ചിറക് - വിരൽ തുമ്പിലൂടെ വേറിട്ട വായനാനുഭവം

antony-chiraku
ആന്റണി പി.ജെ.
SHARE

കൊറോണക്കാലം ലോകത്തെ മുഴുവൻ ഓൺലൈനിലേക്ക് പറിച്ചുനട്ടപ്പോൾ, ആലപ്പുഴ ബീച്ച് വാർഡ് പരുത്തിയിൽ വീട്ടിൽ ആന്റണി പി.ജെ യുടെ മനസിലുദിച്ച ആശയമാണ് ‘ചിറക് ’ എന്ന ഓൺലൈൻ മാസിക. 

തന്റെ മാസികയ്ക്ക് ഒരു പേര് നിർദ്ദേശിക്കുവാൻ എഴുത്തുകാരായ ചില സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു. എന്നാൽ അവർ നൽകിയ പേരുകൾ ആന്റണിക്ക് സംതൃപ്തി നൽകിയില്ല. ഒടുവിൽ ഇന്റർനെറ്റ് എവിടെയുണ്ടോ അവിടെയൊക്കെ പറന്നെത്തുന്ന തന്റെ ഓൺലൈൻ മാസികയ്ക്ക് ആന്റണി ‘ചിറക്’ എന്നു പേരിട്ടു.

ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കഥയും കവിതയുമായ് സജീവമായ ആന്റണി, തന്റെ സൃഷ്ടികൾ എത്രമാത്രം ഭംഗിയായ് പ്രസിദ്ധീകരിക്കപ്പെടണമെന്ന് ആഗ്രഹിച്ചുവോ അത്രമാത്രം നിലവാരത്തിൽ തന്റെ ചിറകിലെ ഓരോ സൃഷ്ടിക്കും മികച്ച ലേ ഔട്ടും ഡിസൈനും നൽകണമെന്നും ഓരോ സൃഷ്ടിയും കാലതാമസം കൂടാതെ പ്രസിദ്ധീകരിക്കണമെന്നും തീരുമാനിച്ചു. 

ആദ്യ ലക്കത്തിൽ തന്റെ പ്രദേശത്തെ എഴുത്തുകാരെയാണ് ചിറകിൽ അണിനിരത്തിയത്. മുഖചിത്രം സുഹൃത്തായ യുവ കലാകരൻ അഭിജിത്ത് വരച്ചു നൽകി. സൃഷ്ടികൾ വാട്സ്ആപ്പിലൂടെ ശേഖരിച്ചു. ഗ്രാഫിക് ഡിസൈനറും സ്വകാര്യ സ്ഥാപനത്തിലെ ഡി.ടി.പി ഓപ്പറേറ്ററുമായ ആന്റണി ജോലി കഴിഞ്ഞ് വീട്ടിലിരിക്കുമ്പോൾ ഓരോ സൃഷ്ടിയും എഡിറ്റ് ചെയ്ത് ആവശ്യമായ ചിത്രങ്ങൾ കണ്ടെത്തി ഓരോ പേജും ഡിസൈൻ ചെയ്തു.

2021 ജുവരി 15ന് പരിസരവാസിയായ പ്രശസ്ത കഥാകൃത്ത് പി.ജെ.ജെ. ആന്റണിയെക്കൊണ്ട് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ‘ചിറകിനെ’ വായനാ ലോകത്തേയ്ക്ക് പറത്തിവിട്ടു.

പിന്നീട് രണ്ട് ലക്കങ്ങൾ എഴുത്തുകാരായ ഡോ.സുനിൽ മാർക്കോസ്, ആദിലാ കബിർ എന്നിവർ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. ബാക്കിയുള്ള ലക്കങ്ങൾ ഓരോ ലക്കത്തിലെയും രചയിതാക്കളുടെ ഫേസ്ബുക്ക്‌ പേജിലൂടെയും ചിറകിന്റെ ഫേസ്ബുക്ക് പേജിലൂടെയും പ്രസിദ്ധീകൃതമായി. 

ആദ്യ ലക്കത്തിനു ശേഷം ആന്റണിക്ക് എഴുത്തുകാരെ തേടിപ്പോകേണ്ടി വന്നില്ല, രചനകൾ ധാരാളമായി ആന്റണിയെ തേടിയെത്തി. മറ്റ് ജില്ലകളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികളിൽ നിന്നും രചനകൾ ചിറകിനെ തേടിയെത്തി.

