റെ സവിശേഷതകൾ കാണിക്കുന്നു.’’ ബാലയും അത്തരത്തിലൊരു മനുഷ്യനായിരുന്നു. വളരെ കുറച്ചു കോപ്പികൾ മാത്രമാണ് അമോക് വിറ്റു പോയതെങ്കിലും താൻ ഒരിക്കൽ ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. “ഒരു ദിവസം എന്റെ പുസ്തകം വിലമതിക്കപ്പെടുമെന്ന് എനിക്ക് ശരിക്കും ബോധ്യമുണ്ട്, ചില കലാസൃഷ്ടികൾ തിരിച്ചറിയപ്പെടുന്നതിന് യുഗങ്ങൾ കാത്തിരിക്കേണ്ടിവരുമെന്ന് ചരിത്രം പഠിപ്പിക്കുന്നു.’’ പക്ഷേ ഇതൊന്നും ഒരു കൊലപാതകകുറ്റം തെളിയിക്കാൻ തക്ക തെളിവുകളില്ലായിരുന്നു. പലവിധ അന്വേഷണങ്ങൾക്കൊടുവിൽ ബാലയെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. ‘‘എനിക്ക് ഡാരിയസ് ജാനിസെവ്സ്കിയെ അറിയില്ല, കൊലപാതകത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല’’ എന്നായിരുന്നു കിട്ടിയ മറുപടി.

 

ഒരു പുസ്തകമെഴുതിയതിന്റെ പേരിൽ താൻ വേട്ടയാടപ്പെടുകയാണെന്നു പറഞ്ഞ് ബാല രംഗത്തെത്തി. ബാലയെ അനുകൂലിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പ്രക്ഷോഭങ്ങളുമായി ആളുകൾ തെരുവിലിറങ്ങി.

 

എന്നിട്ടും തോറ്റ് പിന്‍മാറാൻ പൊലീസ് തയാറായിരുന്നില്ല. നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിൽ ജാനിസെവ്‌സ്‌കിയും ക്രിസ്റ്റ്യൻ ബാലയുടെ മുൻ ഭാര്യ സ്‌റ്റാസിയയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും തെളിവു സഹിതം പൊലീസ് കണ്ടെത്തി. സ്‌റ്റാസിയുടെ മറ്റൊരു സുഹൃത്തിനെയും ബാല നോട്ടമിട്ടിട്ടുണ്ടെന്നും അയാളെകുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും പുതിയ നോവൽ എഴുതി തുടങ്ങുകയും ചെയ്തിരുന്നുവെന്നത് പൊലീസിനെ ഞെട്ടിച്ചു. എന്നിട്ടും കൊലപാതകം ചെയ്ത ഒരാൾ തന്നെ പിടിക്കാൻ കാരണമാകുന്ന തെളിവുകളിലേയ്ക്ക് വിരൽ ചൂണ്ടുന്ന തരത്തിൽ ഒരു നോവൽ എന്തിന് എഴുതി എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നു. 

 

ജയിലിൽ തന്നെ കാണാനെത്തിയ ദ ന്യൂയോർക്കർ ലേഖകൻ ഡേവിഡ് ഗ്രാനോട് ബാല പറഞ്ഞു– എന്ത് സംഭവിച്ചാലും ‘ഡി ലിറിക്ക്’ എന്ന അടുത്ത നോവൽ പൂർത്തിയാക്കും ഈ പുസ്തകം കൂടുതൽ ഞെട്ടിക്കുന്നതായിരിക്കും.’

 

എന്തായാലും എഴുത്തുകാരന്റെ ആഗ്രഹം പോലെ തന്നെ ലോകസാഹിത്യ ചരിത്രത്തിലെ തന്നെ അത്യപൂർവ പുസ്തകങ്ങളിലൊന്നായി അമോക് മാറി. കേസിന്റെ വിശദമായ പഠനവുമായി എത്തിയ ഡേവിഡ് ഗ്രാനിന്റെ ലേഖനത്തിനും വായനക്കാർ ഏറെ...

 

Content Summary: A Novel with hidden clues written by the murderer 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com