ഓരോ ലക്കവും ചിത്രകാരന്മാരെക്കൊണ്ട് മുഖചിത്രം വരപ്പിച്ചു. ചിത്രം കിട്ടാൻ വൈകിയപ്പോൾ രണ്ട് ലക്കങ്ങൾക്ക് ചിത്രകാരൻ കൂടിയായ ആന്റണി മുഖചിത്രം വരച്ചു.

കാവാലം ബാലചന്ദ്രൻ, പി.ജെ.ജെ. ആന്റണി, കുരീപ്പുഴ ശ്രീകുമാർ, പവിത്രൻ തീക്കുനി, എസ്. കണ്ണൻ, ഡി. യേശുദാസ്, പുന്നപ്ര ജ്യോതികുമാർ തുടങ്ങി അനേകം പ്രശസ്തരും ചിറകിന്റെ തൂവലുകളായി. ബഹുഭൂരിപക്ഷവും പുതിയ എഴുത്തുകാർക്കാണ് അവസരം നൽകിയത്.

ഒരു വർഷം പൂർത്തിയായപ്പോൾ ചിറകിൽ അണിനിരന്നത് 188 പ്രതിഭകളാണ് ! ചിറക് ചിലർക്ക് തങ്ങളുടെ രചന ആദ്യമായി വെളിച്ചത്തു കൊണ്ടുവന്ന മാസികയാണ്. അത്തരം എഴുത്തുകാർ തങ്ങൾക്ക് ലഭിച്ച അഭിനന്ദനങ്ങളെക്കുറിച്ച് നന്ദിയോടെ വിളിച്ചു പറഞ്ഞത് മറക്കാനാവാത്ത അനുഭവമാണെന്ന് ആന്റണി പറയുന്നു. കഴിഞ്ഞ വർഷത്തെ 188 എഴുത്തുകാരുടെ ഫോട്ടോ ഉൾപ്പെടുത്തിയാണ് ചിറകിന്റെ പുതുവർഷ ലക്കത്തിന്റെ മുഖചിത്രം തയാറാക്കിയത്.

ഓരോ പേജും മറിച്ചു വായിക്കാവുന്ന ഫ്ലിപ്പ് ബുക്ക് രൂപത്തിലാണ് ചിറക് വായനക്കാരിലേക്ക് എത്തുന്നത്. ചെറിയ വരിസംഖ്യ അടയ്ക്കുന്നവർക്ക് ഓരോ ലക്കത്തിന്റെയും പി.ഡി.എഫ് കോപ്പിയും അയച്ചുകൊടുക്കുന്നു. മാസികയിലേക്ക് ലഭിക്കുന്ന പരസ്യങ്ങൾ ചിറകിന് പ്രോത്സാഹനമേകുന്നു. ലോകത്തിന്റെ ഏതു കോണിലും പറന്നെത്തുന്ന ‘ചിറക് ’ പറന്നെത്തുന്നു.

ചിത്രരചനയിലും ഇലച്ചിത്ര രചനയിലും ഗാന രചനയിലും കഥകളിലും കവിതകളിലും തന്റെ മുഖമുദ്ര പതിപ്പിച്ചിട്ടുള്ള ആന്റണിയ്ക്ക് ഈ ‘ചിറകിന്’ കരുത്തേകി കൂടെ നിൽക്കുന്നത് പിതാവ് ജോസഫും ഭാര്യ മാർട്ടീനയും മകൻ സഖറിയാസും അടങ്ങിയ കുടുംബവും എഴുത്ത് സൗഹൃദങ്ങളും പ്രിയ സുഹൃത്തുക്കളുമാണ്.

ഒട്ടേറെ പുതിയ എഴുത്തുകാർക്ക് അക്ഷരവിഹായസിൽ പറന്നുയരാൻ ‘ചിറക്’ എന്ന ഓൺലൈൻ മാസിക അവസരമേകുന്നു. കഥയും കവിതയും ലേഖനങ്ങളും യാത്രാവിവരണങ്ങളും സാഹിത്യ നിരൂപണങ്ങളും സിനിമാ നിരൂപണങ്ങളും ഫോട്ടോഗ്രാഫിയും പെയിന്റിംഗുകളും കാർട്ടൂണുകളും ചിറകിനെ വിഭവസമൃദ്ധമാക്കുന്നു.

‘ചിറക് ’ പറക്കുകയാണ് - കൂടുതൽ ഉയരങ്ങളിലേക്ക് ...

Content Summary: Chiraku, Literary Magazine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA
;